ചായക്കടയിലെ സൈനികൻ

ചായക്കടയിലെ സൈനികനും വിധി കാത്തുവെച്ച സ്നേഹവും

​"ജീവിതം ചിലപ്പോൾ നമ്മളെ പാതിവഴിയിൽ തനിച്ചാക്കി പോയേക്കാം, പക്ഷേ ശരിയായ മനുഷ്യർ ശരിയായ സമയത്ത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും..."

​കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിലെ ചെറിയൊരു ചായക്കടയിൽ നിന്ന് തുടങ്ങിയ ഒരു അതിജീവനത്തിന്റെ കഥയാണിത്. ഒരു പഴയ പട്ടാളക്കാരന്റെ കണ്ണുനീരും, ചതിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയും, ഒടുവിൽ നന്മയുള്ള സൗഹൃദം തീർത്ത ഒരു പുതിയ ജീവിതവും.

​വായിച്ചു നോക്കുമല്ലോ...


ചായക്കടയിലെ സൈനികൻ 

കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷന് പുറത്തെ ആ പഴയ ചായക്കടയിൽ എപ്പോഴും കുമാരൻ നായരുണ്ടാകും. ഒപ്പം സഹായത്തിന് മകൾ ശ്രീക്കുട്ടിയും. കുമാരൻ നായർ ചെറുപ്പകാലത്ത് സൈന്യത്തിൽ ആയിരുന്നു. യുദ്ധത്തിൽ പങ്കെടുത്തു പരിക്കേറ്റതിനെത്തുടർന്ന് വിരമിക്കൽ വാങ്ങി നാട്ടിൽ പോന്നതാണ്.  കുറച്ചുനാൾ പണിക്കൊന്നും പോകാനാകാതെ വീട്ടിൽ തന്നെ ഇരുന്നു. ഇതിനിടെ കല്യാണവും കഴിഞ്ഞു. കുമാരൻ നായരുടെ അച്ഛന്റെ മരണശേഷം അച്ഛൻ നടത്തിവന്ന ചായക്കട കുമാരൻ നായർ ഏറ്റെടുത്തു നടത്തി. ഈ സമയം കുമാരൻ നായർക്ക് ഒരു മകളും പിറന്നു. കുമാരൻനായർക്ക് ചിലവ് കൂടിക്കൂടി വന്നു. മകളുടെ വിദ്യാഭ്യാസം, കൂടെക്കൂടെയുള്ള ഭാര്യയുടെ അസുഖം എന്നിവ കുമാരൻ നായരുടെ ബഡ്ജറ്റ് തെറ്റിച്ചു. ഈ താളം തെറ്റൽ കുമാരൻ നായരെ  വിഷാദത്തിൽ കൊണ്ട് എത്തിച്ചു. പതിയെപ്പതിയെ കുമാരൻ നായർ ആരോടും അങ്ങനെ സംസാരിക്കാതായി. 

 എന്നും റെയിൽവേ സ്റ്റേഷനിൽ ഒന്നിച്ച് ട്രെയിൻ കയറാൻ വന്നിരുന്ന കൂട്ടുകാരാണ് മുഹമ്മദ് കുട്ടിയും സന്ദീപ് മേനോനും. ചായക്കടയിൽ ചെന്നിരുന്നു കുറേസമയം വർത്തമാനമൊക്കെ പറഞ്ഞിട്ടാണ് അവർ ട്രെയിനിൽ കയറിയിരുന്നത്.  കുമാരൻ നായരുടെ ഈയിടെയുള്ള  വിഷാദ ഭാവം അവരെ വളരെയധികം വിഷമിപ്പിച്ചു.

എന്താണ് കുമാരേട്ടാ ഈയിടെ ഒരു വിഷാദം? ഞങ്ങൾ കുറെ നാളുകളായി ഇത് ശ്രദ്ധിക്കുന്നു. ആ സമയം ചായ ഗ്ലാസുകളുമായി വന്ന ശ്രീക്കുട്ടിയെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് കുമാരൻ നായർ പറഞ്ഞു: "ഇവളുടെ കാര്യമോർത്താണ് മോനേ എന്റെ ആധി."

അവളുടെ കാര്യം ഓർത്തോ? അതെന്താണ് ഇപ്പോൾ ഇങ്ങനെയൊരു വിഷമം? സന്ദീപ് ചോദിച്ചു.

 മോനെ! ഞാനൊരു അച്ഛനല്ലേ! എനിക്ക് ഈ ചായക്കടയിൽ നിന്ന് കിട്ടുന്ന വരുമാനം അല്ലാതെ വേറെ എന്താണുള്ളത്? സൈന്യത്തിൽ നിന്നും പിരിഞ്ഞു പോന്നപ്പോൾ കിട്ടിയ തുകയൊക്കെ മോളുടെ അമ്മയുടെ ചികിത്സയ്ക്കായി ചെലവായി. മോൾക്കാണെങ്കിൽ ഈ വരുന്ന ചിങ്ങത്തിൽ 26 തികയും. നല്ലൊരു ചെറുക്കനെ കണ്ട് അവൾക്കൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം. അതാണ് ഇപ്പോൾ എന്നെ അലട്ടുന്ന ഏറ്റവും വലിയ വിഷമം. അവളുടെ അമ്മയ്ക്ക് കാൻസറാണ് മോനേ! അതും തേർഡ് സ്റ്റേജ് ആണെന്നാണ് ഡോക്ടർമാർ പറയുന്നത്.  മോൾക്ക് പക്ഷേ ഇതൊന്നും അറിയാൻ മേല. വല്ലാത്തൊരു അവസ്ഥ തന്നെ. ഇതൊന്നും ഷെയർ ചെയ്യാൻ പോലും എനിക്ക് ആരുമില്ല. അവൾക്ക് മൂന്ന് നാല് ആലോചനകൾ ഇതിനുമുമ്പ് വന്നിട്ടുണ്ട്. അതെല്ലാം സാമ്പത്തികത്തിൽ തട്ടിത്തടഞ്ഞു പോവുകയാണുണ്ടായത്. അവളുടെ അമ്മയ്ക്കും ഇതൊരു വല്ലാത്ത മനോവിഷമം തന്നെ.

 അതൊക്കെ നമുക്ക് വഴി ഉണ്ടാക്കാം ചേട്ടാ. ചേട്ടൻ ഇങ്ങനെ വിഷമിക്കാതെ. സന്ദീപ് പറഞ്ഞു.

 ട്രെയിനിൽ കയറാൻ പോകവേ സന്ദീപ് മുഹമ്മദ് കുട്ടിയോട് ചോദിച്ചു, എടാ, എങ്ങനെയാണ് ആ പാവത്തിനെ ഒന്ന് രക്ഷിക്കുന്നത്? നമുക്ക് എല്ലാവർക്കും കൂടി കുറച്ച് സാമ്പത്തികം ഒക്കെ പിരിച്ചുകൊടുത്താലോ? സന്ദീപ് ചോദിച്ചു.

 എടാ, എത്രയെന്ന് വച്ചാ പൈസ പിരിക്കുന്നത്? അതൊന്നും വച്ച് കൂട്ടിയാൽ കൂടുന്ന ഒന്നല്ല വിവാഹം. 

മുഹമ്മദ് കുട്ടിയും സന്ദീപ് മേനോനും അന്ന് ഓഫീസിൽ പോകേണ്ടെന്ന്  വെച്ചു. കുമാരേട്ടന്റെ കണ്ണിലെ ആ വിങ്ങൽ കണ്ടിട്ട് അവർക്ക് വണ്ടിയിൽ കയറാൻ തോന്നിയില്ല.

​"സന്ദീപേ, പണം പിരിച്ചു കൊടുക്കാം എന്ന് നീ പറഞ്ഞത് നല്ല കാര്യമാണ്. പക്ഷേ കുമാരേട്ടൻ അത് വാങ്ങുമെന്ന് തോന്നുന്നില്ല. ആത്മാഭിമാനമുള്ള ഒരു പഴയ പട്ടാളക്കാരനാണയാൾ. നമുക്ക് മറ്റൊരു വഴി  നോക്കണം." മുഹമ്മദ് കുട്ടി ഗൗരവത്തിൽ പറഞ്ഞു.

​കുറച്ചു ദിവസങ്ങൾ കടന്നുപോയി. മുഹമ്മദ് കുട്ടിയും സന്ദീപും തങ്ങളുടെ സുഹൃത്തുക്കളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഈ വിഷയം അവതരിപ്പിച്ചു. പണമല്ല, പകരം ശ്രീക്കുട്ടിക്ക് ഒരു തൊഴിൽ കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ശ്രീക്കുട്ടി എം.കോം കഴിഞ്ഞ മിടുക്കിയാണെന്ന് അവർക്കറിയാമായിരുന്നു.

​ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ ഒരു സന്തോഷവാർത്തയുമായി ചായക്കടയിലെത്തി. "കുമാരേട്ടാ, നമ്മുടെ ടൗണിലെ വലിയൊരു അക്കൗണ്ടിംഗ് ഫേമിൽ ശ്രീക്കുട്ടിക്ക് ജോലി ശരിയായിട്ടുണ്ട്. ശമ്പളം നല്ലതാണ്. അവൾ ജോലിക്ക് പോകട്ടെ."

​ആദ്യം ഒന്ന് മടിച്ചെങ്കിലും, മകളുടെ ഭാവി ഓർത്ത് കുമാരൻ നായർ സമ്മതിച്ചു. ശ്രീക്കുട്ടി ജോലിക്ക് പോകാൻ തുടങ്ങിയതോടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ചെറിയൊരു ശമനമായി. അവളുടെ അമ്മയുടെ ചികിത്സയ്ക്കായി മുഹമ്മദ് കുട്ടിയുടെ സുഹൃത്തായ ഒരു ഡോക്ടർ വഴി കുറഞ്ഞ ചിലവിൽ സൗകര്യങ്ങൾ ഒരുക്കി നൽകാനും അവർക്ക് കഴിഞ്ഞു.

​എന്നാൽ കല്യാണത്തിന്റെ കാര്യം വന്നപ്പോൾ കുമാരൻ നായർ വീണ്ടും പഴയ വിഷാദത്തിലേക്ക് വഴുതി വീണു. "മോനെ, പണം ഇല്ലാതെ എങ്ങനെയാ..." അദ്ദേഹം സന്ദീപിനോട് സങ്കടം പറഞ്ഞു.

​അന്നൊരു ഞായറാഴ്ചയായിരുന്നു. കുമാരൻ നായരെ കാണാൻ മുഹമ്മദ് കുട്ടിയും സന്ദീപും തനിച്ചല്ല വന്നത്. കൂടെ  ഹരി എന്ന യുവാവും ഉണ്ടായിരുന്നു. ബാങ്കിൽ ഉദ്യോഗസ്ഥനായ ഹരിക്ക്‌  പണമോ സ്വർണ്ണമോ ആയിരുന്നില്ല ആവശ്യം, പകരം നല്ല ആദർശശുദ്ധിയുള്ള ഒരു യുവതിയെ ആയിരുന്നു.

 ഹരിയും ശ്രീക്കുട്ടിയും തമ്മിൽ കണ്ടുമുട്ടിയപ്പോൾ ശ്രീക്കുട്ടിയുടെ ലാളിത്യവും സംസാരത്തിലെ ചുറുചുറുക്കും  ഹരിക്ക് ഒത്തിരി ഇഷ്ടമായി.

​"കുമാരേട്ടാ, ഹരിക്ക് ശ്രീക്കുട്ടിയെ ഇഷ്ടമായി. അവനു പക്ഷേ ആഡംബര വിവാഹത്തോടൊന്നും താല്പര്യമില്ല. രജിസ്റ്റർ ഓഫീസിൽ വെച്ച് ലളിതമായൊരു ചടങ്ങ്. അത് കഴിഞ്ഞ് നമ്മൾ നാട്ടുകാർക്ക് ഇവിടെ ഒരു സദ്യ. മതിയാകില്ലേ?" സന്ദീപ് ചോദിച്ചു.

അല്ലാ, ഹരിയുടെ അച്ഛനും അമ്മയ്ക്കും മോളെ കാണണ്ടേ? കുമാരൻ നായർ ചോദിച്ചു.

 അതൊന്നും പ്രശ്നമില്ല അങ്കിൾ. ഞാൻ പറയുന്നതിനപ്പുറം എന്റെ അച്ഛൻ നിൽക്കുകയില്ല. പക്ഷേ അമ്മയുടെ സമ്മതം വാങ്ങിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ അച്ഛൻ വഴി ഞാൻ അത് സമ്മതിപ്പിച്ചോളാം. ഹരി പറഞ്ഞു.

​തന്റെ അമ്മ ഈ ബന്ധത്തിന് ഒരിക്കലും സമ്മതിക്കില്ലെന്ന് ഹരിക്ക് അറിയാമായിരുന്നു. അതുകൊണ്ട്തന്നെ ശ്രീക്കുട്ടിയുടെ കാര്യം അമ്മയോട് പറയാതെ അച്ഛനോട് മാത്രം പറഞ്ഞു. 

 എടാ നിന്റെ അമ്മയുടെ സ്വഭാവം നിനക്ക് അറിയാമല്ലോ! നിങ്ങളെ പൊറുക്കാൻ സമ്മതിക്കുകയില്ല. അത്രയ്ക്ക് മൂശേട്ടയാണവൾ.  നീയാണെങ്കിൽ ഞങ്ങളുടെ ഒറ്റ മകൻ. നമുടെ സാമ്പത്തികവും ഒട്ടും മോശമല്ല. പക്ഷേ അവരുടെ കാര്യത്തിലോ? നിന്റെ അമ്മയും അവരും  തമ്മിൽ യോജിച്ച്പോവുകയില്ല മോനേ.  ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി നിന്റെ ഇഷ്ടം. നിന്റെയാണ് ജീവിതം. അതുകൊണ്ട് തീരുമാനം എടുക്കേണ്ടതും നീ തന്നെ. പക്ഷേ ഒരു കാര്യം എപ്പോഴും ഓർക്കുക.  ഞങ്ങൾക്ക് നീ മാത്രമേയുള്ളൂ. അച്ഛൻ പറഞ്ഞു.

 ഹരിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റിയില്ല. അച്ഛൻ തന്റെ കൂടെ നിൽക്കുമെന്നാണ് ഓർത്തത്. ഇതിപ്പോൾ അച്ഛനും തന്റെ കൂടെ നിൽക്കുന്നില്ല. ശ്രീക്കുട്ടിയുടെ മുഖവും അമ്മയുടെ മുഖവും ഹരിയുടെ മനസ്സിൽ മാറി മാറി വന്നുകൊണ്ടിരുന്നു. അന്ന് രാത്രി അവന് ഉറങ്ങാനേ പറ്റിയില്ല.

​നിശ്ചയിച്ച ദിവസം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ കുമാരൻ നായരും ശ്രീക്കുട്ടിയും മുഹമ്മദ് കുട്ടിയും സന്ദീപും കാത്തുനിന്നു. കൂട്ടുകാരെല്ലാവരും കൂടി പിരിവെടുത്ത്  അത്യാവശ്യം പണ്ടങ്ങളെല്ലാം  അവളുടെ കഴുത്തിൽ അണിയിച്ചിരുന്നു.  

 മുഹൂർത്തം കഴിയാറായി.  സന്ദീപ് രജിസ്റ്റർ ഓഫീസിൽ നിന്നും ഓടിവന്ന് അറിയിച്ചു.

 ഹരിയെ കാണുന്നില്ലല്ലോ മോനെ!  ഇനി വഴിയിൽ വല്ല അപകടവും പറ്റിക്കാണുമോ? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ!. 

അന്ന് മുഹൂർത്തം കഴിഞ്ഞിട്ടും ഹരി വന്നില്ല. ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. സമയം കടന്നുപോകുന്തോറും കുമാരൻ നായരുടെ ഉള്ളിൽ ഭയം പടർന്നു. മുഹമ്മദ്കുട്ടി ബൈക്കുമെടുത്തു  ഹരിയുടെ വീട്ടിലേക്ക് വച്ചുപിടിച്ചു. അവിടെ ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. നിരാശനായ മുഹമ്മദ് കുട്ടി തിരിച്ചെത്തിയപ്പോൾ  കുമാരൻ നായർ  തകർന്നുപോയി.

​"എന്റെ മോൾക്ക് ഇനി ആരുണ്ട്? ലോകം അവളെ പരിഹസിക്കില്ലേ?" കുമാരൻ നായർ എങ്ങലടിച്ച് കരയാൻ തുടങ്ങി. ശ്രീക്കുട്ടി തറഞ്ഞുപോയ നോട്ടത്തോടെ, ശില പോലെ നിന്നു. അവളുടെ കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. അവൾ അനുഭവിച്ച മാനസിക വിഷമം ആ പരിസരത്തെയാകെ  നിശബ്ദമാക്കി.

​മുഹമ്മദ് കുട്ടി സന്ദീപിനെ അരികിലേക്ക് വിളിച്ചു. "എടാ, നമ്മളൊക്കെ കൂടി ആഗ്രഹിച്ചു നടത്തിയ ഒന്നല്ലേ ഇത്? ഇതിപ്പോൾ ഇങ്ങനെ അവസാനിച്ചല്ലോ. വിവാഹമേ വേണ്ടെന്ന് പറഞ്ഞു നടന്നവളാണ് ശ്രീക്കുട്ടി. അവളെ ഇനി എങ്ങനെ ആശ്വസിപ്പിക്കും?"

​സന്ദീപിന്റെ ഉള്ളിൽ വലിയൊരു തിരയിളക്കം നടക്കുകയായിരുന്നു.  താൻകാരണം ഒരു കുടുംബം നടുറോഡിൽ അപമാനിതരാകുന്നത് അവന് സഹിക്കാനായില്ല. അവൻ ദീർഘനേരം ശൂന്യതയിലേക്ക് നോക്കി നിന്നു. ഒടുവിൽ ദൃഢനിശ്ചയത്തോടെ അവൻ പറഞ്ഞു:

​"മുഹമ്മദ് കുട്ടീ... എല്ലാവർക്കും സമ്മതമാണെങ്കിൽ ശ്രീക്കുട്ടിയെ ഞാൻ വിവാഹം കഴിച്ചോളാം. പക്ഷേ എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ബോധ്യപ്പെടുത്തണം. അതിലുപരി ശ്രീക്കുട്ടിക്ക് എന്നെ ഇഷ്ടപ്പെടണം."

​കുമാരൻ നായർ അത്ഭുതത്തോടെയും നന്ദിയോടെയും സന്ദീപിനെ നോക്കി. താൻ കണ്ട സ്വപ്നങ്ങൾ തകർന്നടിഞ്ഞ ഇടത്തുനിന്ന് ഒരു ദൈവദൂതനെപ്പോലെ സന്ദീപ് കൈ നീട്ടുന്നത് അദ്ദേഹം കണ്ടു.

​"സന്ദീപേ... മോൻ പറഞ്ഞത് സത്യമാണോ?" കുമാരൻ നായർ ചോദിച്ചു. പിന്നീട് അദ്ദേഹം ശ്രീക്കുട്ടിയെ മാറ്റി നിർത്തി സംസാരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ തങ്ങളെ ചേർത്തുപിടിച്ച സന്ദീപിന്റെ നന്മ അവൾ തിരിച്ചറിഞ്ഞു. മങ്ങിയ കണ്ണുകളോടെ അവൾ സമ്മതം മൂളി.

​സന്ദീപ് അവിടെ വച്ച് തന്നെ  തന്റെ വീട്ടുകാരോട് കാര്യങ്ങൾ വിശദമായി സംസാരിച്ചു. ഹരി കാണിച്ച ചതിയും കുമാരേട്ടന്റെ നിസ്സഹായാവസ്ഥയും കേട്ടപ്പോൾ ആ മാതാപിതാക്കളുടെ മനസ്സ് അലിഞ്ഞു. 

സന്ദീപിന്റെ അമ്മ ശ്രീക്കുട്ടിയെ നേരിൽ കണ്ടു. കഷ്ടപ്പാടുകൾക്കിടയിലും അന്തസ്സോടെ വളർന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ അവർ പറഞ്ഞു: "മകനേ, നിന്റെ തീരുമാനം ശരിയാണ്. ഇവൾ നമ്മുടെ കുടുംബത്തിന് ഐശ്വര്യമായിരിക്കും."

​വിവാഹം ലളിതമായല്ല, മറിച്ച് നാട്ടുകാരെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തി ആർഭാടമായി തന്നെ നടന്നു. എല്ലാത്തിനും കാര്യക്കാരായി മുഹമ്മദ് കുട്ടിയും കൂട്ടുകാരും ഓടിനടന്നു.   കാഞ്ഞിരമറ്റം സ്റ്റേഷനിലെ പഴയ ചായക്കടക്കാരന്റെ മകൾ സന്ദീപിന്റെ വധുവായി പടിയിറങ്ങുമ്പോൾ മുഹമ്മദ് കുട്ടിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. ഹരിയെപ്പോലെയുള്ളവർ ഒഴിഞ്ഞുപോയത് വലിയൊരു ഭാഗ്യമാണെന്ന് കുമാരൻ നായർ തിരിച്ചറിഞ്ഞു. കാരണം, സ്നേഹിക്കാൻ അറിയുന്നവനേ ജീവിതം പടുത്തുയർത്താൻ കഴിയൂ.

​ഇപ്പോൾ കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്നത് കുമാരൻ നായർക്ക് ഒരു ആഘോഷമാണ്.  മുഹമ്മദ് കുട്ടിയും കൂട്ടുകാരും കടയിൽ വരുമ്പോൾ അദ്ദേഹം അവർക്ക് സ്നേഹം ചാലിച്ച ചായ നൽകും. അവിടെ ഇപ്പോൾ വിഷാദമില്ല, പകരം അതിജീവനത്തിന്റെ തെളിഞ്ഞ പുഞ്ചിരി മാത്രം.

​ഒരാൾ ഉപേക്ഷിച്ചു പോകുമ്പോൾ ജീവിതം അവസാനിക്കുന്നില്ല. തളർന്നു പോകുന്ന നേരത്ത് കൈ പിടിക്കാൻ ഒരാളുണ്ടാകുന്നത് വലിയൊരു നിയോഗമാണ്. ആത്മാർത്ഥമായ സൗഹൃദവും കരുതലും ഏതൊരു തകർച്ചയിൽ നിന്നും മനുഷ്യനെ ഉയിർത്തെഴുന്നേൽപ്പിക്കും.


V C Ajayakumar

03/02/2026


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും