ഞാൻ തങ്കൻ കോഴി
ഞാൻ തങ്കൻ കോഴി
==================
ഞാൻ ഇവിടെ എത്തിയിട്ട് രണ്ടാഴ്ചയാകുന്നു.തങ്കം കോഴിയുടെ ആത്മാവ് ഓർത്തു.അന്തരീക്ഷത്തിൽ പറന്ന് നടക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു.
കുറച്ചു മാസങ്ങൾക്കു മുമ്പ് അങ്ങ് തമിഴ്നാട്ടിലുള്ള ഒരു ഫാമിൽ ആണ് എന്റെ ജനനം.എന്റെ അച്ഛനും അമ്മയും ആരാണെന്ന് എനിക്ക് അറിയില്ല.അവിടെ നൂറു കണക്കിന് മുട്ടകൾ ലൈറ്റിനു അടിയിൽ വച്ച് വിരിയിച്ചു എടുക്കുന്നതാണ് ഞങ്ങളെ. ഞങ്ങൾ മുട്ട കുഞ്ഞുങ്ങൾ ആയിരക്കണക്കിന് ഉണ്ടാകും. സന്തോഷത്തോടെ നെറ്റിനുള്ളിൽ ഞങ്ങൾ ഓടിച്ചാടി നടക്കുമായിരുന്നു. ഒന്ന് ഓടി നടക്കുവാൻ ആയപ്പോൾ കുറെ പേരെ വീതം ഓരോ പെട്ടികളിലാക്കി വണ്ടിയിൽ കയറ്റി കേരളത്തിലെ ഓരോ ഫാമുകളിൽ ഞങ്ങളെ എത്തിച്ചു. അങ്ങനെ ഞാനും ഒരു ഫാമിലെത്തി. അവിടെ നല്ല സന്തോഷമായിരുന്നു ഞങ്ങൾ കൊഴുത്തു വന്നു. അപ്പോഴാണ് ഞങ്ങളെ കൂട്ടത്തോടെ പിന്നെയും പെട്ടികളിലാക്കി പട്ടണത്തിലെ ഓരോരോ കടകളിൽ എത്തിച്ചത്.
അവിടെയും നെറ്റിനുള്ളിൽ ഞങ്ങൾ തീറ്റയും കുടിയുമായി കഴിഞ്ഞുവന്നു. പെട്ടെന്ന് ഒരു ദിവസം ഒരു ആൾ വന്ന് ഞങ്ങളിൽ കുറച്ചുപേരെ തിരഞ്ഞു പിടിച്ചു കാലിന്മേൽ തൂക്കി അകത്തേക്ക് കൊണ്ടുപോയി.കുറച്ചു സമയത്തിനുള്ളിൽ വലിയ ഒരു കരച്ചിൽ ഉള്ളിൽ നിന്നും കേട്ടു.പിന്നാലെ പിന്നെയും പിന്നെയും ദൈന്യ വിലാപം കേട്ടുകൊണ്ടിരുന്നു. എനിക്ക് മനസ്സിലായി ഓരോരുത്തരുടെയും ജീവൻ പൊലിയുകയാണെന്ന്. ദൈവമേ എന്റെ ഊഴം എപ്പോഴാണ് ആവോ വരുന്നത്?എന്തിനാണ് മനുഷ്യർ ഞങ്ങളെ ഇങ്ങനെ കൊന്നു തിന്നുന്നത്?എന്ത് സന്തോഷമാണ് ഇവർക്ക് ലഭിക്കുന്നത്?ഇവരെപ്പോലെ ഞങ്ങൾക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ലേ?എന്ത് തെറ്റാണ് ഞങ്ങൾ മനുഷ്യരോട് ചെയ്തത് ഇതുപോലെ ഞങ്ങളെ കൊന്നു തിന്നാൻ? മനുഷ്യരുടെ ആഘോഷങ്ങൾ കൊഴുക്കാനായിട്ട് ഞങ്ങളെ കൊന്നു തിന്നണമെന്ന് ഉണ്ടോ? ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആ മനുഷ്യൻ വീണ്ടും ഞങ്ങളുടെ കൂട്ടിനുള്ളിൽ എത്തി.വീണ്ടും ഞങ്ങളിൽ ചിലരെ കാലിൽ കൂട്ടിപ്പിടിച്ചു.അതാ ആ മനുഷ്യൻ എന്റെ നേർക്കാണല്ലോ വരുന്നത്. ഇത്തവണ എന്റെയും കാലിൽ പിടി വീണു. അങ്ങനെ ഞാനും മുറിക്കുള്ളിലേക്ക് കൊണ്ടുപോകപ്പെട്ടു. പോകുന്ന വഴി ഒന്ന് ചരിഞ്ഞു നോക്കിയപ്പോൾ മുമ്പ് കൂട്ടിൽ ഉണ്ടായിരുന്ന കൂട്ടുകാർ മേശമേൽ ചത്തു മലച്ചു കിടക്കുന്നു.പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ല. അതാ എന്റെ നേരെയും കത്തി പിടിച്ച കൈവരുന്നു.
എന്റെ ആത്മാവ് ഗതികിട്ടാതെ ഇവിടെ പറന്നു നടക്കുന്നു. എന്നെങ്കിലും മനുഷ്യന്റെ മനസ്സ് മാറുമെന്ന് പ്രതീക്ഷയിൽ അടുത്ത ജന്മത്തിൽ ഒരു മനുഷ്യജന്മത്തിനായി പ്രാർത്ഥിച്ചു കഴിയുന്നു. അടുത്ത ജന്മത്തിൽ എങ്കിലും ഈ ക്രൂര കൃത്യത്തിന് തടയിടുന്നതിനായിട്ട് ആയിരിക്കും എന്റെ ജീവിതം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ