ആന്റണി ചേട്ടൻ സ്വർഗത്തിൽ
ആന്റണിച്ചേട്ടനെന്തിയേ? മറിയാമ്മച്ചിയോട് സെക്യൂരിറ്റി ജീവനക്കാരൻ സുകുമാരൻ ചോദിച്ചു.
പുള്ളിക്കാരൻ രാവിലെ പച്ചക്കറി തോട്ടത്തിൽ ഒന്ന് കറങ്ങിയേച്ച്
വരാമെന്നു പറഞ്ഞു പോയതാണ്.
രാവിലെ പതിവ് നടത്തം പച്ചക്കറി തോട്ടത്തിലൂടെയാണ്. മറിയാമ്മച്ചി ഓർത്തു.
എട്ടു വർഷമാകുന്നു ഇവിടെ വന്നിട്ട്. എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. നീണ്ട മുപ്പത്തിയെട്ടു വർഷം ജർമനിയിൽ ജീവിച്ചു. ഇനി സ്വന്തം നാട്ടിൽ എന്ന് ചിന്തിച്ചപ്പോൾ എവിടെ എന്ന ചോദ്യം മനസ്സിൽ വന്നു.
രണ്ടു മക്കളാണ്. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. മൂത്തമോൻ ന്യൂസിലണ്ടിൽ കുടുംബവുമായിട്ട്. അവർക്ക് രണ്ടു മക്കൾ. രണ്ടുപേരും പഠിക്കുന്നു.
ഇളയ മോളും ഭർത്താവുമായിട്ട് അയർലണ്ടിൽ. അവർക്കും രണ്ടു മക്കൾ. എല്ലാവരും തിരക്കുള്ള ജീവിതം നയിക്കുന്നു.
നാട്ടിൽ പോയിട്ട് എന്ത് ചെയ്യാനാണ്? അതായീ ഞങ്ങളുടെ ആലോചന.
അപ്പോളാണ് ചേട്ടായീടെ ഓഫീസിലെ പൗലോച്ചൻ ഒരു ഐഡിയ പങ്കുവെക്കുന്നത്. എന്തുകൊണ്ട് നിങ്ങൾക്ക് ഒരു റിട്ടയർമെന്റ് ഹോം തിരഞ്ഞെടുത്തുകൂടാ. ഇപ്പോൾ അതാണ് ട്രെൻഡ്. പ്രായമായ അച്ഛനമ്മമാരുടെ ഒറ്റപ്പെടലിന് ഒരു പരിഹാരമാണ് ഈ റിട്ടയർമെന്റ് ഹോംസ്. നമുക്ക് നമ്മുടെ സമപ്രായക്കാരുടെ കൂടെ ഒരു ഒഴിവുകാലം പോലെ ശിഷ്ടകാലം ജീവിക്കാം. നമുക്ക് നമ്മുടെ പൂർത്തീകരിക്കാൻ പറ്റാതിരുന്ന അഭിരുചികൾ എന്തൊക്കെയാണോ അതൊക്കെ ഇവിടെ സാക്ഷാത്കരിക്കാൻ സാധിക്കുന്നു.
അതുമാത്രമല്ല, കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയും പരിതാപകരമാണ്. കേരളത്തിൽ ഇപ്പോൾ ഷെൽ ഹൗസുകളുടെ എണ്ണം കൂടി വരുകയാണത്രെ. പൂട്ടിക്കിടക്കുന്ന വലിയ വലിയ വീടുകൾ. അവയിലൊന്നും ആരുമില്ലത്രേ. പിന്നെ പ്രായമായ അച്ഛനും അമ്മയും മാത്രമുള്ള വീടുകളും ഉണ്ട്. മക്കളെല്ലാം വിദേശത്തും.
പൗലോച്ഛന്റേത് സൂപ്പർ ഐഡിയ ആണല്ലോ. ഞങ്ങൾ ആലോചിച്ചു. അന്നുതന്നെ മക്കളോട് അച്ചായൻ ഈ ഐഡിയ പങ്കുവെച്ചു.
ഒരു രക്ഷയുമില്ല. മക്കൾ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന മട്ടിൽ എതിർത്തു. പക്ഷേ അച്ചായൻ വിട്ടില്ല. ഇത് ഞങ്ങളുടെ ഇനിയങ്ങോട്ടുള്ള ജീവിതത്തിന്റെ കാര്യമാണ്. ഇതിൽ ഞങ്ങൾക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അതുമായിട്ട് മുന്നോട്ടു പോകാനാണ് ഞങ്ങളുടെ തീരുമാനം. അച്ചായൻ തീർത്തു പറഞ്ഞു. മക്കൾ പിന്നെ ഒന്നും പറഞ്ഞില്ല. മൂത്തവൻ ഇടഞ്ഞു തന്നെ നിന്നു. പക്ഷേ ഇളയ മകൾ അത്രയൊന്നും എതിർത്തില്ല. പപ്പയുടെയും മമ്മിയുടെയും ഇഷ്ടം ഏതാണോ അത് നടക്കട്ടെ എന്ന് അവൾ പറഞ്ഞു.
അങ്ങനെ നാട്ടിലുള്ള അച്ചായന്റെ ഫ്രണ്ട് ഭാസ്ക്കരൻ വഴി റിട്ടയർമെന്റ് ഹോമുകൾ അന്വേഷിച്ചു തുടങ്ങി. രണ്ടു മൂന്നെണ്ണം ഭാസ്ക്കരൻ പോയി കണ്ടു. ഒന്നും പുള്ളിക്കാരന് ഇഷ്ടപ്പെട്ടില്ല. അവസാനം പാലക്കാട് ഒരു റിട്ടയർമെന്റ് ഹോം ഉണ്ടെന്ന് ഇന്റർനെറ്റിൽ കണ്ടു. ഭാസ്ക്കരനോട് അപ്പോൾ തന്നെ പറഞ്ഞു. പുള്ളിക്കാരൻ അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായം. അങ്ങനെയാണ് ഞങ്ങൾ പാലക്കാട്ടെ സ്വർഗ്ഗം എന്ന റിട്ടയർമെന്റ് ഹോമിൽ എത്തിയത്.
ഇവിടെ എത്തിയപ്പോൾ തന്നെ വല്ലാത്തൊരു വൈബ് അനുഭവപ്പെട്ടു. പാലക്കാടിന്റെ ഗ്രാമീണ അന്തരീക്ഷം. അവിടത്തെ ഒരു പോസിറ്റീവ് എനർജി.
റിസപ്ഷനിൽ നിന്ന് റെജിമോൻ ഞങ്ങളെ കൂട്ടിക്കൊണ്ടു നടന്നു എല്ലാവരെയും പരിചയപ്പെടുത്തി. അടുക്കളയും ജിമ്മും യോഗ സെന്ററും തിയേറ്ററും എല്ലാം കാണിച്ചു തന്നു. നല്ല വൃത്തിയുള്ള മുറികൾ. മുറികൾക്ക് നല്ല കളർ തീം. നല്ല ബാൽക്കണി. ഇവിടെത്തന്നെ ഞങ്ങളുടെ ശിഷ്ടകാലം എന്നുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. നടപടികൾ എല്ലാം പെട്ടെന്ന് തന്നെ തീർത്തു.
റിസപ്ഷനിൽ നിന്ന് ഒരു സ്റ്റാഫ് ഞങ്ങളെ ഫ്ലാറ്റിൽ എത്തിച്ചു.
ഇവിടെ വന്നു കഴിഞ്ഞു ഞങ്ങളുടെ ശീലങ്ങൾ ആകെ മാറി. രാവിലെ എഴുന്നേറ്റ് പച്ചക്കറിത്തോട്ടത്തിൽ ഒരു നടത്തം. അതുകഴിഞ്ഞ് എല്ലാവരുമൊത്തു യോഗ. കുളിയെല്ലാം കഴിഞ്ഞ് വരുമ്പോൾ പ്രഭാത ഭക്ഷണം. ശേഷം എല്ലാവരും ഒത്തു സൊറ പറഞ്ഞിരിക്കാം. അടുക്കളയിൽ സഹായിക്കാം. അച്ചായനും മറ്റും പച്ചക്കറിത്തോട്ടത്തിലേക്ക് പോകും. അതുകഴിഞ്ഞ് അവർ കൂട്ടമായി സൈക്കിളിൽ അങ്ങനെ പോകുന്നത് കാണാം. വൈകിട്ട് ആകുമ്പോൾ എല്ലാവരും കൂടി പാട്ടും ബഹളവും ഷട്ടിൽ കളിയും അങ്ങനെ എല്ലാംകൊണ്ടും ഞങ്ങൾ പെട്ടെന്ന് തന്നെ ഈ ജീവിതവും ആയിട്ട് സെറ്റായി. മക്കൾ വരുമ്പോൾ അവർക്കും ഞങ്ങളുടെ കൂടെ കുറച്ചുദിവസം താമസിക്കാം എന്നുള്ളതും സന്തോഷം പകർന്നു.
അടുത്തുതന്നെ ഒരു പള്ളിയുണ്ട്. ഞായറാഴ്ച ദിവസം അങ്ങോട്ട് സൈക്കിളിലാണ് പുള്ളിക്കാരന്റെ പോക്ക്. സമപ്രായക്കാരുമായി കളിച്ച് ചിരിച്ചുള്ള ആ പോക്ക് ഒന്ന് കാണേണ്ടതാണ്. തിരിച്ചുവന്നു വീണ്ടും പച്ചക്കറി തോട്ടത്തിലേക്ക്. കൃഷി അച്ചായന് ജീവനാണ്. കൃഷിസ്ഥലത്ത് നടന്നു തിരിച്ചു വരുമ്പോൾ അച്ചായന്റെ മുഖത്തുള്ള സന്തോഷം ഒന്ന് കാണേണ്ടതാണ്. ഇപ്പോൾ ജീവിതത്തിൽ വലിയ ടെൻഷൻ ഒന്നുമില്ല. വർഷങ്ങളായി കൊണ്ടുനടന്ന ബി പി, ഷുഗർ എല്ലാം ഇപ്പോൾ നോർമൽ.
ഈയിടെ മൂത്ത മകനും കുടുംബവും വന്നു ഒരാഴ്ച ഞങ്ങളോടൊത്ത് താമസിച്ചു. ഇവിടുത്തെ ഗോശാലയും പച്ചക്കറിപ്പാടവും എല്ലാം കറങ്ങിനടന്നു കണ്ടു. ഇവിടുത്തെ വയലിൻ ക്ലാസും ജിമ്മും യോഗ തിയേറ്ററും ഷട്ടിൽ കോർട്ടും എല്ലാം കണ്ടപ്പോൾ അവനും പറഞ്ഞു ഇത് നല്ലൊരു ഐഡിയ ആണല്ലോ. പപ്പയുടെയും മമ്മിയുടെയും സന്തോഷമാണ് ഞങ്ങൾക്ക് എല്ലാത്തിനേക്കാളും വലുത്. അന്ന് പപ്പ പറഞ്ഞപ്പോൾ ഞങ്ങൾ എതിർക്കാൻ പാടില്ലായിരുന്നു. ഇതുപോലുള്ള റിട്ടയർമെന്റ് ഹോമുകൾ എല്ലായിടത്തും വരട്ടെ. അച്ഛനമ്മമാരുടെ ഒറ്റപ്പെടലിന് ഒരു പരിഹാരം ആകട്ടെ. ഞാനും എന്റെ കൂട്ടുകാരോടൊക്കെ ഇത് പറയുന്നുണ്ട്. അവൻ പറഞ്ഞു.
ഞാനും വരും വയസ്സാകുമ്പോൾ ഇവിടെ താമസിക്കാൻ. കൊച്ചു മകന്റെ സംസാരം കേട്ട് എല്ലാവരും ചിരി തുടങ്ങി.
V C Ajayakumar
07/11/2024
Beautifully written!
മറുപടിഇല്ലാതാക്കൂമനോഹരം 👌
മറുപടിഇല്ലാതാക്കൂ