സാന്ത്വനം
സാന്ത്വനം പാലിയേറ്റീവ് റെസിഡൻഷ്യൽ കെയറിന്റെ വാതിൽ തുറന്നു ഷീജ സിസ്റ്റർ പുറത്തേക്ക് വന്നു. നേരം ആറുമണിയായല്ലോ. ഇന്നെന്താ ആരും എഴുന്നേറ്റില്ലേ? ജാനകിയെയും ലീലയെയും ഒന്നും കാണുന്നില്ലല്ലോ. ജാനകീ... ജാനകീ... ഷീജ വിളിച്ചു.
ഷീജ സിസ്റ്റർക്ക് വയസ്സ് 65 ആയി. ഈ ക്ലിനിക്കിൽ തന്നെയാണ് താമസം. പ്രായത്തിന്റെ അസ്കിത ഒക്കെ ഉണ്ടെങ്കിലും സിസ്റ്റർ എപ്പോഴും നല്ല ഉഷാറിൽ തന്നെ ആയിരിക്കും.
അപ്പോഴാണ് മാത്തപ്പൻ കയറിവന്നത്. മാത്തപ്പൻ ഇവിടുത്തെ പ്ലംബറും ഇലക്ട്രീഷ്യനും എല്ലാമാണ്.
സിസ്റ്റർ രാവിലെ തന്നെ ഓൺ ആണല്ലോ? മാത്തപ്പൻ ചോദിച്ചു. മാത്തപ്പൻ പറയുന്നത് സിസ്റ്റർ ഇവിടുത്തെ റേഡിയോ ആണെന്നാണ്. അങ്ങോട്ടൊന്നും കേൾക്കുകയില്ല. ഇങ്ങോട്ട് പറഞ്ഞുകൊണ്ടേയിരിക്കും .
നിന്നോട് ഇവിടെ ഒരു പൈപ്പ് ലൈൻ ലീക്കെന്ന് ഇന്നലെ പറഞ്ഞതല്ലേ? എന്നിട്ട് ഇപ്പോഴാണോ വരുന്നത്? എന്തുമാത്രം വെള്ളം ലീക്കായി?.
അതിനല്ലേ ഞാൻ രാവിലെ തന്നെ വന്നത്. ദേ പൈപ്പ് കഷണവും ഒട്ടിക്കുന്ന പശയും കൊണ്ടുവന്നിട്ടുണ്ട്. ഇതിപ്പോൾ തന്നെ തീർത്തേക്കാം.
എന്തൊക്കെ പറഞ്ഞാലും ആൾക്കാർ തോന്ന്യവാസം തന്നെ. പറഞ്ഞാലൊന്നും കേൾക്കില്ല. അവർക്ക് തോന്നുമ്പോഴാണ് ചെയ്യുന്നത്. ഷീജ പിറുപിറത്തു കൊണ്ടു നടന്നു.
മാത്തപ്പൻ ഇതിനകം ലീക്കായ പൈപ്പ് മാറ്റി.
സിസ്റ്ററേ, ഇത് ശരിയാക്കിയിട്ടുണ്ട്. വേറെ എന്തെങ്കിലും പണിയുണ്ടോ? മാത്തപ്പൻ അന്വേഷിച്ചു.
എടാ, ഈ കോമ്പൗണ്ട് ഒക്കെ ഒന്ന് അടിച്ചു വാരണം. ഇന്ന് ഞായറാഴ്ച അല്ലയോ. ഒരു നൂറുകൂട്ടം പണിയുണ്ട്.
ഷീജ അടുക്കളയിലോട്ട് ചെന്നപ്പോൾ ജാനകിയും ലീലയും ജനൽപടിയിൽ ഇരുന്നു വർത്തമാനം പറയുന്നു.
ഇന്നെന്താ ഇവിടെ ചായയൊന്നും ഉണ്ടാക്കുന്നില്ലേ? മണി ആറ് കഴിഞ്ഞല്ലോ?
സിസ്റ്ററേ, പാല് ഇതുവരെ കൊണ്ടുവന്നിട്ടില്ല. ആ പയ്യൻ ഇതാ വരുന്നേയുള്ളൂ. ഇപ്പോൾതന്നെ ചായ ഉണ്ടാക്കാം. ജാനകി പറഞ്ഞു. ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ റോസമ്മ സിസ്റ്ററും വന്നു.
സിസ്റ്ററേ, രാവിലെ ഇൻജെക്ഷൻ ഉള്ളവർക്ക് കൊടുത്തേക്കണേ. ഷീജ പറഞ്ഞു.
വാർഡിലേക്ക് ചെന്നപ്പോൾ അവിടെ എല്ലാവരും ഉണർന്നിട്ടുണ്ട്. ഇതെന്താ സിസ്റ്ററേ നേരത്തെ ആറുമണിക്ക് ചായ കിട്ടിക്കൊണ്ടിരുന്നതാ. ഇതിപ്പോൾ മണി ആറരയായി. കൃഷ്ണേട്ടൻ പറഞ്ഞു.
കൃഷ്ണേട്ടാ, ഇന്ന് പാല് വരാൻ ഇത്തിരി വൈകി. ചായ ഇപ്പോൾ തന്നെ കൊണ്ടുവരും.
കൃഷ്ണേട്ടൻ കാൻസർ രോഗം മൂർച്ഛിച്ച് ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് സാന്ത്വന ചികിത്സയ്ക്കായി വന്നതാണ്. വയസ്സ് 72 ആയി. വീട്ടിൽ ഭാര്യയും മക്കളുമുണ്ട്. ഡോക്ടറുടെ ഉപദേശപ്രകാരം ഇവിടെ അഡ്മിറ്റ് ആയതാണ്. ഇപ്പോൾ മൂന്നുമാസമായി വേദനസംഹാരികളുമായി ജീവിക്കുകയാണ്. ഇതൊക്കെയാണെങ്കിലും കൃഷ്ണേട്ടന്റെ ഫിലോസഫി കേൾക്കാൻ നല്ല രസമാണ്.
ആന്റണി ചേട്ടൻ പ്രോസ്റ്റേറ്റ് കംപ്ലൈന്റുമായിട്ടാണ് വന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രം പോകും. വയസ്സ് 83 ആയി. വീട്ടുകാർക്ക് ബുദ്ധിമുട്ട് ആയപ്പോൾ ഇവിടെ കൊണ്ടാക്കിയതാണ്.
ഇതുപോലുള്ള ഇരുപതോളം ആൾക്കാരുണ്ട്. ഓരോരുത്തരും എന്തെങ്കിലുമൊക്കെ മാറാരോഗങ്ങളും ആയിട്ടാണ് ഇവിടെ വരുന്നത്. വീട്ടിൽ ആരും നോക്കാൻ ഇല്ല. ഇവിടെയാകുമ്പോൾ എല്ലാവരുമായിട്ട് അവനവന്റെ സങ്കടങ്ങൾ പങ്കിടുമ്പോൾ വേദനയൊക്കെ ഇല്ലാതാകുമെന്നാണ് പറയുന്നത്.
അന്തേവാസികളിൽനിന്നും വലിയ ചാർജൊന്നും ഇവിടെ ഈടാക്കുന്നില്ല. ഒരു NGO യുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ സർക്കാരിൽ നിന്നും ഗ്രാൻറ്റും കിട്ടുന്നുണ്ട്.
ഇതിനകം ജാനകി ചായയുമായിട്ട് വാർഡിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ചായകുടി കഴിഞ്ഞാൽ ന്യൂസ്‌പേപ്പർ ഒക്കെ വായിക്കാം.
ബ്രേക്ഫാസ്റ് കഴിഞ്ഞാൽ ആകുന്നവരൊക്കെ ഹാളിൽ വന്നു എന്തെങ്കിലുമൊക്കെ വിനോദങ്ങളിൽ ഏർപ്പെടും. ചിലരൊക്കെ മുമ്പിലെ പൂന്തോട്ടത്തിൽ ഉലാത്തുന്നത് കാണാം.
ഇന്ന് ഡോക്ടർ റൗൺഡ്സിന് വരുന്ന ദിവസമാണ്. നിങ്ങൾ ഇവിടെയൊക്കെ ഒന്ന് വൃത്തിയാക്കി ഇടണം. ഷീജ ജാനകിയോടും ലീലയോടുമായി പറഞ്ഞു. എല്ലാ ഞായറാഴ്ചയും ഒരു ഡോക്ടർ വരും. രോഗികളെയൊക്കെ പരിശോധിച്ച് ആവശ്യമായ മരുന്നുകളൊക്കെ കൊടുക്കും.
ഒരു മണി ആയപ്പോൾ അന്തേവാസികൾക്കൊക്കെ ഊണു കൊടുത്തു. ഇനി ഒന്ന് നടു നിവർക്കണം. ഷീജ വിചാരിച്ചു. പണ്ടത്തെപ്പോലെ ഇപ്പോൾ ഓടിനടക്കാൻ ആവുന്നില്ല.
ഭക്ഷണവും കഴിച്ച് ഷീജ മുറിയിൽ പോയി. ഇനി നാലുമണിവരെ വിശ്രമിക്കാം. ഈ നടുവേദന എന്നെയും കൊണ്ടേ പോകൂ. ഷീജ ഓർത്തു. 22 വയസ്സ് കഴിഞ്ഞപ്പോൾ പട്ടാളത്തിൽ നഴ്സ് ആയി കയറിയതാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോലിയെടുത്തു. ഇതിനിടയ്ക്ക് കല്യാണവും കഴിഞ്ഞു. പട്ടാളത്തിൽ തന്നെയുള്ള ക്യാപ്റ്റൻ മോഹൻകുമാർ ആയിരുന്നു വരൻ. രണ്ടു കുട്ടികളുമായി. മൂത്തത് ദിയ. രണ്ടാമത്തേത് ദേവ്.
മക്കളെ ആകുന്നത്ര പഠിപ്പിക്കണം. മോഹൻ എപ്പോഴും പറയുമായിരുന്നു.
ഞങ്ങൾ ചാണ്ടിഗഡ് ആർമി ഹെഡ് കോർട്ടേഴ്സിൽ ജോലിചെയ്യുന്ന കാലം. ദിയ എംഡി ക്ക് പൂന മെഡിക്കൽ കോളേജിൽ പഠിക്കുന്നു. ദേവ് പ്ലസ് ടു വിനും. ഒരു ദിവസം മോഹൻ പെട്ടന്ന് കുഴഞ്ഞുവീണു. കൂട്ടുകാരെല്ലാവരും കൂടി ആംബുലൻസ് വിളിച്ച് മോഹനെ ആർമി ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർമാരെല്ലാം ആവോളം ശ്രമിച്ചു. പക്ഷേ ഡോക്ടർമാരുടെ ശ്രമങ്ങളെ എല്ലാം നിഷ്ഫലമാക്കിക്കൊണ്ട് മോഹൻ ഞങ്ങളെ വിട്ടുപോയി.
കൂട്ടുകാർ കൂടി എല്ലാ കാര്യങ്ങളും ചെയ്തു. . സംസ്കാരം അവിടെത്തന്നെ കഴിച്ചു. കുറെ കാലത്തേക്ക് ഒരു മരവിപ്പ് ആയിരുന്നു മനസ്സിനൊക്കെ. ഈ കുട്ടികളുടെ കാര്യമൊക്കെ ആര് നോക്കും? മോഹനായിരുന്നു കുട്ടികളുടെ പഠിത്തമൊക്കെ നോക്കിയിരുന്നത്. രണ്ടു കുട്ടികളുടെയും പഠിത്തത്തിന്റെ പ്രധാന സമയമാണ്.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു. ദിയയും ഞെട്ടലിൽ നിന്നും മോചിതയായിട്ടില്ല. പക്ഷേ പഠിക്കാൻ പോയല്ലേ പറ്റൂ. അവൾ തിരിച്ച് ഹോസ്റ്റലിലേക്ക് പോയി.
രണ്ടുമാസം ലീവെടുത്ത് മോനുമായിട്ട് കഴിഞ്ഞു. അപ്പോഴേക്കും മനസ്സൊന്നു തണുത്തു. ഇങ്ങനെ ഇരുന്നാൽ മനസ്സ് അസ്വസ്ഥമാകുകയേയുള്ളൂ. കൂട്ടുകാർ ഓർമിപ്പിച്ചു. അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ ജോലിക്ക് തിരിച്ചു കയറി. പക്ഷേ ജോലിയിലൊന്നും ഒരു ശ്രദ്ധയും കിട്ടുന്നില്ല.
മനസ്സിന് സന്തോഷം കിട്ടാൻ എന്തെങ്കിലുമൊക്കെ ആക്ടിവിറ്റീസിൽ പങ്കെടുക്കണം. കൂട്ടുകാരികൾ ഉപദേശിച്ചു. അങ്ങനെ ലേഡീസ് ക്ലബ്ബിലൊക്കെ സജീവമായി. ജീവിതം പതുക്കെ പതുക്കെ ശരിയാവാൻ തുടങ്ങി.
മാസങ്ങൾ കടന്നുപോയി. ദേവിന് എൻജിനീയറിങ്ങിന് VIT യിൽ അഡ്മിഷൻ കിട്ടി. എവിടെ താമസിക്കും എന്ന് ആലോചിച്ചപ്പോൾ അവൻ തന്നെയാണ് അവിടെ കോളേജ് ഹോസ്റ്റലിൽ താമസിക്കാം എന്ന് പറഞ്ഞത്. ആരോ കൂട്ടുകാരുണ്ട് പോലും. അല്ലെങ്കിലും അവൻ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ആരുമായിട്ടും വല്യ ബന്ധങ്ങളൊന്നും അവൻ ഉണ്ടാക്കാറില്ല. അങ്ങനെ അവനെയും കൊണ്ട് വെല്ലൂർക്ക് പോയി അവിടെ കോളേജ് ഹോസ്റ്റലിൽ അഡ്മിഷൻ എടുത്തു.
മൂന്നുമാസം കൂടി കഴിഞ്ഞപ്പോൾ മോളുടെ MD ഫൈനൽ എക്സാമിന്റെ റിസൾട്ട് വന്നു. 88 ശതമാനത്തോളം മാർക്കുണ്ട്. എല്ലാവർക്കും സന്തോഷമായി. മോളാണെങ്കിൽ ത്രില്ലടിച്ച് നടക്കുകയാണ്. അങ്ങനെ കുറച്ചുനാൾ ഞങ്ങൾ അമ്മയും മോളും മാത്രമായിട്ട് കോർട്ടേഴ്സിൽ കഴിഞ്ഞു. അപ്പോഴാണ് മോൾക്ക് കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ജോലി കിട്ടിയത്. മോൾ ആഗ്രഹിച്ചിരുന്ന ഹോസ്പിറ്റലാണ്. മോളും പോയപ്പോൾ ആകപ്പാടെ ഒരു ഏകാന്തത എന്നെ വലയം ചെയ്തു.
ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ റിട്ടയർമെന്റ് ആയി. ഇപ്പോൾ ലെഫ്റ്റനെന്റ് കേണൽ ആണ്. ഇനി എങ്ങോട്ട് പോകും? ഞാൻ വിചാരിച്ചു. നാട്ടിലോട്ട് പോയിട്ട് വലിയ കാര്യമൊന്നുമില്ല. അച്ഛനും അമ്മയും ഒന്നും ജീവിച്ചിരിപ്പില്ല. സഹോദരങ്ങളൊന്നും ഇല്ലാത്തത് കാരണം നാട്ടിലൊന്നും പോകാറില്ലായിരുന്നു. നീണ്ട നാളത്തെ പട്ടാള ജീവിതം ബന്ധുക്കളെയെല്ലാം അന്യരാക്കി.
അപ്പോഴാണ് പട്ടാളത്തിൽ ഉണ്ടായിരുന്ന പ്രിയ സുഹൃത്ത് ഉമ അവളുടെ നാട്ടിലേക്ക് എന്നെ ക്ഷണിച്ചത്. ഒറ്റപ്പാലം എന്ന നാട് കണ്ടപ്പോൾ തന്നെ എനിക്ക് പ്രിയപ്പെട്ടതായി. സ്വച്ഛ സുന്ദരമായ സ്ഥലം. നല്ല കാറ്റ്. ഇഷ്ടം പോലെ വയലുകൾ. ധാരാളം കിളികൾ. പിരിഞ്ഞു പോന്നപ്പോൾ കിട്ടിയ പൈസ കൊണ്ട് അവിടെത്തന്നെ വീട് പണിതു. ഉമയുടേയും ഭർത്താവിന്റെയും സഹായവും
നല്ലതുപോലെ കിട്ടി.
ഗൃഹപ്രവേശത്തിന് കുട്ടികളും വന്നിരുന്നു. നല്ല കാറ്റും വെളിച്ചവും കയറുന്ന ഒരു സുന്ദരൻ വീട്. അവർ പറഞ്ഞു. മോനും മോളും ഒരാഴ്ച ഉണ്ടായിരുന്നു.മോളാദ്യം തിരിച്ചുപോയി. അതുകഴിഞ്ഞ് മോനും പോയി.
ഒരുനാൾ മോളുമായിട്ട് വർത്തമാനം പറയുന്നതിനിടയിലാണ് മോള് അവളുടെ കൂടെ ജോലിചെയ്യുന്ന ഒരു പയ്യനുമായിട്ട് സ്നേഹത്തിലാണ് എന്നുപറയുന്നത്. വിവരങ്ങൾ കേട്ടപ്പോൾ തരക്കേടില്ല. മോൾക്ക് ഇഷ്ടമാണെങ്കിൽ ആലോചിക്കുകതന്നെ. ഞാൻ പറഞ്ഞു
പയ്യനെ വിളിച്ച് സംസാരിച്ചപ്പോൾ നല്ല പക്വതയുള്ള സ്വഭാവം. അച്ഛനുമമ്മയുടെയും ഒറ്റ മകൻ. മോളുടെ ഇഷ്ടമല്ലേ പ്രധാനം. അങ്ങനെ പയ്യന്റെ വീട്ടിൽ ഞാനും മോനുമായിട്ട് പോയി. നല്ല ആൾക്കാർ. അവർക്ക് എത്രയും തിടുക്കത്തിൽ കല്യാണം നടത്തണം എന്നാണ് പറയുന്നത്.
നാട്ടിൽ അങ്ങനെ ബന്ധുക്കൾ ഒന്നും എനിക്ക് ഇല്ലാത്തതുകൊണ്ട് ആലോചനകൾ ഒക്കെ പെട്ടെന്ന് കഴിഞ്ഞു. ഒരു അമ്മാവന്റെ മോനുണ്ട്. അവനും എന്റെ കൂടെ വന്നുനിന്നു. പിന്നെ ഒരു ചിറ്റപ്പൻ ഉണ്ട്. അദ്ദേഹവും ഇടക്കിടക്ക് കാര്യങ്ങൾ വന്ന് അന്വേഷിച്ചുപോയി.
വീടിന്റെ പെയിന്റ് അടിയും ഡ്രസ്സ് എടുപ്പും അങ്ങനെ നൂറുകൂട്ടം പണികൾ. ഞാനും അമ്മാവന്റെ മോനും ചിറ്റപ്പനും കൂടി കല്യാണ ക്ഷണമൊക്കെ തീർത്തു. മോനും ഒരാഴ്ചയോളം ഉണ്ടായിരുന്നു. അങ്ങനെ ഗംഭീരമായി ആ കല്യാണം നടന്നു.
ഒരു മാസം ലീവ് ഉള്ളതിൽ കേവലം ഒരാഴ്ചയാണ് മോൾ എന്റെ കൂടെ നിന്നത്. ബാക്കി ഹണിമൂൺ ട്രിപ്പും അവരുടെ വീട്ടിലുമായി ഒരുമാസം പെട്ടെന്ന് കഴിഞ്ഞു. മോളും മരുമകനും തിരിച്ച് കൊൽക്കത്തയിലേക്ക് പോയി. ദേവ് ഒരാഴ്ച നിന്നു.
ആദ്യമൊക്കെ മൂന്നുമാസത്തിലൊരിക്കൽ മോളും മരുമകനും നാട്ടിൽ വരുമായിരുന്നു. പിന്നീട് വരവിന്റെ ദൈർഘ്യം കൂടി. വല്ലപ്പോഴും വന്നാലായി. അവർക്ക് തിരക്കാണ് പോലും.
ദേവിന്റെ എൻജിനീയറിങ് പഠിത്തം കഴിഞ്ഞു. അവൻ P. hd ക്കായി US ലേക്ക് പോയി. എന്റെ അടുത്ത് ഒന്നു നിൽക്കാൻ പോലും മക്കൾക്ക് നേരമില്ല. എനിക്ക് പിന്നെയും ആ വിഷാദരോഗം പിടിപെടുകയായിരുന്നു.
ഇടയ്ക്ക് ഉമയുടെ വീട്ടിൽ പോകും. പക്ഷേ അവിടെ ഉമയുടെ അച്ഛൻ, അമ്മ, അമ്മാവൻ, കുട്ടികൾ അങ്ങനെ കുറേ പേരുണ്ട്. അത് കാരണം അവിടെ പോവാൻ ഒരു മടിയാണ്. ഒരു ദിവസം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഉമയുടെ ഭർത്താവാണ് സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ കാര്യം പറഞ്ഞത്. പുള്ളിക്കാരന്റെ അമ്മാവന് ക്യാൻസർ ബാധിച്ച് അവസാന നാളുകളിൽ സാന്ത്വനത്തിൽ ആയിരുന്നുവത്രേ ചികിത്സ. അങ്ങനെയാണ് സാന്ത്വനം പാലിയേറ്റീവ് കെയറുമായുള്ള പരിചയം.
ഒന്ന് അവിടെ പോയി നോക്കൂ. അവിടുത്തെ അന്തരീക്ഷം നിങ്ങളെ വല്ലാതെ ഉത്തേജിപ്പിക്കും. ഉറപ്പ്. അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സാന്ത്വനത്തിൽ പോയിനോക്കാമെന്ന് തീരുമാനിച്ചത്. അവിടെ ചെന്നപ്പോൾ അന്തേവാസികളുടെ സന്തോഷവും ജീവനക്കാരുടെ സ്നേഹവും ഒക്കെക്കൂടി മനസ്സിന് ഒരു പോസിറ്റീവ് എനർജിയാണ് തന്നത്. അങ്ങനെയാണ് തന്റെ ശിഷ്ടകാലം ഇവിടെത്തന്നെ എന്ന് തീരുമാനിക്കുന്നത്.
മക്കളോട് പറഞ്ഞപ്പോൾ ആദ്യമൊക്കെ അവർ എതിർപ്പ് പ്രകടിപ്പിച്ചു. പക്ഷേ എന്റെ ഏകാന്തതയും വിഷാദവും ഒക്കെ പറഞ്ഞപ്പോൾ അവർ ഒരുവിധത്തിൽ സമ്മതിച്ചു. അങ്ങനെയാണ് സാന്ത്വനം പാലിയേറ്റീവ് കെയറിലേക്കുള്ള എന്റെ വരവ്. ഇവിടെ വന്നിട്ട് ഇപ്പോൾ മൂന്നുവർഷം ആകുന്നു. ഇവിടെത്തന്നെ എന്റെ ജീവിതം അവസാനിക്കണം എന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം.
ദൈവമേ, മണി നാലായല്ലോ? പെട്ടെന്നുതന്നെ ഷീജ ആലോചനയിൽ നിന്ന് മുക്തയായി. കുറച്ചു കഴിയുമ്പോൾ ഫിസിയോതെറാപ്പിസ്റ്റ് വരും. അന്തേവാസികളെ ഒക്കെ റെഡിയാക്കി നിർത്തണം. എല്ലാവർക്കും ചായയും കൊടുക്കണം. ലീലയെയും വിളിച്ച് ആ കാര്യങ്ങൾ ഒക്കെ ഏൽപ്പിച്ചു.
എട്ടുമണിയായപ്പോൾ എല്ലാവർക്കും ഭക്ഷണം കൊടുത്ത് മരുന്നും കൊടുത്തു . എല്ലാ പണിയും തീർന്നപ്പോൾ മനസ്സിന് എന്തൊരു ലാഘവത്വം. പണ്ടത്തെ ആ വിഷാദരോഗം ഒന്നും ഇപ്പോൾ വരാറില്ല. രോഗികളെ ശുശ്രൂഷിക്കുക എന്നതിൽ കവിഞ്ഞ് എന്ത് സന്തോഷമാണ് മനസ്സിന് വേണ്ടത്? മാനവ സേവ എന്നാൽ മാധവ സേവ തന്നെയാണല്ലോ?
V C Ajayakumar
08/01/2025
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ