ഒറ്റപ്പാടിന്റെ വീടുകൾ
ഒറ്റപ്പാടിന്റെ വീടുകൾ
====================
Part one
മന്ദമായി ഒഴുകുന്ന നദിയുടെ തീരത്ത്, വർക്കി ചേട്ടന്റെ കൊച്ചുസുന്ദരമായ വീട്. വെള്ളത്തിന്റെ കളകളാരവവും തെങ്ങിൻതോപ്പുകളുടെ മർമ്മരവും ഒന്നിച്ചുചേർന്ന് അവരുടെ ദിനങ്ങൾക്ക് ഒരു ശാന്തമായ പശ്ചാത്തലം നൽകുന്നു. വീടിന്റെ പിന്നിൽ മൂന്ന് ഏക്കർ വിസ്തീർണ്ണമുള്ള റബർ തോട്ടം പച്ചപ്പ് വിരിച്ചുനിൽക്കുന്നു. ദിവസവും രാവിലെ വർക്കി ചേട്ടൻ തോട്ടത്തിലേക്ക് തന്റെ വിശ്വസ്തനായ സഹായി ജോയിയോടൊപ്പം പുറപ്പെടും. മഞ്ഞുതുള്ളികൾ പതിച്ച മരങ്ങളുടെ ഇടയിൽ കൂടി വിശേഷങ്ങൾ പറഞ്ഞു നടന്ന് അവർ റബ്ബർ ടാപ് ചെയ്യും. ഏകദേശം പതിനൊന്നുമണിയോടെ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ, അവരുടെ വസ്ത്രങ്ങളിൽ മണ്ണിന്റെയും റബർപ്പാലിന്റെയും മണമായിരിക്കും.
വളരെ പ്രായമുള്ള സിന്ദൂരം മാവ് അവരുടെ മുറ്റത്ത് നിഴലും പരത്തി നിൽക്കുന്നു. വേനൽക്കാലത്ത് മാമ്പഴം വീണാൽ, മക്കളായ ജോയലും ജോമിയും ഓടിവന്നു മാമ്പഴം എടുക്കാൻ മത്സരിക്കും. അമ്മ മോളി ചിരിച്ചുകൊണ്ട് അവരെ വീടിന് ചുറ്റും ഓടിച്ചുകളിപ്പിക്കും. പിന്നീട്, മാമ്പഴം കഴുകി രണ്ട് മൂന്ന് കഷ്ണങ്ങൾ മക്കൾക്ക് നൽകുമ്പോൾ, അവരുടെ താടിയിൽക്കൂടി പഴച്ചാറൊലിക്കുന്നത് കാണാൻ മോളിക്ക് ഒരു പ്രത്യേക സന്തോഷമാണ്. ഈ നിമിഷങ്ങൾ അവർക്ക് സ്വന്തം കുട്ടിക്കാലത്തിന്റെ ഓർമ്മകളാണ്.
ജോയൽ പന്ത്രണ്ടാം ക്ലാസിലെ മാത്സ് ടോപ്പറും ജോമി എട്ടാം ക്ലാസിലെ കുസൃതി പാട്ടുകാരിയുമാണ്. പള്ളിയിലെ ഗാനസംഘത്തിൽ അവരുടെ ശബ്ദങ്ങൾക്ക് വലിയ ആരാധകരാണ്. പള്ളിയിലെ ചാരിറ്റബിൾ ട്രസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് ജോയൽ. സ്കൂൾ അവധിക്കാലങ്ങളിൽ അവൻ അപ്പച്ചനെ സഹായിക്കാൻ റബർ തോട്ടത്തിൽ പോകും. "ഒരു ദിവസം ഇതെല്ലാം നിങ്ങളുടേതാകും" എന്ന് വർക്കി ചേട്ടൻ ഇടക്ക് പറയും.
പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങി ജോയൽ പാസ്സായി. പള്ളിവക അനുമോദനങ്ങളും ചായ സൽക്കാരവും കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വർക്കിച്ചൻ പറഞ്ഞു, ഏതെങ്കിലും നല്ല കോളേജിൽ തന്നെ അഡ്മിഷൻ വാങ്ങിക്കണം. അങ്ങനെ സിറ്റിയിലെ M A കോളേജിൽതന്നെ അഡ്മിഷൻ എടുത്തു. പല ദേശങ്ങളിൽ നിന്നും വന്ന കുട്ടികൾ. സ്കൂളിൽ കണ്ടു പരിചയിച്ച രീതികളേയല്ല കോളേജിൽ. ആദ്യം കുറച്ചുനാൾ ബുദ്ധിമുട്ടി. മലയാളം മീഡിയത്തിൽ നിന്നും പെട്ടെന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള പരിവർത്തനം തെല്ലൊന്നുമല്ല ജോയലിനെ കുഴക്കിയത്. പക്ഷേ പതുക്കെ പതുക്കെ കാര്യങ്ങളെല്ലാം സെറ്റായി. ജോയലിന്റെ സംഘടനാ പാടവവും കർമ്മ കുശലതയും അവനെ കോളേജ് യൂണിയൻ ചെയർമാനാക്കി. ഒന്ന് കണ്ണടച്ച് തുറക്കുന്നതിന് മുൻപേ എന്ന് പറയുംപോലെ നാലുവർഷം കടന്നുപോയി. റിസൾട്ട് വന്നപ്പോൾ ജോയൽ കമ്പ്യൂട്ടർ സയൻസിൽ കോളേജിലെ തന്നെ ടോപ്പർ.
ഇനിയെന്ത് എന്ന അന്വേഷണത്തിനൊടുവിൽ ഇടവകപ്പള്ളിയിലെ അബേൽ അച്ഛനാണ് കാനഡയിൽ MS ചെയ്യാൻ ഉപദേശിച്ചത്. വിദേശത്തു MS ചെയ്താൽ നല്ല കരിയർ സ്റ്റാർട്ടിങ് കിട്ടുമത്രേ. അവരുടെ ഇടവകയിൽ നിന്നുതന്നെ അച്ഛന്റെ ഉപദേശപ്രകാരം കുറെയേറെ കുട്ടികൾ കാനഡയിലും UK യിലും പോയിട്ടുണ്ട്.
ഇവനെ അത്ര ദൂരം ഒന്നും വിടണ്ട എന്നാണ് മോളിയുടെ അഭിപ്രായം. ആകെപ്പാടെയുള്ള ഒരാൺതരിയാണ്. നമുക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ പെട്ടെന്ന് വരവൊന്നും നടക്കുകയില്ല. പക്ഷേ അപ്പോഴേക്കും ആബേലച്ചൻ ഇടപെട്ടു. അവൻ ചെറുപ്പമല്ലേ? അവിടെ പോയിട്ട് നല്ല സമ്പാദ്യമൊക്കെ ആയാൽ ഇങ്ങോട്ട്തന്നെ തിരിച്ചു വരാമല്ലോ. അങ്ങനെ അച്ഛന്റെ നിർബന്ധപ്രകാരം ജോയൽ കാനഡയിൽ എംഎസ് പഠനത്തിന് പോകാനുള്ള തീരുമാനമായി. കോളേജ് അഡ്മിഷൻ, വിസ പ്രോസസിംഗ് അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ. എല്ലാം ആബേലച്ചന്റെകൂടി പരിശ്രമത്താൽ ശരിയായി. കാനഡയിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ മോളിക്ക് മനസ്സിന് ദണ്ണം കൂടി നടക്കാൻ വയ്യാത്ത അവസ്ഥ. അപ്പോൾത്തന്നെ എയർപോർട്ടിലെ ഫസ്റ്റ് എയ്ഡ് ക്ലിനിക്കിൽ പോയി ഡോക്ടറെ കാണിച്ചു. സാരമില്ല, ബിപി കൂടിയതാണ്. ഡോക്ടർ പറഞ്ഞു. ഒരു കാര്യം ചെയ്യൂ, ചെക്കിൻ ചെയ്തിട്ട് കുറച്ചു നേരം കൂടി ജോയൽ അമ്മയുടെ അടുത്ത് ഇരിക്കട്ടെ. എന്നിട്ട് എമിഗ്രേഷൻ ചെയ്താൽ മതി. ഡോക്ടർ ഉപദേശിച്ചു. അപ്രകാരം കുറച്ചുനേരം കൂടി അവൻ അമ്മയുടെ അടുത്ത് ഇരുന്നു. അപ്പോഴേക്കും എയർലൈൻസിന്റെ ആൾക്കാർ അവനെ തിരക്കി വന്നു. അപ്പച്ചനോടും അമ്മച്ചിയോടും ജോമിയോടും യാത്ര പറഞ്ഞ് ജോയൽ കാനഡയിലേക്ക് യാത്ര തിരിച്ചു.
ടൊറന്റോയിലെ തണുത്ത ശീതകാലം കേരളത്തിൽ നിന്ന് ഒരുപാട് വ്യത്യസ്തമായിരുന്നെങ്കിലും, അമ്മയുടെ ചിപ്സ് പാക്കറ്റുകളും വീട്ടിലേക്ക് ഇടക്കിടക്കുള്ള വീഡിയോ കോളുകളും അവനെ ഗൃഹാതുരത്വത്തിന്റെ വിങ്ങലുകൾ അകറ്റാൻ സഹായിച്ചു. കൂടാതെ നാലോളം മലയാളി വിദ്യാർത്ഥികളും അവന്റെ ക്ലാസിൽ ഉണ്ടായിരുന്നു. അവന്റെ ക്ലാസിലെത്തന്നെ അഖിലിന്റെ കൂടെ കഴിയാനുള്ള സൗകര്യം കൂടി കിട്ടിയപ്പോൾ കാര്യങ്ങൾ കുശാലായി. അടുത്ത ആഴ്ച തൊട്ട് നമുക്ക് പാർട് ടൈം ജോലി അന്വേഷിക്കാം. അഖിൽ പറഞ്ഞു.
പാർട്ട് ടൈം ജോലിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. താമസിക്കുന്ന വീടിന് ഒരു കിലോമീറ്റർ ദൂരത്തിൽ ഒരു റസ്റ്റോറന്റിൽ അവർക്കൊരു ജോലി ശരിയായി. നമ്മളേതായാലും രക്ഷപ്പെട്ടു. വീടിനടുത്ത് തന്നെ ജോലി കിട്ടിയല്ലോ. അഖിൽ പറഞ്ഞു.
കാനഡയിലെ ആദ്യത്തെ ദീപാവലി നാൾ. ഒരു സാംസ്കാരിക ഇവന്റിൽ പങ്കെടുക്കാൻ, ജോയൽ അഖിലുമായി എത്തിയിരുന്നു. അവിടെ സൂസൻ എന്ന യുവതിയുടെ സംസാരമാണ് അവന്റെ ശ്രദ്ധയിൽ കൂടുതൽ നിന്നത്. ടൊറൺടോയിൽ നിന്നുള്ള ഒരു നഴ്സ്, മലയാളി അമ്മയുടെയും കനേഡിയൻ പിതാവിന്റെയും മകൾ. അവളുടെ പൊട്ടിച്ചിരികളും ഇംഗ്ലീഷും മലയാളവും കലർന്ന സംസാരശൈലിയും ജോയലിനെ വല്ലാതെ ആകർഷിച്ചു.
"ദീപങ്ങൾ കത്തിക്കാൻ സഹായിക്കാമോ?" എന്ന് ചോദിച്ചുകൊണ്ടാണ് സൂസൻ ജോയലിന് അടുത്തെത്തിയത്. സൂസന്റെ കൈയിൽ നിന്ന് തീപ്പെട്ടി വാങ്ങിയപ്പോൾ, അവരുടെ വിരലുകൾ സ്പർശിച്ചു. "നിങ്ങൾ മലയാളിയാണോ?" എന്ന ജോയലിന്റെ ചോദ്യത്തിന് "ഹാഫ് മലയാളി, ഹാഫ് കനേഡിയൻ!" എന്ന് പറഞ്ഞ് സൂസൻ ചിരിച്ചു. ആ ചിരിയിൽ ജോയലിന് അവന്റെ അമ്മയുടെ ചിരിയുടെ ഓർമ്മ തെളിഞ്ഞു.
തിരിച്ചുപോരുമ്പോൾ അഖിലിന്റെ വക കമന്റ്. എന്താടാ നിന്റെ മുഖത്ത് വല്ലാത്ത ഒരു തെളിച്ചം? ആ കുട്ടിയെ കണ്ടിട്ടാണോ?
ഏയ്! അല്ലടാ, നിനക്ക് തോന്നുന്നതാ. ജോയൽ പറഞ്ഞു. ആ കുട്ടിക്ക് നിന്നോട് ഒരു പ്രത്യേക ഇഷ്ടം ഉള്ളതുപോലെ എനിക്ക് തോന്നി. അഖിൽ പറഞ്ഞു.
നേരോ? ജോയൽ ഒന്നുംമനസ്സിലാകാത്തവനെപ്പോലെ അഭിനയിച്ചു.
എടാ നിന്റെ വിളച്ചിലൊന്നും എന്റടുത്തു ഇറക്കേണ്ട. നിങ്ങളുടെ രണ്ടുപേരുടെയും കുഴച്ചിലൊക്കെ ഞാൻ നേരിട്ട് കണ്ടതാണ്. പക്ഷേ അവളുടെ ബയോഡാറ്റ കേട്ടിട്ട് കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്നു. അവള് പകുതി മലയാളിയല്ലേ. നിനക്കിഷ്ടമാണെങ്കിൽ നമുക്ക് പ്രോസീഡ് ചെയ്യാം എന്ന് തോന്നുന്നു. ജോയൽ ഒരു ചിരി പാസ്സാക്കി. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.
അടുത്ത ദിവസങ്ങളിൽ, ജോയലിന്റെ ആഗ്രഹപ്രകാരം, സൂസൻ അവിടുത്തെ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളും കൊണ്ടുനടന്ന് കാണിച്ചു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മാസ്മരികതയിൽ അവൻ മനം നിറഞ്ഞു നിന്നുപോയി. പിന്നീട്, അവർ ഒരു റസ്റ്റോറന്റിൽ ചായ കുടിക്കാൻ ഇരുന്നപ്പോൾ തന്റെ അമ്മയുടെ നാട് കോട്ടയത്തിനടുത്ത ഏറ്റുമാനൂർ ആണെന്നും അവിടെ തന്റെ അങ്കിൾമാർ ഉണ്ടെന്നും പറഞ്ഞു. അമ്മ മരിച്ചതിന് ശേഷം മലയാളം സംസാരിക്കാൻ ആരും ഇല്ലാത്തതിനാൽ ഭാഷ മറന്നുപോകുന്ന ഒരു അവസ്ഥ ആണെന്നും പറഞ്ഞു. "എന്നെ മലയാളം പഠിപ്പിക്കാമോ?" എന്ന സൂസന്റെ ചോദ്യത്തിന് ജോയൽ സമ്മതിച്ചു. അന്നുമുതൽ അവൾ പുതിയ പുതിയ വാക്കുകൾ പഠിക്കുവാൻ തുടങ്ങി.
ക്രിസ്മസ് അവർ കനേഡിയൻ സ്റ്റൈലിൽ ആഘോഷിച്ചെങ്കിലും, ഓണം കേരളത്തിലെ പോലെ ആഘോഷമാക്കാൻ അവർ തീരുമാനിച്ചു. അമ്മ മോളിയുടെ പോലത്തെ പായസം ഉണ്ടാക്കാൻ സൂസൻ ശ്രമിച്ചു. ഓ! അമ്മയുടെ പോലെ ആയില്ല, എന്നാലും നീ ശ്രമിച്ചല്ലോ. അത് മതി. ജോയൽ പറഞ്ഞു. പഠിത്തം കഴിഞ്ഞയുടനേ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോയലിന് ജോലി ലഭിച്ചു.
ഒരു ദിവസം, സൂസൻ ജോയലിനോട് പറഞ്ഞു: "നിങ്ങളുടെ വീട്ടിലെ സിന്ദൂരം മാമ്പഴം പോലെയുള്ള സ്നേഹമാണ് എനിക്ക് വേണ്ടത്. എപ്പോഴും മധുരമാകണം അതിനു വേണ്ടത്".
ജോയൽ അവളുടെ കൈ പിടിച്ച് മറുപടി പറഞ്ഞു: "ഞങ്ങളുടെ നാട്ടിലെ മാമ്പഴങ്ങൾക്ക് എപ്പോഴും ഒരേ മധുരമായിരിക്കും സൂസൻ."
വൈകാതെ ജോയൽ സൂസന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു. മോനെ നിനക്ക് അത്ര ഇഷ്ടമാണെങ്കിൽ നമുക്ക് സൂസന്റെ അമ്മവീട്ടുകാരുമായിട്ട് ആലോചിക്കാം. മോളി പറഞ്ഞു. ജോമിക്കും സൂസന്റെ ഫോട്ടോ കണ്ടിട്ട് ഇഷ്ടപ്പെട്ടു.
ഒരാഴ്ച്ച കഴിഞ്ഞുകാണും ഒരു ദിവസം ഒരു അംബാസഡർ കാർ മുറ്റത്ത് വന്ന് നിന്നു. അതിൽ നിന്നും ജുബ്ബ ധരിച്ച തടിയനായ ഒരു മനുഷ്യനും അയാളുടെ ഭാര്യ എന്ന് തോന്നിച്ച ഒരു സ്ത്രീയും ഇറങ്ങിവന്നു. വർക്കിച്ചനും മോളിയും സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. വർക്കിച്ചൻ സംശയത്തോടെ നോക്കിയപ്പോൾ മധ്യവയസ്കൻ പറഞ്ഞു. എന്റെ പേര് സാമുവൽ. ഇത് ഭാര്യ സോഫി. ഞങ്ങൾ ഒരു അന്വേഷണത്തിനായി വന്നതാണ്. ചിരിച്ചുകൊണ്ട് സാമുവൽ പറഞ്ഞു. എന്റെ സഹോദരിയുടെ മോൾ കാനഡയിൽ ജോലി ചെയ്യുന്നുണ്ട്. അവൾ പറഞ്ഞിട്ടാണ് ഞങ്ങൾ വന്നത്.
വർക്കിച്ചന്റെ റബ്ബർ തോട്ടവും വസ്തു വകകളും എല്ലാം സാമുവൽ നോക്കി കണ്ടു. നീണ്ടുനിന്ന കുശലപ്രശ്നങ്ങൾക്കും കാപ്പി സൽക്കാരങ്ങൾക്കും വർക്കിച്ചനെയും കുടുംബത്തെയും അങ്ങോട്ട് ക്ഷണിച്ചിട്ടാണ് അവർ പോയത്.
അടുത്ത ആഴ്ച തന്നെ വർക്കിച്ഛനും മോളിയും ഏറ്റുമാനൂർ പോയി. വലിയ വീടും തോട്ടവും എല്ലാം കണ്ടു. അടുത്തുതന്നെ കല്യാണം നടത്താമെന്ന ധാരണയിൽ അവർ പിരിഞ്ഞു.
സൂസന്റെ അമ്മ മരിച്ചതിൽ പിന്നെ ഡാഡി വേറൊരു സ്ത്രീയുമായി അടുപ്പത്തിലായി. പക്ഷേ സൂസന്റെ കാര്യവും അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ കല്യാണത്തിന് അയാൾക്കും പൂർണ്ണസമ്മതം.
അവരുടെ വിവാഹം സിറ്റിയിലെ ചർച്ചിൽ നടന്നു. വർക്കിച്ചന്റെയും മോളിയുടെയും അനുഗ്രഹം അവർക്ക് ഉണ്ടായിരുന്നു. സൂസന്റെ ഡാഡി അവളെ വേദിയിൽ കയറ്റുമ്പോൾ, അവളുടെ ആഗ്രഹപ്രകാരം ഒരു മലയാളം പാട്ട് പ്ലേ ചെയ്തു. അവർക്കുരണ്ടുപേർക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട്. വിവാഹം കഴിഞ്ഞു ഒരു ഫ്ലാറ്റിലേക്ക് അവർ താമസം മാറി.
അവർക്ക് ഒരു മോൾ ഉണ്ടായപ്പോൾ "ലീന മോളി സൂസൻ" എന്ന് അവർ നാമകരണം ചെയ്തു —മൂന്ന് സംസ്കാരങ്ങളുടെ സമന്വയം. ജോയൽ പറഞ്ഞു.
കുഞ്ഞു ജനിച്ചു കഴിഞ്ഞു മൂന്നുപേരും കൂടി നാട്ടിൽ പോയി. മോളിയുടെ പരിഭവം, പക്ഷേ കുഞ്ഞിനെ കണ്ടതോടെ മാറി. ജോമിയും സൂസനും ഒറ്റ ദിവസം കൊണ്ട്തന്നെ ഉറ്റ മിത്രങ്ങളെപ്പോലെയായി. തിരിച്ച് കാനഡയിലേക്ക് പോകാറായപ്പോൾ മോളി പൊട്ടിക്കരഞ്ഞു.
ഇന്നു കാനഡയിലെ അവരുടെ അപ്പാർട്ട്മെന്റിൽ, സൂസൻ മലയാളം പാചകക്കുറിപ്പുകൾ യൂട്യൂബിൽ നോക്കി പരീക്ഷിക്കുന്നു. ജോയൽ ലീനയ്ക്ക് "വിക്രമാദിത്യ കഥകൾ" മലയാളത്തിൽ പറഞ്ഞുകൊടുക്കുമ്പോൾ, സൂസൻ അത് ഇംഗ്ലീഷിൽ തർജ്ജമ ചെയ്ത് കാനഡയിൽ പബ്ലിഷ് ചെയ്യുന്നു.
വർക്കി ചേട്ടന്റെ വീട്ടിൽ നിന്ന് വരുന്ന മാമ്പഴം കൊണ്ട് സൂസൻ ഷെഫ് ആയി മാറിയിരിക്കുന്നു—കാനഡയിലെ അയൽവാസികൾക്ക് "സിന്ദൂരം മാങ്ങാ ജാം" വിതരണം ചെയ്യുന്നു.
Part Two
ജോമിയും ബിടെക് കഴിഞ്ഞപ്പോൾ MBA എന്ന ആഗ്രഹവുമായി വർക്കിച്ചനെ സമീപിച്ചു. വേണ്ട വേണ്ട. മോളി ഒരുകണക്കിനും സമ്മതിക്കുന്നില്ല. ഒരു മോനുള്ളതോ കാനഡയിൽ പോയി. ഇനി നീ കൂടി പോയാൽ ഞങ്ങൾക്ക് ആരാണുള്ളത് ഒരാവശ്യം വന്നാൽ? മോളി ചോദിച്ചു.
അപ്പോളാണ്, പറഞ്ഞുറപ്പിച്ചപോലെ, ആബേലച്ചന്റെ വരവ്. എന്തോന്നാടാ വർക്കി ഒരു സംസാരം? ആബേലച്ചൻ തിരക്കി.
ഓ, ഇവള് പറയുന്നത് കേട്ടില്ലയോ? അവൾക്കു ഇംഗ്ലണ്ടിൽ പഠിക്കാൻ പോകണമെന്ന്. ഒരു ആൺ തരിയുള്ളത് അച്ഛനുംകൂടി പറഞ്ഞിട്ടാണ് കാനഡയിൽ പോയത്. അച്ഛനൊന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്ക്. മോളി പറഞ്ഞു.
എടീ മോളി, നീ ഒന്ന് മനസ്സിലാക്ക്. ഇവരുടെ ചെറുപ്പകാലമാണ് ഇപ്പോൾ. അവർ ആവുന്നത്ര പഠിക്കട്ടെ. പഠിച്ചു നല്ല ജോലി കിട്ടുമ്പോൾ നിങ്ങളുടെ ഈ അവസ്ഥയൊക്ക മാറും. മോളി കുറേനേരം മസിൽ പിടിച്ചുനിന്നെങ്കിലും അവസാനം ആബേലച്ചന്റെ വാക്കുകൾക്ക് വിലകൊടുത്തു.
അങ്ങനെ ജോമിയും ബ്രിട്ടണിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി. ജോയലും അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അഡ്മിഷൻ പ്രോസസ്സൊക്കെ അച്ഛന്റെയും കൂടി ഉത്സാഹത്തിൽ ഉഷാറായി നടന്നു. ലണ്ടനിൽ എത്തിയപ്പോൾ ബ്രിട്ടീഷ് ആക്സെന്റ് അവളെ വല്ലാത്ത കുഴപ്പത്തിലാക്കി. IELTS സ്വന്തമായിട്ട് പഠിച്ചു പാസ്സായതാണവൾ. എന്നാലും എന്തോ ക്ലാസിൽ ഒന്നും ശരിക്ക് അങ്ങോട്ട് മനസ്സിലാകാത്ത അവസ്ഥ. പലപ്പോഴും വല്ലയിടത്തോട്ടും നോക്കിയിരിക്കേണ്ടി വന്നു. ഒരു ദിവസം കോളേജ് കാന്റീനിൽ സ്നാക്സ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ മേശയുടെ എതിർവശത്ത് ഒരു പയ്യൻ വന്നിരുന്നു. ഹായ്! അവൻ അഭിവാദ്യം ചെയ്തു. തിരിച്ച് ജോമിയും അവനെ അഭിവാദ്യം ചെയ്തു.
എന്റെ പേര് അനീഷ്. കുട്ടി എവിടുന്നാണ്? അനീഷ് ചോദിച്ചു.
എന്റെ പേര് ജോമി. തൊടുപുഴയിൽ നിന്നാണ് ഞാൻ വരുന്നത്. അനിഷ് എവിടെ നിന്നാണ്? അവൾ അന്വേഷിച്ചു.
ഞാൻ മൂവാറ്റുപുഴയിൽ നിന്നാണ്. എന്താണ് വിഷമിച്ചിരിക്കുന്നത്? അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഓ! എന്തുപറയാനാണ്. ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്നാണ് ഇപ്പോൾ തോന്നുന്നത്. ഈ ബ്രിട്ടീഷ് ആക്സന്റ് അങ്ങോട്ട് ശരിയാകുന്നില്ല. അവൾ പറഞ്ഞു.
ഓ! അതാണോ കാര്യം. എനിക്കും ആദ്യ വർഷം ഇങ്ങനെയൊക്കെ ആയിരുന്നു. അതിനൊരെളുപ്പവഴിയുണ്ട്. ഇവിടുത്തെ കുട്ടികളുമായിട്ട് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുക. പതുക്കെ പതുക്കെ എല്ലാം ശരിയായിക്കോളും. അനിഷ് പറഞ്ഞു.
അങ്ങനെ അനീഷ് പരിചയപ്പെടുത്തിയതാണ് ജെയിംസിനെ. പരിചയപ്പെട്ടുവന്നപ്പോൾ ആള് വളരെ സോഫ്റ്റ്. ജെയിംസ് വളരെ ക്ഷമയോടെ ജോമിയെ ബ്രിട്ടീഷ് ആക്സന്റ് എന്ന കടമ്പ കടക്കുവാൻ സഹായിച്ചു. പക്ഷെ ആ കടമ്പ കടന്നു ജെയിംസ് എത്തിയത് ജോമിയുടെ ഹൃദയത്തിലേക്കാണ്. അവരുടെ സൗഹൃദക്കൂട്ടായ്മ പതുക്കെ പതുക്കെ വികസിച്ചുവന്നു.
പാർട്ട് ടൈം ജോലിക്കും അവൾ വല്ലാതെ ബുദ്ധിമുട്ടി. അവസാനം ജെയിംസ് തന്നെ അവിടെയും രക്ഷകനായെത്തി. ജെയിംസിന്റെ സഹായത്തോടെ അവൾ ഒരു പാർട്ട് ടൈം ജോലി ഒപ്പിച്ചു. കോഴ്സിന്റെ അവസാനം അവൾക്ക് ഒരു ഫൈനാൻസ് കമ്പനിയിൽ ജോലി ലഭിച്ചു. അതും ജെയിംസിന്റെ റെഫറൻസിൽ കിട്ടിയ ജോലി. ജെയിംസും ആ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു. ഒരുമിച്ചുള്ള പ്രൊജക്റ്റ് വർക്കുകളും കമ്പനി ഔട്ടിങ്ങുകളുമെല്ലാം അവരുടെ ബന്ധം ദൃഢമാക്കി. ഒരുനാൾ ഔട്ടിങ്ങിനിടെ ജയിംസ് അവളെ പ്രൊപ്പോസ് ചെയ്തു. ജോമിക്ക് ഇതിൽപരം സന്തോഷമില്ല. ചേട്ടനോട് വിവാഹക്കാര്യം പറഞ്ഞപ്പോൾ ചേട്ടനും ചേട്ടത്തിയും ജെയിംസ്സിനെക്കാണാൻ നേരിട്ട് UK യിൽ എത്തി. വിവരങ്ങളെല്ലാം അന്വേഷിച്ചപ്പോൾ ചേട്ടൻ ഹാപ്പി. ചേട്ടൻ തന്നെ അപ്പച്ചനെയും അമ്മച്ചിയെയും അറിയിച്ചു. മോളിക്ക് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ജെയിംസിന്റെ തപ്പിത്തപ്പിയുള്ള മലയാളം ഫോണിൽ കേട്ടപ്പോൾ അവർ സമ്മതിച്ചു. വിവാഹം കഴിഞ്ഞപ്പോൾ, അമ്മയുടെ ഉപദേശം അവൾ ഓർത്തു: "പുറത്തുപോയാലും വേരുകൾ മറക്കരുത്."
ജെയിംസുമായുള്ള വിവാഹത്തിന് ശേഷം, ജോമി ലണ്ടനിലെ ഒരു ആഡംബര ഫ്ലാറ്റിലേക്ക് മാറി. ആദ്യമൊന്നും ബ്രിട്ടീഷ് സംസ്കാരത്തോട് അവൾക്ക് ഒത്തുപോകാൻ ആയില്ല. പക്ഷേ, ജെയിംസിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റവും മകൾ റിയയുടെ ജനനവും അവളുടെ ലോകത്തിന് പുതിയ അർത്ഥം നൽകി. ഫൈനാൻസ് സെക്ടറിലെ ജോലി കഠിനമായിരുന്നെങ്കിലും, വീക്കെൻഡുകളിൽ "മലയാളി കമ്മ്യൂണിറ്റി" മീറ്റുകളിൽ പങ്കെടുത്ത് അവൾ സന്തോഷം നേടി. ജെയിംസ് പോലും അവളോടൊപ്പം മലയാളി സമൂഹത്തിന്റെ ഓണം സദ്യക്ക് പങ്കെടുത്തു.
ഇതിനിടക്കാണ് അമ്മയുടെ മരണമെന്ന സങ്കടവാർത്ത ജോമിയെ തേടിയെത്തുന്നത്. അമ്മയുടെ അകാലമരണം ജോമിയെ തകർത്തുകളഞ്ഞു. സ്ട്രോക് വന്നതിനെതുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകവേ ഹൃദയസ്തംഭനമുണ്ടായി. അമ്മയുടെ അന്ത്യസമയത്ത് എത്താനായില്ലെന്ന കാര്യം മക്കളെ രണ്ടുപേരെയും ഒരുപോലെ വിഷമിപ്പിച്ചു. രണ്ടുമക്കളുണ്ടായിട്ടും ആരും അടുത്തില്ലാതായതിന്റെ വിഷമം വർക്കിച്ചനും ഉണ്ടായിരുന്നു.
മരണം കഴിഞ്ഞ് അടുത്തമാസം ജോയലും ജോമിയും കുടുംബസമേതം നാട്ടിലെത്തി. വർക്കിച്ചൻ മോളിയുടെ മരണത്തെ തുടർന്നുള്ള ആഘാതത്തിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. അപ്പച്ചൻ ഇനി ഇവിടെ നിൽക്കണ്ട. എന്റെ കൂടെ യുകെയിൽ താമസിക്കാം. ജോമി പറഞ്ഞു.
മോളിയുടെ ആത്മാവ് ഇവിടെയുള്ളപ്പോൾ അതൊന്നും ശരിയാവുകയില്ല. അത് തന്നെയല്ല, അവിടുത്തെ തണുപ്പും എനിക്ക് പ്രശ്നമാണ്. വർക്കിച്ചൻ പറഞ്ഞു.
ഒരു നാൾ, അയൽവക്കത്തുള്ള വീട്ടിൽ ഒരു വൃദ്ധനായ പ്രവാസിയുടെ ദുരിതജീവിതം കണ്ടപ്പോൾ ജോമിയുടെ മനസ്സലിഞ്ഞു. വർക്കിച്ചനെപ്പോലെതന്നെ ഭാര്യ മരിച്ച സങ്കടവും പേറി ഒറ്റക്ക് കഴിയുന്നു. ഒരു മകനുള്ളത് കുടുംബവുമായി ഓസ്ട്രേലിയയിൽ. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരണം. ജോമി പറഞ്ഞു.
നമുക്കൊരു കാര്യം ചെയ്യാം. വർക്കിച്ചൻ പറഞ്ഞു. ഈ വീടിനെ ഒരു 'പ്രവാസി സൗഹൃദ കേന്ദ്രം' ആക്കാം. വർക്കിച്ചന്റെ അറിവിൽ തന്നെ കുറച്ച് പേരുണ്ട്. അവരെയൊക്കെ കൂട്ടിയാൽ മിണ്ടിയും പറഞ്ഞും ഇരിക്കാനൊരു കൂട്ടാകുമല്ലോന്നാണ് വർക്കിച്ചന്റെ അഭിപ്രായം. ജയിംസ് തന്റെ സോഫ്റ്റ് വെയർ ജോലി റിമോട്ടായി ചെയ്യാമെന്ന് സമ്മതിച്ചു. അല്ലെങ്കിലും ജെയിംസിന് ലണ്ടനിലെ തിരക്കുള്ള ജീവിതം മടുത്തുതുടങ്ങിയിരുന്നു.
വീട്ടിനെ പുനർനിർമ്മിക്കുന്നതിൽ ജോമിയും ജോയലും എല്ലാ കഴിവുകളും ഉപയോഗിച്ചു. പ്രകൃതി സൗഹൃദമാക്കി മുതിർന്നവർക്ക് എല്ലാ സൗകര്യങ്ങളുള്ള ഒരു സ്പേസിനു രൂപംകൊടുത്തു. തുടക്കത്തിൽ മുൻസിപ്പാലിറ്റിയുടെ ലൈസൻസിനും മറ്റ് അനുമതികൾക്കും ചെറിയ ബുദ്ധിമുട്ട് ഒക്കെ ഉണ്ടായി. എന്നാലും അവരുടെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കിയപ്പോൾ മുൻസിപ്പാലിറ്റി തന്നെ സൗഹൃദ കേന്ദ്രം തുടങ്ങാൻ മുൻകൈയെടുത്തു. ഒരിക്കൽ, 80 വയസ്സുകാരിയായ അന്തേവാസി ലക്ഷ്മിയമ്മയ്ക്ക് ഹൃദയാഘാതം വന്നപ്പോൾ, ജോമിതന്നെ മുഴുവൻ സമയവും ആശുപത്രിയിൽ കൂടെയിരുന്നു. "നീ എന്റെ മകളുതന്നെ" എന്ന് ലക്ഷ്മിയമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിൽ കൊണ്ടു.
ജെയിംസ് ഇപ്പോൾ മലയാളത്തിൽ സംസാരിക്കുവാൻ പഠിച്ചുവരുന്നു. അദ്ദേഹം സൗഹൃദ കേന്ദ്രത്തിന് ഒരു ഡിജിറ്റൽ ഡോണേഷൻ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തു. ഇതുമൂലം ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് നാട്ടിലെ വൃദ്ധജനങ്ങളെ സഹായിക്കാൻ സാധിക്കുന്നു.
സൗഹൃദ കേന്ദ്രത്തിലെ മുതിർന്നവരുമായുള്ള ബന്ധം ജോമിയെ ഒന്നുകൂടി പക്വമതിയാക്കി. 75 വയസ്സുകാരൻ ഉണ്ണികൃഷ്ണൻ നായരുടെ കഥകൾ കേൾക്കാൻ അവൾ ഇഷ്ടപ്പെട്ടു—അദ്ദേഹം ഒരു കാലത്ത് നാടകങ്ങൾ എഴുതിയിരുന്നു. ഒരു ദിവസം, അദ്ദേഹം ജോമിയോട് പറഞ്ഞു: "എന്റെ നാടകങ്ങൾ നീ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ നമുക്ക് UK യിലും പബ്ലിഷ് ചെയ്യാം. അതിന്റെ വരുമാനവും നമ്മുടെ കേന്ദ്രത്തിനാകും".
ജോമി ഇപ്പോൾ ഒരു ഫോട്ടോജേണലിസ്റ്റും കൂടിയാണ്. അവൾ സൗഹൃദ കേന്ദ്രത്തിന്റെ പേരിൽ ഡോക്യൂമെന്ററി ചെയ്യുന്നു. ഒരു ഫോട്ടോയിൽ, വർക്കിച്ചൻ സിന്ദൂരം മാവിന്റെ കീഴിൽ അമ്മയുമായിട്ട് കളി പറയുന്നു. മറ്റൊന്നിൽ, സിന്ദൂരം മാവിനു ചുറ്റും ജോയലിനേയും ജോമിയെയും മോളിയിട്ട് ഓടിക്കുന്നു. ജോമി ഒന്ന് മനസ്സിലാക്കി: അമ്മയുടെ മരണം ഒരു അവസാനമല്ല, മറിച്ച്, പുതിയ ഒരു ജീവിതത്തിന്റെ തുടക്കമാണ്.
"അമ്മയുടെ വീട്" എന്ന് ജോമി വിളിക്കുന്ന ആ സൗഹൃദ കേന്ദ്രം ഇപ്പോൾ നൂറുകണക്കിന് ഹൃദയങ്ങളുടെ സംഗമകേന്ദ്രമാണ്. ഒരു ദിവസം, റിയ ജോമിയോട് പറഞ്ഞു: "അമ്മയാണെന്റെ ഹീറോ " ആ വാക്കുകൾ കേട്ട് ജോമി ഓർത്തു—എന്റെ അമ്മയും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു നിമിഷം കാത്തിരിക്കുന്നുണ്ടായിരുന്നോ? നദിയുടെ ഒഴുക്ക് പോലെ, സ്നേഹത്തിന്റെ ചങ്ങലകൾ തലമുറകളിലൂടെ ഒഴുകുന്നു.
ഒരിക്കൽ ജോയലും സൂസനും ലീനയും കാനഡയിൽ നിന്നു വന്നു. വർക്കിച്ചന്റെ മുഖത്ത് ഒരു പുതിയ തിളക്കം. പക്ഷേ, ആ തിളക്കത്തിന് നടുവിലും ഒരു നിഴൽ കാണാതെയിരുന്നില്ല—വർക്കിച്ചന്റെ ആരോഗ്യം മന്ദഗതിയിൽ ആയിക്കൊണ്ടിരിക്കുകയായിരുന്നു. ഡോക്ടർമാർ പറഞ്ഞു: "ഹൃദയം ക്ഷീണിച്ചിരിക്കുന്നു, ശ്രദ്ധിക്കണം" എന്നാൽ, "ഇനിയും അഞ്ചാറോണം കൂടി ഞാനുണ്ണും " എന്ന വർക്കിച്ചന്റെ പ്രതികരണം കേട്ട് എല്ലാവരും ചിരിച്ചു.
മോളിയുടെ മരണശേഷം സൗഹൃദ കേന്ദ്രം നടത്തിയ ആദ്യ ഓണവിരുന്നായിരുന്നു അത്. ജോമി മോളിയുടെ പഴയ പാചകക്കുറിപ്പുകൾ തിരഞ്ഞെടുത്തു. സൂസനും ജോമിയും ഒരുമിച്ച് പായസം ഉണ്ടാക്കി.
സദ്യക്കിടെ, വർക്കി ചേട്ടൻ ജോമിയെ അടുത്ത് വിളിച്ചു. അദ്ദേഹത്തിന്റെ കൈയിൽ ഒരു പഴയ തകരപ്പെട്ടി. അതിൽ മോളിയുടെ ചിലങ്കകൾ, ജോയലിന്റെ l ഒന്നാം ക്ലാസ്സിലെ മലയാള പുസ്തകം, ജോമിയുടെ ബാല്യകാല കവിതാപുസ്തകം ഇതെല്ലാമായിരുന്നു. "ഇത് നിന്റെ അമ്മയുടെ പെട്ടിയാണ്. ഇനി ഇതെല്ലാം നിനക്ക്," അദ്ദേഹം പറഞ്ഞു. ജോമിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ, ജെയിംസ് ക്യാമറ ക്ലിക്ക് ചെയ്തു.
ഓണത്തിന്റെ പിറ്റേ ദിവസം, വർക്കി ചേട്ടൻ ഉറക്കത്തിൽ നിന്ന് ഉണർന്നില്ല. എല്ലാവരും കരഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി പതിഞ്ഞിരുന്നു— എല്ലാം ചെയ്തു തീർത്തുവെന്ന പുഞ്ചിരി. വർക്കിച്ചന്റെ അന്ത്യശ്വാസത്തിന് മുമ്പ് ജോയലിനോട് പറഞ്ഞ ഒരു വാക്ക് അവൻ ഓർത്തു: "ഈ വീട് ഇനി നിന്റേത്... എന്നാൽ, ഈ വീട് എപ്പോഴും മുതിർന്നവർക്കുള്ള ആശ്രയകേന്ദ്രമാവണം".
ഇന്ന്, സൗഹൃദ കേന്ദ്രത്തിന്റെ മുറ്റത്തെ മാവിന്റെ കീഴിൽ ഒരു സ്മാരകം ഉണ്ട്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു _ "സ്നേഹം ഒരിക്കലും മരിക്കാത്ത ഇടം."
വീടിന് പിന്നിലെ നദിയുടെ ഒഴുക്ക് പോലെ, കഥയും തുടരുന്നു. മാമ്പഴം വീഴുമ്പോഴെല്ലാം, വർക്കിയുടേയും മോളിയുടെയും ചിരി ആകാശത്തെ നക്ഷത്രങ്ങളിൽ മിന്നുന്നു.
[കഥയിലെ ജോമിയും ജോയലും പോലെ, പ്രവാസികളും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ, "ഒറ്റപ്പാടിന്റെ വീടുകൾ" വീണ്ടും ചിരിക്കും. മുതിർന്നവരുടെ ചിരിയാണ് ഒരു സംസ്കാരത്തിന്റെ യഥാർത്ഥ സമ്പത്ത്.]
V C Ajayakumar
അജയ്, നിങ്ങളുടെ എഴുത്തു ജീവിതത്തിനു പുതിയ അർത്ഥം നൽകുന്നു.
മറുപടിഇല്ലാതാക്കൂ👌👌👌👌👍
മറുപടിഇല്ലാതാക്കൂനന്ദി, ശ്രീലത 🙏
മറുപടിഇല്ലാതാക്കൂ