മുഹമ്മദും അപരനും
മുഹമ്മദും അപരനും
==================
നെടുമ്പാശ്ശേരി എയർപോർട്ട് കസ്റ്റംസ് യൂണിറ്റ് . മെയ് മാസത്തിലെ ഒരു ഞായറാഴ്ച. ഞങ്ങൾക്ക് രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന ഡേ ഡ്യൂട്ടി. അറൈവൽ ഹാളിൽ യാത്രക്കാരുടെ തിരക്ക്. 10 മണി ആയപ്പോൾ ദുബായിൽ നിന്നുള്ള ഫ്ലൈറ്റ് ലാൻഡ് ചെയ്തു. ഈ ഫ്ലൈറ്റ് ദുബായിൽ നിന്നും ഇന്റർനാഷണൽ യാത്രക്കാരുമായി കൊച്ചിയിൽ യാത്ര അവസാനിപ്പിച്ചു, പിന്നീട് ഡൊമസ്റ്റിക് യാത്രക്കാരെ കയറ്റി ചെന്നൈക്ക് പോകുന്നതാണ്. പൊതുവെ ഗൾഫ് സെക്ടറിൽ നിന്നുള്ള ഫ്ലൈറ്റുകളെല്ലാം ഞങ്ങൾ പരിശോധന നടത്താറുണ്ട്. അതുപോലെ ഈ ഫ്ലൈറ്റും പരിശോധനയ്ക്കായി ഞങ്ങൾ പോയി.
ഒരാൾ ഫ്ലൈറ്റിന്റെ ബാത്റൂമിൽ കയറി പരിശോധന തുടങ്ങി. മറ്റയാൾ ഫ്ലൈറ്റിന്റെ സീറ്റ് കുഷനുകൾ എല്ലാം മാറ്റിയും പരിശോധന തുടങ്ങി. ബാക്ക് സൈഡിൽ നിന്നും തുടങ്ങി ഏകദേശം മധ്യഭാഗം എത്തിയപ്പോൾ ഒരു സീറ്റ് കുഷന്റെ അടിയിൽ ഓരോ കിലോയുടെ രണ്ട് ഗോൾഡ് ബാറുകൾ. സീറ്റ് നമ്പർ നോക്കി. 17 സി. ഒരാൾ ബാക്കിയുള്ള സീറ്റുകൾ പരിശോധന തുടർന്നു. ഞാൻ അറൈവൽ ഹാളിലെ കസ്റ്റംസ് യൂണിറ്റിലേക്ക് സംഭവം വിളിച്ചുപറഞ്ഞു. 17 സി യിലെ പാസഞ്ചറിന്റെ പേരും അന്വേഷിച്ചു. SDO ഫ്ലൈറ്റ് മാനിഫെസ്റ്റ് നോക്കി പാസഞ്ചറിന്റെ പേര് പറഞ്ഞു. രാരിപ്പറമ്പിൽ മുഹമ്മദ്. അയാൾ ഇറങ്ങി വരുമ്പോൾ ചെക്ക് ചെയ്യാൻ പറഞ്ഞു ഏൽപ്പിച്ചിട്ട് ഞങ്ങൾ ഫ്ലൈറ്റിൽ നിന്നും തിരിച്ചുപോന്നു. തിരിച്ചു വന്നപ്പോൾ എനിക്ക് തോന്നി ഈ ഫ്ലൈറ്റിന്റെ തന്നെ ഡിപ്പാർച്ചർ മാനിഫെസ്റ്റ് ഒന്ന് നോക്കിയേക്കാം. ഞങ്ങൾ അപ്പോൾത്തന്നെ ഡൊമസ്റ്റിക് ഡിപ്പാർച്ചറിൽ പോയി മാനിഫെസ്റ്റ് പരിശോധിച്ചു. 17 C ൽ പാസഞ്ചർ രാരിപ്പറമ്പിൽ മുഹമ്മദ്. അപ്പോൾ എന്റെ മനസ്സിൽ ഒരു സംശയം തോന്നി. ഈ പാസഞ്ചർ ഇന്റർനാഷണൽ ക്ലിയറൻസ് കൊച്ചിയിൽ കഴിഞ്ഞ് ഡൊമസ്റ്റിക് എയർപോർട്ട് വഴി ചെന്നൈയിൽ പോകാനുള്ള പരിപാടിയാണോ?. ബാഗ്ഗെജുകളൊന്നും ഇല്ലാത്തതുകൊണ്ട് കൊച്ചിയിൽ കസ്റ്റസ് ക്ലിയറൻസ് എളുപ്പത്തിൽ കഴിയും.
ചെന്നൈയിലാണെങ്കിൽ ഡൊമസ്റ്റിക് പാസഞ്ചർ ആയതുകൊണ്ട് ചെക്കിങ് ഉണ്ടാവുകയുമില്ല.
ഞങ്ങൾ അതിവേഗം ഡൊമസ്റ്റിക് ഡിപ്പാർച്ചർ വഴി റൺവേയിൽ എത്തി. അതാ ആ ഫ്ലൈറ്റ് പോകുവാൻ റെഡിയായി അവിടെ കിടക്കുന്നു. കയറി നോക്കിയപ്പോൾ പാസഞ്ചേഴ്സ് എല്ലാം ബോർഡിങ് കഴിഞ്ഞു. എല്ലാവരും ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങൾ 17 C ലെ പാസഞ്ചർ ആരാണെന്ന് നോക്കി. ഒരു ചെറുപ്പക്കാരൻ. ഞാൻ നേരെചെന്ന് പാസഞ്ചറോട് ചോദിച്ചു.
നിങ്ങളുടെ പേരെന്താണ്?
മുഹമ്മദ്. അയാൾ പറഞ്ഞു.
മുഴുവൻ പേര്? രാരിപ്പറമ്പിൽ മുഹമ്മദ്.
ശരി, നിങ്ങളുടെ പാസ്പോർട്ട് തരൂ. ഞാൻ ആവശ്യപ്പെട്ടു.
എനിക്ക് പാസ്പോർട്ട് ഇല്ല സർ. അയാൾ പറഞ്ഞു. നിങ്ങളുടെ പാസ്പോർട്ട് എവിടെ പോയി? ഞാൻ ചോദിച്ചു.
ഇല്ല സാർ. എനിക്ക് ആധാർ കാർഡ് മാത്രമേ ഉള്ളു. അയാൾ പറഞ്ഞു. ശരി നിങ്ങൾ ഫ്ലൈറ്റിൽ നിന്നും ഇറങ്ങു, ഞാൻ പറഞ്ഞു.
എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ മുഹമ്മദിനെയും കൂട്ടി റൺവേയിലേക്ക് ഇറങ്ങി തിരിച്ചു ഹാളിലേക്ക് നടന്നു. അപ്പോഴും അയാൾ എന്നെ എന്തിനാണ് ഇറക്കി കൊണ്ടുപോകുന്നെന്ന് ചോദിക്കാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.
ഞങ്ങൾ അറൈവൽ ഹാളിലെത്തി. ഒരു കസേരയിൽ അയാളെ ഇരുത്തി ഞാൻ പറഞ്ഞു. നമ്മൾ തെറ്റുകളൊക്ക ചെയ്യും. പക്ഷെ പിടിക്കപ്പെട്ടാൽ സത്യം പറയണം. അയാൾ എന്നെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു.
എന്താണ് സാർ? എനിക്കൊന്നും മനസ്സിലാകുന്നില്ല.
ഞാൻ പറഞ്ഞു. ദുബായിൽ നിന്നും വന്നപ്പോൾ ഈ ഫ്ലൈറ്റിന്റെ സീറ്റിനടിയിൽ നിങ്ങൾ ഒളിപ്പിച്ചുവച്ച രണ്ട് ഗോൾഡ് ബാറുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതെക്കുറിച്ചു ചോദിക്കുവാനാണ് നിങ്ങളെ കൊണ്ടുവന്നിരിക്കുന്നത്.
എനിക്കൊന്നും അറിയില്ല സർ. അയാൾ പറഞ്ഞു.
ഈ സമയം ഡ്യൂട്ടിഫ്രീയിലൊക്കെ കറങ്ങി തിരിഞ്ഞ് വേറൊരാൾ നടന്നു വരുന്നുണ്ടായിരുന്നു. ഗേറ്റ് ഓഫീസർ ഗേറ്റ് പാസ്സിനായി കൈ നീട്ടി. പേര് നോക്കി. അതും രാരിപറമ്പിൽ മുഹമ്മദ്. ഗേറ്റ് ഓഫീസർ എന്നെ വിളിച്ചു കാര്യം പറഞ്ഞു. ഞാൻ അയാളെ കൂട്ടി വേറൊരു സ്ഥലത്തിരുന്നു. ഇതെന്ത് കഥ?. ഞാൻ ആലോചിച്ചു. അയാൾ ആണെങ്കിൽ ചോദിച്ചിട്ട് ഒന്നും സമ്മതിക്കുന്നുമില്ല. അയാൾ അല്ല ഗോൾഡ് ഒളിപ്പിച്ചത് എന്നാണ് പറയുന്നത്.
അവസാനം കൂടെയുള്ള സൂപ്രണ്ട് അയാളുമായി ബാത്റൂമിലേക്ക് പോകുന്ന വഴി പറഞ്ഞു. സത്യം എന്താണെന്ന് വെച്ചാൽ തുറന്ന് പറഞ്ഞേക്ക്. കാരണം മറ്റേയാൾ സത്യം എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു. കൂടാതെ നിങ്ങൾ സീറ്റ് കുഷൻ പൊക്കി നോക്കുന്നതും ഗോൾഡ് വെക്കുന്നതും കണ്ടവരുണ്ടെന്നും പറഞ്ഞു. അയാൾ നിന്ന് പരുങ്ങുന്നുണ്ടായിരുന്നു. അവസാനം അയാൾ ഞങ്ങളുടെ നേർക്കു നോക്കി പറഞ്ഞു.
സർ, ആ ഗോൾഡ് സീറ്റിനടിയിൽ വച്ചത് ഞാനാണ്. അത് മാത്രമേ എനിക്കറിയൂ. സീറ്റിനടിയിൽ ഗോൾഡ് ഒളിപ്പിച്ചു ഇറങ്ങി പോരാൻ മാത്രമാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എനിക്ക് 10000/- രൂപ തരും . ഞാൻ ആലോചിച്ചപ്പോൾ എനിക്ക് റിസ്ക് ഒന്നും ഇല്ലല്ലോന്ന് ഓർത്തു.
അയാളുടെ മൊബൈൽ ഫോൺ നോക്കിയപ്പോൾ ഇത് സാധൂകരിക്കുന്ന ചാറ്റുകളും കണ്ടു.
ആര് പറഞ്ഞിട്ടാണ് ഇത് ചെയ്തത്? ഞാൻ ചോദിച്ചു.
സർ, ഞങ്ങളുടെ നാട്ടിൽ ജ്വല്ലറി ഷോപ്പ് നടത്തുന്ന മുഹമ്മദ് കോയ പറഞ്ഞിട്ടാണ് ഇത് ചെയ്തത്. അയാൾ പറഞ്ഞു. എനിക്ക് ജോലിയൊന്നും ശരിയായില്ല സാർ. ഞാൻ ദുബായിൽ വന്നിട്ട് മൂന്നുമാസമായി. വെറുതെ ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു . അപ്പോഴാണ് ഞങ്ങളുടെ നാട്ടിൽ ജ്വല്ലറി ഷോപ്പ് നടത്തുന്ന മുഹമ്മദ് കോയയുടെ അനന്തരവൻ സക്കീർ എന്നോട് കോയയെ കോൺടാക്ട് ചെയ്താൽ സഹായിക്കുമെന്ന് പറഞ്ഞത്. ഞാൻ കോയയെ കോൺടാക്ട് ചെയ്തു. അദ്ദേഹമാണ് ഗോൾഡിന്റെ കാര്യം എന്നോട് പറഞ്ഞത്. 20000 രൂപയും റിട്ടേൺ ടിക്കറ്റും തരാമെന്ന് പറഞ്ഞു. ഞാനാണെങ്കിൽ തിരിച്ചു പോരുന്ന കാര്യത്തെപ്പറ്റി ആലോചിക്കുന്ന സമയമായിരുന്നു. വേറേ ഒരു നിവൃത്തിയും ഇല്ലാതിരുന്നതുകൊണ്ടാണ് സർ ഇത് ചെയ്തത്. അയാൾ പറഞ്ഞു.
ഡോമെസ്റ്റിക്കിൽ വന്ന മുഹമ്മദിന്റെ അടുത്തു ചെന്ന ഞങ്ങൾ അയാളുടെ മൊബൈൽ ഫോൺ വാങ്ങി ചെക്ക് ചെയ്തു. ചാറ്റ് ലിസ്റ്റ് നോക്കിയപ്പോൾ മുഹമ്മദ് കോയയും ആയിട്ടുള്ള ചാറ്റുകൾ. ഗോൾഡ് സീറ്റിനടിയിൽ കാണുന്നില്ല എന്നും മറ്റുമുള്ള ചാറ്റുകളാണ് മൊബൈലിൽ ഉള്ളത്. ഈ ചാറ്റുകൾ കാണിച്ചിട്ട് മുഹമ്മദിനോട് സത്യം പറയുവാൻ ആവശ്യപ്പെട്ടു. അതുകൂടാതെ മറ്റെയാൾ സത്യം മുഴുവൻ പറഞ്ഞു കഴിഞ്ഞു എന്നും പറഞ്ഞു.
നിങ്ങൾക്ക് എന്താണ് ഇതിൽ റോൾ? ഞങ്ങൾ ചോദിച്ചു.
ഞങ്ങളുടെ നാട്ടിൽ ജ്വല്ലറി ഷോപ്പ് നടത്തുന്ന മുഹമ്മദ് കോയ എന്നയാൾ ആണ് എന്നോട് ഗോൾഡിന്റെ കാര്യം പറഞ്ഞത്. അയാൾ പറഞ്ഞു. 11 മണിയുടെ ചെന്നൈ ഫ്ലൈറ്റിന്റെ ടിക്കറ്റ് അയാൾ എടുത്തു തന്നു. ഫ്ലൈറ്റിൽ കയറി 17C സീറ്റിനടിയിൽ നിന്ന് 2 ഗോൾഡ് ബാറുകൾ എടുത്തു പുറത്തു വരുമ്പോൾ ഉസ്മാൻ എന്നയാൾ കാത്തു നിൽക്കുമെന്നും ഗോൾഡ് അയാൾക്ക് കൊടുക്കണമെന്നും പറഞ്ഞു. എനിക്ക് 10000/- രൂപ തരുമെന്നും പറഞ്ഞു. പക്ഷേ സീറ്റിനടിയിൽ നോക്കിയപ്പോൾ ഗോൾഡ് കണ്ടില്ല . ഞാൻ മുഹമ്മദ് കോയയെ ഈ സംഭവം അറിയിച്ചു. കോയ എന്നോട് ശരിക്ക് നോക്കുവാൻ പറഞ്ഞു ; പക്ഷേ ഗോൾഡ് കണ്ടില്ല. അതിന് ശേഷമാണ് നിങ്ങൾ വരുന്നതും എന്നെ ഫ്ലൈറ്റിൽ നിന്നും ഇറക്കികൊണ്ട് വന്നതും.
എനിക്ക് ഇലക്ട്രിക്കൽ ഷോപ്പാണ് സർ ചെന്നൈയിൽ. ഞാൻ ഇടയ്ക്കിടയ്ക്ക് ചെന്നൈയിൽ പോകാറുണ്ട് . ഇലക്ട്രിക് സാധനങ്ങൾ അവിടെ നിന്നാണ് ഞാൻ വാങ്ങിക്കുന്നത്.
അവസാനം രണ്ടു പേരും അറസ്റ്റിലായി. വൈകിട്ടായപ്പോൾ ജാമ്യത്തിനുള്ള പേപ്പറുകളുമായ് ഏതാനും പേർ വന്നു ഈ രണ്ട് പേരെയും ജാമ്യത്തിൽ ഇറക്കി. ഇനി കേസ് അതിന്റെ വഴിക്ക് നടക്കും.
എന്തിനാണ് ഒരേ പേരുള്ള രണ്ടുപേരെ ഇതിനായി റിക്രൂട്ട് ചെയ്തതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല.
V C Ajayakumar
17/09/2024
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ