പമ്പയും പുലിനഖവും
ശബരിമലക്കാലത്തെ ഒരു തമാശക്കഥ. നെടുമ്പാശ്ശേരി എയർപോർട്ട്. സിയാൽ സെക്യൂരിറ്റിയിൽ നിന്നും കസ്റ്റംസിലേക്ക് ഒരു കോൾ വന്നു. സാർ ഇവിടം വരെ ഒന്ന് വരണം.
എന്തെങ്കിലും സംശയാസ്പദമായ ബാഗ്ഗേജുകൾ വരുമ്പോൾ അവർ വിളിക്കാറുണ്ട്. ഞങ്ങൾ രണ്ടുപേർ ഉടനെ അങ്ങോട്ട് ചെന്നു. അവിടെ ഒരു ബാഗ് കൺവെയർ ബെൽറ്റിൽ നിന്നും വലിച്ച് താഴെ ഇട്ടിട്ടുണ്ട്.
സാർ, ഈ ബാഗ് ഒന്ന് നോക്കുവാനാണ് നിങ്ങളെ വിളിപ്പിച്ചത്.
ഞങ്ങൾ ബാഗേജിലെ ആളിന്റെ പേര് നോക്കി. മുരുകൻ. മലേഷ്യ ഫ്ലൈറ്റിൽ പോകേണ്ട ബാഗ് ആണ്. ആളെ ഫ്ലൈറ്റിൽ നിന്നും ഇറക്കി. ബാഗ് അയാളെ കാണിച്ചു.
ഇത് നിങ്ങളുടെ ബാഗാണോ? ഞാൻ ചോദിച്ചു.
അതെ. എന്താണ് സാർ?
ഇതിനകത്ത് എന്തെങ്കിലും നിരോധിക്കപ്പെട്ട വസ്തുക്കൾ ഉണ്ടോ?ഞാൻ ചോദിച്ചു.
ഇല്ല സാർ. എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഞാൻ ശബരിമലയിൽ പോയിട്ട് തിരിച്ച് വരുന്ന വഴിയാണ്.
നിങ്ങളുടെ കൂടെ ആരൊക്കെയുണ്ട്? ഞാൻ ചോദിച്ചു.
എന്റെ അച്ഛനും അമ്മയും ഫ്ലൈറ്റിലുണ്ട്. എന്താണ് സർ? അയാൾ ചോദിച്ചു.
നിങ്ങളുടെ ബാഗേജ് സ്കാൻ ചെയ്തപ്പോൾ അതിനകത്ത് സംശയാസ്പദമായ എന്തോ വസ്തു ഉണ്ട്. അതിനാലാണ് നിങ്ങളെ വിളിപ്പിച്ചത്. നിങ്ങളുടെ സാന്നിധ്യത്തിൽ അത് തുറക്കണം. അതിനുമുമ്പ് നിങ്ങളോട് ചോദിക്കണമല്ലോ. എന്തെങ്കിലും നിരോധിക്കപ്പെട്ട വസ്തുക്കൾ, അതായത് മയക്കുമരുന്ന്, വൈൽഡ് ലൈഫിൽ പെട്ട എന്തെങ്കിലും വസ്തുക്കൾ, ആന്റിക്വിറ്റിസ് അങ്ങനെ എന്തെങ്കിലും നിങ്ങളുടെ ബാഗിൽ ഉണ്ടോ?
അങ്ങനെ ഒരു സാധനവും എന്റെ ബാഗിൽ ഇല്ല സർ. അയാൾ പറഞ്ഞു.
മുരുകന്റെ പാസ്പോർട്ട് വാങ്ങി പരിശോധിച്ചു. ഇയാൾ മലേഷ്യയിലേക്ക് പോകുന്ന പാസഞ്ചർ ആണ്. ഇത് രണ്ടാമത്തെ തവണയാണ് അയാൾ കേരളത്തിലേക്ക് വരുന്നത്. തമിഴ്നാട് സ്വദേശിയാണ്.
മുരുകന്റെ സാന്നിധ്യത്തിൽ ബാഗ്ഗേജ് തുറന്നു. കുറച്ചു തുണികൾ, പെൺകുട്ടികൾ ഉപയോഗിക്കുന്ന ഫാൻസി ഐറ്റംസ് മുതലായവ. കൂടാതെ തുണികൾക്കിടയിൽ നിന്ന് ഒരു പുലിനഖം കൂടി കിട്ടി. ഇതെവിടുന്ന് കിട്ടി? ഞാൻചോദിച്ചു.
ദർശനം കഴിഞ്ഞ് ഞങ്ങൾ പമ്പയിൽ തിരിച്ചെത്തിയപ്പോൾ ഒരു അമ്മ കൈകുഞ്ഞുമായി അവിടെ നിന്നിരുന്നു. ആ അമ്മ ഞങ്ങൾക്ക് വിറ്റതാണ്. ഞാൻ വാങ്ങിക്കാതെ തിരിച്ചു പോന്നതാണ്. അപ്പോൾ അവർ എന്റെ പിറകെ വന്ന് ഇന്ന് കുഞ്ഞിനൊന്നും കൊടുത്തിട്ടില്ല. ഇത് വാങ്ങണം സ്വാമി എന്ന് പറഞ്ഞു നിർബന്ധിച്ചു. പാവങ്ങളല്ലേ എന്നോർത്തു ഞാൻ വാങ്ങിയതാണ്. ഞാൻ ഇതിന് 300 രൂപയും കൊടുത്തു. മാലയിൽ ലോക്കറ്റാക്കി ഇടാൻ നല്ലതാണെന്നു വിചാരിച്ചു. എന്തെങ്കിലും കുഴപ്പം ഉണ്ടോ സർ?
ഇത് പുലിനഖം ആണെങ്കിൽ അത് നിരോധിക്കപ്പെട്ട വസ്തുക്കളിൽ പെടുന്നതാണ്. ഞാൻ പറഞ്ഞു
CISF, CIAL മുതലായ ആൾക്കാർ വന്നും പോയും കൊണ്ടിരുന്നു.
വൈൽഡ് ലൈഫ്കാരെ വിളിച്ചുവരുത്തി. അവർ പരിശോധന തുടങ്ങി. കൂടി ആലോചനക്കുശേഷം അവർ പറഞ്ഞു പാസ്സഞ്ചറിനെ അറസ്റ്റ് ചെയ്യേണ്ടിവരും. 14 ദിവസം റിമാൻഡ്. അതുകഴിഞ്ഞ് കോടതിയിൽ വിചാരണ. ശേഷം ജയിൽ. അവർ ഒരു വികാരവും ഇല്ലാതെ പറഞ്ഞു.
മുരുകൻ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. എനിക്ക് അമ്മാവേ പാക്കണം സാർ. അപ്പ, അമ്മ എല്ലാമേ ഫ്ലൈറ്റിൽ ഇറുക്ക് സാർ.
അപ്പോൾ ഞങ്ങളുടെ കൂട്ടത്തിലെ ഒരു ഓഫീസർ വെറുതെ പുലിനഖത്തിൽ പിടിച്ച് ഒന്ന് വലിച്ചു നോക്കി. അതാ പുലിനഖം അയാളുടെ കയ്യിൽ ഇരിക്കുന്നു. സംഗതി പ്ലാസ്റ്റിക്കാണ്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്. എല്ലാവരും ചിരി തുടങ്ങി. സിറ്റുവേഷൻ സാധാരണ നിലയിലാകാൻ കുറച്ചു സമയം എടുത്തു.
ഇത് പ്ലാസ്റ്റിക് ആണോ? മുരുകൻ അത്ഭുതപ്പെട്ടു. അപ്പോൾ ആ ചേച്ചി എന്നെ പറ്റിച്ചതാണ്. ഏതായാലും പറ്റിച്ചത് നന്നായി. അതാണ് എന്നെ രക്ഷിച്ചത്. പുലിനഖം വല്ലതും ആയിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ.
എല്ലാവരും ചിരി തുടങ്ങി. മുരുകനും ചിരിയിൽ പങ്കുചേർന്നു.
മുരുകന്റെ ബാഗേജ് എല്ലാം തിരിച്ചു കൊടുത്തു. സോറിയും പറഞ്ഞു മുരുകനെ ഫ്ലൈറ്റിൽ കയറ്റി വിട്ടു.
ഞങ്ങളുടെ മുഖത്ത് ജാള്യത. എല്ലാം അറിയാം എന്ന് വിചാരിച്ച വൈൽഡ് ലൈഫ്കാരുടെ മുഖത്തും ജാള്യത.
V C Ajayakumar
27/10/2024
കൊള്ളാം! 😂
മറുപടിഇല്ലാതാക്കൂ