സ്നേഹത്തിന്റെ തുള്ളികൾ

          സ്നേഹത്തിന്റെ തുള്ളികൾ

 കോരിച്ചൊരിയുന്ന മഴയുള്ള ഒരു  സായാഹ്നം. ഷോർണൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ ഒരു വീട്ടിനുള്ളില്‍ ലക്ഷ്മിയമ്മ മേൽക്കൂരയിൽ കൂടി  ഒഴുകിയെത്തുന്ന വെള്ളത്തെനോക്കി  നെടുവീർപ്പിട്ടു. പണ്ടൊക്കെ മഴയുടെ കൂട്ടുകാരിയായിരുന്നു ലക്ഷ്മിയമ്മ. പക്ഷേ ഇപ്പോൾ മഴയെത്തുമ്പോൾ ഉള്ളിൽ ഒരു ആധിയാണ്. അവരുടെ പല സൗഭാഗ്യങ്ങളേയും മഴയാണ് കവർന്നെടുത്തത്. 

L

 എങ്ങനെ പോകേണ്ട വീടായിരുന്നു ഇത്? ലക്ഷ്മി അമ്മ ആലോചിച്ചു.  കുട്ടികളുടെ അച്ഛൻ  ഉണ്ടായിരുന്നപ്പോൾ ഒരു അല്ലലും കൂടാതെ കഴിഞ്ഞ വീടാണിത്.  ഹോട്ടലിൽ പണിയെടുത്തുകിട്ടിയ പൈസക്കൊണ്ട് മൂന്നു മക്കളെയും കൃഷ്ണപിള്ള നന്നായി പഠിപ്പിച്ചു. പക്ഷേ,  ഒരു കർക്കടകമാസത്തിൽ  ന്യൂമോണിയ കൂടി അവശനായി.  ആയുർവേദത്തിലെ കഷായവും ചികിത്സയും പോരാതെവന്നു. കൃഷ്ണപിള്ള ഈ ലോകത്തിൽ നിന്നും യാത്രയാകുമ്പോൾ   മൂത്തവൻ സുരേന്ദ്രന് പ്രായം പതിനാറ്. മോൾ  സുനിതക്ക് പതിനാല്.   ഇളയ മകൻ സുമോദിന് പന്ത്രണ്ട് വയസ്സ്.  അന്ന്  ലക്ഷ്മിയുടെ ജീവിതത്തിലെ നല്ലനാളുകൾ അവസാനിച്ചു.  കുടുംബത്തിലെ വരുമാനം നിലച്ചു. എന്ത് ചെയ്യും എന്ന് വിചാരിച്ചിരുന്ന നേരത്ത് കൃഷ്ണപിള്ള പണിയെടുത്ത് കൊണ്ടിരുന്ന ഹോട്ടലിന്റെ മുതലാളി സഹായവുമായി വന്നു.  അjന്നുമുതൽ ലക്ഷ്മി അമ്മ ആ ഹോട്ടലിലെ തൊഴിലാളിയായി. അങ്ങനെ ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാവുന്ന നിലയിൽ മുമ്പോട്ട്  പോയി.

ഭാഗ്യവശാൽ മൂത്ത രണ്ടു കുട്ടികളും പഠിക്കാൻ നല്ല മിടുക്കർ. പഠിത്തം കഴിഞ്ഞ ഉടനെ മൂത്തവന് റെയില്‍വേയിൽ ജോലി കിട്ടി. നാലുവർഷങ്ങൾക്കുശേഷം 
 സുനിതക്ക്‌ ബാങ്കില്‍ ക്ലർക്കായും. രണ്ടുപേരുടെയും കല്യാണവും കഴിഞ്ഞു. സുരേന്ദ്രൻ സിറ്റിയിലേക്ക് വീട് മാറി താമസിച്ചു.   ഇളയത്... അയാളുടെ കഥ പറയാന്‍ വാക്കുകള്‍ പോരാ.  പഠിത്തത്തിന്റെ കൂടുതൽ കൊണ്ട് സ്കൂളിൽ നിന്നും പുറത്താക്കി. ഇപ്പോൾ മദ്യം കുടിച്ചു   ഇരുപത്തിനാലു മണിക്കൂറും ബോധമില്ലാത്ത അവസ്ഥയാണ്. ജീവിക്കാൻ ഒരു വരുമാനവുമില്ല.  ഒരു പണിക്കും പോവുകയുമില്ല. ആരെയെങ്കിലുമൊക്കെ സഹായിച്ചു കിട്ടുന്ന കാശുകൊണ്ട് കള്ളു കുടിക്കും. ലക്ഷ്മിയമ്മ ഈ വയസ്സായകാലത്തും  മറ്റു വീടുകളിൽ പോയി പണിയെടുത്താണ് വീട്ടിൽ കഞ്ഞിവെക്കുന്നത്. 

എടാ, നിന്റെ മൂത്ത രണ്ടുപേരും നന്നായി പഠിച്ചു ജോലിക്ക് കയറി. അവരുടെ വിവാഹവും നടന്നു. നീ മാത്രം എന്താടാ ഇങ്ങനെ? നമ്മൾ എങ്ങനെ ജീവിക്കും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? എന്റെ കാലം കഴിഞ്ഞാൽ നിന്റെ അവസ്ഥ എന്താകും?  അമ്മയുടെ വാക്കുകൾ കേട്ട്  അവൻ പറഞ്ഞു, "ഞാൻ അമ്മയ്ക്കുമുമ്പേ പോവും. അതോർത്തു അമ്മ വിഷമിക്കേണ്ട". ഇത് പറഞ്ഞതും അയാൾ വിതുമ്പിപ്പോയി. "അമ്മേ, ഞാന്‍  ചെറുപ്പത്തിലേ വഴി തെറ്റിപ്പോയി.  അമ്മയെങ്കിലും എന്നെ ഉപേക്ഷിക്കരുത്". അയാൾ അമ്മയുടെ കൈ പിടിച്ചു കരഞ്ഞു.   ലക്ഷ്മിയമ്മ അയാളുടെ  മൂർദ്ധാവിൽ ചുംബിച്ചു. പക്ഷേ, അപ്പോഴും മദ്യത്തിന്റെ വാസന അവരുടെ മൂക്കിൽ തുളച്ചുകയറി.   

 കാലം വളരെ വേഗം മുൻപോട്ടുപോയി. ലക്ഷ്മി അമ്മയ്ക്ക് പ്രായം 76 ലേക്ക് അടുക്കുന്നു. പണിക്കൊന്നും പോകാൻ വയ്യ.  സുമോദ് എവിടെന്നെങ്കിലുമൊക്കെ കിട്ടുന്ന ഭക്ഷണം ലക്ഷ്മി അമ്മയും കൊടുക്കും.   വല്ലപ്പോഴും സുരേന്ദ്രൻ വരുമ്പോൾ എന്തെങ്കിലും ഒക്കെ പൈസ കൊടുക്കും. ഒരിക്കൽ  മഴക്കാലത്ത് വീട്ടിൽ ചോർച്ചകൊണ്ട് നിൽക്കക്കള്ളിയില്ലാതെ മൂത്ത മകന്റെ വീട്ടിലേക്ക് താമസം മാറ്റേണ്ടിവന്നപ്പോൾ ലക്ഷ്മിയമ്മ ആശങ്കാകുലയായി. മരുമകൾ ശ്യാമളയുടെ മുഖം ഓർത്തപ്പോൾ തന്നെ അവർ വല്ലാണ്ടായി. അവരെ കണ്ടതും ശ്യാമളയുടെ മുഖം ഒരു ഇരുണ്ട മേഘം പോലെയായി.

 "എന്ത് കോലമാണ് നിങ്ങളുടെ അമ്മയുടെത്?  എന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ എനിക്ക്  നാണക്കേടാണ്."  അവൾ സുരേന്ദ്രനോട് പിറുപിറുത്തു. സുരേന്ദ്രൻ ശ്യാമളയെ ദയനീയമായി നോക്കി.  ലക്ഷ്മിഅമ്മയെ ശ്യാമള വീടിനു പുറകിലെ  ഒരു മുറിയിലേക്ക് മാറ്റി. മുറിവിട്ട് പുറത്തേക്കിറങ്ങാനോ വരാന്തയിലേക്ക് വരാനോ അവർക്ക് അനുവാദമില്ലായിരുന്നു. 

 നല്ല വായുസഞ്ചാരം ഇല്ലാത്ത മുറി. സൂര്യപ്രകാശം കിട്ടാതെ അവരുടെ തേജസ്സെല്ലാം മാഞ്ഞു. ഏതുനേരവും വർത്താനം പറഞ്ഞ് നടന്നിരുന്ന ലക്ഷ്മി അമ്മ ഇപ്പോൾ ആരോടും ഒന്നും പറയാനാവാതെ മൂകയായി. ഭക്ഷണം കാലമാവുമ്പോൾ  ശ്യാമള  മുറിയിൽ കൊണ്ട് കൊടുക്കും. അവർ തിന്നോ തിന്നില്ലയോ എന്നൊന്നും ആരും അവിടെ ശ്രദ്ധിക്കാനില്ല.  അപ്പോഴും അവർ മകളെ ഓർത്തു— താൻ പൊന്നുപോലെ വളർത്തിയ മകൾ. പക്ഷേ തന്നെ ഒന്നു വന്നു കാണാനോ, വിശേഷങ്ങൾ തിരക്കാനോ അവൾക്ക് സമയമില്ല.  അവർ നെടുവീർപ്പിട്ടു.

ഒരു ദിവസം, ലക്ഷ്മിഅമ്മ കിടന്ന മുറിയിലെ ചുമരില്‍ അവർ ആണി അടിച്ചു തൂക്കിയിരുന്ന ഫോട്ടോ ഫ്രെയിം ശ്യാമള
 കണ്ടെത്തി. അതില്‍ കൃഷ്ണപിള്ളയും ലക്ഷ്മിയും മൂന്നു കുട്ടികളുമായി ചിരിച്ചുനിൽക്കുന്നു. " ഇവിടെ എന്തിനാണ് ഇങ്ങനെ ഒരു വൃത്തിയില്ലാത്ത ഫോട്ടോ?".  അവൾ ഫോട്ടോ ഫ്രെയിം ആണിയിൽനിന്നും ഊരി നിലത്തേക്കെറിഞ്ഞു. ഫോട്ടോ ഫ്രെയിമിന്റെ ചില്ലുകൾ  ലക്ഷ്മിഅമ്മയുടെ ഹൃദയം പോലെ നുറുങ്ങിത്തെറിച്ചു. അന്ന് രാത്രി, അവർ  ഉറങ്ങാൻ കിടന്നപ്പോൾ ജാലകത്തിലൂടെ  കണ്ട കാഴ്ച അവരുടെ ഹൃദയത്തിൽ വല്ലാതെ കൊണ്ടു.    അവിടെ ഒരു വൃദ്ധയെ അവരുടെ മകൻ തലയിൽ തടവിക്കൊണ്ടിരിക്കുന്നു. ലക്ഷ്മിഅമ്മയുടെ കണ്ണിൽ കൂടി കണ്ണീർക്കണങ്ങൾ ധാരയായി ഒഴുകി. അതവരുടെ അവസാനത്തെ രാത്രിയായിരുന്നെന്ന് ശ്യാമളക്കോ സുരേന്ദ്രനോ മനസ്സിലായില്ല.

 ലക്ഷ്മി അമ്മ മരിച്ചപ്പോൾ  ആരും കരഞ്ഞില്ല. സുരേന്ദ്രൻ ബോഡി കാണാൻ വന്ന ആളുകളോട് പറഞ്ഞു: "അമ്മ കുറച്ചുനാളുകളായി കിടപ്പായിരുന്നു". ശ്യാമള വീട്ടിന് പുറത്തുനിന്ന് മൊബൈലിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു: "ഇനിയില്ല, അമ്മയുടെ വാത്സല്യം ".  എന്നാൽ ലക്ഷ്മിയമ്മയുടെ കണ്ണിൽ നിന്നൊഴുകിയ  കണ്ണീർ ആ മുറിയിലെ ചുമരില്‍ ഇപ്പോഴും പതിഞ്ഞിരിക്കുന്നതായി നാട്ടുകാർ. അവർ ഇന്നും പറയും: "മൂന്നു മക്കൾ ഉണ്ടായിട്ടും..."  

ലക്ഷ്മിയമ്മയുടെ മരണശേഷം വീട്ടിൽ മൂകത തളം കെട്ടിനിന്നു.  ശ്യാമളയുടെ മൊബൈലിലെ  സ്റ്റാറ്റസ് പോസ്റ്റുകൾക്ക് പിന്നിൽ, ആ മുറിയിലെ ചുമരുകൾ ഒരു നിശ്ശബ്ദ സാക്ഷിയായി നിന്നു. പക്ഷേ, ലക്ഷ്മിയുടെ ആത്മാവ് ആ വീട്ടിൽ നിന്ന് പോയിരുന്നില്ല. അവരുടെ  മുറിയിലെ തുറന്നുവച്ച ജനലിലൂടെ  കാറ്റ് കയറിയിറങ്ങിയപ്പോൾ ലക്ഷ്മിയമ്മയുടെ പഴയ സാരികളുടെ മണം ശ്യാമളയുടെ മൂക്കിൽ പതിഞ്ഞു. ഒരു രാത്രി, അവൾ കിടന്നുറങ്ങുമ്പോൾ കവിളിൽ ആരുടെയോ തണുത്ത കൈവിരലുകളുടെ സ്പർശം അനുഭവിച്ചു. ഞെട്ടി ഉണർന്നപ്പോൾ, മുറിയിലെ ക്ലോക്കിലെ സമയം അർദ്ധരാത്രി. ലക്ഷ്മി അമ്മ കിടന്ന മുറിയിൽ നിന്ന് ആരോ കരയുന്ന ശബ്ദം....  പേടിച്ചരണ്ട ശ്യാമള മൂന്നുദിവസം പനിച്ചു കിടപ്പിലായി. 

 ഒരു ദിവസം സുരേന്ദ്രൻ ഓഫീസിൽനിന്ന് തിരിച്ചു വരുമ്പോൾ കടക്കാരൻ ലക്ഷ്മണൻ അമ്മയെപ്പറ്റി ചോദിച്ചു. നിങ്ങളെ എങ്ങനെയൊക്കെ നോക്കിയതാ നിങ്ങളുടെ അമ്മ? നിങ്ങൾക്ക് അതൊക്കെ എങ്ങനെ മറക്കാൻ പറ്റി? എന്നിട്ട് നിങ്ങൾ അമ്മക്ക്  തിരിച്ചു കൊടുത്തതോ?   മാപ്പു കിട്ടുമോ നിങ്ങൾക്ക്?

അയാളുടെ ഹൃദയം കുറ്റബോധത്താൽ പിടഞ്ഞു. വീട്ടിൽ വന്നതും അയാൾ ശ്യാമളയോട് പറഞ്ഞു.   "അമ്മയുടെ മുറിയിലെ വാതിലുകൾ ഇന്നുമുതൽ ഞാൻ തുറന്നിടുന്നു. അതിലൂടെ ശുദ്ധവായു കയറിയിറങ്ങട്ടെ. വീട്ടിലും നിന്റെ മനസ്സിലും".  ശ്യാമളയുടെ മുഖം വെള്ളിപോലെ വെളുത്തു.   
ഇതിനിടെ, ഒരുദിവസം ഇളയ മകൻ സുമോദ് മദ്യഷാപ്പിൽ നിന്നും മടങ്ങി വന്നില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് സുരേന്ദ്രന്  വിളി വന്നു—ഒരു ലോറി ഇടിച്ച് സുമോദ് ആശുപത്രിയിലാണ്. ദേഹത്തെല്ലാം ഒടിവും ചതവും.   അയാളുടെ പോക്കറ്റിൽനിന്ന് നേഴ്സ് കണ്ടെത്തിയ ഒരു പഴയ ഫോട്ടോയിൽ  ലക്ഷ്മിയമ്മ സുമോദിനെ ഒരു കുട്ടിയെ കണക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്നു.  നഴ്സ് കൊടുത്ത ഫോട്ടോ കണ്ട സുമോദ് ഒരു നിമിഷം  മന്ത്രിച്ചു: "അമ്മേ, ക്ഷമിക്കണേ..."  

 ഒരു ദിവസം സുനിത അമ്മയുടെ
 പഴയ പെട്ടി തുറന്നു. അതിനുള്ളിൽ ഒരു ഡയറി. അതിൽ ലക്ഷ്മി അമ്മ സുനിതയ്ക്ക്  എഴുതിയ കുറിപ്പ്. അതിലെ  വാക്കുകൾ അവളുടെ ഹൃദയത്തെ കുത്തിനോവിച്ചു.  "എന്റെ മകളെ, നിന്നെ പ്രസവിച്ചതോർത്തു ഞാൻ ലജ്ജിക്കുന്നു". സുനിതയുടെ   കണ്ണുകൾ നിറഞ്ഞു.  അവൾക്ക് അവളോടുതന്നെ അവമതിപ്പുതോന്നി. അന്ന് രാത്രിതന്നെ, അവൾ ഷോർണൂരിലേക്ക് ട്രെയിൻ കയറി.  

അവൾ  പഴയ വീട് പുതുക്കി പണിതു. കുടുംബവുമായി തല്ക്കാലം അവിടേക്കു താമസം മാറി.  മുറികളിൽ നിന്ന് സുനിതയുടെ കുട്ടികളുടെ ചിരി മുഴങ്ങികേൾക്കാൻ തുടങ്ങി.  

സുമോദ് മദ്യം പടിപടിയായി ഉപേക്ഷിച്ചു, അതിനുശേഷം ഒരു ചെറുകിട ഷോപ്പ് തുടങ്ങി. 

ഇനി നിനക്കൊരു കല്യാണം നോക്കണം. സുനിത പറഞ്ഞു. 

 എനിക്ക്‌ കല്യാണമോ? സുമോദ് ചോദിച്ചു. 

എന്താ നിനക്ക് ഒരു കല്യാണം കഴിച്ചാൽ?നിനക്ക് അത്രയ്ക്ക് പ്രായമൊന്നും ആയിട്ടില്ല. 
ഞങ്ങളുടെ വീടിനടുത്തൊരു കുട്ടിയുണ്ട്. നല്ല  കുട്ടി. നിനക്ക് നന്നായി ചേരും. അധികം സാമ്പത്തികമൊന്നുമില്ല. എന്നാലും അവൾക്കു വേണ്ടതെല്ലാം അവർ കൊടുക്കും. ഇതിപ്പോൾ അവരായിട്ട് കൊണ്ടുവന്ന ആലോചനയാണ്.  നീ ഒന്നാലോചിക്ക്. സുനിത പറഞ്ഞു.

ഊം... സുമോദ് നീട്ടി മൂളി.

സുരേന്ദ്രന് ശ്യാമളയുമായിട്ട് ഒട്ടും ചേർന്ന് പോകാൻ സാധിച്ചില്ല. അവർ പരസ്പര സമ്മതത്തോടെ വിവാഹമോചനം ചെയ്തു.  ഇനിയുള്ള കാലം അമ്മയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം. അയാൾ പറഞ്ഞു. നമുക്ക് അമ്മയുടെ ഓർമ്മക്കായി  എന്തെങ്കിലും  ചെയ്യണം ചേട്ടാ. സുനിതയും പറഞ്ഞു.

അവർ അഗതികൾക്കും വൃദ്ധർക്കുമായി   ഒരു ശരണാലയം പണിതു. അവിടെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.  പകൽ മുഴുവൻ അവരുടെ കാര്യങ്ങളിൽ മുഴുകുന്നത് കൊണ്ട്  സുരേന്ദ്രന്റെ മനസ്സിന് നല്ല സമാധാനം.

ലക്ഷ്മി അമ്മയുടെ  മുറിയിലെ ചുമരിൽ ഇപ്പോഴും ഒരു നനഞ്ഞ മൂടൽ ഒരു വടുപോലെ കാണാം. നാട്ടുകാർ പറയും, അത് ലക്ഷ്മിഅമ്മയുടെ കണ്ണീരാണെന്ന്. ആ അമ്മയുടെ ഹൃദയത്തിലെ കണ്ണുനീർ കഴുകാൻ മക്കളുടെ ഒരു ജന്മം പോരാ എന്ന്...  

 പഴമയുടെ മുറിവുകൾ ഒന്നും ഒരിക്കലും മുഴുവനായും ഭേദമാവുകയില്ല. പക്ഷേ, സ്നേഹത്തിന്റെ ലേപനത്താൽ ആ മുറിവുകളെ പൂക്കളാക്കാം. 🌹❤️


V C Ajayakumar 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

​കറുത്ത സൂര്യൻ