വഴിയറിയാതെ

                    വഴിയറിയാതെ 
                         (ചെറുകഥ )

തിങ്കളാഴ്ച രാവിലെ മുതൽക്കുതന്നെ  രമേശൻ മാഷ് സ്കൂളിന്റെ വരാന്തയിൽ കാത്തുനിൽക്കുന്നതാണ്. ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആണ് രമേശൻ മാഷ്. കുട്ടികൾ സ്കൂളിലേക്ക് ഓടിക്കയറുന്നതും രക്ഷിതാക്കൾ ആശ്വാസത്തോടെ തിരിച്ചു പോകുന്നതും കാണുമ്പോൾ  രമേശൻ മാഷിന് ഒരു ആനന്ദമാണ്. ഇത്  മാഷിന്റെ  കുടുംബ സ്കൂൾ ആണ്. അപ്പനപ്പുപ്പന്മാർ  നടത്തിക്കൊണ്ടിരുന്ന സ്കൂൾ,  തലമുറ തലമുറ കൈമാറി ഇപ്പോൾ തന്റെ ചുമതലയിൽ വന്നിരിക്കുന്നതാണ്. ഇപ്പോൾ പ്ലസ് ടു വരെ വിദ്യാർത്ഥികൾ ഉണ്ട്. ടീച്ചേഴ്സും മിനിസ്റ്റീരിയൽ  സ്റ്റാഫും എല്ലാം കൂടി 40 ഓളം ജീവനക്കാർ ഉണ്ട്.   കഴിഞ്ഞ വെള്ളിയാഴ്ച ഹൈസ്കൂൾ പിള്ളേരെയും കൊണ്ട് കൂർഗിന് പോയ വണ്ടി തിങ്കളാഴ്ച അതിരാവിലെ വന്നു. കുഴപ്പമൊന്നുമില്ലാതെ ടൂർ മംഗളമായി സമാപിച്ചു. ഇനി ഈയാഴ്ച യുപി സ്കൂൾ കുട്ടികളെയും കൊണ്ട് ടൂർ പോകുന്നുണ്ട്. 

 അങ്ങനെ നിൽക്കുമ്പോൾ ആണ് പൗലോസ് മാഷ് വന്ന് ഒരു കാര്യം അറിയിക്കുന്നത്. ഏഴാം ക്ലാസിലെ മനു എന്ന കുട്ടി ഇപ്പോൾ ക്ലാസ്സിൽ അങ്ങനെ വരാറില്ലത്രെ. എനിക്കും മനുവിനെ  നല്ലവണ്ണം അറിയാം. ക്ലാസിൽ ഒന്നാമനായിരുന്നു മനു.  പഠിപ്പിലായാലും സ്പോർട്സിൽ ആയാലും, എല്ലാത്തിനും ഒന്നാമൻ. എന്തുപറ്റി മനുവിന്? ഞാൻ അന്വേഷിച്ചു. അവന്റെ അച്ഛൻ ഒരു പ്രവാസിയാണ്. അമ്മ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി നോക്കുന്നു. ഒരു പെങ്ങളുണ്ട്. ആകെക്കൂടി സന്തുഷ്ട കുടുംബം. സാമ്പത്തികമായി നല്ല ഉന്നതിയിൽ നിൽക്കുന്നു. പക്ഷേ എന്താണെന്ന് അറിയില്ല ആ പയ്യൻ ഈയിടെയായി ഇങ്ങനെയാണ്.  പൗലോസ്  മാഷ് പറഞ്ഞു.   രണ്ടു മൂന്നു മാസമായി മനു ക്ലാസിൽ പലപ്പോഴും വരാറില്ല. പരീക്ഷയ്ക്ക് ആണെങ്കിലും   മാർക്കൊക്കെ വളരെ കുറവാണ്. 

എങ്കിൽ അവന്റെ അമ്മയെ നമുക്കൊന്ന് കാണണമല്ലോ. ഞാൻ പറഞ്ഞു. 

 ഉച്ചയ്ക്ക് ഒരു മൂന്നുമണി സമയത്ത് ഞാനും പൗലോസ് മാഷും കൂടി മനുവിന്റെ വീട്ടിൽ ചെന്നു. കുറച്ചുനേരം കതകിൽ മുട്ടിയിട്ടാണ് അവന്റെ അമ്മ  കതക്  തുറന്നത്. 

ആഹ്! മാഷമ്മാരോ? കയറിയിരിക്ക്. അവന്റെ അമ്മ പറഞ്ഞു. 

മനു എവിടെ? അവൻ ഈയിടെ സ്കൂളിൽ ഒന്നും വരുന്നില്ലല്ലോ? അതാണ് ഞങ്ങൾ തിരക്കി വന്നത്. 

 എന്റെ മാഷേ! മനുവിന്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. മിക്ക സമയവും വീടിന് പുറത്തായിരിക്കും അവൻ. ചോദിച്ചാലോ ഫ്രണ്ട്സിന്റെ അടുക്കൽ ആയിരുന്നെന്നു  പറയും. ഞാൻ സാറിന്റെ അടുക്കലോട്ട് വരാനിരിക്കുകയായിരുന്നു. അവനെ ഒന്ന് ഉപദേശിക്കണം. അവന്റെ സ്വഭാവത്തിൽ ഈയിടെയായി  വളരെ അധികം മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. പറഞ്ഞാലൊന്നും ഒരു അനുസരണയും ഇല്ല. ഞാൻ പറഞ്ഞാലൊന്നും കേൾക്കുകയില്ല. അവന്റെ അച്ഛനോട് പറഞ്ഞിട്ടും രക്ഷയില്ല. പുള്ളിക്കാരൻ അവിടുന്ന് വിളിച്ചിട്ട് എന്ത് പറയാനാണ്? ഞങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം അവിടെ ജീവിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് ഒരു സ്വസ്ഥത ഇവനായിട്ട് കൊടുക്കുന്നില്ല.

 അവൻ എവിടെയാണ് ഇപ്പോൾ ഉള്ളത്? വല്ലതും അറിയാമോ? ഞാൻ അന്വേഷിച്ചു. വീടിനടുത്തുള്ള ഒരു പഴയ ഫാക്ടറിപ്പറമ്പിൽ ആണ് എപ്പോഴും കൂട്ടുകാരുമൊത്തുള്ള സഹവാസം. അമ്മ പറഞ്ഞു.

 അമ്മ പറഞ്ഞപ്രകാരം ഫാക്ടറിപ്പറമ്പിലേക്ക് ഞങ്ങൾ നടന്നു. അവിടുന്ന്  അര കിലോമീറ്റർ കാണും അങ്ങോട്ടേക്ക്. അവിടെ ചെന്നപ്പോൾ ടാർവീപ്പകളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു പ്രദേശം. അങ്ങോട്ടേക്കൊന്നും ആൾക്കാർ  ചെല്ലുകയില്ല. ഞങ്ങൾ ചെല്ലുമ്പോൾ കാണുന്നത് പാതിയടഞ്ഞ മിഴികളോടെ അവിടെ കൂട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങളുടെ മുകളിൽ ചാരി ഇരിക്കുന്ന  മനുവിനെയാണ്. അവനുചുറ്റും നാലു കൂട്ടുകാരും ഉണ്ട്.  എല്ലാവരുടെയും കണ്ണുകളിൽ ലഹരി ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ.  

 ഞങ്ങളെ കണ്ടപാടെ കൂട്ടുകാരൊക്കെ ചിതറി ഓടി. മനു മാത്രം ഓടാനാകാതെ ഞങ്ങളെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു. 

 മനൂ! ഞാൻ വിളിച്ചു. അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി വീണ്ടും തലതാഴ്ത്തി ഇരുന്നു. ഇതെന്തൊരു കോലം. ഞാൻ വിചാരിച്ചു. തലമുടിയൊക്കെ അലങ്കോലമായി, രണ്ടുമൂന്നു ദിവസമായി കുളിച്ചിട്ടില്ലാത്ത ഒരു പ്രാകൃത രൂപം. 

 അപ്പോഴേക്കും അവന്റെ അമ്മയും വന്നു. കണ്ടോ മാഷേ അവന്റെ കോലം. കുളിയുമില്ല ആഹാരവുമില്ല. ഞാൻ ഇവന്റെ അച്ഛനോട് എന്താണ് പറയേണ്ടത്? അങ്ങേര് മണലാരണ്യത്തിൽ കിടന്ന് കഷ്ടപ്പെടുന്നത് ഇവർക്ക് വേണ്ടിയാണ്. 

 "മാഷേ,  ഞങ്ങളുടെ മകനെ നല്ലവനായി തിരികെ കൊണ്ടുവരണം.  അവനെ രക്ഷിക്കണം!" അവർ നിറകണ്ണുകളോടെ കൈകൾ കൂപ്പി പറഞ്ഞു 

ഞാൻ അവനോട് പറഞ്ഞു. "മനു, നീ എന്ത് ചെയ്യണം എന്ന തീരുമാനം നിന്റെ കൈകളിലാണ്. ലഹരിയുടെ പിടിയിൽ നിന്ന്  രക്ഷപെടണമെങ്കിൽ ആദ്യം നീ തന്നെ വിചാരിക്കണം". നീയൊരു  നല്ല ഭാവിയുള്ള കൊച്ചാണ്. ക്ലാസിലൊക്കെ ഒന്നാമനായിരുന്നു. നീ പഠിച്ച് നല്ലൊരു ജോലിയൊക്കെ കിട്ടിയിട്ട് വേണം നിന്റെ അച്ഛനൊരു വിശ്രമ ജീവിതം കിട്ടാൻ.  നീ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു നിനക്കൊരു ഡോക്ടർ ആയിട്ട് വേണം പാവപ്പെട്ട രോഗികളെ ഒക്കെ സൗജന്യമായിട്ട്  ചികിത്സിക്കാൻ എന്ന്. മനൂ,  വഴിതെറ്റിപ്പോകാൻ നമുക്ക് എളുപ്പമാണ്. പക്ഷേ അവിടെനിന്ന് കരകയറാൻ നമുക്ക് ആരുടെയെങ്കിലുമൊക്കെ സഹായം ആവശ്യമാണ്. നീ എവിടെയാണ് വന്ന് പെട്ടിരിക്കുന്നതെന്ന് നിനക്ക് അറിയാമോ? മയക്കുമരുന്നെന്ന ചിലന്തിവലയ്ക്കുള്ളിൽ. അതിൽനിന്ന് നീ രക്ഷപ്പെടണം. അതിന് ഞാൻ നിന്നെ സഹായിക്കാം.

 അവന്റെ കണ്ണുകൾ ഈറനാകുന്നുണ്ടായിരുന്നു. അവന്റെ തല കുനിഞ്ഞു. കൈകൾ കൂപ്പി  എന്നോട് പറഞ്ഞു. മാഷേ, അറിയാതെ ചെയ്തുപോയ അബദ്ധമാണ്. സ്കൂളിലെ കൂട്ടുകാർ പറഞ്ഞപ്പോൾ അറിയാതെ ആ വലയിൽ ഞാനും പെട്ടുപോയി. ചെറിയ സുഖത്തിനുവേണ്ടി തുടങ്ങിവെച്ചതാണ്.  മയക്കുമരുന്നു ഉപയോഗം തെറ്റാണെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ഇതിൽ നിന്ന്  പുറത്തു കടക്കാൻ ആകുന്നില്ല. എനിക്ക് പുറത്തുവരണം മാഷേ. എന്റെ അമ്മയുടെ കണ്ണുനീർ എനിക്ക് കാണാൻ വയ്യ. ഞാൻ  എന്താണ് ചെയ്യേണ്ടത്?

മനുവിനോട് മാഷ് വിശദമായി ലഹരിയുടെ ദോഷങ്ങൾ വിവരിച്ചു. ശാരീരികവും മാനസികവുമായ തലങ്ങളിൽ എന്തെല്ലാം പ്രശ്നങ്ങൾ വരാം എന്നും, മുകളിലേക്ക് ഉയരാനുള്ള ഓരോ അവസരവും ലഹരി തകർക്കുമെന്നും മനുവിനോട് പറഞ്ഞു.

 മനൂ, എനിക്കറിയാവുന്ന ഒരു ഡോക്ടർ ഉണ്ട്. എന്റെ കൂട്ടുകാരന്റെ മോനാണ്. നമുക്ക് അദ്ദേഹവുമായൊന്നു സംസാരിക്കാം. 

 ഡോക്ടറുടെ അടുത്ത് മൂന്ന് നാല് സിറ്റിംഗ് വേണ്ടിവന്നു. ഡോക്ടറുടെ  ഉപദേശവും  വീട്ടുകാരുടെ സ്‌നേഹവും ഒപ്പം കൃത്യമായ ചികിൽസയും കൊണ്ട് മനുവിൽ മാറ്റം വന്നുതുടങ്ങി. പഴയ ചെറുപ്പവും പ്രതീക്ഷകളും അവനിൽ  തിരികെയെത്തി. 

 മനു പറഞ്ഞതിൻ പ്രകാരം ക്ലാസിലെ അവന്റെ കൂട്ടുകാരായ നാലു കുട്ടികളെ ഞാൻ റൂമിലേക്ക് വിളിപ്പിച്ചു. പൗലോസ് മാഷിനെ തന്നെ കൂട്ടി അവരെ ഡോക്ടറുടെ അടുത്തു അയക്കലാണ് ഞാൻ ആദ്യം ചെയ്ത പണി.  കുട്ടികളാണ്, എളുപ്പം ഭേദമാക്കാവുന്നതേയുള്ളൂ. ഡോക്ടർ പറഞ്ഞു. 

ലഹരി ഒരു മധുരപാനീയമെന്നു തോന്നിപ്പിച്ചാലും അതിന്റെ ഒടുക്കം വലിയ വേദനയും വിനാശവുമാണ്. നമ്മളെ കാത്തിരിക്കുന്ന തകർച്ചയിലേക്ക് പോവാതെ പെട്ടെന്ന് തിരിച്ചറിയാനും തിരിച്ചു പോവാനും കഴിയുന്നവരാണ് ജയിക്കുന്നവർ.


V C Ajayakumar 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ