റീ യൂണിയൻ 2024
റീ യൂണിയൻ 2024
വൈക്കം ആശ്രമം ഹൈസ്കൂളിന്റെ വിശാലമായ കോമ്പൗണ്ടിൽ ഒരു ഞായറാഴ്ച വീണ്ടും കുട്ടികളുടെ കോലാഹലമുണർന്നു. പക്ഷേ, ഇത്തവണ ഒരു വ്യത്യാസമുണ്ട്. ഈ കുട്ടികൾക്ക് ഇപ്പോൾ തലയിലൊക്കെ വെള്ളി പടരാൻ തുടങ്ങിയിരിക്കുന്നു. ചിലരുടെ തലനിറയെ പൂർണ്ണ ചന്ദ്രൻ ഉദിച്ചിരിക്കുന്നു. അന്ന് ഓടിനടന്ന് കളിച്ചിരുന്നവർ ഇന്ന് ഓടിനടന്ന് വർത്തമാനം പറയുന്നു. അവർക്ക് യൂണിഫോമിനു പകരം പല പല വേഷങ്ങൾ. ചിലർ കാറിൽ വന്നവർ. ചിലരാകട്ടെ മോട്ടോർ സൈക്കിളിലും. കാൽനടയിൽ വന്നവരും കുറച്ചുപേർ. ജീവിതത്തിന്റെ കാറ്റിൽ ചോർന്നുപോയ ആ പഴയ സുന്ദര നാളുകൾ വീണ്ടും ഒരു പ്രതീക്ഷ പോലെ തിരിച്ചു വരികയായിരുന്നു.
ഹാളിൽ ഒത്തുകൂടിയ പഴയ എസ്.എസ്.എൽ.സി. ബാച്ചുകാരുടെ മുഖങ്ങളിൽ നിറഞ്ഞിരുന്നത് ഒരേ തരത്തിലുള്ള ആശങ്കയായിരുന്നു—47 വർഷത്തിനുശേഷം കാണുമ്പോൾ പഴയ സൗഹൃദങ്ങൾ അതേ ചൂടോടെ ഉണ്ടാകുമോ എന്നുള്ളത്. തങ്ങളെ തിരിച്ചറിയുമോ എന്ന ആശങ്ക ഉള്ളവരും ഇല്ലാതില്ല. ചിലർ നാട്ടിലില്ല, ചിലർ പ്രിയപ്പെട്ടവരെ വിട്ടുപോയവരും. പക്ഷേ, ഈ നിമിഷം ഒരുമിച്ചിരിക്കുമ്പോൾ എല്ലാവരും ആ പഴയ സ്കൂൾ കുട്ടികളായി.
ഏറെ നാളായുള്ള ആശയായിരുന്നു ഇങ്ങനെയൊരു ഒത്തുചേരൽ. ഏതാനും പേരുടെ ഏറെ നാളത്തെ അധ്വാനമാണ് ഇതിന് പിന്നിൽ. 1976-77 ബാച്ചുകാരുടെ കൂടിച്ചേരൽ ആണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും അവസാനമായപ്പോൾ 1974-75 മുതൽ മൂന്നുവർഷക്കാരുടെതായി. ഏതാണ്ട് ഒരു ഭഗീരതപ്രയത്നം തന്നെ വേണ്ടിവന്നു എല്ലാവരെയും ഒരുമിപ്പിക്കാൻ.
പ്രസന്നകുമാറിന്റെ നേതൃത്വം എടുത്തുപറയേണ്ട ഒന്നാണ്. അതോടൊപ്പം ഒരു കൂട്ടം സഹപാഠികൾ എന്തിനും തയ്യാറായി കൂടെനിന്നു. സ്കൂളിൽ പോയി ഈ വർഷങ്ങളിലെ അറ്റെൻഡൻസ് രജിസ്റ്റർ തപ്പിയെടുക്കുക എന്നത് ശ്രമകരമായ ജോലി തന്നെയായിരുന്നു. അതിനുശേഷം അന്നത്തെ കുട്ടികളെ കണ്ടുപിടിച്ചെടുക്കുക അതിലും ദുഷ്കരമായ ജോലി. ഏകദേശം 150 ഓളം ആൾക്കാരെ തേടിപ്പിടിച്ചു എന്നത് ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു. ഇതിനൊക്കെ പ്രസന്നകുമാറിനെ സഹായിക്കാൻ അവർ ഒറ്റക്കെട്ടായി നിന്നു.
അതുപോലെതന്നെ ആ വർഷങ്ങളിലെ ടീച്ചേഴ്സിനെ തേടിപ്പിടിക്കുന്നതും ബുദ്ധിമുട്ടേറിയ ഒരു ദൗത്യം തന്നെയായിരുന്നു. പലരും പല ദേശങ്ങളിൽ സെറ്റിൽ ചെയ്തിരിക്കുന്നു. മിക്കവരും പ്രായമായതിന്റെ ആസ്കിതകൾ പേറുന്നവരായിരുന്നു. എങ്കിലും ഏതാണ്ടെല്ലാവരും തന്നെ റീ യൂണിയന് എത്താമെന്ന് സമ്മതിച്ചു..
2024 സെപ്റ്റംബർ 16 ന് റീ യൂണിയൻ നടത്താമെന്ന് തീരുമാനമായി. സ്റ്റേജ് ഒരുക്കലും മറ്റു മുന്നൊരുക്കങ്ങളും ഉഷാറായി നടന്നു.
പതിനാറാം തിയതി ഏതാണ്ട് എല്ലാവരും നേത്തേതന്നെ എത്തി. വന്നപാടെ കുറേ പേർ പഴയ ക്ലാസ്മുറികളും ഓഫീസ്മുറികളും എല്ലാം നോക്കിക്കണ്ടു. പണ്ട് ഓടിനടന്ന് കളിച്ച ഗ്രൗണ്ടും കോൽ ഐസ്ക്രീം നുണഞ്ഞു രസിച്ചിരുന്ന മരത്തണലും വെള്ളം കോരിക്കുടിച്ച അന്നത്തെ കിണറും എല്ലാം കണ്ടപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം പറയാവുന്നതല്ല. അന്ന് ഭയത്തോടെ കണ്ടിരുന്ന ടീച്ചേഴ്സിന്‍റെ മുഖത്ത് ഇന്ന് വല്ലാത്തൊരു ലാളിത്യം. ടീച്ചർമാരും കുറേ കുട്ടികളെ ഓർത്തെടുക്കാൻ ശ്രമിച്ചു. അന്ന് ഉണ്ടായിരുന്ന താന്തോന്നികളായ ചില കുട്ടികളൊക്കെ ഇന്ന് പക്വതയാർന്നവരായിരിക്കുന്നു. ദൂരെ തലകുനിച്ചിരുന്ന ആളെ നോക്കി അധ്യാപകൻ ചോദിച്ചു.
"എടാ, നീ ആ പഴയ ചന്ദ്രൻ അല്ലേ?"
" അതേ സാർ" ചന്ദ്രൻ എഴുന്നേറ്റുനിന്ന് പറഞ്ഞു.
ഓ! ഇവനെപ്പോലെ എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കുട്ടി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
ആകട്ടെ! നീ ഇപ്പോൾ എന്തെടുക്കുന്നു?
ഞാൻ ആർമിയിൽ ക്യാപ്റ്റനായി റിട്ടയർ ചെയ്തു സാർ. ചന്ദ്രൻ പറഞ്ഞു.
അതു കൊള്ളാമല്ലോ. അച്ചടക്കം എന്തെന്ന് അറിയാഞ്ഞ നീ അതിന്റെ പാരമ്യതയിൽ നിൽക്കേണ്ട ഇന്ത്യൻ ആർമിയിൽ തന്നെ ചേർന്നല്ലോ.
ചന്ദ്രൻ വിനയാന്വിതനായി നിന്നു. അങ്ങയുടെ അനുഗ്രഹമാണ് സാർ. വേണ്ടുന്ന സമയത്ത് അങ്ങ് നൽകിയ ഉപദേശവും ശിക്ഷയും എന്നെ ഇതിനൊക്കെ പ്രാപ്തനാക്കി.
കുട്ടികളെപ്പോലെ തന്നെ സന്തോഷം പങ്കിട്ടവരായിരുന്നു അവിടെ വന്നുചേർന്ന അധ്യാപകരും. റിട്ടയർ ചെയ്തിട്ട് കുറെ കാലമായവരും ഈയിടെ റിട്ടയർ ചെയ്തവരും ആയ അധ്യാപകർക്കും ഒരു റീയൂണിയൻ അനുഭവമായി ഇത്.
വൈകാതെ ശ്രീ വൈക്കം മുരളിയുടെ അധ്യക്ഷതയിൽ മീറ്റിംഗ് ആരംഭിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ബിജി ടീച്ചർ തന്നെ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കൂട്ടത്തിൽ നിന്നും അകാലത്തിൽ വിട്ടുപോയവർക്കും ടീച്ചർ അനുശോചനം രേഖപ്പെടുത്തി.
മീറ്റിംഗിൽ പങ്കെടുത്ത എല്ലാ അധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
എല്ലാ അധ്യാപകരും അവരവരുടെ ഓർമ്മകൾ അയവിറക്കി കുറെ നേരം സംസാരിച്ചു. റീ യൂണിയൻ ഇതിനുമുമ്പേ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഒരു കൂട്ടായ്മ ഈ സ്കൂളിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടാണത്രേ. കുട്ടികളിൽ ചിലർ അവരുടെ കഥകൾ പറഞ്ഞും പാട്ട് പാടിയും ഈ മീറ്റിംഗ് അവിസ്മരണീയമാക്കി. കൂട്ടത്തിൽ പ്രദീപ് മാളവിക, അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്ന നാടകത്തിന്റെ കുറച്ച് ഡയലോഗുകൾ ഹൃദയഹാരിയായി അവതരിപ്പിച്ചു. കൂടാതെ രാഷ്ട്രപതിയുടെ മെഡലിനർഹനായ P D അശോക് കുമാർ എന്ന റിട്ടയേർഡ് സൈനികനേയും ആദരിച്ചു.
മീറ്റിങ്ങിനുശേഷം വിഭവസമൃദ്ധമായ സദ്യയിൽ എല്ലാവരും പങ്കുകൊണ്ടു. അധ്യാപകരുമൊത്തുള്ള തമാശയും ആഹാരം പങ്കിടലും ഒരു അനുഭവം തന്നെയായിരുന്നു. ഉച്ചയ്ക്കുശേഷം കലാപരിപാടികൾ കൊണ്ട് സമ്പന്നമായി ഈ കൂടിച്ചേരൽ.
ജീവിതമാകുന്ന അനന്തസാഗരം വിജയകരമായി നീന്തിക്കടന്നവരാണ് നിങ്ങൾ. ഒരു അധ്യാപകൻ പറഞ്ഞു. നിങ്ങൾ ജീവിതത്തിന്റെ ഉന്നതങ്ങളിൽ എത്തി, മക്കളും കൊച്ചുമക്കളുമായി. നിങ്ങൾക്ക് ഞാൻ ഇനി എന്തു പറഞ്ഞു തരുവാൻ ആണുള്ളത്? സംസാരത്തിനിടയിൽ അദ്ദേഹം ചോദിച്ചു.
ആവേശത്തോടെ ഞങ്ങൾ പറഞ്ഞു. "സാറേ, ഞങ്ങൾ എല്ലാം എഴുതി കഴിഞ്ഞ പുസ്തകങ്ങളാണ്. പക്ഷേ, അക്ഷരങ്ങളുടെ പരസ്പരബന്ധം എവിടെയും വിട്ടുപോയിട്ടില്ല."
" നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മൂന്നുപേർ ഇപ്പോൾ ഇല്ലല്ലോ...". കൂട്ടത്തിൽ ആരോ വിഷമത്തോടെ പറഞ്ഞു. ഒരു നിമിഷം എല്ലാവരും മൗനമായി.
ഒരു നിശ്ശബ്ദത. കാറ്റ് കടന്നുപോയി. അകലെ പറക്കുന്ന പറവകൾ ആകാശത്തിലേക്ക് ഉയർന്നു. "അവർ ഈ കൂട്ടത്തിൽ തന്നെ ഉണ്ടാവും, നമ്മുടെ ഓർമ്മകളിൽ..."
പഴയ കഥകളും ഓർമകളും. ഓടിക്കളിച്ചിരുന്ന കളിസ്ഥലങ്ങൾ, മാഷന്മാരുടെ ശാസന, പഠിച്ച കവിതകളുടെ വരികൾ. ജീവിതം ഓരോരുത്തരെയും എവിടെയൊക്കെയോ കൊണ്ടുപോയെങ്കിലും ഈ നിമിഷത്തിൽ എല്ലാവരും ഒരേ വഴിയിൽ.
പിരിയുന്ന സമയം പ്രധാനാധ്യാപിക ചോദിച്ചു " ഇനി എല്ലാവർഷവും നമ്മൾ കൂടുകയില്ലേ?"
എല്ലാവരുടെയും ആരവം മുഴങ്ങി. "ഉറപ്പാണ് മിസ്സേ!"
വെളിച്ചത്തിന്റെ വഴികൾ ചേർന്നു പൊരുത്തപ്പെട്ട ഒരു അഹ്ലാദവേളയിൽ എല്ലാവരും വീണ്ടും ആ പഴയ സ്കൂൾ കുട്ടികളായി.
V C Ajayakumar
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ