ലഹരിയുടെ കാണാക്കയങ്ങൾ
കാക്കനാട് ചെമ്പുമുക്കിലുള്ള ഒരു ചെറിയ ഓലമേഞ്ഞ കുടിലിൽ താമസക്കാരാണ് ശിവദാസനും സുശീലയും. രണ്ടുപേരുടെയും സ്നേഹം കണ്ടു നാട്ടുകാർക്ക് കുശുമ്പ്. എവിടെപ്പോകാനായാലും രണ്ടുപേരും ഒന്നിച്ചേ പോകൂ. രണ്ടുപേരുംകൂടി ചിരിച്ചു കളിച്ചുള്ള ആ പോക്ക് കാണാൻ തന്നെ നല്ല രസമാണ്.
ഇടക്കിടക്കുള്ള വെറ്റിലമുറുക്ക് മാത്രമാണ് ഒരു ദുശ്ശീലമായിട്ട് രണ്ടുപേർക്കും ഉള്ളത്. പകൽ മുഴുവനും അധ്വാനം. സ്വന്തമായി കക്ക നീറ്റുന്ന ഒരു ചൂളയുണ്ട്. നീറ്റുന്നതിന് ആയിട്ടുള്ള കക്ക ദൂരെ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരണം. അത് കഴുകി വൃത്തിയാക്കി ചൂളയിലിട്ട് നീറ്റണം. സന്ധ്യയാവുമ്പോൾ തുടങ്ങും ചൂള കത്തിക്കാൻ. ഒരു പണിക്കാരനും ഉണ്ട്. നേരം വെളുക്കാറാകുമ്പോൾ ഒരുവിധം പണിയൊക്കെ തീരും. സന്ധ്യയാവുമ്പോൾ കക്ക തണുക്കും. പിന്നീട് വെള്ളം കോരി ഒഴിച് നീറ്റുമ്പോളാണ് കക്ക കുമ്മായമായി മാറുന്നത്. അക്കാലത്തു കുമ്മായതിനു നല്ല ഡിമാൻഡുള്ള കാലം. കൃഷി സമയത്ത് കുമ്മായം എത്ര ഉണ്ടാക്കിയാലും തീരും.
അവർക്ക് രണ്ടു മക്കൾ. ഉണ്ണിയും വിഷ്ണുവും. രണ്ടു മക്കളെയും അവർ ആവുന്നത്ര പഠിപ്പിച്ചു. രണ്ടുപേരും പഠിക്കാൻ നല്ല മിടുക്കർ. ഉണ്ണി ഇപ്പോൾ എൻജിനീയറിങ്ങിന് പഠിക്കുന്നു. വിഷ്ണു പന്ത്രണ്ടാം ക്ലാസിലും.
അങ്ങനെയിരിക്കെ ഒരിക്കൽ സുശീലക്ക് തൊണ്ടയ്ക്ക് ഒരു വേദന വന്നു. ആഹാരം ചവച്ചിറക്കുമ്പോൾ വല്ലാത്ത വേദന. സുശീലയെ ശിവദാസൻ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഡോക്ടർ വിശദമായ പരിശോധനയ്ക്കുശേഷം ഏതാണ്ടൊക്കെ മരുന്നുകൾ എഴുതി കൊടുത്തു. മരുന്നുകൾ മുഴുവൻ കഴിച്ചിട്ടും സുശീലയ്ക്ക് തൊണ്ടവേദന മാറുന്നില്ല. വീണ്ടും ഹോസ്പിറ്റലിൽ ചെന്നപ്പോൾ എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് സുശീലയെ അവർ റഫർ ചെയ്തു.
പിറ്റേന്ന് തന്നെ ഉണ്ണി അമ്മയേയും കൂട്ടി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ചെന്നു. ഡ്യൂട്ടി ഡോക്ടർ വിശദമായ പരിശോധനയ്ക്ക് ശേഷം മറ്റൊരു ഡോക്ടർക്ക് റഫർ ചെയ്തു. കുറിപ്പുകൾ എല്ലാം വിശദമായി നോക്കി ഡോക്ടർ MRI ഉൾപ്പെടെ കുറേ ടെസ്റ്റുകൾ എഴുതിക്കൊടുത്തു.
എല്ലാ ടെസ്റ്റുകളും തീർത്ത് ഡോക്ടറെ കാണിച്ചപ്പോൾ സുശീലയെ പുറത്തിരുത്തി ഉണ്ണിയെ മാത്രം അകത്തേക്ക് വിളിച്ചു.
എന്താണ് ഡോക്ടർ എന്റെ അമ്മയ്ക്ക്? ഉണ്ണി അന്വേഷിച്ചു.
എന്താണ് നിങ്ങളുടെ പേര്? ഡോക്ടർ സൗമ്യമായി ചോദിച്ചു.
എന്റെ പേര് ഉണ്ണി. എന്താണ് ഡോക്ടർ അമ്മക്ക്?
ഉണ്ണി, നിങ്ങൾ പരിഭ്രമിക്കുകയൊന്നും വേണ്ട, ഇപ്പോൾ ഇതിനെല്ലാം ചികിത്സയുണ്ട്.
ദൈവമേ, ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്. ഉണ്ണി ഭയപ്പാടോടെ ശ്രദ്ധിച്ചു.
നിങ്ങളുടെ അമ്മയുടെ തൊണ്ടക്ക് കാൻസർ ആണ്. നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഇപ്പോൾ ഇതിന് ചികിത്സയുണ്ട്. പക്ഷേ ഇത് ഫോർത് സ്റ്റേജാണ്. അതിന്റെ സ്വല്പം കോംപ്ലിക്കേഷൻ ഉണ്ടാകും. ചികിത്സയ്ക്കായി ഇവിടെ അഡ്മിറ്റ് ആകേണ്ടിവരും.
ഡോക്ടറുടെ വാക്കുകൾ കേട്ട് ഉണ്ണിയുടെ കാല്ക്കീഴിലെ മണ്ണ് ഇളകിപ്പോകുന്നതുപോലെ തോന്നി. മനസ്സിന് ഭ്രാന്ത് പിടിച്ചപോലെ അയാൾ കസാലയിൽ ഇരുന്നു. "കാൻസർ..." "ഫോർത്ത് സ്റ്റേജ്" എന്നീ വാക്കുകൾ മൂർച്ചയുള്ള കത്തിയായി ഹൃദയത്തിലിറങ്ങി. ഡോക്ടർ മറ്റൊന്നും പറയുന്നത് അയാൾക്ക് കേൾക്കാനായില്ല. അയാൾ കൈകൾ തന്റെ തലയിൽ ചേർത്തുപിടിച്ചുകൊണ്ട് അവിടെത്തന്നെ നിശ്ചലനായി ഇരുന്നു.
"അമ്മയോട് എങ്ങനെയാണ് ഇത് പറയേണ്ടത്?" എന്ന ചിന്തയോടെ ഉണ്ണി വീണ്ടും ഹോസ്പിറ്റൽ കോറിഡോറിലേക്ക് നടന്നു. സുശീല ബെഞ്ചിൽ ഇരുന്ന് മകന്റെ മുഖം നോക്കിക്കൊണ്ടിരുന്നു. "എന്താ മോനെ, ഡോക്ടർ എന്താ പറഞ്ഞത്?" അവളുടെ ശബ്ദത്തിന് ഒരു പരിഭ്രമം.
"ഒന്നുമില്ല അമ്മേ... ചില ടെസ്റ്റുകൾ കൂടി ചെയ്യണമെന്ന് പറഞ്ഞു. നാളെയും വരണം," ഉണ്ണി മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചു. പക്ഷേ, സുശീലയുടെ നോട്ടം അയാളുടെ കണ്ണുകളിൽ മറഞ്ഞിരുന്ന വേദന കണ്ടെത്തി.
വീട്ടിലേക്ക് എത്തിയപ്പോഴേക്കും സന്ധ്യ ആകാറായി. ശിവദാസൻ കക്ക നീറ്റാൻ ചൂള തയ്യാറാക്കുകയായിരുന്നു. "എന്തു പറഞ്ഞു ഡോക്ടർ?" അദ്ദേഹം ചോദിച്ചു. അമ്മ കേൾക്കാതെ ഉണ്ണി അച്ഛനോട് സത്യം പറഞ്ഞു. "അച്ഛാ... അമ്മയ്ക്ക് തൊണ്ടയിൽ കാൻസർ ആണ്. ഫോർത്ത് സ്റ്റേജ്..."
ശിവദാസന്റെ കൈയിലെ തവി നിലത്തു വീണു. മുഖം വെള്ളിച്ചാർത്ത് പോലെ വിളറി. "എന്ത്? കാൻസറോ?" അയാളുടെ ശബ്ദം മുറിഞ്ഞുവീണു. വിഷ്ണു അടുത്തുള്ള മുറിയിൽ നിന്ന് ഓടിവന്നു. "എന്തായി അച്ഛാ?" ഉണ്ണി വീണ്ടും വിശദീകരിച്ചു. രണ്ടുപേരും കുറച്ചുനേരം അങ്ങനെ വിറങ്ങലിച്ചുതന്നെ നിന്നു.
അടുത്ത ദിവസം മുതൽ ഹോസ്പിറ്റൽ യാത്രകളുടെ ഒഴുക്ക് തുടങ്ങി. ഇതിനിടയിൽ ഉണ്ണിതന്നെ അമ്മയോട് രോഗത്തേക്കുറിച്ച് സൂചിപ്പിച്ചു. പക്ഷേ രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ഒരു സൂചനയും നൽകിയില്ല. കീമോതെറാപ്പിക്കായി സുശീലയെ എറണാകുളത്ത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ചികിത്സയുടെ ചിലവ് ശിവദാസന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചൂളയിലെ വരുമാനം തികയാതായി. വരുമാനം കൂട്ടാനായി അയാൾ കുമ്മായത്തിന്റെ വില കുറച്ചു. പണിക്കാരനെ ജോലിയിൽനിന്ന് പറഞ്ഞു വിട്ടു. ഉണ്ണി എൻജിനീയറിംഗ് കോളേജ് പഠിത്തം ഒഴിവാക്കി അമ്മയോടൊപ്പം നിന്നു. വിഷ്ണു വീട്ടിൽ തനിച്ചായി; പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ അടുത്തു.
സുശീലയുടെ ശരീരം ക്രമേണ കീമോയുടെ പ്രഹരങ്ങളെത്താങ്ങാണ്ടായി. ഒരുതുള്ളി വെള്ളം പോലും ഇറക്കാൻ പറ്റാണ്ടായി.
ഒരു ദിവസം, ശിവദാസൻ ഹോസ്പിറ്റലിലെ അവളുടെ മുറിയിൽ കയറി, കയ്യിൽ ഒരു പാക്കറ്റ് മുറുക്കാൻ പൊതി. "ഈ ശീലം ഞാൻ ഇന്നുമുതൽ ഉപേക്ഷിക്കുന്നു" എന്നു പറഞ്ഞ് ശിവദാസൻ പൊതി ജനലിൽകൂടി പുറത്തേക്കെറിഞ്ഞു. സുശീലയുടെ കണ്ണുകൾ നിറഞ്ഞു.
നാട്ടുകാർ ആദ്യമൊക്കെ സഹായത്തോടെ എത്തുമായിരുന്നു. പക്ഷേ, "കാൻസർ പകരുമൊ" എന്ന ഭയത്താലാണോ എന്നറിയില്ല, ആശുപത്രിയിൽ പതിയെ പതിയെ ആരും വരാതായി. പക്ഷേ അപ്പോഴും ഉണ്ണിയുടെ കോളേജ് സുഹൃത്തുക്കൾ ആശുപത്രിയിൽ വന്നുകൊണ്ടിരുന്നു. സമയത്തിന് നൽകാൻ പറ്റാതിരുന്നത് കാരണം കുമ്മായത്തിന് ഓർഡറുകൾ നിന്നുപോയി.
മൂന്ന് മാസം കഴിഞ്ഞപ്പോൾ സുശീലയുടെ ശരീരം ചികിത്സയെ സ്വീകരിക്കാതായി. ഒരു തുള്ളി ജലം പോലും ഇറക്കാനാകുന്നില്ല. ശരീരം കുത്തിവളഞ്ഞു മുകളിലേക്ക് ഉയരുന്നു. പിന്നീട് താഴേക്ക് വീഴുന്നു. ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച. കാണെക്കാണേ അവരുടെ ശരീരം നിശ്ചലമായി. ശിവദാസനും മക്കളും വിങ്ങുന്ന ഹൃദയവുമായി ചേതനയറ്റ ശരീരത്തിനരുകിൽ ഇരുന്നു തേങ്ങി.
സുശീലയുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം ശിവദാസൻ ചൂള പരിഷ്കരിച്ചു. ഉണ്ണി എൻജിനീയറിംഗ് തുടർന്നു. വിഷ്ണു പരീക്ഷയിൽ വിജയിച്ച് ഡോക്ടറാകാൻ നിശ്ചയിച്ചു.
കുമ്മായം വിറ്റുണ്ടാക്കിയ ധനം മുഴുവൻ കാൻസർ ചികിത്സയിൽ തീർന്നുപോയിരുന്നു. ഒരു ദിവസം ശിവദാസൻ സുശീലയുടെ വെറ്റിലപ്പെട്ടി തുറന്നു. അതിലെ വെറ്റിലച്ചീന്തുകളും അടക്ക കഷണങ്ങളും പുകയില ചുരുളുകളും നോക്കി അയാളുടെ കണ്ണുകൾ നിറഞ്ഞു. "ഇതാണ് നമ്മുടെ സ്നേഹത്തെ കൊന്നത്..." എന്ന് പറഞ്ഞുകൊണ്ട് പെട്ടി മുഴുവൻ തീയിലിട്ടു. തീയിൽ പൊങ്ങിയ പുകയിൽ സുശീലയുടെ മങ്ങിയ ചിരിയുടെ നിഴലുകൾ.
വിഷ്ണു, ഡോക്ടറാകാനുള്ള പഠനത്തിനിടയിൽ, നിയതിയുടെ തീരുമാനമാണോ എന്തോ, കോളേജിലെ മോശം കുട്ടികളുടെ കൂടെ കൂടി മയക്കുമരുന്ന് എടുക്കുവാൻ തുടങ്ങി. "മോനേ, പുകയില ചുരുളാണ് എന്റെ ജീവൻ എടുത്തത്.... നിന്റെ ജീവിതം ഒരു സിറിഞ്ചു കൊണ്ടുപോകരുത്...". അമ്മയുടെ വാക്കുകൾ കേട്ട് വിഷ്ണു ഉറക്കത്തിൽനിന്ന് ഞെട്ടി എഴുന്നേറ്റു. അവൻ വല്ലാണ്ട് വെട്ടിവിയർത്തു. ദൈവമേ! എന്റെ അമ്മയുടെ മരണം ഞാൻ ഓർത്തില്ലല്ലോ? ഒരുതുള്ളി വെള്ളം ഇറക്കാൻ വയ്യാതെ അമ്മ ബുദ്ധിമുട്ടിയിരുന്നത് അവന്റെ ഓർമ്മയിൽ കൂടി ഒരു മിന്നായം പോലെ പോയി. അന്ന് മുഴുവൻ അവന് ഉറങ്ങാൻ പറ്റിയില്ല. നേരം വെളുത്തപ്പോൾ അവൻ ഒരു തീരുമാനമെടുത്തു. ഇനി മയക്കുമരുന്നിന് തന്റെ ജീവിതത്തിൽ സ്ഥാനമില്ല. ഇനിയുള്ള തന്റെ ജീവിതം മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിനായിരിക്കും.
ശിവദാസനും നാട്ടുകാരെ ഒത്തുകൂട്ടി സ്വന്തം അനുഭവം പറഞ്ഞു: "ഒരു വെറ്റിലമുറുക്ക്, ഒരു സിഗരറ്റ്... ഇതൊന്നും നിസ്സാരമല്ല. ഇത് കൊലയാണ്. എന്റെ സുശീലയെ ഈ മുറുക്കാണ് കൊന്നത്." നാട്ടുകാരുടെ മുന്നിൽ അയാൾ സുശീലയുടെ MRI ചിത്രങ്ങളും കാൻസർ രോഗത്തിkന്റെ ഭീകരതയും കാണിച്ചു. സമീപത്തെ പള്ളിയിലും സ്കൂളുകളിലും ആണ്ടുതോറും കാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്താനും ശിവദാസനും കൂട്ടാളികളും തീരുമാനിച്ചു.
കാലം മുന്നോട്ടുപോയി. വിഷ്ണു ഡോക്ടറായി. അദ്ദേഹം ഒരു റിസർച്ച് പ്രോജക്റ്റിൽ ചേർന്ന് സിഗരറ്റ്, മയക്കുമരുന്ന് എന്നിവയുടെ ദോഷങ്ങൾ യുവതലമുറയിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയയിലൂടെ വീഡിയോകൾ സൃഷ്ടിച്ചു. "അമ്മയുടെ മരണംl വെറുതെയാകരുത്" എന്നതായിരുന്നു അവന്റെ മുദ്രാവാക്യം.
ഉണ്ണി എൻജിനീയറായി. കാക്കനാട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മണ്ണിനെ രോഗബാധിതമാക്കുന്നത് തടയാൻ ഒരു സ്ഥാപനം ആരംഭിച്ചു.. "പ്ലാസ്റ്റിക്കും മയക്കുമരുന്നുപോലെതന്നെയാണ്. രണ്ടും നമ്മെത്തന്നെ നശിപ്പിക്കും" എന്ന് അദ്ദേഹം യുവാക്കളോട് പ്രഭാഷണങ്ങളിൽ പറയും.
എന്റെ അമ്മയുടെ ജീവൻ കൊലചെയ്തത് ഒരു "ചെറിയ" വെറ്റിലമുറുക്കാണ്. കാൻസർ, ശ്വാസകോശരോഗങ്ങൾ എന്നിവയുടെ മൂലകാരണം ഇത്തരം ദുശ്ശീലങ്ങളാണ്. ഒരു ചുരുളിന്റെ "സന്തോഷം" ഒരു കുടുംബത്തിന്റെ ഭാവി കെടുത്തും.
[ഇന്ന് നല്ലൊരു ഭാഗം യുവാക്കൾ ഹെറോയിൻ, കഞ്ചാവ്, സിന്തറ്റിക് ഡ്രഗ്സ് എന്നിവയുടെ ചുറ്റുപാടിൽ അകപ്പെടുന്നു. മരുന്നിന്റെ "ഉന്മാദം" അവരുടെ സ്വപ്നങ്ങളെ തകർക്കുന്നു. അതിനാൽ ഇതിനെതിരെ പോരാടുന്നത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.]
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ