സന്ധ്യയുടെ വെളിച്ചം

 സന്ധ്യയുടെ വെളിച്ചം 

നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു. ജെസ്സിയമ്മ തിരിഞ്ഞും മറിഞ്ഞും കിടന്നു. എല്ലാ ദിവസവും ഇതാണ് അവസ്ഥ. ദിവസം ശരാശരി  നാലു മണിക്കൂറോളം ഉറങ്ങിയാലായി. അതുകഴിഞ്ഞ് കണ്ണും തുറന്ന് ഒരേ കിടപ്പാണ്. ഒന്ന് സുഖമായി ഉറങ്ങിയിട്ട് എത്ര നാളുകളായി? ജെസിയമ്മ ഓർത്തു. 

 ജെസ്സിയമ്മയും ഭർത്താവ് ജോർജും കുവൈറ്റിലായിരുന്നു. മൂന്നു മക്കൾ. രണ്ടാണും ഒരു പെണ്ണും. നീണ്ട 35 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ ജെസ്സിയമ്മയുമായി  നാട്ടിലെത്തി. ഇനി ഇവിടെത്തന്നെ സെറ്റിൽ ചെയ്യണമെന്നാണ് ജോർജിന്റെ ആഗ്രഹം. നമ്മൾ എവിടെയൊക്കെ ആയിരുന്നാലും അവസാനകാലത്ത് സ്വന്തം മണ്ണിൽ തിരിച്ചെത്തണമെന്ന് ജോർജിന്റെ അഭിപ്രായം.  മക്കളൊക്കെ വളർന്നു വലുതായി. മൂന്നുമക്കളുടെയും കല്യാണവും കഴിഞ്ഞു. മൂത്തവൻ ജോണി കുടുംബവുമായിട്ട് സ്റ്റേറ്റ്സിലാണ്.  രണ്ടാമൻ സോണി  ന്യൂസിലൻഡിലാണ്.   മൂന്നാമത്തെ മകൾ ജെനി  ഖത്തറിലും. എല്ലാവരും അവരവരുടെതായിട്ടുള്ള  തിരക്കിൽ. മക്കളുടെ വെക്കേഷൻ വരുമ്പോൾ ആരെങ്കിലുമൊക്കെ വരും. 

 ജോർജും ജെസിയും ചോറ്റാനിക്കരയിൽ ഒരു ഹൗസിംഗ് കോളനിയിലാണ് താമസം.   കോളനിയിലെ താമസം ജെസ്സിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു  . പക്ഷേ ജോർജിന് ഒരേ നിർബന്ധം. ഹൗസിംഗ് കോളനിയാകുമ്പോൾ എന്തെങ്കിലും ഒരു വല്ലായ്ക വരികയാണെങ്കിൽ തന്നെ ആരെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ എന്നാണ് ജോർജ് പറയുന്നത്. 

 ചോറ്റാനിക്കരയിൽ താമസം തുടങ്ങിയിട്ട് ഏകദേശം ഒരു വർഷമായി. കോളനിയിലെ ജീവിതവുമായി രണ്ടുപേരും സെറ്റായി.   ജെസ്സിയമ്മയുടെ ഒരു പിറന്നാൾ ദിനത്തിൽ രണ്ടുപേരും രാവിലെ തന്നെ  പള്ളിയിൽ പോയി.  തിരിച്ച് വീട്ടിൽ വന്ന് ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചു. 

 നിന്റെ പിറന്നാളായിട്ട് എന്താണ് സ്പെഷ്യൽ ഉണ്ടാക്കേണ്ടത്? ജോർജ് ചോദിച്ചു. അല്ലെങ്കിൽ വേണ്ട പായസം തന്നെ ഉണ്ടാക്കിയേക്കാം. നീ കുറെയായിട്ട് പറയുന്നതല്ലേ. 

 വേണ്ട വേണ്ട,  ഇനി അതിനുള്ള സാധനങ്ങൾ വാങ്ങാൻ പുറത്തോട്ട് പോകണ്ട. ഇവിടെ എന്തെങ്കിലുമൊക്കെ കാണും. നമുക്ക് അതുവച്ച് പിറന്നാൾ ആഘോഷിക്കാം. ജെസ്സിയമ്മ  സ്നേഹത്തോടെ പറഞ്ഞു.

 അതൊന്നും വേണ്ട, ഞാനിപ്പോൾ തന്നെ സാധനങ്ങൾ വാങ്ങി വരാം. അങ്ങനെ പറഞ്ഞു ജോർജ് സ്കൂട്ടർ എടുത്ത്  പുറത്തോട്ട് പോയി. ജംഗ്ഷന് തൊട്ടുമുമ്പത്തെ വളവിൽ  കുക്കിംഗ്‌ ഗ്യാസ് കയറ്റിവന്ന ലോറിയുമായിട്ട്  ജോർജിന്റെ സ്കൂട്ടർ  നേർക്കുനേർ ഇടിച്ചു.    പിന്നെ വന്നത് ആംബുലൻസിൽ പൊതിഞ്ഞ ജോർജിന്റെ ശരീരമാണ്. ജെസിയമ്മ ആ ഷോക്കിൽ നിന്ന് പുറത്ത് വരാൻ ഏകദേശം മൂന്നു മാസത്തോളം   എടുത്തു. ഇപ്പോഴും വിഷാദ രോഗം ജെസ്സിയെ പൂർണ്ണമായും വിട്ടു പോയിട്ടില്ല. താൻ തന്നെയാണ്  അച്ചായന്റെ അപകടത്തിന്റെ കാരണമെന്നാണ് അവരുടെ  മനസ്സ് ചിന്തിച്ചത്.  താൻ വിലക്കിയിരുന്നെങ്കിൽ പോകുമായിരുന്നില്ല എന്നാണ്   വിചാരം.   

മക്കളൊക്കെ രണ്ടാഴ്ചയോളം കൂടെയുണ്ടായിരുന്നു. തിരിച്ചുപോകുന്നതിനു മുമ്പ് എല്ലാവരും കൂടി അമ്മയുടെ ഭാവികാര്യങ്ങളെക്കുറിച്ച്   ആലോചന തുടങ്ങി. 

 അമ്മച്ചിയെ എങ്ങനെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകും? മൂത്തവൻ ചോദിച്ചു. കെയർഹോമിൽ ആക്കിയാലോ? അതാകുമ്പോൾ കൂടുതൽ സുരക്ഷിതത്വം ഉണ്ടാവും. സോണി  പറഞ്ഞു. വേണ്ട വേണ്ട അമ്മച്ചിക്ക് കെയർ ഹോമിലെ താമസമൊന്നും ഇഷ്ടപ്പെടില്ല. അവിടെ ഒരു ഫ്രീഡവും അമ്മക്ക് കിട്ടുകയില്ല. അതുതന്നെയല്ല, നമ്മുടെ വീട് അന്യാധീനപ്പെട്ടു പോവുകയും ചെയ്യും. ജെനി പറഞ്ഞു.

 അങ്ങനെയാണ് ഒരു വേലക്കാരിയെ വെക്കാം എന്നുള്ള ആശയത്തിലേക്ക് എല്ലാവരും എത്തിയത്.  അടുക്കള പണിയൊക്കെ തീർത്തു, വീടും അടിച്ചു തൂത്തിട്ട് വേലക്കാരി മേരി പോകും. അമ്മച്ചി സ്വസ്ഥമായല്ലോ? മക്കൾ വിചാരിച്ചു. 

 ജെസ്സിക്ക്, പക്ഷേ, വീട്ടിലെ ഏകാന്തത പതുക്കെപ്പതുക്കെ മടുപ്പ് ഉളവാക്കുവാൻ തുടങ്ങിയിരുന്നു.  ജോർജ് ഉണ്ടായിരുന്നപ്പോൾ ഏതുനേരവും ജെസിക്കൊപ്പം ഉണ്ടാകും. എന്താവശ്യത്തിനും ജോർജ് റെഡി. ഇപ്പോഴാണെങ്കിൽ നേരം വെളുത്താൽ അന്തിയാവും വരെ ഒറ്റയ്ക്ക് ഇരിപ്പ്. മേരി വന്നാൽ രണ്ടു മണിക്കൂറോളം വീട്ടിലുണ്ടാകും. അതുകഴിഞ്ഞാൽ  അവൾ വേറെ വീട്ടിൽ പണിക്ക് പോകും. 

 ഒരുദിവസം ജെസ്സിക്ക് തലകറക്കം ഉണ്ടായി.   ഇരിക്കുന്ന കസേരയിൽ നിന്ന്  എഴുന്നേറ്റതാണ്, പെട്ടെന്ന് വേച്ചു  താഴേക്ക് വീണു. ഭൂമി മുഴുവൻ കറങ്ങുന്നതായിട്ടുള്ള തോന്നൽ. കുറച്ചുനേരം അങ്ങനെ കിടന്നു. ജെസ്സിയുടെ ഞരക്കം കേട്ടിട്ടാണോ  എന്തോ, അടുത്തവീട്ടിൽ താമസിക്കുന്ന വിമല  ഓടി വന്നു. മറ്റുള്ള ആൾക്കാരെയും കൂട്ടി ജെസ്സിയെ ഒരുവിധത്തിൽ   വെർട്ടിഗോ എന്നുള്ള അസുഖമാണ്.  "സൂക്ഷിക്കണം, എപ്പോഴും ആരെങ്കിലുമൊക്കെ അടുത്തുണ്ടാകണം". ഡോക്ടർ പറഞ്ഞു. 

 മക്കൾ ഓരോരുത്തരും ഫോണിൽ അന്വേഷണം തുടങ്ങി.  അമ്മയുടെ കാര്യം എന്ത് ചെയ്യണം? മൂത്തവൻ ചോദിച്ചു. ഒരു നേഴ്സ് സ്ഥിരമായി അമ്മച്ചിയുടെ കൂടെ നിൽക്കട്ടെ! സോണി പറഞ്ഞു. ജെനിയുടെ  ആശയമായിരുന്നു എല്ലാം മുറിയിലും സിസിടിവി വെക്കുക എന്നത്. അതാവുമ്പോൾ ഏത് സമയവും നമുക്ക് അമ്മച്ചിയെ കാണാമല്ലോ. അത് നല്ല ഐഡിയ ആണല്ലോ?  എല്ലാവർക്കും സമ്മതം. 

 ഫുൾടൈം വേലക്കാരി ഒന്നും വേണ്ട. ജെസ്സി അഭിപ്രായപ്പെട്ടു.  തുടർന്ന് എല്ലാമുറിയിലും സിസിടിവി ഇൻസ്റ്റാൾ ചെയ്യിച്ചു മക്കൾ. ഞങ്ങൾക്കിപ്പോൾ ഏത് സമയവും അമ്മച്ചിയെ കാണാമല്ലോ!  ജെനി വീഡിയോ കോൾ ചെയ്തപ്പോൾ പറഞ്ഞു. ജെസിയമ്മ തലയാട്ടിയപ്പോൾ അത്  അവരുടെ സമ്മതമായി മക്കൾ  കരുതി. 

 കുറച്ച് നാളുകൾ  കഴിഞ്ഞു. എല്ലാം മുറിയിലും സിസിടിവി വന്നത് കാരണം ജെസിയമ്മയ്ക്ക്  എങ്ങോട്ടും പോകാൻ വയ്യ. എങ്ങോട്ട് പോയാലും മക്കൾ കാണും. അതെന്തിനാ അങ്ങോട്ട് പോയത്? അതെന്തിനാ ഇങ്ങോട്ട് പോയത്? അമ്മച്ചി കുറച്ചുമുമ്പല്ലേ ബാത്റൂമിൽ പോയത്? പിന്നെ എന്താ ഇപ്പോഴും പോയത്? ജെനിയുടെ ഈ വകയുള്ള ചോദ്യങ്ങൾ  സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മക്കളുടെ അധികമായ നിയന്ത്രണത്തിൽ ദേഷ്യം വന്ന  ജെസിയമ്മ  സിസിടിവിയുടെ എല്ലാ സ്വിച്ചുകളും ഓഫ് ചെയ്തു. നാളുകൾക്ക് ശേഷം  സിസിടിവിയാൽ മോണിറ്റർ ചെയ്യപ്പെടാതെ  അവർ ഇരുന്നു.

 പിന്നീടുള്ള കുറച്ചു ദിവസങ്ങൾ, വീട്ടിൽ സമാധാനമായിരുന്നു. ജെസ്സിയമ്മയെ ക്യാമറകളിൽ കാണാതായതറിഞ്ഞു മക്കൾ വിളിച്ചു തുടങ്ങിയത് അഞ്ചാം ദിവസം.

"അമ്മച്ചിയെ ഞങ്ങൾ  കാണുന്നില്ലല്ലോ, എന്താ സ്വിച്ചുകൾ ഓഫ് ചെയ്തത്?"
ജെനി ചോദിച്ചു.
"സിസിടിവി യിൽ വെറും  ഇമേജ്കളല്ലേ മോളെ കാണാൻ പറ്റൂ, എന്റെ യഥാർത്ഥ ജീവിതം, എന്റെ ഉള്ളിലെ വിഷാദം ഇവയൊന്നും  നിങ്ങൾ കാണുന്നില്ലല്ലോ."
അവൾ ശാന്തമായി മറുപടി നൽകി.

"ഞങ്ങൾക്ക് അമ്മയുടെ ജീവിതം കാണാനല്ലേ അവ?" അമ്മയ്ക്ക് ഞങ്ങളോട് എന്തും സംസാരിക്കാമല്ലോ! ജനി മറുപടി നൽകി.

"നിന്റെ അച്ഛൻ ജീവിച്ചിരുന്നുവെങ്കിൽ  ആ കാഴ്ചകൾക്ക് ആത്മാവുണ്ടാവുമായിരുന്നു."
ഇപ്പോൾ അതിന്  ആത്മാവില്ല. വെറും പടങ്ങൾ മാത്രം. ജെസ്സിയമ്മ പറഞ്ഞു. 

 വല്ലാത്തൊരു ഏകാന്തത ജെസ്സിയമ്മയെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു. അവരുടെ വിഷാദരോഗം തിരിച്ചു വന്നു.  ഈയിടെയായി രാത്രിയിൽ ഉറങ്ങാനേ പറ്റുന്നില്ല. കണ്ണടച്ചാൽ പേക്കിനാവുകൾ മാത്രം. ജോർജേട്ടൻ എപ്പോഴും വിളിക്കുന്നത് പോലെ.  നീ എന്തിനാണ് ഇങ്ങനെ ആർക്കും വേണ്ടാത്തവളായി ജീവിക്കുന്നത്? ജോർജിന്റെ അടുത്തേക്ക്  പൊയ്ക്കൂടേ നിനക്ക്? അവളുടെ അന്തരാത്മാവ് ചോദിച്ചു.

 രാത്രിയുടെ മൂന്നാം യാമത്തിൽ, എന്തോ ദൃഢ നിശ്ചയം പോലെ,  അവർ  എഴുന്നേറ്റു  ബുക്ക്‌ഷെൽഫ് തുറന്നു. പഴയ കുറിപ്പുകൾ, കുറച്ചൊക്കെ ജോര്‍ജിന്റെ രചനകൾ. 

"ഒരിക്കൽ ഞാൻ തിരിച്ചു വരും, നമ്മുടെ അങ്ങേയറ്റത്തെ ബഞ്ചിലിരിന്ന്, അതേ പഴയ വഴിയിൽ ഒരുമിച്ചിരുന്നു  ചായ കുടിക്കാൻ."     -- ജോർജ് 

" അന്ത്യകാലത്ത് കിട്ടാത്ത സ്നേഹം പാഴ് സ്നേഹമാണ്. എന്തുവന്നാലും നിനക്കൊപ്പം ഞാൻ ഉണ്ടാവും "  --- ജോർജ്

 കുറിപ്പുകൾ വായിച്ച് ജസ്സിയമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി. എന്നെ ഇട്ടേച്ച് പൊയ്ക്കളഞ്ഞല്ലോ ഇച്ചായൻ. 

 ഷെൽഫിൽ നിന്നും പേപ്പർ എടുത്ത് മക്കൾക്കായി ഇങ്ങനെ  എഴുതി.   

" മക്കളെ, ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർത്തിട്ടുണ്ട്. നല്ല ഭർത്താവ്,  സ്നേഹനിധിയായ മൂന്നുമക്കൾ, കൊച്ചുമക്കൾ അങ്ങനെ എല്ലാം എനിക്കുണ്ടല്ലോ എന്ന് ഞാൻ അഹങ്കരിച്ചിട്ടുണ്ട്. ആവശ്യത്തിന് പണം, സുന്ദരമായ വീട് ഇവയെല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ  സ്നേഹനിധിയായ ജോർജ് ഇപ്പോൾ എന്റെ കൂടെയില്ല. അന്ത്യകാലത്ത്  എന്റെ കൂടെ നിൽക്കാൻ മക്കളായ നിങ്ങൾക്ക് സമയവുമില്ല. ഞാനാരെയും കുറ്റം പറയുന്നില്ല. എന്തൊക്കെ ഉണ്ടായാലും അവസാനകാലത്ത് സ്വന്തം മക്കളോ ഭർത്താവോ കൂടെയില്ലെങ്കിൽ ഉണ്ടാവുന്ന അരക്ഷിതബോധം പറയാവുന്നതല്ല. നിങ്ങളുടെ തിരക്കുകൾ ഒക്കെ കഴിയുമ്പോൾ ഈ അമ്മയെ ഓർക്കണം".

 എഴുത്ത് എഴുതി തീർത്ത് മടക്കി സോഫയിൽ കൊണ്ട് വച്ചു. ശേഷം അലമാരിയിൽ കുറച്ച് നാളുകളായി ഒരു കൈ അകലത്തിൽ വെച്ചിരുന്ന ഉറക്കഗുളികകളുടെ കുപ്പിയെടുത്തു. സാവധാനം ബെഡ്‌ഡിൽ വന്നിരുന്നു  കുപ്പിയിൽ ഉണ്ടായിരുന്ന  ഗുളികകൾ  ഓരോന്നായി  എടുത്ത് കഴിക്കാൻ തുടങ്ങി. ഒന്ന്, രണ്ട്, ...... അപ്പോഴേക്കും ആരോ കയ്യിൽ നിന്ന് തട്ടിത്തെറിപ്പിച്ചത് പോലെ സ്ലീപ്പിങ് പിൽസിന്റെ കുപ്പി ദൂരേക്ക് തെറിച്ചുവീണു.    നീ എന്താണ് ചെയ്യുന്നത്? നമ്മുടെ കുട്ടികൾക്ക് ആരാണുള്ളതെന്ന് നീ ഓർത്തോ? ജെസ്സിയമ്മയുടെ അന്തരാത്മാവ്  ചോദിച്ചു.

 ഞെട്ടിത്തെറിച്ചത് പോലെ അവർ ബെഡ്‌ഡിലേക്ക് വീണു.  ദൈവമേ! ഞാൻ  എന്താണ് കാണിച്ചത്?  ജീവിതത്തിന്റെ  തിരക്ക് മൂലമല്ലേ മക്കൾ എന്നെ വേണ്ടത്ര ശ്രദ്ധിക്കാഞ്ഞത്? ഞാൻ പോയാൽ എന്റെ മക്കൾക്കും കൊച്ചുമക്കൾക്കും  ആരാണുണ്ടാവുക? 

 ജെസ്സി  കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. പക്ഷേ ഒരു മയക്കവും ക്ഷീണവും. അവർ അടുത്തു വെച്ചിരുന്ന ജഗ്ഗിൽ നിന്നും കുറേ വെള്ളം കുടിച്ചു.  വെള്ളം ഉള്ളിലേക്ക് ചെന്നപ്പോൾ ക്ഷീണത്തിന് ഒരു ആശ്വാസം. മയക്കം കൊണ്ട് ബെഡ്ഡിലേക്ക്  വീണതറിഞ്ഞില്ല. 

അടുത്ത ദിവസം രാവിലെ, പതിവിലും  നേരത്തെയാണ് മേരി എത്തിയത്. വാത തുറക്കാത്തതും ഫോൺ എടുക്കാത്തതുമാണ് അവളെ ആശങ്കയിലാക്കിയത്.

"ജെസ്സിയമ്മേ... തുറക്കൂ..."

വാതിൽ കുറ്റിയിട്ടിരുന്നില്ല. തുറന്നപ്പോഴാണ്  ജെസ്സിയമ്മ ഉറങ്ങുന്നത് കാണുന്നത്. ഇത് പതിവില്ലാത്തതാണല്ലോ?  സോഫയിൽ പേപ്പർ വെയ്റ്റിനടിയിൽ ഒരു കുറിപ്പും വച്ചിരിക്കുന്നു. അത് വായിച്ചു  അവളുടെ കൈ വിറച്ചു.  

"ജെസ്സിയമ്മേ..!" മേരിയുടെ ഗൗരവം നിറഞ്ഞ ശബ്ദം ജെസ്സിയമ്മയുടെ കാതിൽ തട്ടിയപ്പോൾ, അവർ കണ്ണുകൾ പതുക്കെ തുറന്നു. 
ഒരു വിഷമിച്ച ചിരിയോടെ മേരിയെ നോക്കി:
" ഓ! മേരിയോ? എനിക്കൊരു ചായ കുടിക്കണം"   ജെസ്സിയമ്മയെ ഒന്ന് സൂക്ഷിച്ചുനോക്കി അവൾ ചായയെടുക്കാൻ പോയി.

 ഹൗസിംഗ് കോളനിയിലെ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി വിവരം അറിഞ്ഞു മക്കളെ ഫോണിൽ കോൺടാക്ട് ചെയ്തു. മക്കളെ! അമ്മയുടെ  ജീവിതം ഇങ്ങനെ തുടരാൻ പറ്റില്ല. അവരുടെ ജീവിതത്തിൽ കുറച്ച് തിരുത്തലുകൾ കൊണ്ടുവരണം. സെക്രട്ടറി അഭിപ്രായപ്പെട്ടു.

 മൂന്നുമാസം കഴിഞ്ഞു. ചോറ്റാനിക്കരയിലെ വീട്ടിൽ ജെസ്സിയമ്മ ഇപ്പോൾ ഒറ്റയല്ല. ഒരു സ്വയം സഹായ സംഘത്തിന്റെ ഭാഗമായി, വീട്ടിലിരുന്നു തന്നെ  ഹോംകെയർ  സേവനങ്ങൾ അവർക്ക് ലഭിക്കുന്നു. കൂടാതെ ദിനചര്യയിൽ കുറച്ച് വ്യത്യാസവും വരുത്തി.  വീടിന്റെ പിൻ വശത്ത് ഒരുക്കിയ പച്ചക്കറി തോട്ടത്തിൽ ഏകദേശം രണ്ടു മണിക്കൂർ അവർ കൃഷിയിലേർപ്പെടും. അത് കഴിഞ്ഞാൽ കോളനിയിൽ തുടങ്ങിയ യോഗ ക്ലാസിലും അവർ പങ്കെടുക്കാൻ തുടങ്ങി. 

 ജെസിയമ്മ വീടിനകത്തെ സിസിടിവി ക്യാമറകൾ വീണ്ടും സ്വിച്ച് ഓഫ്‌ ചെയ്തു.   പകരം, മക്കളോട് ദിവസേന വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെട്ടു, പക്ഷേ സമയം തീരുമാനിക്കുന്നത് ജെസ്സിയമ്മ തന്നെയാണ്. സ്വതന്ത്രതയുടെ മുറ്റത്ത് പടർന്ന പുഞ്ചിരിയോടെ അവർ ജീവിതത്തെ വീണ്ടും ചേർത്തുപിടിച്ചു. 

ഒരുദിവസം ജെസ്സിയമ്മ രാവിലെ എഴുന്നേറ്റു. ഇന്നാണ് തന്റെ ജന്മദിനം, പക്ഷേ മനസ്സിനുള്ളിൽ ഒരു നടുക്കം. ജോര്‍ജ് ഇല്ലാതായിട്ട് ഇന്ന് ഒരു വർഷം. ആ സത്യാവസ്ഥയെ സമ്മതിക്കാനാകാതെ അവരിപ്പോഴും വാതിലിലൂടെ ജോർജ് വരും എന്ന പ്രതീക്ഷയോടെ നോക്കും.

അവളെ നോക്കാൻ മക്കൾ ഉണ്ടായിരുന്നു, പക്ഷേ അവരുടെ ഉള്ളിലുള്ള  കനൽ കാണാൻ ആരും ഉണ്ടായില്ല.  യു.എസ്, ന്യൂസിലാൻഡ്, ഖത്തർ – ഓരോ ലോകത്തും ഏവരും തങ്ങളുടെ കുടുംബ-ജീവിതത്തിൽ തിരക്കിലായപ്പോൾ, അമ്മയ്ക്ക് വീണുകിട്ടിയത് ദിവസേനയുള്ള വീഡിയോ കോളുകൾ മാത്രം. 

"അമ്മ കഴിച്ചോ?"
"ടിവി കണ്ടോ? …"
മക്കളുടെ ശബ്ദം വീഡിയോ കോളിലൂടെ  വരും, പക്ഷേ ജെസ്സിക്ക് ആ ശബ്ദങ്ങൾ ഹൃദയത്തിൽ തൊടുന്നില്ല. മനുഷ്യന്റെ ശബ്ദത്തിൽ ഉണ്ടാവുന്ന ചൂട്, കണ്ണിൽ കാണുന്ന സ്‌നേഹം, കയ്യിലെ സ്പർശം… അതൊന്നുവേറെതന്നെയാണ്.

ഒരിക്കൽ രാവിലെ, ഹൗസിംഗ് കോളനിയിലെ ചെറുപ്പക്കാരി അനുപമ വാതിലിൽ മുട്ടി. അവളുടെ സ്കൂളിലെ പ്രൊജക്ടിനായി വയോധികരുടെ ജീവിതത്തെക്കുറിച്ചു ഒരു  ഡോക്യുമെന്ററി ചെയ്യാനായിരുന്നു ലക്ഷ്യം.

“ജെസ്സിയമ്മേ, നിങ്ങളെ കുറിച്ചാണ് ഞങ്ങൾ പ്രൊജക്ട് ചെയ്യുന്നത്. നിങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാമോ?”

ആ വാക്കുകൾ ജെസ്സിയുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചു. ആദ്യമായിട്ടായിരുന്നു ഒരാൾ തന്നെക്കുറിച്ച്  കേൾക്കാൻ താൽപര്യപ്പെടുന്നത്.

പിന്നീടുള്ള ദിവസങ്ങൾ ജെസ്സിക്ക് പുതുമയായിരുന്നു. അനുപമ വന്നിരിക്കും. അവരെക്കുറിച്ച് ചോദിക്കും. പഴയ ഫോട്ടോകൾ കാണിക്കും. ജോർജിന്റെ കഥകൾ പറയും. പിന്നെ മറ്റുള്ള കോളനി വയോധികരും സാവധാനം അനുപമയിലൂടെ ജെസ്സിയെ പരിചയപ്പെടാൻ വന്നു. ജെസ്സിയുടെ വീട്  ആളുകൾ വരികയും ചിരികൾ മുഴങ്ങുകയും ചെയ്യുന്ന സ്ഥലം ആയി.

അവസാനമായപ്പോൾ, അനുപമ ഡോക്യുമെന്ററിയുടെ പ്രീമിയർ ഒരുക്കി. കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ സ്ക്രീൻ വച്ചു. “സന്ധ്യയുടെ വെളിച്ചം” എന്നാണ് പേരിട്ടത്.

മക്കളും ഡോക്യൂമെന്ററി ഷെയർ ചെയ്തുകണ്ടു.  അവർക്കും മനസ്സിലായി, അമ്മയെ കാണുന്നതിന് വീഡിയോ കോളല്ല, നേരിട്ടുള്ള കൂടിച്ചേരലുകളാണ് വേണ്ടതെന്ന്. അന്ന് രാത്രിയിൽ, മൂന്നു മക്കളും ചേർന്ന് ഒരു തീരുമാനമെടുത്തു – അവരിൽ ഓരോരുത്തരും മാറി മാറി അമ്മക്ക് കൂട്ടുനിൽക്കും.  

മൂന്നു മാസമാകുമ്പോഴേക്കും, ജെസ്സിയമ്മയുടെ വീട്ടിൽ  മൂത്ത മോൻ ജോണിയും കുടുംബവുമാണുള്ളത്.  ജെസ്സിക്ക് ഒറ്റപ്പെട്ട ജീവിതം ഇനി ഒരു ഓർമ്മ മാത്രം.

“ഇനിയൊരിക്കലും ഞാൻ ഒറ്റയാകില്ല… ജോര്‍ജ് എപ്പോഴും കൂടെയുണ്ട്. കൂടാതെ എന്റെ മക്കളും നല്ലവരായ ഒരുപാട് ആളുകളും…” – ജെസ്സിയമ്മ പറഞ്ഞു, സന്തുഷ്ടമായൊരു  ചിരിയോടെ.


V C Ajayakumar




അഭിപ്രായങ്ങള്‍

  1. യാഥാർത്ഥ്യം ആണ് പറഞ്ഞത്, പക്ഷേ മക്കളെ പറഞ്ഞു വിടുന്നത് സാഹചര്യവും അച്ഛനമ്മമാരും അല്ലേ?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ