ഒരു പെണ്ണുകാണൽ കഥ


                                                            
ഉറക്കം വരാതെ ഞാൻ ബെഡിൽ  തിരിഞ്ഞും മറിഞ്ഞും കിടന്നു. നാളെ രാവിലെ പെണ്ണ് കാണാൻ പോകേണ്ടതാണ്. കഴിഞ്ഞ പ്രാവശ്യം പെണ്ണുകാണാൻ പോകുമ്പോൾ ഇങ്ങനത്തെ ഒരു വെപ്രാളം ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പെണ്ണുകാണൽ  ആണ്.  എന്നിട്ടും എന്തേ ഇങ്ങനെ? ഞാൻ ആലോചിച്ചു.

 ആദ്യത്തെ പെണ്ണുകാണൽ കാര്യം ഓർക്കുമ്പോൾ തന്നെ രസമാണ്.   ഒരു ഞായറാഴ്ച ദിവസം മനോരമ പേപ്പർ വെറുതെ മറിച്ച് നോക്കിക്കൊണ്ടിരുന്നപ്പോൾ  യാദൃശ്ചികമായി മാട്രിമോണിയൽ കോളത്തിൽ കണ്ണുടക്കി. തരക്കേടില്ലാത്ത ഒരു ആലോചന.  അന്ന് മൊബൈൽ ഇല്ലാത്ത കാലമാണ്. അതിനാൽ വീട്ടിൽ ആരും കാണാതെ ഒരു മറുപടി വിട്ടു.

 അടുത്ത ആഴ്ച തന്നെ അവരുടെ മറുപടി വന്നു. അവർക്ക് ആലോചന മുമ്പോട്ട് കൊണ്ടുപോയാൽ കൊള്ളാമെന്നുണ്ട്. കൂടാതെ ഗ്രഹനില സഹിതം കുടുംബത്തിന്റെ വിവരങ്ങളും അയച്ചുതന്നു.  ദൈവമേ! ഇനി എന്ത് ചെയ്യും? ആരോട് പറയും? ഒരു പിടിപാടും ഇല്ല. അവസാനം ഇളയ മാമനോട് തന്നെ പറയാം എന്ന് തീരുമാനിച്ചു.   

 മാമൻ മറുപടി കത്തിലൂടെ സൂക്ഷ്മമായി വിരലോടിച്ചു. എന്നിട്ട് പറഞ്ഞു. എടാ! കൊള്ളാവുന്ന ആലോചനയാണ്. നമുക്കിത് വീട്ടിൽ അവതരിപ്പിക്കാം. എന്നിട്ട് കുട്ടിയെ ഒന്ന് പോയി കാണാം. 

 അടുത്ത ഞായറാഴ്ച രണ്ടുപേരും കൂടി പനങ്ങാടുള്ള കുട്ടിയുടെ വീട്ടിലേക്ക് വച്ചുപിടിച്ചു.  പെണ്ണിന്റെ അച്ഛൻ സ്വീകരണമുറിയിൽ തന്നെ ഉണ്ടായിരുന്നു. 

ഇരിക്കൂ, അച്ഛൻ പറഞ്ഞു.

പുറകെ കുട്ടിയുടെ ആങ്ങള വന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ ആങ്ങളയുടെ മുഖത്ത് ഒരു മ്ലാനത. സന്തോഷഭാവം ഒട്ടുമില്ല. പൊതുവായ കാര്യങ്ങളൊക്കെ ഒരു ചടങ്ങ് പോലെ സംസാരിച്ചു കുറച്ചുനേരം ഞങ്ങൾ ഇരുന്നു. അതിനിടയ്ക്ക് അമ്മ ഒന്നു എത്തിനോക്കി പെട്ടെന്ന് പോയി. അതിനുശേഷം ഞങ്ങളെ അകത്തേക്ക് കാപ്പി കുടിക്കുവാനായി  ക്ഷണിച്ചു. കാപ്പിയുമായി പെൺകുട്ടി ഞങ്ങളുടെ മുമ്പിലേക്ക് വന്നു.

 ദൈവമേ! വളരെ അധികം വണ്ണമുള്ള ഒരു  കുട്ടി.  ഞാനാണെങ്കിലോ മെലിഞ്ഞിട്ടും. ചുമ്മാതല്ല അച്ഛനും ആങ്ങളയും ഞങ്ങളെ കണ്ടിട്ട് ഒരു വികാരവുമില്ലാതെ ഇരുന്നത്. പരിഭ്രമത്തോടെ എന്തെല്ലാമോ ചോദിച്ചെന്നുവരുത്തി കാപ്പികുടിയും കഴിഞ്ഞ്  അവിടെ നിന്ന് ഇറങ്ങി. പോരുന്ന വഴി അമ്മാവന്റെ നിർത്താതെയുള്ള ചിരി. എനിക്ക് ദേഷ്യം വന്നു. അപ്പോൾ അമ്മാവൻ പറഞ്ഞു. എടാ, അവർ നമുക്ക് ചായ തരാനുള്ള മാന്യത എങ്കിലും കാണിച്ചല്ലോ. അത്രയും നന്ന്.  

വീട്ടിൽ അച്ഛനോടും അമ്മയോടും വിശേഷം പറഞ്ഞപ്പോൾ പെങ്ങളുടെ നിർത്താത്ത ചിരി. ഞാൻ തന്നെ തുടങ്ങിവച്ച പെണ്ണുകാണൽ ആയതുകൊണ്ട് ആ ചളിപ്പുമായി കുറെ നാൾ തള്ളിവിട്ടു. 

ഇപ്പോളത്തെ ആലോചന ഞങ്ങളുടെ ഒരു അയൽവാസിവഴി വന്നതാണ്.  പുള്ളിക്കാരൻ ഏതോ ഫംഗ്ഷന് അടിമാലിയിൽ പോയപ്പോൾ അവിടെ ഉണ്ടായ സംസാരത്തിനിടയിൽ വന്ന ഒരു ആലോചനയാണ്. കുട്ടി ഡിഗ്രി ഒക്കെ കഴിഞ്ഞതാണ്. സിവിൽ സപ്ലൈസിൽ ജോലിയും ഉണ്ട്. അച്ഛനും അമ്മയ്ക്കും കൂടി ഒറ്റ മകൾ. അച്ഛൻ മലഞ്ചരക്ക് വ്യാപാരി. അമ്മ ചെടികളുടെ നഴ്സറി നടത്തുന്നു. 

 ഓഫീസിൽ  വർക്ക് ചെയ്യുന്ന തോമസ്സുമായാണ് പോകാമെന്ന് വച്ചത്. തോമസ്സിന് ആ പ്രദേശമൊക്കെ നല്ല തിട്ടമാണ്. മൂന്നാറിലെ എക്സൈസ് ഓഫീസിൽ ഞാനും തോമസും ഉൾപ്പെടെ അഞ്ചു ഇൻസ്‌പെക്ടർമാരും ഒരു ഓഫീസറുമാണ്.  

 അടുത്ത ദിവസം തന്നെ തോമസ് ആരോടൊക്കെയോ തിരക്കി പെൺവീട്ടുകാരുടെ സകല ഡീറ്റെയിൽസും സംഘടിപ്പിച്ചു. ഞാനും തോമസ്സുമായിട്ട്  അടിമാലിയിൽ പോയി. ഞായറാഴ്ച ആയതിനാൽ പെൺകുട്ടിയുടെ അച്ഛൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കോളിംഗ് ബെൽ അടിച്ചപ്പോൾ അച്ഛനാണ് വാതിൽ തുറന്നത്. ഞങ്ങളെ കണ്ടു അകത്തു കയറി ഇരിക്കുവാൻ പറഞ്ഞു. അമ്മയും പുറത്തേക്ക് ഇറങ്ങി വന്നു. പെണ്ണ് കാണുവാൻ ആണെന്ന് അറിഞ്ഞപ്പോൾ അമ്മ അകത്തേക്ക് പോയി. ഞങ്ങൾ അച്ഛനും ആയിട്ട് സംസാരിച്ചു സ്വീകരണ മുറിയിൽ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്ന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അമ്മയാണ് ചായയും പലഹാരങ്ങളും എടുത്ത് തന്നത്. കഴിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ പെൺകുട്ടിയുമായി വീണ്ടും വന്നു. കൊള്ളാം, തരക്കേടില്ലാത്ത കുട്ടി. അതിനിടയ്ക്ക് തോമസ് പറഞ്ഞു. ഇവർക്ക് എന്തെങ്കിലും ഒക്കെ സംസാരിക്കാനുണ്ടെങ്കിൽ ആകാമല്ലോ? അച്ഛനും സമ്മതിച്ചു. 

 അങ്ങനെ ഞാനും ദീപ്തിയും അവരുടെ പുറകിലെ സിറ്റൗട്ടിൽ ഇരുന്ന് സംസാരം തുടങ്ങി. പ്രാഥമിക റൗണ്ട് കഴിഞ്ഞപ്പോഴേ ദീപ്തി പറഞ്ഞു. ചേട്ടാ എനിക്കൊരു കാര്യം പറയുവാൻ ഉണ്ട്. 

 എന്തായിരിക്കാം കാര്യം? ഞാൻ ആലോചിച്ചു. ചിന്ത കാട് കയറുന്നതിനിടയിൽ അവൾ പറഞ്ഞു. ചേട്ടാ, എനിക്ക് ഞങ്ങളുടെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരാളുമായിട്ട്  ഒരു റിലേഷൻ ഉണ്ട്. അച്ഛനോട് ഞാൻ പറഞ്ഞതാണ്. അലക്സ് ഞങ്ങളുടെ കാസ്റ്റ് അല്ലാത്തതിനാൽ അച്ഛൻ സമ്മതിക്കുന്നില്ല. അലക്സിനെ അല്ലാതെ വേറെ ഒരാളെ എനിക്ക് ചിന്തിക്കുവാൻ പോലും സാധിക്കുന്നില്ല.

വേറൊന്നും പറയുവാനില്ലാത്തതുകൊണ്ട് പ്രേമ വിവാഹത്തിന്റെ ഗുണങ്ങളൊക്കെ ദീപ്തിയോടു പറഞ്ഞു  അവിടെ നിന്നും ഇറങ്ങി. ഈയാഴ്ച വീട്ടിൽ പോകണ്ടെന്നുവച്ച് നേരെ താമസസ്ഥലത്തേക്ക് തന്നെ പോയി.

 ഇനിയും രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അടുത്ത ആലോചനയുടെ വരവ്. ഇത് മാമന്റെ കെയറോഫിൽ വന്ന ആലോചനയാണ്. കുട്ടി PWD യിൽ ജോലി ചെയ്യുന്നു. വീട് കുമരകം. അച്ഛന് ബിസിനസ്സാണ്. ഒരു ആങ്ങളയുള്ളത് ഐടി എൻജിനീയറാണ്. 

 ഞാനും മാമനും കൂടിത്തന്നെയാണ് പോയത്. ചെന്നപ്പോൾ അച്ഛൻ വീട്ടിൽ ഇല്ല. അമ്മയും ആങ്ങളയും മാത്രം. ഔപചാരികതയെല്ലാം കഴിഞ്ഞ് കുട്ടി ചായയുമായി വന്നു. കുട്ടിയുമായി സംസാരിക്കാനുള്ള അവസരമൊക്കെ ആങ്ങള ഉണ്ടാക്കി തന്നു. 

 കുട്ടിയുടെ പേര് ധന്യ. നല്ല സംസാരപ്രിയ. ഓഫീസിലെ കാര്യങ്ങളും മറ്റും സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ധന്യയെ എനിക്ക് ഇഷ്ടപ്പെട്ടു. ധന്യക്ക് എന്നെയും.

 വിവരമറിയിക്കാം എന്ന് പറഞ്ഞു തിരിച്ചു പോന്നു. വീട്ടിൽ വന്നു അച്ഛനോടും അമ്മയോടും എല്ലാം വിശദമായി പറഞ്ഞു. 

ഇന്ന് തന്നെ അവരെ അറിയിക്കേണ്ട എന്ന് വച്ചു. നമുക്ക് ധൃതിയാണെന്ന് അവർ വിചാരിച്ചെങ്കിലോ എന്ന് തോന്നി. പിറ്റേദിവസം ഉച്ചകഴിഞ്ഞ് അച്ഛൻ തന്നെ അവരെ വിളിച്ച് വിവരം പറഞ്ഞു. കൂടാതെ അവരെ ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു.

 പിറ്റേ ആഴ്ച തന്നെ ധന്യയുടെ അച്ഛൻ, അമ്മ, ആങ്ങള, വല്യച്ഛൻ മുതലായവർ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ഞങ്ങളുടെ വീട്ടിലും  അമ്മാവൻ, ചിറ്റപ്പൻ മുതലായവർ ഉണ്ടായിരുന്നു. കുശലപ്രശ്നങ്ങൾ,  കാപ്പികുടി ഇത്യാദി പരിപാടികൾ എല്ലാം കഴിഞ്ഞ് ഞങ്ങൾ അറിയിക്കാം എന്ന് പറഞ്ഞ് അവർ ഇറങ്ങി. 

 രണ്ടു ദിവസം കഴിഞ്ഞു.  ഒരാഴ്ച കഴിഞ്ഞു. എന്നിട്ടും വിളി മാത്രം വന്നില്ല. മാമൻ പരിചയക്കാരുമുഖേന രഹസ്യമായി അന്വേഷിച്ചു. അവരുടെ വലിയച്ഛന് എന്റെ  ജോലി അത്ര പിടിച്ചിട്ടില്ല. എക്സൈസിൽ എല്ലാവരും കള്ളുകുടിയും മയക്കുമരുന്നു ഉപയോഗിക്കലുമാണെന്നാണ്   പുള്ളിയുടെ വിചാരം. നമുക്ക് ചേർന്ന ബന്ധമല്ലത്രെ. വല്യച്ഛൻ ഒരു കാര്യം പറഞ്ഞാൽ അതിന്റെ അപ്പുറത്തേക്ക് അവർക്കൊരു വാക്കില്ല.

 ഇനി ഈ പണിക്ക് ഞാനില്ല. മാമനോട് തീർത്തു പറഞ്ഞു. എടാ, നീ എന്നോട് കയർക്കുന്നത് എന്തിനാ? ഇതൊക്കെ അങ്ങനെയാണ്. ഓരോരുത്തർ എത്ര പെണ്ണിനെ കണ്ടാൽ ആണ് ഒന്ന് ശരിയാവുന്നത്. മാമൻ എന്നെ സോപ്പിടാൻ നോക്കി. നിനക്ക് വയസ്സ് 29 കഴിഞ്ഞു. അത് ഓർക്കണം. 

 അടുത്തയാഴ്ച തന്നെ മാമൻ ഒരു മാട്രിമോണി സൈറ്റിൽ  എനിക്ക് വേണ്ടി ഒരു പ്രൊപ്പോസൽ രജിസ്റ്റർ ചെയ്തു. മാമൻ എന്നെക്കൊണ്ട് പെണ്ണ് കെട്ടിച്ചേ അടങ്ങൂ എന്ന വാശിയിൽ ആണെന്ന് തോന്നുന്നു. ഏതുസമയവും മാമൻ മാട്രിമോണിക്കാരുടെ സൈറ്റിൽ പരതിക്കൊണ്ടിരിക്കുന്നു. നിനക്കുവേണ്ടി ഒരാൾ കാത്തിരിക്കുന്നുണ്ടാകും. അയാളെ നമ്മൾ കണ്ടെത്തണം. ഇതാണ് മാമൻ പറയുന്നത്. 

 മാസങ്ങൾ രണ്ടുമൂന്നു കഴിഞ്ഞു. ഇതിനിടെ പല പ്രൊപ്പോസലുകളും മാമൻ എന്റെ ശ്രദ്ധയിൽ കൊണ്ടുവരാറുണ്ടായിരുന്നു. അതൊന്നും പക്ഷേ എനിക്ക് അത്ര പിടിച്ചില്ല. ഒരുപക്ഷേ ആദ്യ പെണ്ണുകാണലുകൾക്കിടയിലെ ദുരനുഭവം മൂലം ആയിരിക്കാം. 

 അങ്ങനെയിരിക്കെ ഒരു ദിവസം ധന്യയുടെ ആങ്ങള ധനേഷിന്റെ ഒരു ഫോൺ കോൾ എനിക്ക് വന്നു. കുശലപ്രശ്നങ്ങൾക്കിടയിൽ എന്റെ കല്യാണ കാര്യങ്ങളൊക്കെ സംസാരിച്ചു. തൽക്കാലം പെണ്ണുകാണലുകളൊക്കെ നിർത്തിവെച്ചിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ അവന്റെ വീട്ടിൽ വീണ്ടും ഇതേക്കുറിച്ച് സംസാരം ഉണ്ടായെന്നും എക്സൈസ് ജീവനക്കാർ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ അല്ലെന്നു വലിയച്ഛനോട് പറഞ്ഞ് മനസ്സിലാക്കി എന്നും പറഞ്ഞു. കൂടാതെ  ഞങ്ങൾ എല്ലാവർക്കും ഈ പ്രൊപ്പോസൽ താൽപര്യമുണ്ടെന്നും പറഞ്ഞു. 

 ധനേഷ് ഇതിനിടെ ഫോൺ  അച്ഛന് കൊടുത്തു. അച്ഛൻ ഫോൺ എടുത്തു പറഞ്ഞു. മോനെ, ഞങ്ങൾക്ക് എല്ലാവർക്കും, പ്രത്യേകിച്ച് ധന്യയ്ക്ക് ഇഷ്ടപ്പെട്ട ഒരു ആലോചനയായിരുന്നു ഇത്. ഇങ്ങനെ ഒരു വിഷമം ഞങ്ങളുടെ ഭാഗത്ത്നിന്ന് ഉണ്ടായതിൽ ഞങ്ങൾക്ക് വളരെയധികം ഖേദം ഉണ്ട്. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞങ്ങളുടെ വീട്ടിലേക്ക് വേണ്ടപ്പെട്ടവരെയും കൂട്ടി വരണം. ധന്യയുടെ അച്ഛൻപറഞ്ഞു.

 എനിക്കാണെങ്കിൽ മനസ്സിൽ ലഡ്ഡു പൊട്ടിയ അവസ്ഥ. എന്റെ വൈബിന് ചേർന്ന കുട്ടിയായിരുന്നു ധന്യ. ഒന്നും ആലോചിക്കാൻ ഇല്ല. 

 വീട്ടിൽ മാമനോടും മറ്റെല്ലാവരോടും പറഞ്ഞപ്പോൾ നിനക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ട ആലോചന ആണെങ്കിൽ നമുക്ക് അവിടം വരെ ഒന്ന് പോകാം എന്ന് അച്ഛൻ പറഞ്ഞു.

 അടുത്ത ആഴ്ച തന്നെ ഞങ്ങളെല്ലാവരും ധന്യയുടെ വീട്ടിൽ പോയി. പെങ്ങൾക്കും അമ്മയ്ക്കും എല്ലാവർക്കും ധന്യയെ ഇഷ്ടപ്പെട്ടു. അങ്ങനെ ഇരുകൂട്ടരും തമ്മിൽ ധാരണയായി. 

കല്യാണത്തിന്റെ തീയതി തീരുമാനമായി. ഡ്രസ്സ്‌ എടുക്കണം, വീടിനു പെയിന്റ് അടിക്കണം, ആൾക്കാരെ ക്ഷണിക്കണം അങ്ങനെ നൂറുകൂട്ടം പണികൾ. എല്ലാത്തിനും ഓടിനടക്കാൻ മാമനും അച്ഛനും എല്ലാവരും.

 അങ്ങനെ ധന്യയുമായുള്ള  കല്യാണം കെങ്കേമമായി നടന്നു. ഞാൻ ഓർക്കുകയായിരുന്നു. മാമൻ പറഞ്ഞത് എത്ര ശരിയാണ്. നമുക്കു വിധിച്ചിട്ടുള്ള ആൾ എന്തൊക്കെ തടസ്സം വന്നാലും  അവസാനം നമുക്ക് തന്നെ കിട്ടിയിരിക്കും. 


V C Ajayakumar 
20/12/2024

അഭിപ്രായങ്ങള്‍

  1. കൊള്ളാം അജയ് നന്നായിട്ടുണ്ട്, ആത്മ കഥാമ്ശം ഉണ്ടെന്ന് തോന്നുന്നു 👌👌👌🙏

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

​കറുത്ത സൂര്യൻ