രാകേഷും കുടുംബവും
ഇതാണോ ജീവിതം? രാകേഷ് ആലോചിച്ചു. ജീവിതത്തിൽ എന്തുയർച്ചയുണ്ടായാലും മനസ്സിന് സമാധാനം ഇല്ലെങ്കിൽ പിന്നെന്ത് കാര്യം?
ഞങ്ങൾ മൂന്ന് മക്കളാണ് മാതാപിതാക്കൾക്കുള്ളത്. അച്ഛനു പലചരക്ക് കച്ചവടം ആയിരുന്നു. അക്കാലത്ത് പലചരക്ക് കച്ചവടത്തിൽനിന്ന് എന്ത് സമ്പാദിക്കാനാണ്? എന്നിട്ടും, അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ, മുണ്ട് മുറുക്കി ഉടുത്ത് അച്ഛൻ കുറച്ചൊക്കെ സമ്പാദിച്ചു. മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു. രണ്ടു ചേട്ടന്മാരും നന്നായി തന്നെ പഠിച്ചു. അവരെ അപേക്ഷിച്ചു നോക്കുമ്പോൾ ഞാനൊരു മണ്ടൻ ആയിരുന്നു. എനിക്ക് പഠിക്കുന്നതിനേക്കാൾ ഇഷ്ടം മറ്റുപലതിലും ആയിരുന്നു. മൂത്തവരൊക്കെ കോളേജിൽ പോയപ്പോൾ ഞാൻ പത്താംക്ലാസ്സുകൊണ്ട് കൊണ്ട് പഠിത്തം നിർത്തി. വീട്ടിൽ സഭ കൂടുമ്പോൾ ഞാൻ മാത്രം പഠിപ്പില്ലാത്തവൻ, മോശക്കാരൻ. അവർ വലിയ വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ എന്നെ കൂടെ കൂട്ടാതായി. അവർ പുച്ഛത്തോടെ എന്നെ നോക്കുമ്പോൾ അച്ഛൻ മാത്രം എനിക്ക് സപ്പോർട്ട് ആയി നിന്നു. അവൻ ചിലപ്പോൾ നിങ്ങളെക്കാൾ വലിയനിലയിൽ ആകും. അച്ഛൻ പറഞ്ഞു.
മൂത്ത ജേഷ്ഠൻ B Com കഴിഞ്ഞു M Com ന് പോയി. ഇപ്പോൾ കോളേജിൽ ലക്ചറെർ ആയി. രണ്ടാമത്തെ ജേഷ്ഠന് ഡിഗ്രി കഴിഞ്ഞ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലികിട്ടി.
എനിക്ക് മെക്കാനിക്കൽ വർക്കുകൾ ആയിരുന്നു താല്പര്യം. അതിനാൽ പത്താംക്ലാസുകഴിഞ്ഞപ്പോൾ അച്ഛന്റെ പരിചയക്കാരനായ കുമാരേട്ടന്റെ വർക്ക് ഷോപ്പിൽ അസിസ്റ്റന്റ് ആയി നിന്നു. പകൽ മുഴുവൻ നല്ല പണി. രാത്രിയാകുമ്പോൾ ഷർട്ടിൽ മുഴുവൻ കരിപുരണ്ട് വീട്ടിലെത്തും.
പിന്നാമ്പുറത്ത് കൂടി വെളിയിലുള്ള കുളിമുറിയിൽ കുളികഴിഞ്ഞാണ് അകത്തുകയറുന്നത്. ഇതിനുമുമ്പ് ഒന്ന് രണ്ടുപ്രാവശ്യം അകത്തുകൂടി കയറിയപ്പോൾ ചേട്ടൻ പ്രശ്നമുണ്ടാക്കി. വീടൊക്കെ അഴുക്കാകുംപോലും. അന്ന് നിർത്തിയതാണ് അകത്തെ കുളിമുറിയിലെ കുളി.
രണ്ട് മൂന്നു വർഷം കൊണ്ട് പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ മുതലായ വർക്കുകൾ ഒക്കെ പഠിച്ചു എക്സ്പെർട്ട് ആയി. ഇനി നിനക്ക് സ്വന്തമായി വർക്ക്ഷോപ്പ് ഒക്കെ നടത്താനുള്ള കഴിവായി. ആശാൻ പറഞ്ഞു.
അങ്ങനെ ആശാന്റെ കൂടി നിർബന്ധത്തിന് വഴങ്ങി ഒരു വർക്ക് ഷോപ്പ് തുടങ്ങാനുള്ള തീരുമാനമെടുത്തു. ഇനി അതിനുള്ള പണം കണ്ടെത്തണം. കയ്യിലാണെങ്കിൽ ആശാൻ നിത്യവും തരാറുള്ള പൈസ കൂട്ടിക്കൂട്ടി വച്ച് അത് എല്ലാ ആഴ്ചയും ബാങ്കിൽ അടയ്ക്കുമായിരുന്നു. അത് നോക്കിയപ്പോൾ ഏകദേശം 60,000ത്തിനടുത്ത് ഉണ്ട്. എന്നാലും അത് പോരാ. ആശാൻ പറയുന്നത് ഒരു രണ്ടുലക്ഷം രൂപയെങ്കിലും വേണം എന്നാണ്. ബാക്കി തുക ചേട്ടൻമാരോട് ചോദിക്കാം. ഞാൻ വിചാരിച്ചു. അച്ഛനോട് അഭിപ്രായം ചോദിച്ചപ്പോൾ നീ ചോദിച്ചു നോക്കൂ എന്ന് പറഞ്ഞു.
എന്റെ കയ്യിൽ പത്തുപൈസ ഇല്ല. രമേശേട്ടൻ അറുത്തുമുറിച്ചു പറഞ്ഞു.
പുരയുടെ ലോൺ അടവൊക്കെ ഒക്കെ എന്റെ ശമ്പളത്തിൽ നിന്നാണ് പിടിക്കുന്നത്. അറിയാമല്ലോ നിനക്ക്?
ഞാനൊരു ദാരിദ്രക്കാരൻ ആണ്. സതീഷേട്ടനും പറഞ്ഞു. എന്റെ വിദ്യാഭ്യാസ ലോൺ ഇതുവരെ തീർന്നിട്ടില്ല. അതിന്റെ പിടിത്തവും കഴിഞ്ഞാൽ കിട്ടുന്നത് നക്കാപ്പിച്ചയാണ്.
എടാ എന്റെ കയ്യിൽ ഒരു അൻപതിനായിരം രൂപയോളം കാണും. അത് ഞാൻ തരാം. അച്ഛൻ പറഞ്ഞു.
എടാ ഇത്രയൊക്കെ മതി, കുമാരേട്ടൻ പറഞ്ഞു. എന്റെ കുറച്ച് ടൂൾസ് ഒക്കെ ഞാൻ തരാം. കുറച്ച് നമുക്ക് വാങ്ങിക്കാം. അതുവച്ച് നിനക്ക് തൽക്കാലം തുടങ്ങാമല്ലോ.
ആ സമയത്ത് തന്നെ ടൗണിൽ ഒരു കടമുറി ഒഴിവായി കിട്ടി. അത് വൈറ്റ് വാഷ് ഒക്കെ ചെയ്തു ഏകദേശം സെറ്റ് ആക്കി. വർക്ക്ഷോപ്പിന് വേണ്ട ബാക്കി ടൂൾസ് കുമാരേട്ടനും ഒന്നിച്ച് കോയമ്പത്തൂരിൽ നിന്ന് സംഘടിപ്പിച്ചു. അത്യാവശ്യം ടൂൾസ് കുമാരേട്ടനും തന്ന് സഹായിച്ചു.
അങ്ങനെ വർക്ക് ഷോപ്പ് അച്ഛനും കുമാരേട്ടനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജ്യേഷ്ഠന്മാരൊന്നും ഉദ്ഘാടനത്തിന് വന്നില്ല. അവർക്ക് പറ്റാഞ്ഞിട്ടാവും. അല്ലെങ്കിൽ വന്നേനെ.
ലോക്കൽ ടൗൺ ആയതുകൊണ്ട് എല്ലാവരും പരിചയക്കാർ. ഉദ്ഘാടന ദിവസം തന്നെ രണ്ട് വണ്ടികൾ സർവീസിന് കിട്ടി. ഒരുമാസം കഴിഞ്ഞപ്പോഴേക്കും എന്നെക്കൊണ്ട് ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. അങ്ങനെ രണ്ടു പയ്യന്മാരെ കൂടി ജോലിക്ക് എടുത്തു.
മാസങ്ങൾ കഴിഞ്ഞു. ഇക്കാലം കൊണ്ട് വർക്ക് ഷോപ്പ് നല്ല രീതിയിൽ ആയിക്കഴിഞ്ഞിരുന്നു. ആറോളം ജോലിക്കാർ. ധാരാളം വർക്കുകൾ.
അക്കാലത്താണ് രമേശേട്ടന്റെ കല്യാണം. പെണ്ണ് കോളേജിൽ തന്നെ ലക്ചറർ ആണ്. പേര് രമ്യ. നല്ല കുടുംബക്കാരാണ്.
ഒരു വർഷത്തോളം കഴിഞ്ഞു സതീശേട്ടനും കല്യാണം സെറ്റായി. ഭാര്യ സുനന്ദ. പഞ്ചായത്ത് ഓഫീസിൽ ക്ലാർക്ക് ആണ്. ആ കല്യാണം കൂടി കഴിഞ്ഞപ്പോൾ വീട്ടിൽ ആളെണ്ണം കൂടി. രമ്യേട്ടത്തിയും പ്രസവിച്ചു. അധികം താമസിയാതെ രമേശേട്ടൻ വീടുവച്ചു മാറി താമസിച്ചു.
രമേശേട്ടൻ വീട് താമസം മാറി അധികകാലം കഴിയും മുമ്പേ വീട്ടിൽ സുനന്ദേട്ടത്തിയുടെ
ഭരണം തുടങ്ങി. അമ്മയുമായിട്ട് എപ്പോഴും കശപിശ. അച്ഛന് ഇപ്പോൾ പലചരക്ക് കടയൊന്നുമില്ല.
വീട്ടിൽ വിശ്രമ ജീവിതത്തിലാണ്.
ആയിടക്കാണ് വർക്ക് ഷോപ്പിന് അടുത്തുള്ള സുമിയുമായി എന്റെ പ്രേമം. പ്രേമം വളർന്നു വലുതായി ഞങ്ങൾക്ക് തമ്മിൽ കാണാതിരിക്കാൻ വയ്യാത്ത അവസ്ഥയായി. സുമി ഞങ്ങളുടെ സമുദായത്തിൽ ഉള്ള ആള് അല്ലാത്തതുകൊണ്ട് വീട്ടിൽ പറയാൻ എനിക്ക് പേടി. ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വീട്ടിൽ ഞാൻ സംഗതി അവതരിപ്പിച്ചു. ഏട്ടനും ഏട്ടത്തിയമ്മയും കട്ട ഉടക്ക്. അമ്മയും അവർക്ക് സപ്പോർട്ട്. പക്ഷേ അച്ഛൻ എന്റെ ഇഷ്ടത്തിന് കൂട്ടുനിന്നു.
എന്ത് ചെയ്യാം. സതീശേട്ടനോട് സംസാരിച്ചപ്പോൾ ഏട്ടനും എതിർപ്പ്. നമ്മുടെ കുടുംബത്തിന്റെ അഭിമാനം നോക്കണം പോലും. പ്രായമായതിനാൽ ആവാം അച്ഛന്റെ അഭിപ്രായങ്ങൾക്ക് ഏട്ടന്മാർ പുല്ലുവില ആണ് കൽപ്പിക്കുന്നത്.
സുമി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കാത്ത രീതിയിൽ. കല്യാണം നടന്നില്ലെങ്കിൽ ചത്തുകളയും എന്നാണ് ഭീഷണി. വല്ലാത്തൊരു അവസ്ഥയിലായി ഞാൻ. അവസാനം അച്ഛന്റെ ഉപദേശം തേടി.
അച്ഛൻ കുറച്ചുനേരം ആലോചിച്ചിരുന്നു. നീ ആദ്യം ഒരു വീടൊക്കെ സെറ്റാക്ക്. എന്നിട്ട് അവിടെ വിളിച്ചിറക്കിക്കൊണ്ട് വാ. ആരുമില്ലെങ്കിലും നിനക്ക് ഞാൻ ഉണ്ടാവും. അച്ഛൻ പറഞ്ഞു.
വർക്ക്ഷോപ്പിനടുത്തു ഒരു വീട് ഒഴിഞ്ഞു വന്നപ്പോൾ അച്ഛൻ തന്നെ മുന്നിട്ടുനിന്ന് ആ വീട് വാങ്ങിച്ചു. രണ്ടുമൂന്നു മാസങ്ങൾ കൊണ്ട് സാധനങ്ങളൊക്കെ വാങ്ങിച്ച് അത് താമസിക്കാനുള്ള പരുവമാക്കി.
സുമിയുടെ വീട്ടിൽ അച്ഛനും അമ്മയും ഒരാങ്ങളയും ഉണ്ട്. സമുദായത്തിൽ നമ്മുടെ അത്രയും വരില്ലെങ്കിലും സ്നേഹമുള്ള കൂട്ടരാണ്. സുമിയുടെ അച്ഛനും എന്നെ പോലെ തന്നെ ഒരു വർഷോപ്പിന്റെ ഉടമയാണ്. ആങ്ങള ചെറുക്കൻ ബീകോമിന് പഠിക്കുന്നു. സുമി കമ്പ്യൂട്ടർ ഡിപ്ലോമ കഴിഞ്ഞയാളാണ്. അടുത്തുള്ള ഒരു കമ്പ്യൂട്ടർ കേന്ദ്രത്തിൽ ട്യൂട്ടറായി ജോലി ചെയ്യുന്നു.
സുമിയെ വിളിച്ചിറക്കി കൊണ്ടുപോരുന്ന കാര്യം പറഞ്ഞപ്പോൾ അവൾക്ക് സമ്മതം. പക്ഷേ അച്ഛനോട് പറഞ്ഞപ്പോൾ നീ അങ്ങനെ വിളിച്ചിറക്കി ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല. ആരുമില്ലെങ്കിൽ ഞാൻ വരാം നിന്റെ കൂടെ. അച്ഛൻ പറഞ്ഞു.
സുമിയോട് അവളുടെ വീട്ടിൽ കാര്യം അവതരിപ്പിക്കാൻ പറഞ്ഞു. അടുത്ത ആഴ്ച ഞാൻ അച്ഛനെയും കൂട്ടി അങ്ങോട്ട് വരുന്നുണ്ടെന്നും പറഞ്ഞു.
ഇതിനകം സംഗതി വീട്ടിലറിഞ്ഞു. ഏട്ടന്മാരും ഏട്ടത്തിമാരും തീർത്തു പറഞ്ഞു അവർ ഈ കല്യാണത്തിന് സഹകരിക്കില്ലെന്ന്.
ഞാൻ വരാം നിന്റെ കൂടെ. അച്ഛൻ പറഞ്ഞു. അവൻ ഒരു പ്രായപൂർത്തിയായ പുരുഷനാണ്. അവന് തീരുമാനങ്ങളൊക്കെ എടുക്കുന്നതിനുള്ള പ്രായമായി. ഇഷ്ടപ്പെട്ടവർ തമ്മിൽ കല്യാണം കഴിക്കുന്നതിന് എന്തിനാടാ സമുദായം നോക്കുന്നത്? മനുഷ്യര് തമ്മിലാണ് കല്യാണം കഴിക്കുന്നത്. അല്ലാതെ സമുദായങ്ങൾ തമ്മിൽ അല്ല. അങ്ങനെ ആവരുത്. നിങ്ങൾ ആരും സഹകരിച്ചില്ലെങ്കിലും ഈ കല്യാണം ഞാൻ നടത്തിക്കൊടുക്കും. അച്ഛൻ പറഞ്ഞു.
പിറ്റേആഴ്ച തന്നെ സുമിയുടെ വീട്ടിൽ പെണ്ണ് കാണാൻ ചെന്നു. അച്ഛനും അമ്മയും കൂടി വന്നിരുന്നു. സുമിയെ അവർക്ക് ഇഷ്ടമായി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ സുമിയുടെ വീട്ടുകാരും ഞങ്ങളുടെ വീട്ടിൽ വന്നു. രണ്ടു കൂട്ടരും ഇഷ്ടപ്പെട്ട സ്ഥിതിക്ക് നമുക്ക് കല്യാണത്തിന് ഒരു തീയതി നിശ്ചയിക്കണ്ടേ? അച്ഛൻ ചോദിച്ചു.
അടുത്തമാസം തന്നെ കല്യാണം എന്ന് തീരുമാനിച്ചു.
അച്ഛൻ പിന്നെയും ഏട്ടൻമാരെയും ഏട്ടത്തി മാരെയും വിളിച്ചുകൂട്ടി കല്യാണം നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. അവർ പിന്നെയും നിസ്സഹകരണം പ്രഖ്യാപിച്ചു. അവർക്ക് സമൂഹത്തിൽ ജീവിക്കണം പോലും.
ശരി, ഞാനീ കല്യാണം നടത്തിക്കൊടുക്കുകയാണ്. അച്ഛൻ പറഞ്ഞു.
അച്ഛനും അമ്മയും എന്റെ വീട്ടിലേക്ക് പോന്നു. വീട്ടിൽ
കല്യാണത്തിരക്കുകളായി. വീടിന് പെയിന്റിംഗ് നടത്തണം, ഡ്രസ്സ് എടുക്കണം അങ്ങനെ ഒരുപാട് പണികൾ ഉണ്ട്. ബന്ധുക്കളുടെ വീട്ടിലൊക്കെ അച്ഛനും അമ്മയും കൂടിപ്പോയാണ് വിളിച്ചത്. അയൽവക്കങ്ങളിലൊക്കെ ഞാനും കുമാരേട്ടനും കൂടി പോയി വിളിച്ചു.
അങ്ങനെ എന്റെയും സുമിയുടെയും കല്യാണം ആർഭാടമായി തന്നെ നടന്നു.
അച്ഛനും അമ്മയും പോന്നതിൽ പിന്നെ സുനന്ദേട്ടത്തി സതീശേട്ടനും ആയി പ്രശ്നങ്ങൾ തുടങ്ങി. എന്നും വഴക്ക്. ആദ്യം എന്റെ കല്യാണത്തെപ്പറ്റി ചോദിച്ചായിരുന്നു വഴക്ക്. അതുവരെ ഇല്ലാതിരുന്ന ഒരു ദുശ്ശീലവും സതീശേട്ടൻ തുടങ്ങി. മദ്യപാനം. കൂട്ടുകാരുമായി മദ്യപിച്ചു കൊണ്ടായി ഇപ്പോൾ വീട്ടിൽ വരവ്. വീട്ടിൽ സ്വൈര്യമില്ലെന്നാണ് പറയുന്നത്. വന്നു കഴിഞ്ഞാലോ രണ്ടുപേരുമായി അതേ ചൊല്ലി വഴക്കും.
രമേശേട്ടനും ഈയിടെ ട്രാക്ക് തെറ്റിയാണ് ജീവിതം. കോളേജിൽ പഠിപ്പിക്കുന്ന ഒരു കുട്ടിയുമായിട്ട് വഴിവിട്ട ബന്ധം. ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ അടച്ചിട്ട മുറിയിൽ ഫോൺ സല്ലാപം. ഒരു ദിവസം രമ്യ ച്ചേച്ചി കൈയോടെ പിടിച്ചു. ഫോൺ ചാറ്റ് സെർച്ച് ചെയ്തപ്പോൾ മാസങ്ങളായി ഇവർ തമ്മിൽ ചാറ്റുചെയ്യുന്നതായി കണ്ടു. പലതും അശ്ലീലച്ചുവയുള്ള ചാറ്റുകൾ. ചേച്ചി പലപ്രാവശ്യം താക്കീത് ചെയ്തു. എന്നിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.
വിവരമറിഞ്ഞ് അച്ഛനും ഇടപെട്ടു. അച്ഛന്റെ ഉപദേശങ്ങളും ബധിരകർണങ്ങളിൽ ചെന്ന് പതിച്ചു. എടാ, നിനക്കൊരു കുട്ടിയുണ്ട്. അത് ഓർക്കണം. അച്ഛൻ പറഞ്ഞു.
അവസാനം ചേച്ചി കുഞ്ഞിനേയുമായി ചേച്ചിയുടെ വീട്ടിലേക്ക് പോയി.
എത്ര പഠിപ്പുണ്ടായിട്ടോ കാശുണ്ടായിട്ടോ എന്ത് കാര്യം. സന്തോഷമായിട്ട് ജീവിക്കാൻ പറ്റുന്നുണ്ടോ. ഞാൻ ആലോചിച്ചു. നമ്മെ കഷ്ടപ്പെട്ട് വളർത്തിയ അച്ഛനെയോ അമ്മയെയോ ഒന്ന് തിരിഞ്ഞു നോക്കുവാൻ പോലും ഏട്ടൻമാർക്ക് സാധിക്കുന്നില്ല. അവരെ എത്ര ഭംഗിയായിട്ടാണ് സുമി നോക്കുന്നത്.
എന്റെ രണ്ടു മക്കളെ ഞാൻ ആവോളം പഠിപ്പിച്ചു. പക്ഷേ ഒട്ടും പഠിക്കാത്ത നീയാണ് കുടുംബത്തിന് തുണയായി വന്നത്. എടാ, പൈസയിലും വിദ്യാഭ്യാസത്തിലും അല്ല കാര്യം. അതെങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നുള്ളതിലാണ് കാര്യം. അച്ഛൻ പറഞ്ഞു.
Wonderful work. Touched my heart
മറുപടിഇല്ലാതാക്കൂഇഷ്ടമായിട്ടുണ്ട് 👍👌👌
മറുപടിഇല്ലാതാക്കൂ