ശബരിമലയും ഡോളി സർവീസും
ശബരിമലയിലെ ഡോളി സർവീസിന് പ്രീ പെയ്ഡ് ചാർജസ് അംഗീകരിച്ചു ഉത്തരവായതായി ഇന്ന് വായിച്ചു.
80 കിലോഗ്രാം വരെ 4000/-
80 തൊട്ട് 100 കിലോഗ്രാം വരെ 5000/-
100 കിലോഗ്രാമിന് മുകളിലോട്ട് 6000/-
ഡോളിക്കാരുടെ അന്യായമായ ചാർജിന് തടയിടാൻ സർക്കാർ കൊണ്ടുവന്ന നടപടി ആണത്രേ ഇത്. പ്രീ പെയ്ഡ് ആക്കാനുള്ള നടപടിയൊക്കെ നല്ലത് തന്നെ. പക്ഷേ ഇത് അന്യായമായി പോയി.
സർക്കാർ നിയന്ത്രണം എന്ന് കേട്ടപ്പോൾ തന്നെ ഡോളി സർവീസുകാർ പണിമുടക്കിയിരുന്നു. സർക്കാരിന്റെ ഈ ഫീസ് അംഗീകരിക്കൽ പണിമുടക്കിയവർക്ക് കുടപിടിച്ചു കൊടുക്കുന്ന രീതിയായി പോയി.
എന്തൊരു അന്യായമായ ചാർജാണിത്. ആരാണ് ഡോളി സർവീസിനെ ആശ്രയിക്കുന്നത് എന്ന് ഓർക്കണം. കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലേ യും വയസ്സായതും ഭിന്നശേഷിക്കാരുമായ അയ്യപ്പഭക്തരാണ് ഡോളി സർവീസിനെ ആശ്രയിക്കുന്നത്. അവർക്ക് അയ്യനെ ഒന്ന് കാണുവാൻ ഇത്രയും പൈസ കൊടുക്കേണ്ടി വരുന്നത് നീതിയല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും 41 ദിവസത്തെ വൃതവും എടുത്ത് ബസ്സിലും ട്രെയിനിലും കയറി കേരളത്തിൽ അയ്യപ്പസ്വാമിയെ കാണാൻ വരുന്ന ഭക്തന്മാരെ സർക്കാരിന്റെയും കൂടി ഒത്താശയിൽ കൊള്ളയടിക്കുകയാണ്. പിൽഗ്രിമേജ് ടൂറിസം കൊണ്ടുവരും എന്ന് വീമ്പിളക്കുന്ന സർക്കാരിന് ഒട്ടും ആശാസ്യമല്ല ഈ നടപടി.
പളനി സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിൽ തമിഴ്നാട് സർക്കാർ കൊണ്ടുവന്ന നടപടികൾ നാം കേരളീയർ കണ്ടുപഠിക്കേണ്ടതാണ്.
അവിടെ കുറഞ്ഞ നിരക്കിൽ winch train സർവീസ് നടത്തി തമിഴ്നാട് സർക്കാർ വിശ്വാസികളുടെ ഒപ്പം നിൽക്കുന്നു.
പളനിയിൽ പഞ്ചാമൃതം 40 രൂപക്കു വിൽക്കുമ്പോൾ ശബരിമലയിൽ അരവണ 200 രൂപക്ക് വിൽക്കുന്നു. പഴനിയിൽ ഒരു ടൗൺഷിപ്പ് തന്നെ ഭക്തർക്ക് വേണ്ടി സർക്കാർ
ഉണ്ടാക്കിയിരിക്കുന്നു. ഇവിടെയാണെങ്കിലോ? നമ്മുടെ വണ്ടി നിലയ്ക്കൽ കൊണ്ടിട്ട് കെഎസ്ആർടിസിയിൽ കയറി തിക്കും തിരക്കും അനുഭവിച്ചു പമ്പയിൽ വന്നിട്ട് വേണം സന്നിധാനത്തേക്ക് പോകുവാൻ. പമ്പയിലാകട്ടെ ഒരു സൗകര്യവുമില്ല.
സാമി അയ്യപ്പൻ റോഡിൽകൂടി ജീപ്പ് സർവീസ് നടത്തി വയ്യാത്ത അയ്യപ്പന്മാരെ മുകളിൽ എത്തിച്ചാൽ കുറഞ്ഞ ചിലവിൽ അവർക്ക് അയ്യപ്പദർശനം സാധ്യമാകും. ഇപ്പോൾ തന്നെ ആ റോഡ് സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് ട്രാക്ടർ സർവീസുകാർ ഉപയോഗിക്കുന്നുണ്ട്.
കാനനക്ഷേത്രത്തിലേക്ക് ജീപ്പ് സർവീസ് ആകാമോ എന്നുള്ള വാദം ഉണ്ടാകാം. പക്ഷേ നമുക്ക് എന്നും ഇങ്ങനെ തുടർന്നാൽ മതിയോ? അയ്യപ്പന്മാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കേണ്ടേ? അതിന് സർക്കാരിന് ഉത്തരവാദിത്തമുണ്ട് . പമ്പയിൽ നിന്ന് കയറുമ്പോൾ ഇടതുവശത്തുള്ള ശബരിമല റോഡ് അങ്ങനെ തന്നെ നിലനിർത്തി വലതുവശത്തുള്ള സ്വാമി അയ്യപ്പൻ റോഡ് ജീപ്പ് സർവീസിനായിട്ട് ഉപയോഗിക്കാവുന്നതാണ്. അതിന് പ്രീ പെയ്ഡ് കൌണ്ടർ തുടങ്ങുകയുമാകാം.
ഡോളി സർവിസിൽ അയ്യപ്പമാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജീപ്പ് സർവീസിൽ ഉണ്ടാവുകയില്ല.
ഇവിടെ തുടങ്ങുമെന്നു പറയുന്ന കേബിൾ കാറിനു പകരം അവശരും ഭിന്നശേഷിക്കാർക്കും ജീപ്പ് സർവീസ് ആലോചിക്കാവുന്ന ഒരു ഓപ്ഷൻ ആണ്.
വിശ്വാസികൾക്ക് കൂട്ടായിരിക്കണം സർക്കാർ. അവന്റെ പൈസമാത്രം മതിയെന്നുള്ള വിചാരം നല്ലതല്ല.
എന്നിട്ടും ലക്ഷക്കണക്കിന് വിശ്വാസികൾ മാസം തോറും മല കയറുന്നു. അതിലൂടെ സർക്കാരിന് കോടികൾ വരുമാനവും കിട്ടുന്നു.
V C Ajayakumar
12/12/2024
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ