അമ്മയുടെ വിളി



 റെയിൽവേ സ്റ്റേഷനിൽ നിന്ന്  തിരിച്ചു വീട്ടിലേക്ക്  നടക്കുമ്പോൾ ആൻസിയുടെ മനസ്സ് ഹൃദയഭാരത്താൽ വിങ്ങുന്നുണ്ടായിരുന്നു.  സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർ അവളെ വീട്ടിലെത്തിക്കുന്നതുവരെ അവൾ ഒന്നും മിണ്ടാവുന്ന അവസ്ഥയിൽ ആയിരുന്നില്ല.  എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്ക് നടന്നെത്തുന്നതും ഒരു ഹുങ്കാര ശബ്ദത്തോടെ   ട്രെയിൻ നീങ്ങിത്തുടങ്ങുന്നതും  ഒരു പേക്കിനാവുപോലെ ഇപ്പോഴും മനസ്സിൽ നിൽക്കുന്നു.   കൂട്ടുകാരികൾ ട്രെയിനിന്റെ ഡോറിനരികിൽ നിന്ന് "ഗാർഡിനോട് കൈ കാണിക്കൂ" എന്ന് ഉച്ചത്തിൽ പറയുന്നത് കേൾക്കാമായിരുന്നു. അതുകേട്ടു അവൾ ഗാർഡിന്റെ നേരെ കൈ നീട്ടി. പക്ഷേ നീങ്ങികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഗാർഡ് അവളെ അവഗണിച്ചുകൊണ്ട്  ഫ്ലാഗ് വീശിക്കാണിച്ചുകൊണ്ടിരുന്നു. ഒരു നിമിഷം, ട്രെയിൻ വേഗം വെക്കുന്നത് കണ്ട് അവൾക്ക്  ചലിക്കാൻ പോലും പറ്റിയില്ല. അപ്പോൾ തന്നെ ലതയുടെ കോൾ. എടീ, നീയൊരു ടാക്സി എടുത്തു ആലുവയിൽ വാ. അവിടെ രണ്ട് മിനിറ്റ് സ്റ്റോപ്പ് ഉണ്ട്. 

 ഈ ബ്ലോക്കിൽ എങ്ങനെ എത്തിപ്പറ്റാനാണ് ആലുവയിൽ. ആൻസിക്കു കരച്ചിൽ വരുന്നുണ്ടായിരുന്നു. 

 കഴിഞ്ഞ പ്രാവശ്യം നാലുപേരും കൂടി മലയാറ്റൂർ മല കയറിയപ്പോൾ ഇട്ട പ്ലാൻ ആയിരുന്നു അടുത്ത പ്രാവശ്യം മൂകാംബിക എന്നത്. പോകാവുന്ന ദേവാലയങ്ങളിലെല്ലാം, ഏതു മതത്തിൽ പെട്ടതായാലും,  പോകണം എന്നത് അവരുടെ തീരുമാനം ആയിരുന്നു.  ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. 

 ക്ഷേത്രദർശനത്തെക്കുറിച്ച് വീട്ടിൽ  പറഞ്ഞപ്പോൾത്തന്നെ അച്ഛനും അമ്മയും ഈ ആലോചനയെ നഖശിഖാന്തം എതിർത്തു. നീ ഒരു  ക്രിസ്ത്യാനിപ്പെണാണ്.  അത് ഓർമ്മവേണം. ഒരു ക്രിസ്ത്യാനി എങ്ങനെയാണ് ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്? അമ്മ ചോദിച്ചു. നീ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാനാണോ ഈ ചെയ്യുന്നതെല്ലാം? 

 അമ്മേ, ദൈവത്തിന് മതങ്ങളുടെ അതിരുകളില്ല.  പള്ളിയിലെ കുരിശും അമ്പലത്തിലെ വിഗ്രഹവും മസ്ജിദിലെ മിഹ്റാബും ഒരേ പരമസത്യത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്.  ആൻസി പറഞ്ഞു.

 ഈ പെണ്ണിന് എന്തുപറ്റി? എനിക്കൊന്നും മനസ്സിലാകുന്നില്ല. അമ്മ വേവലാതിപൂണ്ട മുഖത്തോടെ പറഞ്ഞു. 

അമ്മേ, മതം മനുഷ്യനെ വിഭജിക്കുന്നതിനല്ല, ഏകീകരിക്കുന്നതിനാണ്. മതം സ്നേഹമാണ് പഠിപ്പിക്കുന്നത്. നമ്മുടെ കേരളത്തിൽ ഒരു ക്രിസ്ത്യൻ സുഹൃത്തിന്റെ വിവാഹകൂദാശയിൽ  പങ്കെടുക്കാൻ ഹിന്ദുവായ അവന്റെ കൂട്ടുകാരൻ പള്ളിയിൽ പോകുന്നില്ലേ?, ഒരു മുസ്ലിം സഹോദരന്റെ ഈദ് വിരുന്നിൽ ഒരു ക്രിസ്ത്യാനി സുഹൃത്ത് പങ്കെടുക്കുന്നില്ലേ?, ഹിന്ദുവായ അയൽവാസിയുടെ ഓണ പരിപാടികളിൽ മുസ്ലിം സുഹൃത്ത് പങ്കെടുക്കുന്നില്ലേ?.  അതാണ് നമ്മുടെ കേരളത്തിന്റെ ശക്തിയും പാരമ്പര്യവും. ഇങ്ങനെയൊക്കെ അമ്മയോട് തർക്കിച്ചു ഒരുവിധം സമ്മതിപ്പിച്ചുകൊണ്ട് പോയതാണ്. അതാണ് ഈവിധം അവസാനിച്ചത്. പക്ഷേ ജോർജിനും മക്കൾക്കും എന്റെ തീരുമാനത്തിൽ എതിർപ്പുണ്ടായിരുന്നില്ല.

 മനസ്സ്  മരവിച്ചിരുന്നതിനാൽ  വീട്ടിലേക്കും വിളിച്ചിരുന്നില്ല. ഗേറ്റ് തുറന്നപ്പോൾ ജോർജ്  ബാൽക്കണിയിൽ നിന്ന് അത്ഭുതത്തോടെ ചോദിച്ചു. "എന്തുപറ്റി?  നിങ്ങളുടെ പോക്ക് ക്യാൻസൽ ചെയ്തോ?"  ആൻസിയുടെ കണ്ണുകൾ നിറഞ്ഞു.  "എനിക്ക് ട്രെയിൻ മിസ്സായി" എന്ന് മാത്രം പറഞ്ഞു അവൾ അകത്തേക്ക് നടന്നു. മക്കൾ—അഞ്ചാം ക്ലാസ്സിലെ അനുവും ഏഴാം ക്ലാസ്സിലെ ആരവുമൊക്കെ—സ്കൂളിൽ പോയിരുന്നു.  

അടുത്ത ദിവസം കാലത്ത് ആൻസി ഫോൺ നോക്കി. വാട്സാപ്പ് ഗ്രൂപ്പിൽ  സന്ദേശങ്ങളുടെ പ്രളയം.  സുഹൃത്തുക്കളുടെ സ്റ്റാറ്റസ് തുറന്നപ്പോൾ അവളുടെ ഹൃദയം തകർന്നു. മിയ, ലത, സാക്ഷി —മൂവരും മൂകാംബിക ക്ഷേത്രത്തിലെ ദർശനത്തിന്റെ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. ദേവിയുടെ സുവർണ്ണവിഗ്രഹത്തിന് മുന്നിൽ നിൽക്കുന്ന ലതയുടെ ഫോട്ടോയിൽ ഒരു വാചകം: "എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം!" .  അടുത്തത് കുടജാദ്രിയിലേക്കാണത്രെ. 

ആൻസിയുടെ മനസ്സ് കൈവിട്ട് പോയിരുന്നു.  എന്തിനാണ് ദൈവം തനിക്ക് മാത്രം ഈ പരീക്ഷണം നൽകിയത്? പള്ളിയിൽ പോകുമ്പോഴും, ക്ഷേത്രങ്ങളിൽ പോകുമ്പോഴും  അവൾ മനസ്സുകൊണ്ട് ഒന്നുമാത്രമാണ് പ്രാർത്ഥിച്ചത്. എല്ലാവർക്കും സുഖവും സമാധാനവും കൊടുക്കണം.   എന്നാൽ  ഇന്ന് മാത്രം അവൾക്ക്  എന്തെന്നില്ലാത്ത ദുഃഖം തോന്നി. 

 ജോർജ്  അവളുടെ പിന്നിൽ വന്നു നിന്നു.  "എന്തുപറ്റി? നീ ഫോണിൽ കുറെ നേരം നോക്കിയിരുന്നപ്പോഴേ  എനിക്ക് മനസ്സിലായി നിനക്ക് അതിയായ വിഷമമുണ്ടെന്ന്".     "അടുത്ത ആഴ്ച്ച നമുക്ക് പോകാം. നീയും മക്കളും ഒരുങ്ങിക്കോ. ഞാൻ കാർ എടുത്തോളാം."  

ആൻസി തലയാട്ടി. "ഇല്ല... ഇതൊന്നും ദൈവികമായ കാര്യമല്ല. മൂകാംബിക ദേവിയുടെ ദർശനത്തിന് ദേവിയുടെ വിളി വരണമെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എനിക്ക് സമയമായി കാണില്ല.    അതിനാലാവാം  ഞാൻ മാത്രം   താമസിച്ചുപോയത്."  

"അല്ല, ആൻസി," ജോർജ് അവളുടെ തോളിൽ കൈവെച്ചു, "നീ എന്നോട് പറഞ്ഞിട്ടില്ലേ  മൂകാംബിക ദേവിയെക്കുറിച്ചുള്ള നിന്റെ വിശ്വാസം. അത് ഒരു യാത്ര മുടങ്ങൽ കൊണ്ട് മാത്രം കൊണ്ട് മാറിപ്പോകുന്നതല്ല. ദേവി നിന്നെ വിളിക്കുന്നുവെങ്കിൽ, നീ പോയിരിക്കും"  

ആ വാക്കുകൾ കേട്ടപ്പോൾ ആൻസിയുടെ കണ്ണുകളിൽ ഒരു പ്രകാശം തെളിഞ്ഞു. ഒരുപക്ഷേ, ദേവി തന്നെ ഒരു പരീക്ഷണത്തിന് വിധേയയാക്കുകയായിരുന്നോ? അതോ, ഈ മുടക്കം മറ്റൊരു യാത്രയുടെ ആരംഭമായിരുന്നോ?  

അവൾ ജോർജിനെ  നോക്കി ചിരിച്ചു. "പോകണം. നമുക്കെല്ലാവർക്കുംപോകണം."  

അടുത്ത ആഴ്ച്ച, കാറിൽ  ആൻസിയുടെ കുടുംബം റോഡിലിറങ്ങിയപ്പോൾ, അവൾക്ക് തോന്നി—മൂകാംബിക ദേവി തലയാട്ടിക്കൊണ്ട് അവരെ സ്വാഗതം ചെയ്യുന്നുവെന്ന്, മതത്തിന്റെ അതിരുകളില്ലാതെ.

 ജോർജ് പറഞ്ഞു, മതപരമായ സഹിഷ്ണുത എന്നത് ആധുനിക ലോകത്തിന്റെ ആവശ്യമാണ്. നമുക്ക് വ്യത്യസ്ത വഴികളിൽ നടക്കാം, പക്ഷേ ലക്ഷ്യം ഒന്നാവണം —മനുഷ്യത്വം. ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും  മണികൾ ഒരേസമയം മുഴങ്ങുമ്പോൾ, അത് ഭൂമിയുടെ സംഗീതമാണെന്ന് നാം മനസ്സിലാക്കണം!


V C Ajayakumar





അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

​കറുത്ത സൂര്യൻ