മുന്നൊരുക്കം





എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ആരംഭം ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഇവിടെ. 1981ൽ ബികോം സെക്കൻഡ് ഇയറിന് കുറവിലങ്ങാട് ദേവമാതാ കോളജിൽ പഠിക്കുമ്പോൾ  ന്യൂസ് പേപ്പറിൽ വന്ന  "സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ക്ലർക്ക് ഗ്രേഡ് എക്സാമിനേഷൻ നടത്തുന്നു" എന്ന വാർത്ത എന്റെ ജീവിതത്തിന്റെ വഴിത്തിരിവായി. 

 വീട്ടിൽ നിന്ന് സൈക്കിൾ എടുത്ത് വൈക്കം ടൗണിൽ പോയി പോസ്റ്റ് ഓഫീസിൽ നിന്ന് ആപ്ലിക്കേഷനും 12 രൂപയുടെ പോസ്റ്റൽ ഓർഡറും വാങ്ങി ഞാൻ തിരിച്ചെത്തി. ആപ്ലിക്കേഷൻ പൂരിപ്പിക്കാൻ അറിയില്ല. വീട്ടിൽ ആരോടും ചോദിക്കാനും ഇല്ല. പിന്നെ ധൈര്യം സംഭരിച്ച് ആപ്ലിക്കേഷൻ പൂരിപ്പിച്ചു  അന്ന് തന്നെ പോസ്റ്റ് ഓഫീസിൽ ചെന്ന് പോസ്റ്റ് ചെയ്തു. 

 ആദ്യത്തെ ആപ്ലിക്കേഷൻ ആയതുകൊണ്ട് ഇതിന്റെ രീതികൾ ഒന്നും വശമില്ലായിരുന്നു. പതിവുപോലെ കോളേജിൽ ദിവസവും പോയി വന്നുകൊണ്ടിരുന്നു. 

 അങ്ങനെയിരിക്കെ ഒരു ദിവസം എഴുത്ത് പരീക്ഷയുടെ കോൾ ലെറ്റർ വന്നു. രാവിലെയും ഉച്ചകഴിഞ്ഞും ആണ്  പരീക്ഷ. ഒന്നുമറിയാത്തതുകൊണ്ട്  പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നുമില്ല. പഠിക്കുവാൻ ആയിട്ട് പുസ്തകവും ഒന്നുമില്ല. ആകപ്പാടെ ചെയ്യുന്നത് എല്ലാദിവസവും ന്യൂസ് പേപ്പർ വായിക്കുമായിരുന്നു എന്നതാണ്.  

 പരീക്ഷ ദിവസം അമ്മ ചോറ് പൊതിയൊക്കെ കെട്ടി തന്നു വിട്ടു. വൈക്കത്ത് ബസ്റ്റാൻഡിൽ വന്നപ്പോൾ ജനസമുദ്രം. വല്ലപ്പോഴും ഒരു ബസ് വന്നാൽ തന്നെ അതിനകത്ത് കയറാൻ പറ്റാത്തത്ര തിരക്ക്. കൂടുതൽ നേരം കാത്തുനിൽക്കാനും വയ്യല്ലോ? പരീക്ഷയ്ക്ക് സമയത്തിന് എത്തേണ്ടതല്ലേ? അടുത്ത ബസ്സിന് തന്നെ   കയറാമെന്ന് ഉറപ്പിച്ചു നിന്നു. 

അഞ്ചു മിനിട്ടുകഴിഞ്ഞു. അതാ ഒരു ട്രാൻസ്‌പോർട് ബസ് വരുന്നു. നോക്കിയപ്പോൾ ബസ്  ഫുൾ. കാത്തുനിന്നാൽ വേറേ ബസ്സുമില്ല. ഇടിച്ചുകയറാൻ നോക്കിയിട്ട് രക്ഷയുമില്ല. പിന്നെ ഒട്ടും അമാന്തിച്ചില്ല. ബസ്സിന്റെ ഫുട്ബോർഡിൽ പിടിച്ചു കയറി. നോക്കിയപ്പോൾ അഞ്ചാറുപേർ പുറകേ ഫുട്ബോർഡിൽ കയറുന്നുണ്ട്.  പൂത്തോട്ടയായപ്പോൾ ബസ് നിർത്തി. ഫുട്ബോർഡിൽ തൂങ്ങിയവരെയെല്ലാം ബസ്സിനകത്തു കയറ്റി യാത്ര തുടർന്നു.

ബസ് എറണാകുളത്തെത്തി. മഹാരാജാസ് കോളേജിൽ ആയിരുന്നു പരീക്ഷ. ഫസ്റ്റ്  പേപ്പർ കഴിഞ്ഞു. ഒന്നുമറിയാത്തതുകൊണ്ട് പ്രത്യേകിച്ച്   ടെൻഷൻ ഒന്നുമുണ്ടായില്ല. രണ്ടുമണിക്കാണ് അടുത്ത പരീക്ഷ. അമ്മ പൊതിഞ്ഞു കെട്ടിത്തന്ന ചോറ് കയ്യിലുണ്ട്.  അത് എവിടെയെങ്കിലും ഹോട്ടലിൽ കയറിയിരുന്ന്  കഴിക്കാമെന്ന് വച്ചു നോക്കിയിട്ട് ഒരു ഹോട്ടലുകാരും സമ്മതിക്കുന്നില്ല. (ചോറ് പൊതി അവിടെ എവിടെയെങ്കിലും ഇരുന്ന് കഴിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ അത്രയ്ക്ക്  ബുദ്ധി ഒന്നും തലയിലേക്ക് വന്നില്ല).  വലിയ തിരക്കാണ് എല്ലാ ഹോട്ടലിലും. അവസാനം കയ്യിലിരുന്ന ചോറ് പൊതി ഒരിടത്തുകൊണ്ടുവച്ചു അടുത്തുള്ള ഹോട്ടലിൽ കയറി  ഭക്ഷണവും കഴിച്ച് രണ്ടു മണിക്കുള്ള പരീക്ഷയ്ക്ക് കയറി. മൂന്നരയായപ്പോൾ എഴുതി തീർത്ത് പരീക്ഷ ഹാളിന്റെ പുറത്തിറങ്ങി. 

 പിറ്റേദിവസം തൊട്ട് സാധാരണപോലെ കോളേജിൽ പോക്കുതുടങ്ങി.രണ്ടു മൂന്നു മാസം കഴിഞ്ഞുകാണും. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ വന്നപ്പോൾ SSC യുടെ ഒരു കവർ എന്റെ മേശമേൽ ഇരിക്കുന്നു.  തുറന്ന്  നോക്കിയപ്പോൾ വിശ്വസിക്കാനാവാത്ത വിധം ഷോക്കായി പോയി. എഴുത്ത്  പരീക്ഷയ്ക്ക് സെലക്ഷൻ.

 ഇനി ടൈപ്പ് റൈറ്റിംഗ്  പരീക്ഷയ്ക്ക് ചെല്ലണം.  അത് വിഷയമുള്ള കാര്യമല്ല. കാരണം ഞാനപ്പോൾ ടൈപ്പ് റൈറ്റിംഗ് ഹയർ പാസായതാണ്. 

 എറണാകുളത്ത് വന്ന്  ഒരു ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റ്യൂട്ടിൽ പൈസ കൊടുത്ത് ടൈപ്പ് റൈറ്റർ ബുക്ക് ചെയ്തു. പരീക്ഷയുടെ അന്ന്  ഹാളിൽ ചെന്നപ്പോൾ അന്തരീക്ഷത്തിന് ആകെ ഒരു വൈബ്രേഷൻ. എല്ലാവരും തകൃതിയായി പ്രാക്ടീസ് ചെയ്യുകയാണ്. ഞാനും എന്റെ മെഷീനിൽ പ്രാക്ടീസ് ചെയ്യുവാൻ നോക്കി. ദൈവമേ! ഒന്നും ശരിയാകുന്നില്ലല്ലോ. ആകപ്പാടെ  ഒരു വിറയൽ. രണ്ടുനിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു. ഒരു തീരുമാനം എടുത്തു. പ്രാക്ടീസ് ഒന്നും ചെയ്യേണ്ട. വെറുതെ കണ്ണടച്ച് റിലാക്സ് ചെയ്ത് ഇരിക്കാം. 

 പരീക്ഷ തുടങ്ങുന്നതിനുള്ള മണി മുഴങ്ങി.  ഒരറ്റത്ത് നിന്ന് നല്ല ശക്തമായ മഴ ചീറ്റി അടിക്കുന്നതുപോലെ  ഒരു ഇരമ്പൽ ശബ്ദം. എന്റെ അടുത്തിരുന്ന പെൺകുട്ടി തലകറങ്ങി ടേബിളിലേക്ക് തലകുത്തി.   ഇൻവിജിലേറ്റർ ഓടിയെത്തി മുഖത്ത് വെള്ളം തളിച്ച് എഴുന്നേൽപ്പിച്ചു. ഇതിലൊന്നും  കുലുങ്ങാതെ ഞാൻ എന്റെ പണി ആരംഭിച്ചു. തന്ന മാറ്റർ മുഴുവൻ അടിച്ചു. നോക്കിയപ്പോൾ സമയം ബാക്കിയുണ്ട്. വീണ്ടും അടിച്ചേക്കാം എന്ന് വിചാരിച്ചു  തുടങ്ങി. ഏകദേശം മുക്കാൽ ഭാഗം  ആയപ്പോൾ മണിമുഴങ്ങി. ഒറ്റ തെറ്റ് മാത്രം. ഇത് കിട്ടിയത് തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു. 

 മാസങ്ങൾ കൊഴിഞ്ഞു പോയി. ഒരു ദിവസം കോളേജിൽ നിന്ന് വന്നപ്പോൾ വീണ്ടും  ഒരു കവർ അമ്മ കൊണ്ടുവന്നു തന്നു. പൊട്ടിച്ചുനോക്കി. വായിക്കാൻ ശ്രമിച്ചിട്ട് ടെൻഷൻ കാരണം ഒന്നും മനസ്സിലാകുന്നില്ല. തൊട്ടടുത്ത്  ഒരു സ്കൂൾ ഉണ്ട്. അങ്ങോട്ട്‌ ഒറ്റ ഓട്ടം. അവിടുത്തെ ഹെഡ്മാസ്റ്റർ സ്കൂൾ അഡ്മിഷൻ സമയമാകുമ്പോൾ സഹായിക്കുവാൻ എന്നെ വിളിക്കാറുള്ളതാണ്. അദ്ദേഹത്തെ  കാണിച്ചു. സാറാണ് പറഞ്ഞത് "എടാ, നിനക്ക് കസ്റ്റoസിൽ ജോലി കിട്ടി ". ഇത് പറഞ്ഞതും എന്റെ കിളി പോയി. ദൈവമേ! അറിയാതെ അല്പം ഉറക്കെ  വിളിച്ചു പോയി. ഉന്നമില്ലാത്ത ആൾ ഒരു കല്ലെടുത്ത് വെറുതെ മുകളിലേക്ക് എറിഞ്ഞപ്പോൾ മാങ്ങ കുലയോടെ കിട്ടുന്നത്പോലത്തെ ഒരു ഫീൽ. നാല് സെറ്റ് വെരിഫിക്കേഷൻ ഫോംസ് ഫിൽ  ചെയ്യണം, രണ്ട് സ്വഭാവ  സർട്ടിഫിക്കറ്റ് വാങ്ങിക്കണം, കൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. ഇതെല്ലാം ഇന്നുതന്നെ ചെയ്യണം. സാർ പറഞ്ഞു.  സൈക്കിളെടുത്ത് വിട്ടു. മെഡിക്കൽ സർട്ടിഫിക്കറ്റ് തന്നിട്ട് ഡോക്ടർ പറയുകയാണ് ഇതും കൊണ്ട് പാലായിൽ ഹോസ്പിറ്റലിൽ വരണം. അവിടെയാണ് സീൽ ഉള്ളത്. തിങ്കളാഴ്ച പാലയിൽ പോയി സീലും  വെപ്പിച്ചു നേരെ എറണാകുളത്തിന്. ചോദിച്ചുപിടിച്ച് നേരെ കേറി ചെന്നത് ബ്രോഡ് വേ സെൻട്രൽ എക്സൈസ് ആൻഡ്‌ കസ്റ്റoസ്  ഓഫീസിൽ. സ്റ്റെയർകെയ്സ് കേറി ഒരു കണക്കിന് മുകളിൽ എത്തിയപ്പോൾ അവർ പറയുന്നു ഇത് ഐലൻഡിൽ കൊണ്ട് കൊടുക്കണം. ഇപ്പോൾ പോയാൽ  ജെട്ടിയിൽ നിന്ന്  ഒരു ബോട്ട് ഉണ്ട്. അവിടുന്ന് ഇറങ്ങി ഓടി ജെട്ടിയിൽ വന്നു. ബോട്ടിൽ കയറി ഒരു കണക്കിന് കസ്റ്റംസിൽ ഫോംസ്  എല്ലാം കൊടുത്തു. 

 പിന്നെയും കാത്തിരിപ്പ്. ഇപ്പോൾ ഒരു പ്രതീക്ഷയൊക്കെയുണ്ട്. എനിക്ക് ജോലി കിട്ടും. ഇതിനിടയ്ക്ക് തേർഡ് ഇയറിന്റെ  റിസൾട്ടും വന്നു. ഡിഗ്രി പാസായി.  അപ്പോളേക്കും ഒരു പോലീസുകാരൻ എന്നെ തിരക്കി വീട്ടിൽ വന്നു. വെരിഫിക്കേഷൻ ആണ് പോലും. പിന്നെയും മാസങ്ങൾ കടന്നുപോയി. തിരക്കിയപ്പോൾ CBI വെരിഫിക്കേഷൻ കൂടി ഉണ്ടത്രേ. കമ്മ്യൂണിസ്റ്റ് ഗവർമെന്റ് ഉള്ള സ്റ്റേറ്റുകളിൽ CBI വെരിഫിക്കേഷൻ കൂടി ഉണ്ടാവും. ആറു മാസം കഴിഞ്ഞപ്പോൾ ആൾക്കാർ പറയാൻ തുടങ്ങി ഇനി കാത്തിരുന്നിട്ട് പ്രയോജനമില്ലെന്നാണ് തോന്നുന്നത്. സാധാരണഗതിയിൽ ആറുമാസത്തിനകം അപ്പോയിൻമെന്റ് ഓർഡർ വരേണ്ടതാണ്. അങ്ങനെ മനസ്സിലാകെ ഒരുതരം നിരാശ പരക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു ദൈവദൂതനെ കണക്കെ ഒരു പോസ്റ്റുമാൻ എന്നെ തിരക്കി വീട്ടിലേക്ക് വരുന്നത്. രണ്ടുദിവസമായി ഇത് അയാളുടെ കയ്യിൽ കിട്ടിയിട്ട്. ഇത് എന്റെ കയ്യിൽ നേരിട്ട് തരുവാനുള്ള കരുതൽ ആയിരുന്നത്രേ അയാൾക്ക്. 

വീട്ടിലും നാട്ടിലും എല്ലാവർക്കും സന്തോഷം. കാരണം കസ്റ്റoസിൽ ആണല്ലോ ജോലി കിട്ടിയിരിക്കുന്നത്. 15th March, 1983. അന്ന്  കൊച്ചിൻ കസ്റ്റoസിൽ LDC ആയി ജോയിൻ ചെയ്യുന്നതോടെ ഈ കുറിപ്പ് അവസാനിക്കുന്നു. 


V C Ajayakumar 
04/03/2025


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ