കള്ളകടത്തും കല്യാണവും

കള്ളക്കടത്തും കല്യാണവും 
========================

99 ഡിസംബർ മാസത്തെ തണുപ്പുള്ള ഒരു രാത്രി. ഞാൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.  ദൈവമേ, എന്തെല്ലാമാണ് ഇന്ന് എയർപോർട്ടിൽ നടന്നത്.ഒന്നുമറിയാത്ത ഒരു പാവം മനുഷ്യൻ. അയാളുടെ ജനുവരിയിൽ നടക്കേണ്ട കല്യാണം. എല്ലാം ഓർത്തിട്ട് എനിക്ക് ഉറക്കം വന്നില്ല.

 രാത്രി എട്ടു മണിക്കുള്ള ഡ്യൂട്ടിക്ക് 7.30 ആയപ്പോൾ തന്നെ എയർപോർട്ടിൽ എത്തിയതാണ് ഞാൻ. ചൊവ്വാഴ്ച ദിവസം ഹോങ്കോങ്ങിൽ നിന്നുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് ഉണ്ട്. 7 മണിക്ക് വരാറുള്ള ഫ്ലൈറ്റ് ആണ്. അത് ചില ദിവസം കുറച്ച് താമസിച്ചാൽ  ഞങ്ങളുടെ ഷിഫ്റ്റിൽ വരും. അതിനാൽ  ചൊവ്വാഴ്ച ഞങ്ങൾ കസ്റ്റംസ്കാർക്ക് ഒരു പ്രത്യേക ശ്രദ്ധയുണ്ട്. പ്രതീക്ഷിച്ചത്  പോലെ തന്നെ ഹോങ്കോങ് ഫ്ലൈറ്റ് ഇന്ന് താമസിച്ച് ആണ് വന്നത്.
 ഏകദേശം 10 മണി ആയപ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്തു. ഇൻസ്പെക്ടർമാരായ ഞാനും ദിലീപും അറൈവൽ ഹാളിലെ ഒന്നാം നമ്പർ കൺവെയർ ബെൽറ്റിൽ ബാഗേജ് സ്കാൻ ചെയ്യുവാൻ  ആരംഭിച്ചു. സഹായത്തിന് ഒരു പയ്യനും ഉണ്ട്. ഏതെങ്കിലും ബാഗേജ് സംശയം തോന്നിയാൽ ഈ പയ്യനെ കൊണ്ട് ബെൽറ്റിൽ നിന്നും വലിച്ച് താഴെയിടുവിക്കും.
.അങ്ങനെ വലിച്ചു താഴെയിട്ട ബാഗേജുകൾ അവസാനം ബെൽറ്റിലേക്ക് തന്നെ ഇടും. പാസഞ്ചേഴ്സ് ഇതൊന്നും അറിയാതെ ബാഗേജും എടുത്തുകൊണ്ട് ഗ്രീൻ ചാനൽ ക്രോസ് ചെയ്താൽ കേസ് ആയി.

 ബെൽറ്റിൽ കൂടി ഇലക്ട്രോണിക് ഗുഡ്സ്, ടെക്സ്റ്റൈൽ മുതലായ ബാഗേജുകൾ സ്കാൻ മാർക്ക് ചെയ്തു വിടുന്നുണ്ടായിരുന്നു. അപ്പോഴാണ് സംശയാസ്പദമായ ഇമേജ് കാണിക്കുന്ന ഒരു പാഴ്സൽ വരുന്നത്. ഇത് താഴെ ഇറക്കാതെ തന്നെ ഹാളിലേക്ക് വിട്ടു. ദിലീപ് പുറത്തു വന്നു പാസഞ്ചറിനെ നോട്ട് ചെയ്തു  ഒന്നുമറിയാത്തവനെപ്പോലെ കൺവെയർ ബെൽറ്റിന് അടുത്ത് നിന്നു. അവസാനം ഈ ബാഗേജ് എടുത്ത പാസഞ്ചറിനെ ഫോളോ ചെയ്തു ഗേറ്റിൽ എത്തി. പാസഞ്ചർ എക്സിറ്റ് ഓഫീസർക്ക് ഗേറ്റ് പാസ് കൊടുത്തതും  ദിലീപ് അയാളെ തടഞ്ഞു.  പാസ്പോർട്ട്‌ നോക്കി.  പേര് സുനിൽ.  എന്താണ്  ബാഗേജിൽ?  ബ്യൂട്ടീഷൻസ് ഫേഷ്യലിനായി ഉപയോഗിക്കുന്ന പൗഡർ ആണ് സാർ. പാസഞ്ചർ പറഞ്ഞു. സ്വതവേ സംശയാലുവായ ദിലീപ് ബാഗ്ഗേജ് വിശദമായി പരിശോധിക്കണമെന്നും അതിനാൽ  തുറക്കണമെന്നും ആവശ്യപ്പെട്ടു.അങ്ങനെ ബാഗേജ് തുറക്കുമ്പോൾ അതാ ഒരുതരം വെളുത്ത പൗഡർ. ഇത് ഫേഷ്യലിനുള്ള പൗഡർ ഒന്നുമല്ല. സൂപ്രണ്ട് അഭിപ്രായപ്പെട്ടു. പാസഞ്ചർ ആണെങ്കിൽ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.പാതിരാത്രിയാണ്. അവസാനം സൂപ്രണ്ടിന്റെ തന്നെ അറിവുള്ള ഒരു ലാബ് കാരനെ തേടിപ്പിടിച്ചു. അയാൾ പരിശോധിക്കാമെന്ന് സമ്മതിച്ചു. അപ്പോൾ തന്നെ സാമ്പിളുമായ്  അയാളുടെ ലാബിലേക്ക് ദിലീപ് കാറിൽ വച്ച് പിടിച്ചു. നേരം വെളുക്കാറായപ്പോൾ റിപ്പോർട്ട് വന്നു.സംഗതി സ്റ്റെരോയിഡ് പൗഡർ. കൊണ്ടുവരുവാൻ നിയന്ത്രണമുള്ള സാധനമാണ്.  ഇൻവോയ്‌സ്‌ പ്രകാരം 8 ലക്ഷത്തിനു മുകളിൽ മൂല്യം. 10 മണി ആയപ്പോൾ തന്നെ സാമ്പിളുകൾ പരിശോധനയ്ക്കായി കസ്റ്റംസ് ലാബിൽ എത്തിച്ചു. മൂന്നുമണി ആയപ്പോഴേക്കും റിപ്പോർട്ട് റെഡി . അപ്പോഴാണ്  ഒരു മധ്യവയസ്കൻ ഹാളിലേക്ക് വരുന്നത്. കഴുത്തിൽ  തുടലുപോലുള്ള സ്വർണ മാല. കയ്യിൽ ചെയിൻ.  കൂളിംഗ് ഗ്ലാസ്.  അടിപൊളി സംസാരവും.അയാളെ കണ്ടതും  സൂപ്രണ്ടിന് ഒരു സംശയം. ആളോട് പറ്റിക്കൂടി ഡീറ്റെയിൽസ് എല്ലാം ചികഞ്ഞു എടുത്തു. സൂപ്രണ്ടിന്റെ സംശയം ശരിയായി. ഈ മധ്യ വയസ്കനെ  ഇതിനുമുമ്പ് DRI സ്വർണ കള്ളകടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ഈ സൂപ്രണ്ട് DRI ൽ  ഉണ്ടായിരുന്നു.
 വിശദ ചോദ്യം ചെയ്യലിൽ ഇയാളാണ് ഈ പൌഡറിന്റെയും ഉടമസ്ഥൻ എന്ന് സമ്മതിച്ചു. അതോടെ രണ്ടുപേരെയും അറസ്റ്റ് ചെയ്യുവാനുള്ള തീരുമാനമായി.മഹസർ, സ്റ്റേറ്റ്മെന്റ്,ഇൻവെന്ററി മുതലായ പേപ്പർ വർക്കുകൾ എല്ലാം തീർത്തു. രാത്രി 10 മണിയായപ്പോൾ സൂപ്രണ്ട് വക്കീലിനെ കോൺടാക്ട് ചെയ്തു. വക്കിൽ ജഡ്ജിൽ നിന്നും പ്രതികളെ വീട്ടിലോട്ട് കൊണ്ടുവരാനുള്ള അനുവാദം മേടിച്ചു. ഞങ്ങൾ പ്രതികളെയും കൂട്ടി ജഡ്ജിന്റെ വീട്ടിലേക്ക്. വക്കിൽ പുറത്തു കാത്തു നിന്നിരുന്നു.  ജഡ്ജ് മനസ്സില്ലാ മനസ്സോടെ ഇറങ്ങിവന്നു. എന്താണ് കുറ്റം?.  എന്താണ് ഈ രാത്രിയിൽ തന്നെ കൊണ്ടുവന്നത്?. ജഡ്ജ് ചോദിച്ചു. ഇവർ എയർപോർട്ടിൽ ബഹളം  ഉണ്ടാക്കുന്നു മാഡം.   അതുകൊണ്ടാണ്  രാത്രി തന്നെ കൊണ്ടുവന്നത്. സൂപ്രണ്ട് പറഞ്ഞു. പേപ്പറുകളെല്ലാം നോക്കി   ജഡ്ജ് രണ്ടുപേരെയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ലോക്ക് അപ്പ്‌ ചെയ്യുവാൻ ഓർഡറിട്ടു. പുറത്ത് മഞ്ഞ് പെയ്തു കൊണ്ടേയിരുന്നു പ്രതികളെയും കൊണ്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ആയി പിന്നത്തെ യാത്ര.

പോകുന്ന വഴിയിൽ പാസഞ്ചർ  പറഞ്ഞു.  എന്റെ കല്യാണം ആണ് സാർ ജനുവരിയിൽ.  ഇദ്ദേഹമാണ് എന്നെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്.   കല്യാണത്തിന് കുറച്ചു സാമ്പത്തിക പ്രശ്നങ്ങൾ  ഉണ്ടായിരുന്നു. അതിനാലാണ് ഈ പൊല്ലാപ്പിന് ഇറങ്ങി പുറപ്പെട്ടത്. ഇനിയിപ്പോൾ ആ കല്യാണം നടക്കുമോ എന്ന് അറിയില്ല. അപ്പോളാണ് സുനിലിന്റെ ഫോൺ റിങ് ചെയ്തത്.  ഹേമയാണ് സാർ.  സുനിൽ ഫോൺ എടുത്തു.  എടാ നീ എവിടെയാണ്? എന്തേ വിളിക്കാതിരുന്നത്? ഞാൻ എന്ത് വിഷമിച്ചെന്ന് അറിയാമോ?ഞങ്ങൾക്ക് കേൾക്കാമായിരുന്നു ഹേമയുടെ സംസാരം. ഹേമേ, ഞാൻ ഹോങ്കോങ്കിൽ നിന്നും പോന്നിട്ടില്ല.  ഇവിടെ ഒരു ജോലി  ശരിയായിട്ടുണ്ട്.  തത്കാലം ഇവിടെ നിന്നേ പറ്റു. നീ ഫോൺ കട്ട്‌  ചെയ്തോ. ഞാൻ പിന്നെ വിളിക്കാം.  ഫോൺ കട്ട്‌ ചെയ്തതും അയാൾ വിതുമ്പി.

പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കി. ഞാൻ സെല്ലിലേക്ക് പാളി നോക്കി.  സെല്ലിൽ കോൺക്രീറ്റ് ബെഞ്ചാണ്.  ദൈവമേ, ഇതിൽ  ഈ തണുപ്പത്തു എങ്ങിനെയാണ് ഇവർ കഴിച്ചു കൂട്ടുന്നത്.  വീട്ടിൽ നിന്നും കമ്പിളി കൊണ്ടു വരുന്നതിനുള്ള ഏർപ്പാട് ചെയ്യണം. പോലീസുകാർ പ്രതികളോട് ആവശ്യപ്പെട്ടു. അതിനുശേഷം പ്രതികളെ സ്റ്റേഷനിൽ ഏറ്റുവാങ്ങി. റെസിപ്റ്റും തന്നു. പക്ഷേ പോലീസ് കാർക്ക് ഒരു നിബന്ധന. ഞങ്ങളിൽ ഒരാളും കൂടി അന്ന് പോലീസ് സ്റ്റേഷനിൽ കഴിയണം. ഞങ്ങൾക്ക് ബെഡും  മറ്റു സൗകര്യങ്ങളും എല്ലാം അവർ അറേഞ്ച് ചെയ്ത് തരും. അവരുടെ കസ്റ്റഡിയിൽ പ്രതികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുള്ള ഉത്തരവാദിത്വം അവർക്ക് ഏൽക്കുവാൻ കഴിയുകയില്ല. ഇത് പുതിയ രീതി ആണല്ലോ. ഞങ്ങൾ ഓർത്തു.  ഞങ്ങളാണെൽ എല്ലാവരും ക്ഷീണിതർ.  ഏതായാലും പ്രതികളെ ഒപ്പിട്ട് വാങ്ങിയല്ലോ. സൂപ്രണ്ട് പറഞ്ഞു. നമുക്ക് സ്കൂട്ടാകാം. ഇതിനിടെ രണ്ട് മൂന്നാളുകൾ കമ്പിളിയുമായി സ്റ്റേഷനിൽ വന്നു. പോലീസുകാർ കമ്പിളി നോക്കി അഭിപ്രായം പറയുന്നു. ഇതിനിടെ ഡ്രൈവർ വണ്ടിയുമായി വന്നു. സൂത്രത്തിൽ  എല്ലാവരും വണ്ടിയിൽ കയറി.  വണ്ടി നീങ്ങിയപ്പോളാണ് ഞങ്ങള്ക്ക് ആശ്വാസമായത്.വീട്ടിൽ എത്തിയപ്പോൾ 2 മണി. എളുപ്പത്തിൽ ഒരു കുളിയും പാസ്സാക്കി അല്പം ഭക്ഷണവും കഴിച്ചു.ഇനി അല്പം ഉറങ്ങണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ