ജീവിതചക്രം
രമേശനും രാധികക്കും രണ്ടു മക്കൾ. ഇരട്ടകളാണ്. കാർത്തിക്കും കീർത്തനയും. രണ്ടുപേരും മഹാ വികൃതികൾ. വീട്ടിൽ ഒന്നിച്ചിരുന്നാൽ രണ്ടുപേരും അടിപിടി. പാത്രങ്ങളും ഫർണിച്ചറും ഒക്കെ നശിപ്പിക്കും. അച്ഛൻ ഓഫീസിൽ പോകാൻ ഇറങ്ങിയാൽ പിന്നെ വഴക്കിന്റെ പൂരമാണ്. എന്ത് ചെയ്യാനാണ്? ഞാൻ ഇവരെ എങ്ങനെ നോക്കാനാണ്? നിങ്ങൾ അങ്ങോട്ട് ഇറങ്ങിയാൽ പിന്നെ എനിക്ക് ഭ്രാന്ത് പിടിക്കും. രാധികയുടെ പരിഭവം. ഇവരെക്കൊണ്ട്
അയൽവക്കക്കാർക്കും പൊറുതിമുട്ടി. ഇങ്ങനെയുണ്ടോ പിള്ളേര്? അവസാനം ഒരു തീരുമാനമായി. മക്കളെ രണ്ടുപേരെയും സ്കൂളിൽ ചേർക്കുന്നത് വരെ ഡേ കെയറിൽ ആക്കുക.
അതെന്താണമ്മേ ഡേ കെയർ? കാർത്തിക് ചോദിച്ചു. അത് മോനേ, ഡേ കെയറിൽ കുറേ കൂട്ടുകാർ ഉണ്ടാവും, നിങ്ങളെ നോക്കാൻ ആയമാർ ഉണ്ടാവും, പലതരം കളികൾ ഉണ്ടാവും. അങ്ങനെ നല്ല രസമായിരിക്കും. രമേശൻ പറഞ്ഞു.
അതു കൊള്ളാല്ലോ, ഞങ്ങൾക്ക് ഇഷ്ടം പോലെ കളിക്കുകയും ചെയ്യാം. കീർത്തനയും പറഞ്ഞു.
കുട്ടികൾ സന്തോഷത്തിലാണല്ലോ. ഡേ കെയർ പൊളിക്കാതിരുന്നാൽ മതി. രാധിക ഓർത്തു.
നാളെത്തന്നെ ഡേ കെയറിൽ പോയി സംസാരിച്ചാലോ?. രമേശൻ ചോദിച്ചു.
പിറ്റേദിവസം രമേശൻ ഡേ കെയറിൽ പോയി കുട്ടികളുടെ അഡ്മിഷൻ എടുത്തു. രമേശനു അവിടുത്തെ അന്തരീക്ഷം വളരെയധികം ഇഷ്ടപ്പെട്ടു. തിരിച്ചു വീട്ടിൽ വന്നപ്പോൾ രമേശൻ പറഞ്ഞു, ഇവർക്ക് എന്തായാലും ഇഷ്ടപ്പെടും.
പിറ്റേദിവസം പത്തുമണിയായപ്പോൾത്തന്നെ രമേശനും രാധികയും കുട്ടികളെ കുളിപ്പിച്ചു ഒരുക്കി ഡേ കെയറിൽ കൊണ്ടുപോയി. കുട്ടികൾ കളിപ്പാട്ടങ്ങളുമായി കളിക്കുന്നത് കണ്ടപ്പോൾ തന്നെ മക്കൾക്ക് ഇഷ്ടമായി. ഏകദേശം പതിനഞ്ചോളം കുട്ടികൾ കാണും.
മോനെ വാടാ, ഇന്ദുച്ചേച്ചി വിളിച്ചു. ചേച്ചിയുടേതാണ് ഡേ കെയർ. എന്താണ് ഇവന്റെ പേര്?
എന്റെ പേര് കാർത്തിക്. ഇവളുടെ പേര് കീർത്തന. മോൻ പറഞ്ഞു. ഇവൻ കൊള്ളാല്ലോ? നിങ്ങൾ വാ! ചേച്ചി ഞങ്ങളെ അകത്തേക്ക് വിളിച്ചു.
ആദ്യത്തെ രണ്ടുദിവസം മക്കൾ അവിടവുമായിട്ട് ഒന്ന് സെറ്റ് ആകാത്തതിനാലാണോ എന്തോ നല്ല കുട്ടികളായിരുന്നു. അതുകഴിഞ്ഞ് അന്തരീക്ഷവുമായി ഒന്ന് പൊരുത്തപ്പെട്ട് വന്നപ്പോൾ അവർ അവരുടെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങി. മറ്റുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ വാങ്ങി നിലത്ത് അടിക്കുക, അവരെ പിടിച്ച് വലിച്ച് താഴെത്തിടുക തുടങ്ങിയ കലാപരിപാടികൾ ആരംഭിച്ചു. മറ്റുകുട്ടികൾ കരയുവാൻ തുടങ്ങിയപ്പോൾ ആദ്യമൊക്കെ ആയമാർ സ്നേഹത്തോടെ ശാസിക്കുവാൻ തുടങ്ങി. രക്ഷയില്ലാതായപ്പോൾ ഇന്ദുച്ചേച്ചി രമേശനോട് വരാൻ പറഞ്ഞു.
എന്താണ് ചേച്ചി? രമേശൻ ചോദിച്ചു. സാറെ, നിങ്ങളുടെ കുട്ടികൾ ഒരു രക്ഷയുമില്ല. ഇവിടുത്തെ കുട്ടികളെ ഒക്കെ ശല്യം ചെയ്യലാണ് ഇവരുടെ പ്രധാന ഹോബി. മൂന്നാല് ദിവസം ഞങ്ങൾ ശാസിച്ചൊക്കെ നോക്കി. പക്ഷേ ഇവരുടെ അടുത്ത് വിലപ്പോണില്ല. എന്ത് ചെയ്യണമെന്ന് അറിയാനാണ് സാറിനെ വിളിച്ചത്. നല്ല ശിക്ഷ
കൊടുത്താലേ ഇവർ നേർവഴിക്ക് വരികയുള്ളൂ. ഇങ്ങനെയുണ്ടോ കുട്ടികൾ? ഇന്ദുച്ചേച്ചി പറഞ്ഞു.
ചേച്ചി, ചേച്ചിക്ക് ഇവരെ ശിക്ഷിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അവർ നല്ല കുട്ടികളായി വളരണം. അതാണ് ഞങ്ങൾക്ക് വേണ്ടത്.
അപ്പോഴാണ് ലതികച്ചേച്ചി റൂമിലേക്ക് കയറിവന്നത്. ചേച്ചിയും ഈ ഡേ കെയറിലാണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ വീടിന്റെ ഒരു നാല് വീടിന് അപ്പുറത്താണ് ചേച്ചി താമസിക്കുന്നത്. ഞങ്ങളുടെ സംസാരം കേട്ടാണ് ചേച്ചി കയറി വന്നത്.
നിങ്ങൾ എന്തിനുള്ള പുറപ്പാടാണ്? കുട്ടികളായാൽ അല്പസ്വല്പം വികൃതികൾ ഒക്കെ കാണിക്കും. ഈ പ്രായത്തിൽ വികൃതി കാണിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ കാണിക്കാനാണ്? ചേച്ചി ചോദിച്ചു.
സാറെ ഇവർ അല്പം ഹൈപ്പർ സ്വഭാവക്കാരാണ്. ലതികച്ചേച്ചി പറഞ്ഞു. അതിന്റെ ചില്ലറ പ്രശ്നങ്ങളെ ഉള്ളൂ. പക്ഷേ അതിനൊപ്പം കുറച്ച് പ്ലസ് പോയിന്റുകളും ഇവരുടെ സ്വഭാവത്തിൽ ഉണ്ട്. അത് നമ്മൾ കണ്ടുപിടിക്കണം. കാർത്തിക്കിന് ഡ്രോയിങ് നല്ല ഇഷ്ടമുള്ള ആളാണ്. അതുപോലെ കീർത്തനയ്ക്ക് കളിപ്പാട്ടങ്ങൾ കൊണ്ട് ഓരോരോ ആകൃതികൾ ഉണ്ടാക്കുന്നതിൽ നല്ല സാമർത്ഥ്യമാണ്. അവർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ കൊടുത്താൽ അവർക്ക് താൽപര്യമേറും. അപ്പോൾ അവർ മറ്റു കുട്ടികളെ ഉപദ്രവിക്കുകയും മറ്റുമില്ല.
അത് ശരിയാണല്ലോ? ഇന്ദുച്ചേച്ചി അഭിപ്രായപ്പെട്ടു.
ഞങ്ങൾ ആ വഴിക്ക് ഒന്നുകൂടി ശ്രമിക്കട്ടെ സാറെ. ചേച്ചി ആയയെ വിളിച്ചു കുട്ടികളെ ഏൽപ്പിച്ചു. അവർക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങളും കൊടുക്കാൻ നിർദ്ദേശിച്ചു.
ലതികച്ചേച്ചിയുടെ നിർദ്ദേശങ്ങൾ രമേശൻ വീട്ടിലും നടപ്പിൽ വരുത്തി. ചേച്ചിയുടെ അഭിപ്രായമനുസരിച്ചുള്ള കളിപ്പാട്ടങ്ങളും വാങ്ങിച്ചു. കാലക്രമേണ അവരുടെ വികൃതികളും കുറഞ്ഞുവന്നു.
വർഷങ്ങൾ കടന്നുപോയി. കാർത്തിക് ആർക്കിടെക്ചറിനു പഠിക്കുമ്പോഴാണ് അനുഷയെ കണ്ടുമുട്ടുന്നത്. കോളേജ് ഫെസ്റ്റിവലിൽ ഒരു ഡ്രോയിംഗ് കോമ്പറ്റിഷനിൽ അവർ ഇരുവരും പങ്കെടുത്തിരുന്നു. കാർത്തിക്കിന്റെയും അനുഷയുടെയും പ്രസന്റേഷനുകൾ ജഡ്ജസിനെ ആകർഷിച്ചു. രണ്ടാം സ്ഥാനം നേടിയ കാർത്തിക്, ഫസ്റ്റ് പ്രൈസ് ജേതാവായ അനുഷയോട് മത്സരബുദ്ധിയോടെ ഏറ്റുമുട്ടിയപ്പോൾ പുതിയ സൗഹൃദമാണ് ഉരുത്തിരിഞ്ഞത്. അവർ കോളേജിൽ പെയർ ആയി കുറേ മത്സരങ്ങളിൽ പങ്കെടുത്തു.
കാലക്രമേണ, അവരുടെ ബന്ധം ആഴത്തിൽ മാറി. അനുഷ ആർക്കിടെക്ചറിൽ ഡിഗ്രി നേടിയശേഷം ബാംഗ്ലൂരിലെ ഒരു പ്രശസ്ത ആർക്കിടെക്ട് ഫേമിൽ ജോലി നേടി. കാർത്തിക് ആകട്ടെ ബാംഗ്ലൂരിൽ തന്നെയുള്ള ഒരു MNC യിൽ ജോലിക്ക് കയറി.
അനുഷ ബാംഗ്ലൂരിലെ ഒരു പ്രശസ്ത കന്നഡ ഫാമിലിയിൽ നിന്ന് വന്നവളായിരുന്നു. കാർത്തിക്കിന്റെ കൂടെക്കൂടെയുള്ള വീട്ടിലേക്കുള്ള വരവ് അനുഷയുടെ വീട്ടുകാരെ അസ്വസ്ഥതപ്പെടുത്തി. അവളുടെ വീട്ടുകാർ അവളെ ഒരു കന്നടക്കാരനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത് സ്വപ്നം കണ്ടു കഴിയുകയായിരുന്നു. പക്ഷേ, അനുഷയുടെ വാശിയും വിട്ടുവീഴ്ച ഇല്ലായ്മയും അവരുടെ വിവാഹത്തിൽ കലാശിച്ചു.
വിവാഹത്തിന് ശേഷം, ആദ്യത്തെ കുറച്ച് വർഷങ്ങൾ എളുപ്പമല്ലായിരുന്നു. കാർത്തിക്കിന്റെ ഹൈപ്പർ ആക്ടീവ് സ്വഭാവം ചിലപ്പോൾ അനുഷയെ വിഷമിപ്പിച്ചിരുന്നു.
ഒരു ദിവസം, അവൾ ഓഫീസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ, കാർത്തിക് വീട്ടിലെ ഫർണിച്ചറുകളുടെ പൊസിഷൻ മാറ്റി "മോഡേൺ ലുക്ക്" നൽകിയിരിക്കുന്നത് കണ്ടു. അനുഷയുടെ പ്രിയപ്പെട്ട ആന്റിക് വസ്തുക്കൾ ഒരു മൂലയിൽ തള്ളപ്പെട്ടിരുന്നു! "ഇതെന്താ ഈ കാട്ടിയിരിക്കുന്നത്? അനുഷക്ക് ദേഷ്യം വന്നിരുന്നു.
എന്താ, എന്റെ ഡിസൈനുകൾ നിനക്ക് ഇഷ്ടമല്ലേ എന്ന് കാർത്തിക് ചോദിച്ചപ്പോൾ, അനുഷ പൊട്ടിത്തെറിച്ചു. " ഇതെന്താണ് ഇങ്ങനെ? ഇത് എന്റെയും കൂടെ വീടല്ലേ? എന്റെ ആന്റിക് ഷോ പീസുകൾ ഞാൻ എത്ര ഇഷ്ടപ്പെട്ടു വാങ്ങിയതാണെന്ന് അറിയാമോ? നീ എന്താണ് അതൊക്കെ ആ മൂലയിൽ തള്ളിയിരിക്കുന്നത്? എന്റെ ഇഷ്ടങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ലേ?" അനുഷ ചോദിച്ചു.
രണ്ടുദിവസം അനുഷ മിണ്ടാതെ നടന്നു. ഒടുവിൽ അനുഷയും കാർത്തിക്കും ഒരു സമന്വയത്തിൽ എത്തി. കാർത്തിക്കിന് വീട്ടിന്റെ ഒരു ചെറിയ മുറി അനുഷ ഒഴിവാക്കിക്കൊടുത്തു. അവിടെ അവനു തന്റെ ഡിസൈൻ എക്സ്പെരിമെന്റുകൾക്കും ചിത്രരചനകൾക്കും സ്വാതന്ത്ര്യം നൽകി. ഇത് കാർത്തിക്കിന് കൂടുതൽ സന്തോഷം നൽകി. കാർത്തിക്കിന്റെ ചിത്രരചനകൾക്കൊപ്പം അനുഷയുടെ ആർക്കിടെക്ചറൽ ഐഡിയകളും വീടിനെ മാറ്റിമറിച്ചു. ഒരു ദിവസം, കാർത്തിക്കിന്റെ ഡ്രോയിംഗുകൾ അവരുടെ ലിവിംഗ് റൂം മതിലുകളിൽ ഫ്രെയിം ചെയ്ത് തൂക്കിയപ്പോൾ, അനുഷ പുഞ്ചിരിച്ചു: "നിങ്ങളുടെ ക്രിയേറ്റിവിറ്റി ഇപ്പോൾ എന്റെ ഡിസൈനുമായി കൂടിയപ്പോൾ ഈ വീട് സുന്ദരമായി".
കുട്ടികൾ ജനിച്ചതോടെ, അവരുടെ ജീവിതത്തിന് ഒരു പുതിയ മാനം വന്നു. മകൻ അരുണിന് അനുഷയുടെ ക്രിയേറ്റിവിറ്റിയും കാർത്തിക്കിന്റെ ഡ്രോയിങ് കഴിവുകളും കിട്ടിയിരുന്നു. ഒരു ദിവസം, സ്കൂൾ പ്രോജക്ടിനായി അരുൺ വരച്ച "അമ്മയുടെ സ്വപ്നവീട്" അനുഷയെ അത്ഭുതപ്പെടുത്തി. അതിൽ, കാർത്തിക്കിന്റെ രചനാവൈഭവവും അനുഷയുടെ നിർമ്മാണ ആശയങ്ങളും ഒത്തുചേർന്നിരുന്നു.
കീർത്തനയും ബാംഗ്ലൂരിൽ തന്നെ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്നു. ഭർത്താവ് രാഹുൽ. ബാംഗ്ലൂരിൽ വലിയൊരു ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനാണ്. കീർത്തനയുടെ കല്യാണം ബാംഗ്ലൂരിൽ അതിഗംഭീരമായി നടന്നു. നാട്ടിൽ നിന്ന് രമേശനും രാധികയും വന്നു.
കുട്ടികൾ ജനിച്ചപ്പോൾ, കീർത്തനയുടെ ഹൈപ്പർ ഊർജ്ജം പുതിയ ലെവലിൽ എത്തി. മകൾ അദിതിയുടെ ഒന്നാം ജന്മദിനത്തിന് കീർത്തന ഒരു ടോയ് ഷെൽഫ് വാങ്ങിച്ചുകൊടുത്തു. അദിതി അതിൽ നിന്ന് ബ്ലോക്കുകൾ എടുത്ത് പുതിയ പുതിയ ഷേപ്പുകൾ ഉണ്ടാക്കുന്നത് കണ്ട് രാഹുൽ അഭിമാനത്തോടെ പറഞ്ഞു: "എന്റെ മകൾ ഒരു ജീനിയസ് തന്നെ".
വെക്കേഷനു വരുമ്പോൾ കാർത്തിക്കും കീർത്തനയും കുടുംബവുമായിട്ട് വരും. രമേശന് മക്കളെപ്പറ്റി ഓർത്തിട്ട് അഭിമാനം തോന്നി.
**********
കാലം കടന്നുപോയി. അവരുടെ മാതാപിതാക്കൾ വൃദ്ധരായി. നാട്ടിൽ അവരുടെ ഒറ്റയ്ക്കുള്ള ജീവിതം ദുഷ്കരമായി. രമേശന് കാൽമുട്ടുകൾക്ക് തേയ്മാനം വന്നു നടക്കാൻ വല്ലാത്ത ബുദ്ധിമുട്ട്. രാധികക്കാകട്ടെ കടുത്ത ആസ്മയുടെ അസുഖവും. ഒരു ദിവസം, കാർത്തിക് സഹോദരിയോട് ചോദിച്ചു: "അമ്മയ്ക്കും അച്ഛനും ഇനി നല്ല ശുശ്രൂഷ വേണം. നമുക്ക് അവിടെ പോയി നിൽക്കാനും വയ്യല്ലോ". എന്താണ് ചെയ്യുക?
"അവരെ ഇവിടെ കൊണ്ടുവരാനും വയ്യല്ലോ ഏട്ടാ. അതിനാൽ അവരെ ഒരു കെയർ ഹോമിൽ ആക്കുന്നതായിരിക്കും നല്ലത്" കീർത്തന പറഞ്ഞു. അങ്ങനെയായാൽ അവർക്ക് നല്ല പരിചരണമൊക്കെ കിട്ടും.
കാർത്തിക് സമ്മതിച്ചു. അങ്ങനെ, വൃദ്ധരായ മാതാപിതാക്കളെ നാട്ടിലെ ഒരു കെയർ ഹോമിൽ ഏൽപ്പിച്ചു. ഒരു ദിവസം, കെയർ ഹോമിൽ വെച്ച് രാധിക രമേശനോട് മന്ദഹാസത്തോടെ പറഞ്ഞു: "നമ്മൾ കുട്ടികളെ ഡേകെയറിൽ ആക്കിയത് ഓർമ്മയുണ്ടോ? ഇപ്പോൾ നമ്മളും ഇവിടെ..."
രമേശൻ ആഴത്തിൽ ഒരു നെടുവീർപ്പിട്ടു.
"ജീവിതം ഒരു ചക്രം തന്നെ രാധികേ. ഇന്ന് നാം മറ്റുള്ളവർക്ക് കൊടുക്കുന്നതെന്തോ അതുതന്നെ നാളെ നമുക്ക് തിരിച്ചു കിട്ടും".
രമേശന്റെ വാക്കുകൾ കേട്ട് രാധികയുടെ കണ്ണുകൾ നിറഞ്ഞു. അവർ ദൂരത്തേക്ക് തന്റെ ദൃഷ്ടി പായിച്ചു. ദൂരെ, കാറ്റിൽ ഉലയുന്ന മരങ്ങളും പച്ചപ്പ് നിറഞ്ഞ പ്രകൃതിയും കണ്ട് കണ്ണിൽ നിന്നും വന്ന രണ്ട് തുള്ളി കണ്ണുനീർ രമേശന്‍ കാണാതെ അവർ തൂത്തുകളഞ്ഞു.
***********
( നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കുറിക്കാൻ പിശുക്ക് കാട്ടരുതേ 🙏)
V C Ajayakumar
ഓരോ വായനക്കാരെയും ചിന്തിപ്പിക്കുകയും മനസ്സ് തളച്ചിടുകയും ചെയ്യുന്ന ഒരു അനുഭവമാണ് ഈ കഥ :)
മറുപടിഇല്ലാതാക്കൂ