നന്മ നിറഞ്ഞവൻ ഗോപൻ

ഗോപൻ രാവിലെ തന്നെ എഴുന്നേറ്റു. ഇന്നെങ്കിലും സമയത്ത്  ഇറങ്ങണം. രാവിലത്തെ കോട്ടയം - എറണാകുളം പാസ്സഞ്ചർ 8.20 ന് വൈക്കം റോഡിൽ വരും. 7.30 നുള്ള ബസ്സിൽ കയറിയാൽ 8.10 ന് റെയിൽവേ സ്റ്റേഷനിൽ എത്തും. ഇന്നലെ ഓഫീസിലേക്ക് പോകാനിറങ്ങിയ സമയത്ത് അയൽവാസിയും സുഹൃത്തുമായ അനീഷ് വേവലാതി പൂണ്ട മുഖവുമായി  വീട്ടിലോട്ട് ഓടിക്കയറി വന്നു. അവന്റെ അമ്മയും ഭാര്യയുമായിട്ട് എന്തോ വഴക്ക്. ആരെങ്കിലും ഇടപെട്ടില്ലെങ്കിൽ പ്രശ്നം കയ്യിൽനിന്ന് പോകുമത്രെ.

ചെന്നപ്പോൾ അവന്റെ അമ്മ ആകെ കലിതുള്ളി നിൽക്കുകയാണ്. മകനും ഭാര്യയും ഇപ്പോൾതന്നെ വീട്ടിൽ നിന്നും ഇറങ്ങണം. അതിൽ കുറഞ്ഞ ഒരു ഡിമാന്റും അവർക്കില്ല. എന്തോ നിസ്സാര കാര്യമാണ്. ഒന്നും രണ്ടും പറഞ്ഞ് അതു വലുതായി പൊട്ടിത്തെറിയിലേക്ക് എത്തി.  അയൽവാസികൾ  അഞ്ചാറു പേർ കാഴ്ചക്കാരായുണ്ട്. 

 അമ്മയോട് ചോദിക്കാം എന്ന് വിചാരിച്ചു അകത്തോട്ട് ചെന്നപ്പോൾ അമ്മ ദേഷ്യം കൊണ്ട് സമനില തെറ്റിയപോലെ നിൽക്കുകയാണ്. ഇപ്പോൾ ഇറങ്ങണം ഇവനും ഇവളും. ഞാൻ മരിച്ചാൽ പോലും ഇവർ വരരുത്. കുറെ കാലമായി ഞാനിത് സഹിക്കുന്നു. 

 എന്താമ്മേ കാര്യം? ഞാൻ ചോദിച്ചു. 

ആഹ്, ഗോപനോ? നിന്റെ കൂട്ടുകാരനും ഭാര്യയും അത്ര ശരിയല്ല. എനിക്ക് മരുന്നു പോലും ശരിയാം വണ്ണം മേടിച്ചു തരില്ല, അറിയാമോ? ഈ വീട്ടിൽ കിടന്നു ഞാൻ കഷ്ടപ്പെടുകയാണ്. മര്യാദക്ക് ആഹാരം പോലുമില്ല. ഇവരുടെ അച്ഛനുണ്ടായിരുന്നപ്പോൾ എങ്ങനെ കഴിഞ്ഞതാ ഈ വീട്.   ഇവർ പോയാൽ   നാട്ടുകാർ എങ്കിലും ഉണ്ടാവും എനിക്ക്. അറിയാല്ലോ?

 കാര്യങ്ങളുടെ പോക്ക് കണ്ടു ഞാൻ വിഷമിച്ചു പോയി. എനിക്കറിയാം അനീഷിനെ. എറണാകുളം പട്ടണത്തിൽ ഏതോ സ്വകാര്യ കമ്പനിയിൽ അത്ര വലിയ ശമ്പളമൊന്നുമില്ലാത്ത ജോലിയാണ്. ഒരാളുടെ ശമ്പളം കൊണ്ടാണ് അവന്റെ മോളുൾപ്പെടെ നാലുപേരുടെ ജീവിതം പോകുന്നത്. അമ്മയുടെ ആശുപത്രിച്ചെലവ് തന്നെ നല്ല പൈസ ആകുന്നുണ്ട്. ഒറ്റ മകനായതുകൊണ്ട് എല്ലാ ചെലവും അനീഷിന് തന്നെ വഹിക്കേണ്ടിവരുന്നു. അനീഷിന്റെ ഭാര്യ ഷീനക്ക്ക്ക്  ചെറിയതോതിൽ  തയ്യൽ പണിയുണ്ട്. വലിയ മെച്ചമൊന്നുമില്ല. ഈ അവസ്ഥയിൽ ഒരു  ഞാണിമ്മേൽ കളിയാണ് അവന്റെ ജീവിതം. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവൻ പെടുന്ന പാട് എനിക്കറിയാം.

 അവിടെ കൂടിയിരുന്ന എല്ലാവരെയും മുറിക്ക്‌ പുറത്തിറക്കി സാവകാശം അനീഷിന്റെ അമ്മയെ ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി. കയ്യിലുണ്ടായിരുന്ന 2000 രൂപ അമ്മയുടെ കയ്യിൽ വച്ചുകൊടുത്തിട്ടു പറഞ്ഞു. അമ്മേ, ഇതിരിക്കട്ടെ, മരുന്നെല്ലാം വാങ്ങിക്കാമല്ലോ. നിറകണ്ണുകളോടെ പൈസ വാങ്ങിച്ചിട്ട് അമ്മ പറഞ്ഞു. എന്തായാലും മരുന്ന് മേടിക്കാനുള്ള പൈസയെങ്കിലും ആയല്ലോ.   

 പുറത്ത് കാത്തിരുന്ന അനീഷിനെ കണ്ടു ഞാൻ പറഞ്ഞു. എടാ, അമ്മക്ക് വയസ്സായതല്ലേ? നീ ഇതൊന്നും കാര്യമാക്കണ്ട. ഞാൻ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്.  കുറച്ചു പൈസയും അമ്മക്ക്  കൊടുത്തിട്ടുണ്ട്.  എനിക്കറിയാം നിന്റെ  കാര്യങ്ങളൊക്കെ.  ഷീന കമ്പ്യൂട്ടർ ഡിപ്ലോമ കഴിഞ്ഞ ആളല്ലേ? ഞങ്ങളുടെ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ  ഒരു ഒഴിവ് വരുന്നുണ്ട്. ഞാൻ വിചാരിച്ചാൽ ഷീനയെ അവിടെ കയറ്റുവാൻ  പറ്റും. തരക്കേടില്ലാത്ത ശമ്പളം കിട്ടും. അവൾക്കും കൂടി ജോലി കിട്ടിയാൽ നിനക്കൊരു സഹായം ആകുമല്ലോ. നീ ഒരു അപേക്ഷ തയ്യാറാക്കി എനിക്ക് തന്നേക്ക്.  വാക്കുകളില്ലാതെ അവൻ എന്നെത്തന്നെ നോക്കി നിന്നു.  

 സമയം നോക്കിയപ്പോൾ 9.30. ഇന്നിനി പോയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കൂട്ടുകാരനെ വിളിച്ചു ലീവാണെന്ന കാര്യവും അത്യാവശ്യം ചെയ്തു തീർക്കേണ്ട ജോലികളും പറഞ്ഞ് ഏൽപ്പിച്ചു.  ഏതായാലും  ഇന്ന് പോകാതിരുന്നത് നന്നായി. വീട്ടിൽ കുറെ നാളായി പെൻഡിംഗ്  കിടന്ന കുറെ പണികളുണ്ട്. എന്തെങ്കിലുമൊക്കെ തീർക്കാം. കുറേ വായനയും ബാക്കി കിടക്കുന്നുണ്ട്. കുറെ നാളുകൾക്ക് മുമ്പ് വായിച്ചിരുന്ന ഒരു പുസ്തകത്തിലെ ഏതാനും വരികൾ എന്റെ മനസ്സിൽ തികട്ടിവന്നു. 

" ഒരു കുടുംബം ഒരുമിച്ച് നിൽക്കുന്നതിന് നിർബന്ധമായും സ്നേഹവും ധൈര്യവും കരുതലും ആവശ്യമാണ്. തർക്കങ്ങൾ ഒടുങ്ങും. എന്നാൽ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഒടുങ്ങരുത്  " എത്ര അർത്ഥശുദ്ധിയുള്ള വാക്കുകൾ. ഇന്നത്തെ ജീവിതത്തിൽ അന്യം നിന്നുപോയ ചിന്തകളാണല്ലോ ഇത്.  ഞാൻ ഓർത്തു. 

മൊത്തത്തിൽ ആ ദിവസം എനിക്ക്  വലിയ വായനയൊന്നും നടന്നില്ല, പക്ഷേ എന്റെ ഇടപെടൽ മൂലം മറ്റൊരാളുടെ ജീവിതത്തിൽ ഇത്തിരിയെങ്കിലും സന്തോഷമുണ്ടാക്കാൻ സാധിച്ചതിന്റെ  തൃപ്തിയുണ്ടായിരുന്നു.

 **********

7.30 ന്റെ ബസ്സിന്‌ സാധാരണയിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 8.30. ഭാഗ്യത്തിന് ട്രെയിൻ 20 മിനുട്ട് ലേറ്റ്. കൂട്ടുകാരൊക്കെ എന്നെ കാത്തിരിക്കുന്നു. എന്താടാ ഗോപാ താമസിച്ചത്? സുനിലിന്റെ ചോദ്യം. ട്രെയിൻ ലേറ്റ് ആയത് നിന്റെ ഭാഗ്യം. 

ഇത് കേട്ടാൽ തോന്നും ട്രെയിൻ ദിവസവും കറക്റ്റ് ടൈമിനാണ് ഓടുന്നതെന്ന്.   പ്ലസ് ടു  തൊട്ടുള്ള സുഹൃത്താണ് സുനിൽ.

 ഏതാണ്ട് 8.50 ആയപ്പോൾ ട്രെയിൻ ദൂരെനിന്ന് നിന്ന് വരുന്നത് കണ്ടു.  പ്ലാറ്റഫോം എത്താറായപ്പോൾ സ്പീഡ് കുറഞ്ഞു. നേരത്തെ കയറിപ്പറ്റാനോ എന്തോ ഒരു യാത്രക്കാരൻ നിന്നുകൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ചു ട്രെയിനിനൊപ്പം  ഓടി. പക്ഷേ സ്റ്റെപ്പ് തെന്നി പ്ലാറ്റ്ഫോമിലേക്ക് കമന്നടിച്ചു വീണു. "അയ്യോ!" എന്നൊരു വിളിയും ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം  ഞാൻ അയാളെ ഷർട്ടിൽ വലിച്ചു പ്ലാറ്റ്‌ഫോമിലേക്കിട്ടു. ഒരു നിമിഷം കൊണ്ട് റെയിൽവേ പോലീസും മറ്റു യാത്രക്കാരും ഓടിക്കൂടി.  വീണുപോയ യാത്രക്കാരന് പക്ഷേ ഒന്നും ഓർമ്മയില്ല. ഷോക്കിൽ ആയിപോയി പാവം.

 ആരൊക്കെയോ പോയി വെള്ളം വാങ്ങി അയാൾക്ക് കൊടുത്തു. കുറച്ച് വെള്ളം കൊണ്ട് മുഖം കഴുകി ബാക്കി കുടിക്കുകയും ചെയ്തപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായത്. എപ്പോഴും ചെയ്യുന്നതാണ് ഈ പരിപാടി. ഇന്ന് ലക്ഷ്യം തെറ്റി. കുട്ടികളുടെ പ്രാർഥനയായിരിക്കാം ഇന്ന് ദൈവം രക്ഷിച്ചു. ഏതായാലും ഇനി ഈ പരിപാടിക്കില്ല. അയാൾ പറഞ്ഞു. എന്റെ നേരെ തിരിഞ്ഞു നന്ദിയോടെ കയ്യിൽ പിടിച്ചു.

എടാ നീ ഇല്ലായിരുന്നെങ്കിൽ ആ പാവം ട്രാക്കിലേക്ക് വീണുപോയേനെ. സുനിൽ പറഞ്ഞു. 

 ഇത്തവണ തിക്കിത്തിരക്കി  കയറേണ്ടി വന്നില്ല. എല്ലാവരും എനിക്ക് വഴി ഒരുക്കിത്തന്നു. ഞാൻ ഒരു ഹീറോയെപ്പോലെ  അകത്തു കയറി.

 ഒന്ന്  നേരെ ചൊവ്വേ  ശ്വാസം വിട്ടിട്ടു  ഞാൻ ചുറ്റും നോക്കി. ഒരു വശത്തു പതിവ് യാത്രക്കാരുടെ ചീട്ടുകളി. എല്ലായ്‌പ്പോഴുംപോലെ  സുനിൽ വിടുവായത്തരം ആരംഭിച്ചു.  "എടാ ഗോപാ, നീ ഇന്ന് ലേറ്റ് ആയിട്ട് വന്നത് നന്നായി. അതുകാരണം അയാളെ രക്ഷിക്കാൻ പറ്റി!" സുനിൽ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

എടാ, ഇന്നത്തെ വൈകലിന് ഒരു കാരണമുണ്ട്.   അതുഞാൻ പിന്നെ പറയാം.  ഞാൻ മറുപടി നൽകി.

ട്രെയിൻ ഇരിക്കുന്നവർക്കും നിൽക്കുന്നവർക്കും ഒരുപോലെ വീർപ്പുമുട്ടലാണ് സമ്മാനിച്ചത്. അത്രയ്ക്ക് തിരക്കായിരുന്നു അകത്ത്.

 പക്ഷേ, ട്രെയിനിൽ ഉള്ള  അന്തരീക്ഷം എന്റെ മനസ്സിനെ തെല്ലും പ്രകോപിപ്പിച്ചില്ല.  ഇന്നലത്തെ  ദിവസം സ്നേഹവും കരുതലും പ്രകടിപ്പിച്ച് തന്റെ മധ്യസ്ഥതയിൽ ഒരു കുടുംബം പ്രശ്നങ്ങളില്ലാതെ നീങ്ങിയതും ഇന്നത്തെ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചതും എന്നെ  സന്തോഷവാനാക്കി.


"ആഹ്, സുനിലേ," ഞാൻ പറഞ്ഞു. "ഇന്നത്തെ കാലത്ത് ബന്ധങ്ങളുടെ വില മനസ്സിലാക്കാതെ ഉള്ള ജീവിതങ്ങളാണ് നാം കൂടുതൽ കണ്ടു കൊണ്ടിരിക്കുന്നത്. എന്തായാലും കുറച്ചെങ്കിലും നല്ലതായ കാര്യങ്ങൾക്ക് സമയം കണ്ടെത്തിയാൽ നമ്മുടെ മനസിന് നല്ലതിനായിരിക്കും."

സുനിൽ ചിരിച്ചു: "ഓ! നീ സുവിശേഷം പറയുവാൻ  തുടങ്ങുകയാണോ?!"

"അങ്ങനെയൊന്നും അല്ല! പക്ഷേ നമ്മൾ മുഖാന്തിരം എന്തെങ്കിലും നല്ലതൊക്കെ ചെയ്യാൻ കഴിയുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് ," ഞാൻ  പറഞ്ഞു.

സുനിൽ ആലോചനാത്മകമായി തല കുലുക്കി.

ട്രെയിൻ എറണാകുളത്ത് എത്തുമ്പോൾ  എന്റെ മനസിൽ ഒരുപാട് തൃപ്തിയും സമാധാനവും നിറഞ്ഞിരുന്നു. ഷീനക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ജോലി ശരിയാക്കി കൊടുക്കണം.  ഞാൻ വിചാരിച്ചാൽ നടക്കും.

നമ്മുടെ ഇടപെടൽ മൂലം മറ്റുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ നമ്മൾ ധന്യരാകും. ഈ ചിന്തയോടെ ഞാൻ മുന്നോട്ടു നീങ്ങി.   


V C Ajayakumar 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

​കറുത്ത സൂര്യൻ