സതീഷും സൗമ്യയും
നിങ്ങൾ എഴുന്നേൽക്കുന്നില്ലേ? രാവിലെ തന്നെ സൗമ്യ യുടെ വിളി. സതീഷ് എഴുന്നേറ്റു. തറവാട്ട് വീട്ടിലേക്ക് ഒന്ന് പോകണമെന്ന് വിചാരിച്ചതാ. അമ്മയെ കണ്ടിട്ട് കുറച്ചായി.
അല്പം കഴിഞ്ഞപ്പോൾ സൗമ്യ ചായയുമായി വന്നു. ഇന്ന് ഞായറാഴ്ചയാണ്, വീട്ടിൽ ഒരുപാട് പണിയുണ്ട്. അവൾ പറഞ്ഞു. നിങ്ങൾ ഒന്ന് കാര്യമായി സഹായിക്കണം. വീടൊക്കെ ക്ലീൻ ആക്കണം. കുറേ തുണി കഴുകാൻ ഉണ്ട്. ഒരു ഞായറാഴ്ച വരുമ്പോൾ, ദൈവമേ! എന്തൊക്കെ ചെയ്യണം. അവൾ പുലമ്പി കൊണ്ടിരുന്നു.
എടീ, എനിക്ക് വീട് വരെ ഒന്ന് പോണം. അമ്മയെ കണ്ടിട്ട് കുറച്ചായി. പറ്റിയെങ്കിൽ അമ്മയെ കൂട്ടികൊണ്ടുവരണം.
അമ്മ അനിയനും ഒത്താണ് താമസം. വയസ്സായതിന്റെ അസ്കിതയുണ്ട്.
ഒരു കാര്യം ചെയ്യാം. ഞാൻ കുറച്ചൊക്കെ നിന്നെ സഹായിച്ചിട്ട് പോകാം. അവളുടെ മുഖം തെളിഞ്ഞിട്ടില്ല.
ശരി, കഴുകാനുള്ള തുണിയൊക്കെ നീ എടുത്ത് വെളിയിൽ ഇട്. ഞാൻ വാഷിംഗ് മെഷീനിൽ ഇടാം. അവൾ തുണിയൊക്കെ എടുക്കുവാൻ പോയപ്പോൾ ഞാൻ സൂത്രത്തിൽ മോനെയും വിളിച്ചു. എടാ,വിഷ്ണു, അച്ഛനെ ഒന്ന് സഹായിക്കെടാ.
മോൻ ബെഡ്‌ഡിൽ തന്നെ കിടന്നുകൊണ്ട് ചോദിച്ചു . എന്താ അച്ഛാ രാവിലെ തന്നെ വിളിക്കുന്നത്?. ഞാൻ ഇന്നലെ ലേറ്റ് ആയിട്ടാണ് കിടന്നത്.
നീ എഴുന്നേറ്റു വാ, നമുക്ക് ഈ ജനലും കതകും എല്ലാം ഒന്ന് ക്ലീൻ ആക്കാം. അച്ഛന് നാട്ടിലൊന്ന് പോകേണ്ടതാണ്. അച്ഛമ്മയെ കണ്ടിട്ട് ഒരുപാട് ആയി.
വിഷ്ണുവുമൊത്ത് അടുക്കളയിൽ ചെന്നപ്പോൾ മോൾ ലക്ഷ്മിയും അടുക്കളയിൽ ഉണ്ട്.
വർക്ക് ഏരിയയിൽ ചെന്ന് ബക്കറ്റും ക്ലീനിങ് ലിക്വിഡും ആയി ഞങ്ങൾ പണി ആരംഭിച്ചു. 9 മണി ആയപ്പോഴേക്കും ക്ലീനിങ് തീർന്നു. അപ്പോൾ സൗമ്യ കഴുകുന്നതിനുള്ള തുണിയുമായി വർക്ക് ഏരിയയിൽ എത്തി. അതും വാഷിംഗ് മെഷീനിൽ ഇട്ടു. തൽക്കാലം എന്റെ അസൈൻമെന്റ് എല്ലാം കഴിഞ്ഞു. ഞായറാഴ്ച പറമ്പിൽ കുറച്ചു പണിയൊക്കെ ഉള്ളതാണ്. തൽക്കാലം ഇന്ന് വേണ്ടെന്നുവച്ചു.
അപ്പോഴാണ് മോൻ പറഞ്ഞത് അച്ഛാ, ഞാനും കൂടെ വരട്ടെ അച്ഛനൊപ്പം. അച്ഛമ്മയെ കണ്ടിട്ട് ഒരുപാട് ആയി.
അതിനെന്താ, നീയും പോരെ. പാവം കുഞ്ഞുങ്ങൾ, അവർക്ക് അച്ഛമ്മയുടെ ലാളനം ഒത്തിരി കിട്ടിയിട്ടില്ല. മോന് ഒരു വയസ്സായപ്പോൾ സിറ്റിയിലേക്ക് വീടുവച്ചു പോന്നതാണ്. ഓഫീസുകളിലെ തിരക്ക് കാരണം ഞങ്ങൾക്ക് രണ്ടുപേർക്കും നാട്ടിലേക്കുള്ള പോക്ക് കുറവാണ്. സൗമ്യയുടെ രണ്ടാമത്തെ പ്രസവം ഇവിടെ സിറ്റിയിൽ തന്നെ ആയിരുന്നു. വിഷ്ണു ഒമ്പതാം ക്ലാസിലും ലക്ഷ്മി ഏഴിലുമായി.
പാവം അമ്മയുടെ കാര്യം ഓർക്കുമ്പോൾ ആണ് കഷ്ടം. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ ഒറ്റയ്ക്ക് ആയതുപോലെ. അച്ഛൻ ജീവിച്ചിരുന്നപ്പോൾ അമ്മയെ പിരിഞ്ഞു അച്ഛനെ ഒരിക്കലും കണ്ടിട്ടില്ല. ഏത് സമയവും അമ്മയെ വിളിച്ചു കൊണ്ടിരിക്കും. ഇടയ്ക്ക് വല്ലപ്പോഴും അമ്മ അനിയന്മാരുടെ വീട്ടിൽ പോയാൽ ഒരു രാത്രി പോലും അമ്മയെ നിർത്തില്ല. അച്ഛൻ പോയി വഴക്കിട്ട് അമ്മയെ കൂട്ടിക്കൊണ്ടുപോരും. അമ്മ ഇല്ലെങ്കിൽ അച്ഛന് പറ്റില്ല എന്നാണ് പറയുന്നത്.
ഒരു ദിവസം അച്ഛൻ പുറത്തുപോയി വന്നപ്പോൾ കറി വെക്കാനായി ഒന്നുമില്ലെന്ന് അമ്മ പറഞ്ഞു. അച്ഛൻ തൊടിയിലിറങ്ങി പച്ചക്കറികൾ പറിച്ചു വീട്ടിലെത്തി. പെട്ടെന്ന് തന്നെ ദേഹമാസകലം വിയർത്തു അച്ഛൻ താഴേക്കിരുന്നു. അമ്മ ഓടി വന്നപ്പോഴേക്കും അച്ഛൻ പുറകോട്ട് വീണിരുന്നു. അമ്മയുടെ വിളി കേട്ട് നാട്ടുകാർ ഓടിക്കൂടി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അച്ഛന്റെ ജീവൻ ഇവിടം വിട്ടു പോയിരുന്നു. അന്ന് പോയതാണ് അമ്മയുടെ മുഖത്തെ സന്തോഷം.
കുറച്ചുനാൾ അമ്മയെ ഇവിടെ ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു നിർത്തി. പക്ഷേ അമ്മ അധികം ദിവസം ഇവിടെ നിന്നില്ല. ഞാൻ ഇവിടെ ഇങ്ങനെ നിന്നാൽ അച്ഛന് ഇഷ്ടമല്ലായിരിക്കും എന്നാണ് അമ്മ പറയുന്നത്. അങ്ങനെ അമ്മ കഷ്ടിച്ച് ഒരാഴ്ച നിന്നിട്ട് തിരിച്ചു കുടുംബത്തേക്ക് പോയി.
ഇത്തവണ അമ്മയെ കൂട്ടണമെന്നുണ്ട്. മോൻ പറഞ്ഞാൽ ചിലപ്പോൾ വരുമായിരിക്കും. വിഷ്ണുവുമായിട്ട് ചെല്ലുമ്പോൾ അമ്മ വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.
ഇതാരാ, വിഷ്ണു മോനോ?
എത്ര കാലമായെടാ സതിഷേ കൊച്ചുങ്ങളെ കണ്ടിട്ട്? നിനക്ക് ഇടക്കൊക്കെ ഇങ്ങോട്ട് വന്നൂടെ ഇവരെയും കൊണ്ട്?
അമ്മയ്ക്കും വരാല്ലോ അങ്ങോട്ട്. ഞാൻ പറഞ്ഞു. ഇത്തവണ വിഷ്ണു അച്ഛമ്മയേയും കൊണ്ടേ പോരുകയുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്. ലക്ഷ്മിയും അതു പറഞ്ഞാണ് വിഷ്ണുവിനെ വിട്ടിരിക്കുന്നത്.
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അനിയനും ഭാര്യയും കൂടി പൂമുഖത്തേക്ക് വന്നു. ഏട്ടൻ എപ്പോൾ വന്നു? ആഹാ! വിഷ്ണുവുമുണ്ടല്ലോ. എന്താണ് വിശേഷം?
ഞങ്ങൾ അമ്മയോട് കുറച്ചു ദിവസം അവിടെ വന്നു നിൽക്കാൻ പറയുവായിരുന്നു.
എന്താ അമ്മേ, പോകുന്നോ ഏട്ടന്റെ കൂടെ? അനിയൻ ചോദിച്ചു.
അവസാനം അമ്മ സമ്മതിച്ചു. ഞങ്ങളുടെ കൂടെ അമ്മയും പോന്നു.
പോകുന്ന വഴി മുഴുവൻ അമ്മ അച്ഛനെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു. എത്ര കഷ്ടപ്പെട്ടിട്ടാണ് നിങ്ങളെയൊക്കെ അച്ഛൻ വളർത്തിയത്.
എടാ സതിഷേ, ഞാൻ ഈയിടെയായി അച്ഛനെ ഒരുപാട് പ്രാവശ്യം കാണുന്നുണ്ട്. ഒരു നിഴല് പോലെ ദൂരെ നിന്ന് എന്നെ വിളിക്കും. അങ്ങോട്ട് പോരാറായില്ലേ എന്ന് ചോദിക്കും. അമ്മ പറഞ്ഞു.
ഇതൊക്കെ അമ്മയ്ക്ക് വെറുതെ തോന്നുന്നതാണ്. അച്ഛനെക്കുറിച്ച് എപ്പോഴും ഓർത്തുകൊണ്ടിരുന്നാൽ അങ്ങനെയാണ്. ഞങ്ങളെക്കുറിച്ചും വല്ലപ്പോഴും ഓർത്താൽ ഇതു മാറിക്കൊള്ളും. ഞാൻ തമാശയായി പറഞ്ഞു.
ഞങ്ങൾ വീട്ടിലെത്തി. ലക്ഷ്മി മോൾ ഓടിവന്നു അച്ഛമ്മയെ കെട്ടിപ്പിടിച്ചു. സൗമ്യയും വരാന്തയിലേക്ക് വന്നു.
അമ്മേ,ഇരിക്കൂ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? സൗമ്യ ചോദിച്ചു. അപ്പോഴേക്കും അമ്മയ്ക്ക് കുടിക്കുവാനുള്ള വെള്ളവുമായി ലക്ഷ്മി എത്തി.
വിശേഷങ്ങൾ പറഞ്ഞും പേരമക്കളുമായി കളിച്ചും ദിവസങ്ങൾ വളരെ വേഗം പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് പോകുന്ന കാര്യവും അമ്മ പറഞ്ഞുകൊണ്ടിരുന്നു.
ഒരു ദിവസം അമ്മ കുളിച്ചു കൊണ്ടിരിക്കുമ്പോൾ കുളിമുറിയിൽ കാല് വഴുതി വീണു. എടാ സതിഷേ ഓടിവാ എന്നുള്ള വിളി കേട്ട് സൗമ്യ ഓടി കുളിമുറിയിൽ എത്തി. നോക്കുമ്പോൾ അമ്മ കുളിമുറിയിൽ കിടക്കുന്നു. സതിഷേട്ടാ ഓടിവാ, അമ്മ കുളിമുറിയിൽ വീണു. അവളുടെ വിളികെട്ട് മുറ്റത്തുനിന്ന ഞാൻ ഓടിയെത്തി. സൗമ്യ അമ്മയുടെ മുടിയൊക്കെ തോർത്തി എഴുന്നേൽപ്പിക്കാൻ നോക്കി. പക്ഷേ അമ്മയ്ക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. ഞങ്ങൾ ഒരു കണക്കിന് ആംബുലൻസ് വിളിച്ച് അമ്മയെ ആശുപത്രിയിൽ എത്തിച്ചു.
നട്ടെല്ലിന് കാര്യമായ പരിക്കുണ്ട്, ഡോക്ടർ പറഞ്ഞു. ഇവിടെ കിടക്കട്ടെ കുറച്ചുദിവസം. കാര്യമായ ശ്രദ്ധ വേണം. അങ്ങനെ അമ്മയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. സൗമ്യയും ലക്ഷ്മി മോളും അമ്മയ്ക്ക് കൂട്ടിരുന്നു. രണ്ടാഴ്ച കിടന്നിട്ടും കാര്യമായ പുരോഗതിയില്ല. അങ്ങനെ അമ്മയെ ഞങ്ങൾ ഡിസ്ചാർജ് ചെയ്യിച്ചു വീട്ടിലേക്ക് കൊണ്ടുപോന്നു.
പിറ്റേദിവസം ഞങ്ങളുടെ ഒരു അടുത്ത ബന്ധുവിന്റെ ഉപദേശപ്രകാരം അമ്മയെ അടുത്തുള്ള അതിപ്രശസ്തമായ ഒരു ആയുർവേദ തിരുമ്മൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടത്തെ കിഴി പിടുത്തവും തിരുമ്മലും ഏതാനും ദിവസത്തിൽ തന്നെ അമ്മയെ എഴുന്നേറ്റിരിക്കാൻ പ്രാപ്തയാക്കി. മൂന്നാഴ്ച്ച കൊണ്ട് അമ്മ ഡിസ്ചാർജ് ആയി.
വീട്ടിൽ വന്നു രണ്ടാഴ്ച റെസ്റ് എടുത്തപ്പോളേക്കും അമ്മ ഉഷാറായി. പിള്ളേരുടെ കൂടെ അമ്മയും കൂടി. അമ്മയുടെയും കുട്ടികളുടെയും ചിരിയാൽ വീട് ഉണർന്നു. അടുക്കളയിൽ സൗമ്യക്ക് അമ്മയുടെ വക കുക്കിംഗ് പരിശീലനം. സന്ധ്യയ്ക്ക് കൂട്ടായ പ്രാർത്ഥന, അതുകഴിഞ്ഞുള്ള അത്താഴം. അങ്ങനെ എല്ലാംകൊണ്ടും വീട് സന്തോഷത്തിലായി.
അമ്മ വന്നത് എത്ര നന്നായി. വൈകുന്നേരം ആകുമ്പോൾ കുട്ടികൾ അച്ഛമ്മയുടെ അടുക്കൽ കഥകൾ കേൾക്കാൻ കൂടും. പാട്ടും കളിയും ഒക്കെക്കൂടി എല്ലാവർക്കും സന്തോഷം. ദൈവമേ! ഈ സന്തോഷമാണല്ലോ ഞങ്ങൾ ഇതുവരെയും മിസ്സ് ചെയ്തത്. ഞാൻ ഓർത്തു.
പുതിയ തലമുറ അപ്പൂപ്പനും അമ്മുമ്മയും ഭാരമാവുന്നു എന്ന് ചിന്തിക്കുന്ന സമയത്ത് എന്റെ മക്കളും കുടുംബവും അവരെ ചേർത്ത് പിടിക്കുന്നുണ്ടല്ലോ. ആ കാര്യത്തിൽ ഞാൻ ഒരു ഭാഗ്യവാൻ തന്നെ. അമ്മയും ഇപ്പോൾ വീട്ടിൽ പോകുന്ന കാര്യം സംസാരിക്കാറേയില്ല.
ഞാൻ ചിലപ്പോൾ ചോദിക്കും ഇപ്പോൾ അച്ഛൻ അമ്മയെ വിളിക്കാറൊന്നും ഇല്ലേ? ഇല്ലടാ, ഞാൻ ഇവിടെ സന്തോഷമായി കഴിയുന്നതു കൊണ്ടാവും പാവം വിളിക്കാത്തത്. ഞങ്ങളെല്ലാവരും ചിരിയിൽ പങ്കുചേരും.
V C Ajayakumar
30/10/2024
Good content well presented.. 👍
മറുപടിഇല്ലാതാക്കൂAwsome way of writing.
മറുപടിഇല്ലാതാക്കൂ