ക്യാമ്പസ്‌ സെലെക്ഷൻ

                    ക്യാമ്പസ്‌ സെലെക്ഷൻ 
                                 (ചെറുകഥ )


 കല്യാണ തലേന്ന് സഹപാഠികളെല്ലാം സുദേവിന്റെ  വീട്ടിൽ ഒത്തുകൂടി. ബാംഗ്ലൂർ ഓഫീസിൽ നിന്നും പിന്നെ പഴയ കോളേജ് സഹപാഠികളും എല്ലാം കൂടിയപ്പോൾ ആകപ്പാടെ നല്ല ഓളമായി. ഒരുവശത്ത് ബിയർ സൽക്കാരം. ഒരുവശത്ത് പാട്ടും ഡാൻസും.

 പെട്ടെന്നാണ് സുധാകരൻ കയറിവന്നത്. അച്ഛാ ഇതെല്ലാം എന്റെ കൂട്ടുകാരാണ്. കുറച്ചു പേരൊക്കെ ബാംഗ്ലൂരിൽ നിന്നും വന്നവരാണ്. അവരെയൊക്കെ സുദേവ് അച്ഛന് പരിചയപ്പെടുത്തി. കുറച്ചു ഉത്തരേന്ത്യക്കാരും ഉണ്ട്. അവർക്ക് കല്യാണമൊക്കെ കഴിഞ്ഞ് കേരളത്തിൽ കറങ്ങണം എന്നാണ് പറയുന്നത്. 
അതിനെന്താ മോനെ, അവർ കേരളമൊക്കെ കറങ്ങി കണ്ടിട്ട് ഒരാഴ്ച കഴിഞ്ഞ് പോയാൽ മതി. 

 "ശരി മക്കളെ, നിങ്ങൾ ആഹാരമൊക്കെ കഴിച്ചിട്ടേ പോകാവൂ". സുധാകരൻ ഓർമ്മപ്പെടുത്തി. 

തിരിഞ്ഞു നടക്കുമ്പോൾ സുധാകരൻ ഓർക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോകുന്നത്. സുദേവിന്റെ ജനനവും വിദ്യാഭ്യാസവും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. നാലഞ്ചു വർഷം കുട്ടികൾ ഒന്നും ഉണ്ടാകാതിരുന്നതിനു ശേഷം ദൈവം തന്ന നിധിയാണ് സുദേവ്. അമ്മയുടെ കുത്തുവാക്കുകൾ കുറച്ചൊന്നുമല്ല സാവിത്രിയെ നൊമ്പരപ്പെടുത്തിയിരുന്നത്. 

 സാവിത്രിയുടെ അമ്മയുടെ വഴിപാടുകളും പ്രാർത്ഥനകളും കൊണ്ടാണ്  ഒരു ഉണ്ണി പിറന്നതെന്നാണ് സാവിത്രിയുടെ അമ്മ പറയുന്നത്. 

കുറച്ചുനേരത്തേക്ക് സുധാകരന്റെ മനസ്സ്  പഴയ കാലങ്ങളിലേക്ക് ഊളിയിട്ടുപോയി. 

സാവിത്രിയുടെ പ്രസവത്തിയതി അടുത്തടുത്തു വരുന്നു. ഒരുദിവസം, സാവിത്രിക്ക് പ്രസവവേദനയാണെന്ന് തോന്നുന്നു,  ഉച്ച കഴിഞ്ഞപ്പോൾ അസ്വസ്ഥത ആരംഭിച്ചു. അമ്മയോട് ഹോസ്പിറ്റലിലേക്ക് പോകാമെന്ന് പറഞ്ഞിട്ടും അമ്മ അതിനെ കേൾക്കുന്ന ലക്ഷണമില്ല. "അവളുടെ പ്രസവത്തീയതിയൊന്നും ആയിട്ടില്ല" അമ്മ   പറഞ്ഞു. "ആറ് കുട്ടികളെ പ്രസവിച്ചവളാണ് ഞാൻ. എനിക്കറിയാം പ്രസവം എപ്പോൾ ആകുമെന്ന്."

 സാവിത്രിയുടെ കരച്ചിൽ കേട്ട് പെങ്ങളായ സുമി പറഞ്ഞു. "ചേട്ടാ, ഇതു പ്രസവവേദന തന്നെ. ചേട്ടത്തിയെ ഹോസ്പിറ്റലിൽ കൊണ്ടുപോണം". 

എന്നാൽ അമ്മയാണെങ്കിൽ പഴയ നിലപാടിൽ തന്നെ. "പ്രസവം ജനുവരി എട്ടിനാണെന്നല്ലേ  ഡോക്ടർ  പറഞ്ഞത്? ഇന്ന് നാലാം തിയ്യതിയേ ആയിട്ടുള്ളു. ഇപ്പോഴത്തെ പിള്ളേർക്ക് ചെറിയ വേദനപോലും  സഹിക്കാൻ പറ്റുന്നില്ല. ഇനി പ്രസവം വരെ കുറച്ചു വേദനയൊക്കെ വന്നുംപോയുമിരിക്കും. അതിന് എല്ലാവരും എന്തിനാണിങ്ങനെ വേവലാതിപ്പെടുന്നത് ?"

ചേട്ടാ, ഇതുപ്രശ്നമാകുമേ! അമ്മ അങ്ങനെയൊക്കെ പറയും. ഇത് പ്രസവവേദന തന്നെയാണ്. ചേട്ടത്തിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം. സുമി വീണ്ടും പറഞ്ഞു.

അമ്മ വീടിനു പുറത്ത് പശുവിന് തീറ്റ കൊടുക്കുകയായിരുന്നു. സുധാകരൻ പറഞ്ഞു . "അമ്മേ, ഞാൻ സാവിത്രിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയാണ്. അവൾക്ക് തീരെ വയ്യ," 

"ഞാൻ പറയാനുള്ളതൊക്ക പറഞ്ഞു. ഇനിയും നിങ്ങൾ  ആശുപത്രിയിൽ കൊണ്ടുപോകണമെന്നാണ് പറയുന്നതെങ്കിൽ  ഞാനും വരാം!"

 അയൽവാസിയും സുഹൃത്തുമായ സുകുമാരൻ വണ്ടിയുമായി എത്തി. സുധാകരനും സുമിയും ചേർന്ന് സാവിത്രിയെ കാറിൽക്കയറ്റി. അമ്മയും കൂടെ പോന്നു. വഴിയിലുടനീളം അവൾ ഞരങ്ങികരഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ, സുകുമാരൻ സ്‌ട്രെച്ചർ എടുപ്പിച്ചു. കാഷ്വാലിറ്റിയിലെ ഡോക്ടർ നോക്കിയിട്ട്  ചോദിച്ചു. " നിങ്ങൾ എന്താണ് ഇത്ര താമസിച്ചത്?  ഇവരെ ഉടൻ ലേബർ റൂമിലേക്ക് കൊണ്ടുപോണം!"

 നഴ്സുമാരുടെ സഹായത്തോടെ സാവിത്രിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. അകത്തേക്ക് പോയ ഡോക്ടർ അല്പസമയത്തിനകം  പുറത്തുവന്നുപറഞ്ഞു: "കുട്ടി വിലങ്ങി കിടക്കുകയാണ്. ഫ്ലൂയിഡും കുറവാണ്. ഉടൻ സർജറി വേണം."

സുധാകരന്റെ ഉള്ളിൽ ഒരു വേവലാതി പടർന്നു.  അമ്മയുടെ വാശിയാണ് എല്ലാത്തിനും കാരണം.  "എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ?"

സുമിയും സുകുമാരനും അവനെ ആശ്വസിപ്പിച്ചു. "ചേട്ടാ, പേടിക്കേണ്ട. എല്ലാം ശരിയാകും"

 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ,  ഒരു നഴ്സ് പുറത്തുവന്നു. "ആൺകുട്ടിയാണ്! അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു."

സുധാകരന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ദൈവത്തോട് നന്ദി പറഞ്ഞു. സുകുമാരൻ ഓടി അടുത്തുള്ള ബേക്കറിയിൽ നിന്ന് ലഡു വാങ്ങി. സുധാകരൻ അത് എല്ലാവർക്കും വിതരണം ചെയ്തു.

വൈകുന്നേരം സാവിത്രിയുടെ മുറിയിൽ ചെന്നപ്പോൾ അവൾ തന്റെ നേരെനോക്കി പുഞ്ചിരിച്ചു. കുഞ്ഞ് തുണിയിൽ പൊതിഞ്ഞ് അടുത്തുതന്നെ ഉറങ്ങുന്നു.  നഴ്സ് കുട്ടിയെ കൈമാറിയപ്പോൾ, സുധാകരൻ നെഞ്ചോടു ചേർത്തു. അവൻ ഒരുപക്ഷേ ആദ്യമായി അലൗകികമായ  ഒരു സന്തോഷം അനുഭവിച്ചു.

പിറന്ന കുഞ്ഞിനെ നോക്കി, അവൻ അമ്മയോട് പറഞ്ഞു.  "അമ്മേ, അമ്മ ആറ് പ്രസവിച്ചിട്ടുണ്ടാവാം. പക്ഷേ, എല്ലാം ഒരേ പോലെ അല്ല, അല്ലേ?"

അമ്മ ചിരിച്ചെന്നുവരുത്തി . "ആഹ്! എന്തായാലെന്താ,  കുഞ്ഞ് സുഖമായാൽ മതി. നീ അച്ഛനായല്ലോ, സുധാകരാ!"

കുഞ്ഞിനെ നോക്കി അവൻ പറഞ്ഞു. "അതെ, ഞാൻ അച്ഛനായി".

*******

 ഇന്ന് സുദേവിന്റെ  പിറന്നാളാണ്. സുധാകരൻ ഓഫീസില്‍ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങി. സാവിത്രിയോടും നേരത്തെ ഇറങ്ങാൻ പറഞ്ഞിട്ടുണ്ട്. മോന് ബർത്ത് ഡേ ഗിഫ്റ്റും കേക്കും ഒക്കെ വാങ്ങിക്കണം. ബർത്ത് ഡേ കേക്കുമായിട്ട് സാവിത്രിയുടെ ഓഫീസിൽ ചെന്ന് അവളെയും കൂട്ടിയിട്ട് വേണം ഗിഫ്റ്റ് വാങ്ങിക്കാൻ പോകാൻ. അവിടെ ചെന്നിട്ട് കുറച്ചു നേരമായി കാത്തു നിൽക്കുന്നു. ഇവളെന്താ വരാത്തത്? ഇങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ സാവിത്രി വന്നു. ഞങ്ങളുടെ ഓഫീസർ ഒരു മുരടനാണ്. ഇറങ്ങുന്ന കാര്യം സംസാരിച്ചപ്പോൾ അങ്ങേർക്ക് ഒരിക്കലും ഇല്ലാത്ത ഒരു ധൃതി. പിന്നെ ഓഫീസിലെ ശശിയെ ഏൽപ്പിച്ചിട്ടാണ്   ഇറങ്ങിയത്. ഇങ്ങനെയുണ്ടോ മനുഷ്യർ? സാവിത്രിക്ക്‌ ദേഷ്യം തീരുന്നില്ല. സാരമില്ല, സുധാകരൻ  ആശ്വസിപ്പിച്ചു. 

 ഗിഫ്റ്റ് ഷോപ്പിൽ ചെന്നപ്പോൾ വല്ലാത്ത തിരക്ക്. നാളെ ഞായറാഴ്ച ആയതുകൊണ്ടാവുമോ എന്തോ? ഈ തിരക്കിനിടയിൽ ഒന്നും ശരിയാവുന്നില്ലല്ലോ ഏട്ടാ. സാവിത്രി പറഞ്ഞു. ഓ, ഇനി വേറെ കടയൊന്നും തപ്പി പോകാൻ സമയമില്ല. മണി അഞ്ചു  ആകാറായി. മോന് കേക്ക് മുറിക്കേണ്ടതല്ലേ? വലിയ സെലെക്ഷൻ ഒന്നും കിട്ടിയില്ലെങ്കിലും  കണ്ടതിൽ നിന്ന് നല്ലൊരു കളിപ്പാട്ടം വാങ്ങിച്ചു നേരെ വീട്ടിലേക്ക് വിട്ടു.

 വീട്ടിൽ ചെന്നപ്പോൾ അത്യാവശ്യം ചില ബന്ധുക്കളും അയൽക്കാരായി മൂന്നുനാലു പേരും. എല്ലാവരോടും കുശലപ്രശ്നങ്ങൾക്ക് ശേഷം എളുപ്പത്തിൽ കേക്ക് സെറ്റ് ചെയ്യാനായി സുധാകരൻ  മുറിയിലേക്ക് കയറി.  ഇതാ ചേട്ടാ ട്രേ.  പറഞ്ഞുവെച്ചതുപോലെ സുമി ട്രേയുമായി കയറി വന്നു. പതിവ് പോലെ സുകുമാരൻ സ്വീകരണമുറിയൊക്കെ അലങ്കരിച്ചു. എന്നാൽ നമുക്ക് കേക്ക് കട്ട് ചെയ്യാം. സുധാകരൻ  എല്ലാവരോടുമായി പറഞ്ഞു. എല്ലാവരും അകത്തു കയറി ഹാപ്പി ബർത്ത് ഡേ പാടി സുദേവിന്റെ ഒന്നാം ബർത്ത് ഡേ  ആഘോഷിച്ചു. ഡിന്നറൊക്കെ കഴിഞ്ഞു ഒൻപതു മണിയായപ്പോൾ എല്ലാവരും പിരിഞ്ഞു. അപ്പോഴാണ് ഒന്ന് ശ്വാസം വിടുവാൻ  പറ്റിയത്. വല്ലതുമൊന്നും കഴിച്ചെന്നു വരുത്തി എല്ലാവരും നേരത്തെ കിടന്നു.

********
                 
 നാളെ നേരത്തെ എഴുന്നേൽക്കണം. സുധാകരൻ  സാവിത്രിയോട് പറഞ്ഞു. നാളെയല്ലേ മോനെ ഒന്നാം ക്ലാസിൽ ചേർക്കുവാൻ കൊണ്ടുപോകേണ്ടത്.  

ഏട്ടാ, ഇവൻ ഉറങ്ങാൻ കൂട്ടാക്കണ്ടേ? മോനെ ഉറങ്ങടാ, നാളെ നേരത്തെ എഴുന്നേൽക്കണ്ടേ? സാവിത്രി ചോദിച്ചു.

 9 മണി ആയപ്പോൾ സുദേവിനെ ചെറു ചൂടുവെള്ളത്തിൽ കുളിപ്പിച്ചു ഒരുക്കി എടുത്തു. സുധാകരനും  സാവിത്രിയും കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ സുമിയും വന്നു. ഞാനും കൂടി പോരാമായിരുന്നു. എനിക്കും കാണണം ഉണ്ണിക്കുട്ടൻ സ്കൂളിൽ ഇരിക്കുന്നത്. അവൾ പറഞ്ഞു.  അങ്ങനെ സുധാകരനും  സാവിത്രിയും സുമിയും   ഉണ്ണിക്കുട്ടനും കൂടി ഒരു ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് പുറപ്പെട്ടു. സ്കൂളിൽ ചെന്ന് ഇറങ്ങിയപ്പോൾ ചില കുട്ടികൾ വലിയ നിലവിളി. 

ഇവൻ നല്ല ഹാപ്പി ആണല്ലോ.  സുമി പറഞ്ഞു.

 എനിക്ക് സ്കൂളിൽ പോകുന്നത് നല്ല ഇഷ്ടമാണ്. അവിടെ കളിക്കാൻ കൂട്ടുകാരെയൊക്കെ ഉണ്ടാവുമെന്നാ അമ്മ പറഞ്ഞേ. ഉണ്ണിക്കുട്ടൻ പറഞ്ഞു. 

 ക്ലാസിന്റെ വാതിൽക്കൽ തന്നെ മിസ്സ്‌ നിൽപ്പുണ്ടായിരുന്നു. സുദേവിനെ  ടീച്ചർക്ക് പരിചയപ്പെടുത്തി. ടീച്ചർ സുദേവിന് കൈനിറയെ ചോക്ലേറ്റ് കൊടുത്തു.   

മോനെ, ടീച്ചർക്ക് താങ്ക്സ് പറ. സാവിത്രി പറഞ്ഞു. 
താങ്ക്സ് ടീച്ചർ. സുദേവ് പുഞ്ചിരിയോടെ പറഞ്ഞു. 
ഇവൻ കൊള്ളാമല്ലോ.  വാ, ഇവനെ ക്ലാസ്സിൽ എല്ലാവർക്കും പരിചയപ്പെടുത്തട്ടെ. ടീച്ചർ പറഞ്ഞു.

സുദേവിനെ ക്ലാസിൽ വിട്ട ശേഷം, സാവിത്രിയും സുധാകരനും സുമിയും  സ്കൂൾ പരിസരത്ത് കുറച്ചു നേരം നിന്നു. അവൻ  പഠനത്തോട്  എളുപ്പം ചേർന്നു പോകുമോ എന്ന ആശങ്ക എല്ലാവരുടെയും മുഖത്ത്. പക്ഷേ, അവന്റെ മുഖത്തു കണ്ട സന്തോഷം അവർക്ക്  ആശ്വാസമായി.

 ഒരിക്കൽ ക്ലാസ് വിട്ടു  വന്നപ്പോൾ സുദേവിന്റെ മുഖത്ത് വല്ലാത്ത സന്തോഷം. അമ്മേ,  ഇന്നത്തെ ക്ലാസ് എനിക്ക് ഒത്തിരി  ഇഷ്ടായി. ഇന്ന് പടം വരയ്ക്കാൻ ഒക്കെ ഞങ്ങളെ പഠിപ്പിച്ചു.  പക്ഷേ, ഒരു കുട്ടി, അവന്റെ അമ്മയെ കാണാനില്ലെന്നുപറഞ്ഞു കരയുകയായിരുന്നു.  ഒടുവിൽ ടീച്ചർ വന്ന് അവനെ എടുത്ത് ചോക്ലേറ്റ് ഒക്കെ കൊടുത്തു. അപ്പോഴാണ് അവൻ കരച്ചിൽ നിർത്തിയത്. ഞാൻ പക്ഷേ ക്ലാസിൽ കരയുകയൊന്നുമില്ല. ഞാൻ നല്ല കുട്ടിയാ. ഉണ്ണിക്കുട്ടൻ പറഞ്ഞു.   

അതെന്തുകൊണ്ടാണ് മോനേ അവൻ കരഞ്ഞത് ? നിങ്ങളൊക്കെ ഇല്ലായിരുന്നോ അവന്റെ കൂട്ടിന്? സാവിത്രി  ചോദിച്ചു.

അവന്റമ്മ ക്ലാസ്സീന്നു പോയപ്പോൾ അവൻ  പേടിച്ചുപോയി. എനിക്ക് അവനെ ചിരിപ്പിക്കണം എന്നുണ്ടായിരുന്നു, പക്ഷേ  എന്തു പറഞ്ഞിട്ടും അവൻ ചിരിച്ചില്ല. ഉണ്ണിക്കുട്ടൻ പറഞ്ഞു.

നീ നല്ല കാര്യമാണ് ചെയ്തത്. സാവിത്രി പറഞ്ഞു. നീ അവനെ ആശ്വസിപ്പിക്കാനായി അവന്റെ അടുത്തിരുന്നില്ലേ? അങ്ങനെയാണ് നല്ല കുട്ടികൾ. 

സുദേവിന്റെ മുഖത്ത് ഒരു സന്തോഷം.  അമ്മേ, പിന്നെ ഞാൻ  അവനൊപ്പമിരുന്ന് ചിത്രങ്ങളൊക്കെ വരച്ചു.  അപ്പോഴേക്കും അവന്റെ പേടിയൊക്കെ പോയി. 

********

കാലം അതിവേഗം മുന്നോട്ടു പോയി.

 ഇന്ന് സുദേവിന്റെ പ്ലസ്ടുവിന്റെ റിസൾട്ട് വരുന്ന ദിവസമാണ്. സാവിത്രിയാണെങ്കിൽ അമ്പലങ്ങൾ തോറും വഴിപാട് കഴിച്ചു നടക്കുന്നു. 

11 മണി ആയപ്പോൾ റിസൾട്ട് വന്നു. സുദേവിന് 88 ശതമാനം മാർക്കുണ്ട്. എല്ലാവർക്കും സന്തോഷം. മാർക്ക്‌ അറിഞ്ഞു സുധാകരൻ ഓടിപ്പോയി അടുത്ത ബേക്കറിയിൽ നിന്നും ലഡു വാങ്ങിക്കൊണ്ടുവന്നു എല്ലാവർക്കും കൊടുത്തു. 

നമ്മുടെ ഉണ്ണിക്കുട്ടൻ ഒന്നാം ക്ലാസിൽ ചേർന്ന ദിവസം ഇന്നും എന്റെ കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നു.  സാവിത്രി സന്തോഷത്തോടെ പറഞ്ഞു.

ചേച്ചീ, ഇനി എന്താ പ്ലാൻ? സുമി ചോദിച്ചു. 

അച്ഛാ, എനിക്ക് എൻജിനീയർ ആകണമെന്നാണ്  ആഗ്രഹം. കമ്പ്യൂട്ടർ സയൻസ് കിട്ടുകയാണെങ്കിൽ ഒന്നുകൂടെ ഇഷ്ടാവും. സുദേവ് പറഞ്ഞു.

അത് കൊള്ളാം. സുധാകരൻ  പറഞ്ഞു. പക്ഷേ, ഏതു കോളേജിൽ ചേരാനാണ് നീ ആഗ്രഹിക്കുന്നത്?”

“അച്ഛാ, ഏതെങ്കിലും നല്ല കോളേജിൽ ചേർന്നേ മതിയാകൂ. മിക്കവാറും  എനിക്ക്  സ്കോളർഷിപ്പ് കിട്ടും. 

സാവിത്രി കണ്ണ് നിറഞ്ഞ് നോക്കി. “മോനെ, നീ ഞങ്ങളുടെ അഭിമാനമാണ്. നീ ആഗ്രഹിക്കുന്നതു പോലെ ചെയ്യാം. 

അടുത്തയാഴ്ചതൊട്ട്  സുദേവ്  എൻട്രൻസ് പരീക്ഷകൾ എഴുതാൻ തുടങ്ങി. സുദേവിന്റെ

 പരിശ്രമം വൃദ്ധാവായില്ല. സിറ്റിയിലെ  ഒരു പ്രമുഖ എൻജിനീയറിങ്ങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് സീറ്റ് ലഭിച്ചു.

കോളേജിലേക്ക് യാത്ര പോകുന്ന ദിവസം, സാവിത്രി കണ്ണുനിറഞ്ഞ് പറഞ്ഞു, “മോനെ, നല്ലതുപോലെ പഠിക്കണം. കൂടാതെ നീ എവിടെയായാലും നിന്റെ നല്ല മനസ്സും എളിമയും സ്നേഹവുമൊന്നും നഷ്ടപ്പെടരുത്. ജീവിതത്തിൽ മനസ്സിനും അറിവിനും എളിമക്കും ഒരുപോലെയാണ് പ്രാധാന്യം.”

സുദേവ് അമ്മയെ ചേർത്ത് പിടിച്ചു പറഞ്ഞു. ശരി അമ്മേ

സുദേവ് കോളേജിൽ ചേർന്നത് ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു.  പുതിയ സുഹൃത്തുക്കൾ, പുതിയ അധ്യാപകർ, പുതിയ പഠനരീതികൾ—ഒക്കെ അത്ഭുതമായിരുന്നു. 

ക്ലാസുകൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസിന്റെ ഓരോ വിഷയവും അവൻ ആസ്വദിച്ചു പഠിച്ചു. അദ്ധ്യാപകർ സുദേവിന്റെ   മികവ് രണ്ടാഴ്ച കൊണ്ട് തന്നെ  മനസ്സിലാക്കി, "നീ ഒരു മികച്ച വിദ്യാർത്ഥിയാണ്, സുദേവ്,"  അവർ പറഞ്ഞു.

എന്നിരുന്നാലും ചില പ്രയാസങ്ങളൊന്നും ഇല്ലാതിരുന്നില്ല. ചില വിഷയങ്ങൾ അവൻ ആദ്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടി. എന്നാൽ, മനസ്സിരുത്തിയുള്ള പഠനം കൊണ്ടും അധ്യാപകരുടെ സഹകരണം  കൊണ്ടും  അതൊക്കെ നിസ്സാരമായി പരിഹരിക്കാൻ അവന്  സാധിച്ചു. 

ഒരു ദിവസം, കോളേജിൽ ഒരു കോഡിങ്ങ് മത്സരമുണ്ടായി. സുദേവ് അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ഒരാഴ്ചക്കാലം അവൻ ഏറെ പരിശ്രമിച്ചു, ഓരോ കോഡും ആവർത്തിച്ചു പരീക്ഷിച്ചു. മത്സര ദിവസം, എല്ലാവരും നോക്കിനിൽക്കേ, സുദേവ് തന്റെ പ്രോഗ്രാം വിജയകരമായി അവതരിപ്പിച്ചു.

നിങ്ങളിൽ ഏറ്റവും മികച്ച ഡെവലപ്പർ ആയത് സുദേവ് ആണ്. അദ്ധ്യാപകൻ പ്രഖ്യാപിച്ചു. 

 കുട്ടികൾ എല്ലാവരുംകൂടി അവനെ പ്രശംസകൊണ്ട് പൊതിഞ്ഞു. ഇപ്പോൾ കുട്ടികളെല്ലാവരും അവനെ ഒരു ബുദ്ധിജീവികണക്കെ ആണ് നോക്കുന്നത്. പെൺകുട്ടികൾക്ക് എല്ലാം അവനോട് ഒരു ആരാധന. ഒരുകൂട്ടം ആൺകുട്ടികൾക്ക് അവനോട്  അസൂയയും. 

 മൂന്നാം വർഷമായപ്പോൾ എല്ലാ ടീമിലും സുദേവ്  ഉണ്ട്. ഷട്ടിൽ ബാഡ്മിന്റൻ ആയാലും ക്രിക്കറ്റ് ആയാലും സുദേവ് തയ്യാർ. ഇന്റർ കോളേജിയേറ്റ്  മത്സരങ്ങൾ നടക്കുമ്പോൾ സുദേവ് എല്ലാത്തിനും നെടുംതൂൺ ആയി പ്രവർത്തിച്ചു. അത്തവണത്തെ കോളേജ് ഇലക്ഷൻ വന്നപ്പോൾ സുദേവ് എതിരില്ലാതെ കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 

 ആയിടക്കാണ് കൂടെപഠിക്കുന്ന ദേവിക എന്ന കുട്ടിയുമായിട്ടുള്ള അടുപ്പം. ഇലക്ഷൻ കാമ്പയിനുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നതിനിടയിൽ ആയിരുന്നു സ്നേഹം മൊട്ടിട്ടത്. ദേവിക ആർട്സ് ക്ലബ് സെക്രട്ടറി ആയിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ ദിവസം ചെല്ലുന്തോറും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി.

 കോളേജിൽ നാലാം വർഷം ക്ലാസുകൾ ആരംഭിച്ചു. വർഷാരംഭത്തിൽ തന്നെ കോളേജിലെ പ്ലേസ്മെന്റ്സെൽ ആക്ടീവായി. സുദേവാണ് പ്ലേസ്മെന്റ് സെല്ലിന്റെ സ്റ്റുഡന്റ് റപ്രെസെൻന്ററ്റീവ്. രാജ്യത്തെ വൻകിട ഐടി, ഓട്ടോമൊബൈൽ കമ്പനികൾ മത്സരിച്ച് റിക്രൂട്ട്മെന്റ് നടത്തി. സുദേവന് രണ്ട് കമ്പനികളാണ് സെലക്ഷൻ കൊടുത്തത്. പക്ഷേ കോളേജിലെ പോളിസി അനുസരിച്ച് ഒരു കമ്പനി മാത്രമേ ഒരാൾക്ക്  തിരഞ്ഞെടുക്കാൻ പറ്റൂ. സുദേവ് ഒറക്കിൾ എന്ന കമ്പനിയാണ് തെരഞ്ഞെടുത്തത്. ഒറക്കിൾ ഏകദേശം പന്ത്രണ്ടോളം പേരെ റിക്രൂട്ട് ചെയ്തു. ദേവികക്ക്‌ IBM ൽ ആണ് കിട്ടിയത്. ഏകദേശം ഒരു മാസത്തോളം റിക്രൂട്ട്മെന്റ്  ഡ്രൈവ് തുടർന്നു. 

 അവസാന സമയമായപ്പോൾ അധ്യാപകരും കുട്ടികൾക്കൊപ്പം നിന്ന് റിസൾട്ട് വർധിപ്പിക്കാൻ വേണ്ട കഠിന പരിശ്രമങ്ങളിൽ പങ്കാളികളായി. റിസൾട്ട് വന്നപ്പോൾ സുദേവിന് 94 ശതമാനം മാർക്ക്. ദേവികക്ക് 89 ഉം. 

വീട്ടിൽ എല്ലാവർക്കും സന്തോഷമായി. ഇനി തയ്യാറായിരിക്കണം. എപ്പോൾ വേണമെങ്കിലും ഒറക്കിളിൽ നിന്നും വിളി വന്നേക്കാം. അതിനുവേണ്ട ഡോക്യൂമെന്റസ് എല്ലാം ശരിയാക്കി വെക്കണം. സുധാകരൻ  സുദേവിനോട് പറഞ്ഞു.

 കുട്ടികളിൽ കുറെപേർക്ക് കമ്പനിയിൽ നിന്ന് കോൾ ലെറ്റർ വന്നു. അപ്പോഴാണ് സുദേവ് ഓർത്തത്.    ഇനിയെങ്കിലും ദേവികയെക്കുറിച്ച് അമ്മയോട് പറയണം.  അവൾക്ക് ഈയിടെയായി ആലോചനകൾ വന്നുകൊണ്ടിരിക്കുന്നു. അവൾ ഇതിനകം അവളുടെ വീട്ടിൽ പ്രണയം അവതരിപ്പിച്ചിരുന്നു. പക്ഷേ ചെറുക്കന്റെ അടുക്കൽ നിന്നും ആലോചന ചെന്നില്ലല്ലോ എന്നാണ് അവളുടെ ഡാഡി പറയുന്നത്. അവർക്ക് എതിർപ്പില്ലപോലും. 

 മടിച്ചുമടിച്ചാണെങ്കിലും സുദേവ് ഇക്കാര്യം പറഞ്ഞപ്പോൾ സുധാകരനും സാവിത്രിക്കും സമ്മതം.   നീ എല്ലാം ആലോചിച്ചേ ചെയ്യൂ എന്ന് ഞങ്ങൾക്ക് അറിയാം. അവർ പറഞ്ഞു. 

സുമി അറിഞ്ഞപ്പോൾ അവൾക്ക്‌ അശ്ചര്യം. മോനേ സ്കൂളിൽനിന്നും വിളിച്ചുകൊണ്ടു വരുന്നതിനിടയിൽ കയറിയതാണ് ഇവിടെ. നിനക്ക് പ്രേമിക്കാനൊക്കെ അറിയാമായിരുന്നോ? ഇതിനൊക്കെ എപ്പോൾ സമയം കിട്ടി? ഇതിന്റെ പേരാണോ ക്യാമ്പസ്‌ സെലക്ഷൻ? അവൾ ചോദിച്ചു. എല്ലാവരും കൂട്ടച്ചിരി. അവനും ആ ചിരിയിൽ പങ്കുചേർന്നു. 

ഇവിടെ ഈ കഥ അവസാനിക്കുന്നില്ല. ജീവിതം ഒരു തുടർച്ചയാണ്. വിജയത്തെയും പ്രയാസത്തെയും ഒരുപോലെ നേരിടുമ്പോൾ, ഓരോ ദിനവും പുതിയ ഒരു പാഠമാണ്. സുദേവിന്റെ ജീവിതം ഇപ്പോഴും മുന്നോട്ട് പോവുകയാണ്—പുതിയ ലക്ഷ്യങ്ങളിലേക്ക്, പുതിയ സ്വപ്നങ്ങളിലേക്ക്!


V C Ajayakumar 

അഭിപ്രായങ്ങള്‍