സദാനന്ദന്റെ അമ്മ

                     സദാനന്ദന്റെ അമ്മ 
                           (ചെറുകഥ )


 നാളെ നാട്ടിൽ പോകണം. തന്റെ  ചെന്നൈയിലെ ഫ്ലാറ്റിൽ ഇരുന്ന്  സദാനന്ദൻ ഓർത്തു. അമ്മയെ ചെക്കപ്പിന് കൊണ്ടുപോകേണ്ട ദിവസമാണ്.  അൽഷിമേഴ്സ്  രോഗത്തിന്റെ തുടക്കമാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. എപ്പോഴും ഇങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കും. കുറച്ചുനാളായി ട്രീറ്റ്മെന്റിൽ ഇരിക്കുകയാണ്.  ഈയിടെയായി  നല്ല ഇംപ്രൂവ്മെന്റ് ഉണ്ട്.

 അച്ഛൻ മരിച്ചിട്ട് 8 വർഷത്തോളമായി.   അച്ഛൻ മരിച്ചപ്പോൾ എന്നെ ഏൽപ്പിച്ചതാണ്
 പെങ്ങളെ. അവളുടെ കാര്യമെല്ലാം ഇനി നീയാണ്  ചെയ്യേണ്ടത് എന്നാണ് മരിച്ചപ്പോൾ  പറഞ്ഞത്. അത് അക്ഷരംപ്രതി അനുസരിച്ചു. അവളെ പഠിപ്പിച്ചു.  BSNL ൽ അസിസ്റ്റന്റ്  എൻജിനീയറാണ് അവളിപ്പോൾ. ഭർത്താവും BSNL ൽ തന്നെ. രണ്ടു വയസ്സുള്ള മോളുമുണ്ട്. 

 ഞങ്ങൾ ചെന്നൈയിൽ ആയതിനാൽ അമ്മ പെങ്ങളുടെ സംരക്ഷണയിലാണ്  കഴിയുന്നത്. ഞങ്ങളുടെ കുടുംബവീട്ടിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ കാണും അവരുടെ വീട്ടിലേക്ക്. ഞാൻ ചെന്നൈയിൽ നിന്നും നാട്ടിൽ വരുമ്പോൾ അമ്മയെ ചെന്ന് കൊണ്ടുപോരും. പത്തിരുപത് ദിവസം  അമ്മയുടെ കൂടെ കഴിഞ്ഞു മരുന്നൊക്കെ വാങ്ങിച്ചു കൊടുത്തു ഞാൻ ചെന്നൈക്കു തിരിച്ചു പോരും. 

സോഫയിൽ നിന്നും എഴുന്നേറ്റ് നാളത്തെ പോക്കിന് വേണ്ടിയിട്ടുള്ള സാധനങ്ങളൊക്കെ എടുത്തു വച്ചു. സുനന്ദയും സഹായിച്ചു. ഗോവിന്ദിന്റെ  ഡ്രസ്സുകൾ ഒക്കെ എടുക്കണം. ഞാൻ സുനന്ദയെ ഓർമിപ്പിച്ചു. എട്ടാം ക്ലാസിൽ പഠിക്കുകയാണ് ഗോവിന്ദ്. അവന്റെ കുറച്ചു ക്ലാസ്സ് പോകും. സാധാരണ ഞാൻ മാത്രമാണ് പോകാറ്. പക്ഷേ ഇത്തവണ സുനന്ദകൂടി വരുന്നെന്നാണ് പറഞ്ഞത്. 

 എല്ലാത്തവണയും പോകുന്ന പോലെയല്ല ഇത്തവണത്തേത്. ഇപ്രാവശ്യം കുറച്ചുകൂടി ഊഷ്മളമാക്കണം ഞങ്ങളുടെ സന്ദർശനം എന്നുണ്ട്. പെങ്ങളെയും കുടുംബത്തെയും കൂടി വിളിക്കണം. എല്ലാവരുംകൂടി ഇരുപത്  ദിവസത്തെ അടിച്ചുപൊളി ജീവിതം. 

 രാത്രി മുഴുവൻ  ആലോചനകളിൽ തന്നെയായിരുന്നു. എങ്ങനെ ഈ സന്ദർശനം  അമ്മയ്ക്കും പെങ്ങൾക്കും സന്തോഷകരമാക്കാം എന്നാണ് ആലോചിച്ചത്.  

രാവിലെ തന്നെ എല്ലാവരും എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് വീട് പൂട്ടി ഇറങ്ങി. ഒമ്പതരയ്ക്കാണ് ട്രെയിൻ.

 പെങ്ങളുടെ വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ മുഖത്ത് കണ്ട നിറഞ്ഞ സന്തോഷം എന്റെ ഹൃദയത്തെ കുളിർപ്പിച്ചു.  അമ്മയുടെ കണ്ണുകളിൽ കണ്ടുവരാറുള്ള ദൈന്യത ഇപ്പോൾ ഇല്ല. പകരം ഒരുതരം ശാന്തിയും സമാധാനവുമാണ് ആ കണ്ണുകളിൽ. കുടുംബാംഗങ്ങളെ ഒരുമിച്ച് കാണുക എന്നത് അമ്മയ്ക്ക് എന്നും വലിയ സന്തോഷമായിരുന്നു.

 അമ്മയുടെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം.  വൈകിട്ട് പെങ്ങളും അവളുടെ ഭർത്താവും കുഞ്ഞുമൊക്കെ എത്തിയപ്പോൾ വീട് ഉണർന്നു. എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷണം കഴിച്ചു. പഴയകാല കഥകളും കോമടിയുമായി നല്ലൊരു രാത്രിയാണ് അന്ന് കടന്നുപോയത്.   ഗോവിന്ദ്  തന്റെ കളികളിലൂടെ  എല്ലാവരെയും ചിരിപ്പിക്കുകയും സുനന്ദ അമ്മയുടെ കൂടെത്തന്നെയിരുന്നു വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തുകൊണ്ടിരുന്നു.  ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചത് അമ്മയ്ക്ക് ഇപ്പോൾ ആ നിലക്കാത്ത സംസാരം കുറഞ്ഞതാണ്. പെങ്ങളുടെ മകൾ അത്രയ്ക്ക് കുസൃതിയാണ്. മോളുടെ കൂടെയുള്ള കളിയാണ് ഇപ്പോൾ അമ്മയുടെ പ്രധാന വിനോദം.  അതാവാം ഒരുപക്ഷെ പ്രധാന കാരണം. അച്ഛന്റെ  കാര്യങ്ങൾ ഇപ്പോൾ അമ്മ ഓർമ്മിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു പോസിറ്റീവ് സൈൻ ആണല്ലോ. ഞാൻ വിചാരിച്ചു. 

 അമ്മയുടെ വ്യത്യാസം കണ്ടപ്പോൾ ഞങ്ങൾ ആലോചിച്ചത് കുറച്ചു കൂടി കഴിഞ്ഞ് ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാം എന്നാണ്.  രണ്ടാഴ്ച  കഴിഞ്ഞപ്പോൾ അമ്മയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പെങ്ങളും ഉണ്ടായിരുന്നു. കുറെ നേരത്തെ കൺസൾട്ടേഷനും ചർച്ചകൾക്കും ശേഷം ഡോക്ടറുടെ സന്തോഷം നിറഞ്ഞ പ്രതികരണം. അമ്മയ്ക്ക് ഇപ്പോൾ നല്ല ഇംപ്രൂവ്മെന്റ് ഉണ്ട്. നിങ്ങൾ എന്ത് മാജിക്കാണ് ചെയ്തത്? ഡോക്ടറുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം. ഞാൻ ഉണ്ടായ കാര്യമെല്ലാം ഡോക്ടറെ ധരിപ്പിച്ചു. ഇതൊരു നല്ല സൈൻ ആണല്ലോ. അമ്മയ്ക്ക് അൽഷിമേഴ്സിന്റെ  തുടക്കമായിരുന്നു. കുറച്ചുകൂടി മരുന്ന് കഴിച്ചാൽ ഇത് സുഖമാവും. അമ്മയുമായിട്ട് നിങ്ങൾ അമ്മയ്ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒക്കെ പോകൂ. കൂടാതെ അമ്മക്ക്  ഇഷ്ടപ്പെട്ട ആൾക്കാരെ സന്ദർശിക്കുകയും ഒക്കെ ചെയ്യൂ. വ്യത്യാസം ഉണ്ടാവും. രോഗത്തിന് മരുന്നു മാത്രമല്ല പ്രതിവിധി, മറിച്ച് രോഗിക്ക് സന്തോഷം നിറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതും അവരുടെ രോഗത്തിനെ ഇല്ലാതാക്കും.

 ഡോക്ടർ പറഞ്ഞ മരുന്നെല്ലാം വാങ്ങി ആശുപത്രിയിൽനിന്ന് തിരിച്ചുപോരുന്ന വഴി സമീപത്തെ ഹോട്ടലിൽ കയറി ആഹാരവും കഴിച്ചിട്ടാണ് ഞങ്ങൾ പോന്നത്. 

 രണ്ടുദിവസങ്ങൾക്കു ശേഷം അമ്മയുടെ കുടുംബവീട്ടിലും കുടുംബക്ഷേത്രത്തിലും അമ്മക്ക് ഇഷ്ടപ്പെട്ട മറ്റ് സ്ഥലങ്ങളിലും അമ്മയുമായിട്ട് ഞങ്ങൾ പോയി. അമ്മയുടെ ആ പഴയ  ഉത്സാഹമൊക്കെ  തിരിച്ചു വന്നതുപോലെ ഞങ്ങൾക്ക് തോന്നി. 

 ഇരുപത്  ദിവസങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു. എല്ലാദിവസവും ഒരുപാട് നല്ല അനുഭവങ്ങൾ. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ  വലിയ മെച്ചം കാണാമായിരുന്നു. ഒന്നിച്ചു ചെലവഴിച്ച സമയത്തിന്റെ കരുത്തായി അത് ഞങ്ങൾ മനസ്സിലാക്കി.

 അച്ഛന്റെ ഓർമ്മകൾ ഇപ്പോഴും നൊമ്പരപ്പെടുത്തുന്നുണ്ട്.  പക്ഷേ സ്നേഹത്തോടെ ഒരുമിച്ചിരുന്ന സമയം അത്തരം നഷ്ടങ്ങളുടെ ഭാരം കുറച്ചതുപോലെ തോന്നി. അമ്മയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോൾ ഞാൻ തേങ്ങിപ്പോയി.   തിരിച്ചുള്ള യാത്രാവേളയിൽ എല്ലാ കണ്ണുകളിലും ചെറു കണ്ണുനീർ ഉണ്ടായിരുന്നു. പക്ഷേ അതിൽ ദുഃഖം അല്ല, മറിച്ച്, സ്നേഹത്തിന്റെ ശുദ്ധമായ ഒഴുക്കായിരുന്നു  കണ്ടത്.

ചെന്നൈയിലേക്ക് മടങ്ങിയ യാത്രയിൽ ട്രെയിനിൽ ഇരുന്നു ഞാൻ ചിന്തയിലായിരുന്നു. അമ്മയുടെ മുഖത്തിലെ സന്തോഷം ഓർക്കുമ്പോൾ മനസ്സിൽ ഒരു നിറവുണ്ടായി. അമ്മയുടെ ആരോഗ്യം മെച്ചപ്പെടുന്ന ദൃശ്യം അനുഭവിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഞാൻ കരുതുന്നു.

 ചെന്നൈയിലെ തിരക്കുള്ള ജീവിതവും അമ്മയുടെ അസുഖവും  എന്നിൽ എപ്പോഴും ഒരുതരം ശൂന്യത നിറച്ചിരുന്നു. 

 നാട്ടിലെ  സന്ദർശനവും കുടുംബസംഗമങ്ങളും ഈ ശൂന്യതാ ഭാവത്തെ മാറ്റിയതുപോലെയാണിപ്പോൾ തോന്നുന്നത്. അമ്മയുമായി ചെലവഴിച്ച ഓരോ നിമിഷവും, പെങ്ങൾക്കും അവരുടെ കുടുംബത്തിനുമൊപ്പമുള്ള ചിരിയും സന്തോഷവും മനസിനെ ആഴത്തിൽ സ്പർശിച്ചു.

ഞാൻ ഓർത്തു, ജീവിതത്തിൽ  സ്നേഹത്തിന്റെ കരുത്താണ് ഏറ്റവും വലിയ ഔഷധം. സാമ്പത്തികമായ വിജയങ്ങൾക്കപ്പുറം, കുടുംബബന്ധങ്ങളുടെ മാധുര്യം ആണ് ജീവിതത്തെ കൂടുതൽ സമ്പന്നമാക്കുന്നത്.

ഒരുപക്ഷേ, അമ്മയുടെ ചികിത്സക്കൊപ്പം, ഓരോ സന്ദർശനവും ഒരു പുതുമ നിറക്കാനാണ് ഇനി ശ്രമിക്കുക. അമ്മക്ക് എന്നും ഇഷ്ടമായിരുന്ന ഓണക്കാലത്തിലെ കുടുംബസംഗമം അടുത്ത വർഷം എങ്ങനെയായിരിക്കാം കൂടുതൽ മനോഹരമാക്കുക എന്നതിനെക്കുറിച്ച് ചിന്തിച്ചു എന്റെ മനസ്സ് അകലെ ഓടിത്തുടങ്ങി. കുട്ടികൾക്കൊപ്പം പഴയ  തറവാട് വീട്ടിലേക്കോ? അതോ അമ്മയുടെ ബാല്യകാല ഓർമ്മകൾ നിറഞ്ഞ മറ്റേതെങ്കിലും സ്ഥലത്തിലേക്കോ?

ചെന്നൈയിലെ വീട്ടിൽ മടങ്ങി എത്തിയപ്പോൾ ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. "ഇനി ഒരുപാടു തിരക്കിനിടയിലും, അമ്മയ്ക്കും എന്റെ കുടുംബത്തിനും വേണ്ടി കൂടുതൽ സമയം കണ്ടെത്തും. അവരുടെ സന്തോഷത്തിൽ എന്റെ ജീവിതത്തിന്റെ യഥാർത്ഥ മൂല്യം കാണും."

 അടുത്ത പ്രാവശ്യം പോരുമ്പോൾ അമ്മയെ കൂടി നമുക്കിങ്ങോട്ട്  കൊണ്ടുപോരാം. സുനന്ദ പറഞ്ഞു. എനിക്കും അച്ഛമ്മ ഒരു കൂട്ടാകും. ഗോവിന്ദ്  കൂട്ടിച്ചേർത്തു.

നാളെ ഒരു പുതിയ പ്രഭാതമാണ്. പുതിയ ആശയങ്ങളുമായും ഒരുപാട് സ്നേഹത്തോടുകൂടിയും അത് തുടങ്ങാൻ ഒരുങ്ങുകയാണ് ഞാൻ.

 ഈ യാത്ര കൊണ്ട് ഒരു കാര്യം മനസ്സിലായി.  ജീവിതത്തിൽ എത്ര പ്രയാസം വരികയാണെങ്കിലും സ്നേഹം, കരുതൽ, ബന്ധങ്ങൾ ഇവകൊണ്ട്  എല്ലാം മറികടക്കാം.
.
V C Ajayakumar 
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

​കറുത്ത സൂര്യൻ