നിശബ്ദമാകാത്ത മണിമുഴക്കം
ചെറുകര എന്ന ഒരു കുഞ്ഞു ഗ്രാമത്തിൽ, വിഷ്ണു ക്ഷേത്രത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന 'ഗവ. യു.പി. സ്കൂൾ ചെറുകര' എന്ന സ്ഥാപനം, ഒരുകാലത്ത് ഈ മേഖലയിലെ വിദ്യാഭ്യാസത്തിന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ, ഇന്ന് അതേ സ്കൂൾ അവഗണനയുടെ വലയത്തിലാണ്. ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള നൂറിൽ താഴെ കുട്ടികൾ മാത്രമുള്ള ഈ സ്കൂൾ, പണ്ട് 500ലധികം കുട്ടികൾ പഠിച്ചിരുന്ന ഇടം എന്നതിൽനിന്ന് വളരെയധികം മാറി.
ഗ്രാമവാസികൾ ഏറിയപങ്കും കൃഷിക്കാർ. കുറച്ച് അതിഥി തൊഴിലാളി കുടുംബങ്ങളും. അതായിരുന്നു ഒരുകാലത്ത് ചെറുകര. പഞ്ചായത്തിനാണ് സ്കൂളിന്റെ നടത്തിപ്പു ചുമതല. അഞ്ചു പതിറ്റാണ്ടു പഴക്കമുള്ള സ്കൂളാണ്. അന്ന് ഈ പ്രദേശത്ത് വേറെ സ്കൂളുകൾ ഒന്നുമില്ല. ഏകദേശം അഞ്ചു കിലോമീറ്റർ അപ്പുറത്താണ് ഒരു ഹൈസ്കൂളുള്ളത്. ഇന്നിപ്പോൾ ചെറുകര പ്രദേശത്ത് രണ്ടോളം സ്വകാര്യ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളുകളും ഒരു എയ്ഡഡ് സ്കൂളും ഉണ്ട്. സാമാന്യം ഭേദപ്പെട്ട രക്ഷകർത്താക്കളുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കും എയ്ഡെഡ് സ്കൂളിലേക്കും മാറി.
ആയിഷ ടീച്ചർ ഈ സ്കൂളിലെ ഏറ്റവും സീനിയർ ടീച്ചറാണ്. സ്കൂൾ തുടങ്ങിയ കാലം മുതലേ ഉണ്ട്. ടീച്ചർ ഇവിടെ തന്നെയാണ് UP സ്കൂൾ വരെ പഠിച്ചത്. അതിനാലാവാം ഈ സ്കൂളിനോടും കുട്ടികളോടും ടീച്ചർക്ക് അമിതമായ ഒരു സന്തോഷം. ആയിഷ ടീച്ചർ കൂടാതെ മൂന്ന് ടീച്ചർമാരും ഹെഡ്മാസ്റ്ററും കൂടിയുണ്ട് ഈ സ്കൂളിൽ. മനോജ് സാറാണ് ഹെഡ്മാസ്റ്റർ. സ്കൂൾ തുടങ്ങിയ കാലത്ത് പഞ്ചായത്തിൽ നിന്നും നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോൾ കുട്ടികൾ വളരെയേറെ കുറഞ്ഞതോടെ പഞ്ചായത്തിനും താൽപര്യമില്ല.
ആയിഷ ടീച്ചറിന്റെ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം ക്ലാസ്. രണ്ടുദിവസമായിട്ട് ക്ലാസിൽ പഠിപ്പിച്ച ഒരു ഇക്വേഷൻ, ടീച്ചർ ചോദ്യമായിട്ട് ബോർഡിൽ എഴുതി.
(a+b)² =?
ആർക്കൊക്കെ അറിയാം ഇതിന്റെ ഉത്തരം? രണ്ടുദിവസമായി ഞാൻ പഠിപ്പിക്കുന്നു.
ക്ലാസ്സിൽ ഒരു നിശബ്ദത. ടീച്ചർ പറഞ്ഞു.
“ ഈ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാൽ നല്ലൊരു സമ്മാനം ഞാൻ തരുന്നുണ്ട്!".
സമ്മാനം എന്ന വാക്ക് കേട്ടതും ചില കുട്ടികളുടെ മുഖം വിടർന്നു. ചില കുട്ടികൾ താഴോട്ട് നോക്കിയിരുന്നു. ഉദ്ദേശിച്ച റെസ്പോൺസ് കിട്ടാഞ്ഞതിനാൽ ആവണം ടീച്ചർ പറഞ്ഞത്. "ഈ ഇക്വേഷന്റെ ഉത്തരം അറിയാവുന്ന കുട്ടികൾ കൈപൊക്കൂ ". മൊത്തം അഞ്ചു കുട്ടികൾ കൈപൊക്കി.
ശരി, നീ പറയൂ? ടീച്ചർ അനീഷിനെ നോക്കി പറഞ്ഞു.
a²+2ab+b²
അടുത്തയാൾ പറയൂ? ടീച്ചർ മുരളിയോടായി പറഞ്ഞു. അങ്ങനെ അഞ്ചുപേരും പറഞ്ഞത് ഒരേ ഉത്തരം. ടീച്ചർ അഞ്ച് പേരെയും അടുത്തു വിളിച്ചു. അഞ്ചുപേർക്കും ഈ രണ്ട് മിട്ടായി വീതം കയ്യിൽ വച്ചുകൊടുത്തു.
ഫെബ്രുവരിയുടെ അവസാന വാരം. കുട്ടികൾ ഇന്റർവെൽ സമയത്ത് കളിക്കാനായി ഗ്രൗണ്ടിലേക്ക് ഓടി. ആയിഷ ടീച്ചർ ബ്രേക് സമയത്ത് പതിവുപോലെ സ്റ്റാഫ് റൂമിൽ വന്നു ചായ കുടിക്കുമ്പോഴാണ് മനോജ് സാറിന്റെ വരവ്.
"ആയിഷാ, ഒരു നിമിഷം."
മനോജ് സാറിന്റെ മുഖം അൽപ്പം കടുപ്പമുള്ളതായിരുന്നു.
"ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നു ഒരു കത്ത് വന്നിട്ടുണ്ട്..."
"എന്ത് കത്ത് സാർ?"
അകാരണമായി ടീച്ചറിന്റെ മനസ്സിലേയ്ക്ക് എന്തോ ഒരു പേടി കടന്നുവന്നു.
"സ്കൂളിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം മുതൽ നിർത്താനാണ് തീരുമാനം. കുട്ടികളുടെ എണ്ണം കുറവാണ്... പഞ്ചായത്തിലും നിന്നു വളരെയേറെ സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. ചെലവ് കണക്കാക്കുമ്പോൾ..."
ആയിഷ ടീച്ചർ അനക്കമറ്റ് നിന്നുപോയി. ഇക്കാലമത്രയും താൻ ഈ സ്കൂളിനുവേണ്ടി അധ്വാനിച്ചത് ലാഭനഷ്ടം നോക്കിയല്ലല്ലോ? ഈ പാവപ്പെട്ട കുട്ടികൾക്ക് മറ്റ് സ്കൂളുകളിൽ പോയി പഠിക്കാനുള്ള ആവതുമില്ല.
"സാർ... ഇത് തടയാൻ ഒരു വഴിയുമില്ലേ?" ടീച്ചർ ചോദിച്ചു.
എന്തുവഴി? കാലങ്ങളായിട്ട് കുട്ടികൾ കുറഞ്ഞുവരുന്നു. പുതിയ അഡ്മിഷന് കുട്ടികളെ കിട്ടാനായിട്ട് എന്ത് ബുദ്ധിമുട്ടാണ്?
ഇതൊന്നും ശ്രദ്ധിക്കാതെ അഞ്ചാം ക്ലാസിലെ മുകുന്ദ് എന്ന വിദ്യാർത്ഥി അങ്ങോട്ടേക്ക് ഓടി വന്നു.
ടീച്ചറെ, നമുക്ക് ഈ വർഷം ഫെയർവെൽ വേണേ. ഞാൻ നാട്ടിൽ പോകുമ്പോൾ ആ ഫോട്ടോ എന്റെ കൂട്ടുകാരെ കാണിക്കാനാണ്.
ആയിഷ ടീച്ചർ ഒരു പുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു.
പതുക്കെപ്പതുക്കെ വാർത്ത കുട്ടികളും മറ്റെല്ലാവരും അറിഞ്ഞു. പിറ്റേദിവസം രാവിലെ, സ്കൂളിന്റെ മുന്നിലെ ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം ആയിഷ ടീച്ചർ ഇരുന്നു. മുൻകാലത്തെ ഓർമ്മകളിലൂടെ കടന്നുപോകുന്നത് പോലെയായിരുന്നു അവരുടെ കണ്ണുകൾ.
" ഞങ്ങളൊക്കെ ഈ ഗ്രൗണ്ടിൽ എന്തുമാത്രം കളിച്ചിട്ടുണ്ട്! എന്തുമാത്രം ചാമ്പക്കയും മാങ്ങയും പറിച്ച് തിന്നിട്ടുണ്ട്. എത്ര പാട്ടുകളാണ് ഞങ്ങൾ എല്ലാവരും കൂടെ ഇവിടെ ഇരുന്ന് പാടിയിട്ടുള്ളത്!".
ടീച്ചർ പറഞ്ഞപ്പോൾ, കുട്ടികൾ ശ്രദ്ധയോടെ കേട്ടുനിന്നു.
അർഷിദ കൈ ഉയർത്തി പറഞ്ഞു:
"ടീച്ചർ, നമുക്കൊക്കെ ചേർന്ന് എന്തെങ്കിലും ചെയ്യാം. സ്കൂൾ നിന്ന് പോകരുത്. എന്റെ അച്ഛൻ പഞ്ചായത്ത് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഞാൻ അച്ഛനോട് സംസാരിക്കാം."
ഞാനും പറയാം ടീച്ചറേ!. രാഹുൽ എഴുന്നേറ്റു. "എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ റീൽസ് ഇടാറുണ്ട്. ഞാൻ നമ്മുടെ സ്കൂളിനെക്കുറിച്ച് ഒരു റീൽ ഇടീക്കാം. ആ വീഡിയോ വൈറൽ ആയാലോ? നമ്മുടെ സ്കൂൾ രക്ഷപ്പെടും"
ആയിഷ ടീച്ചറിന്റെ കണ്ണ് നിറഞ്ഞു. പുത്തൻ തലമുറയുടെ മനസ്സുകളിലുണ്ടായിരുന്ന സ്‌കൂളിനോടുള്ള വാത്സല്യം അവരെ അമ്പരിപ്പിച്ചു.
"നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ, നിങ്ങളെ തടയാൻ ആരുമില്ല!" – ടീച്ചർ നിസ്സംശയം പറഞ്ഞു.
അടുത്ത ഏതാനും ദിവസങ്ങൾ...
കുട്ടികൾ പലവിധ രീതികളിൽ പ്രവർത്തിച്ചു.
- സ്കൂളിന്റെ പഴയ വിജയികളുടെ ഇന്റർവ്യുകൾ, വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ, രക്ഷാകർത്താക്കളുടെ നിർദ്ദേശങ്ങൾ – എല്ലാം ചേർത്തു ഒരു ഡിജിറ്റൽ പ്രദർശനം ഒരുക്കി.
- ആ പ്രദർശനം മൊബൈൽ ഫോണിലൂടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചു.
- വീട്ടുകാരും, നാട്ടുകാരും, പഴയ വിദ്യാർത്ഥികളും അതിൽ പങ്കാളികളായി.
പഞ്ചായത്ത് ഓഫീസിലെ പ്രൊജക്റ്റ് ഓഫീസറായ സുധാകുമാരി ആ വീഡിയോ കണ്ടു.
"ഇത്ര മനോഹരമായ ചരിത്രമുള്ള സ്കൂൾ പൂട്ടണം എന്ന് ആരാണ് പറഞ്ഞത്?" – അവരവിടെ നിന്ന് തന്നെ സുധാകരൻ എന്ന വാർഡ് മെമ്പറോട് ചോദിച്ചു.
മുകളിൽ നിന്നുള്ള തീരുമാനമാണ് മാഡം. സുധാകരൻ പറഞ്ഞു.
കുട്ടികൾ സജീവമായി. പാതിരാത്രി വരെ സ്കൂളിൽ പ്രവർത്തിച്ച കുട്ടികൾ പിറ്റേദിവസം സ്കൂളിന് ഒരു പുതുജീവൻ തന്നെ കൊണ്ടുവന്നിരുന്നു. സ്കൂൾ വരാന്തയിൽ വെച്ച് തന്നെ ടീമുകൾ ഒക്കെ പ്രവർത്തിക്കാൻ തുടങ്ങി – ഒരു വിഭാഗം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു ഉന്നത നിലയിൽ എത്തിയ പഴയ വിദ്യാർത്ഥികളെ കണ്ടെത്താൻ ശ്രമിച്ചു. വേറൊരു വിഭാഗം പത്രക്കാർക്ക് മെയിലുകൾ അയക്കാൻ തുടങ്ങി. ആയിഷടീച്ചർ എല്ലാം ഏകോപിപ്പിച്ചുകൊണ്ടിരുന്നു. അതൊരു അധ്യാപികയുടെ മാത്രം ബാധ്യതയല്ല, ഒരു അമ്മയുടെ അതിജീവന ശ്രമം കൂടിയായിരുന്നു.
പിറ്റേന്ന് ഗ്രാമസഭാ മീറ്റിംഗിന്റെ സമയം പഴയ കുട്ടികളും പുതിയ കുട്ടികളും അച്ഛനമ്മമാരും എല്ലാം ഒരു വലിയ ജാഥയായി പഞ്ചായത്തിലേക്ക് വന്നു. ചിലർ പോസ്റ്ററുകളും എടുത്തുവന്നിരുന്നു. അവയിൽ ചിലതിൽ:
- “സ്കൂൾ പൂട്ടുന്നതുവഴി സ്വപ്നങ്ങൾ ഇല്ലാതാവുകയാണ്.”
- “ഒരു കലാലയം പൂട്ടുമ്പോൾ ഒരു സംസ്ക്കാരം ഇല്ലാതാവുന്നു ".
മെമ്പർ സുധാകരൻ ആ ജാഥയിലേക്ക് നോക്കി നിന്നു. അയാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:
"ഈ പ്രതിഷേധം കൊള്ളാം. ഞാനുമുണ്ട് നിങ്ങളുടെ കൂടെ. പക്ഷേ മീറ്റിംഗ് നടക്കട്ടെ. എല്ലാവരും ശാന്തരായി പിരിഞ്ഞു പോകണം.".
നാട്ടുകാരിൽ മുതിർന്ന ആളായ ജാനകിയമ്മ പറഞ്ഞു:
"സ്കൂൾ എന്ന് പറയുന്നത് പഠിപ്പിക്കുന്ന ഇടം മാത്രമല്ല. അതൊരു സമൂഹത്തിന്റെ ആത്മാവു കൂടിയാണ്. അത് തല്ലിക്കെടുത്തരുത്."
എല്ലാവരുടെയും അഭിപ്രായം ജില്ലാ ഓഫീസിലേക്ക് രേഖയായി നമുക്ക് അയക്കാം. സുധാകരൻ പറഞ്ഞു. നിമിഷം കൊണ്ട് എല്ലാവരും അവരവരുടെ അഭിപ്രായം എഴുത്തായി മെമ്പർ വശം ഏൽപ്പിച്ചു.
ആയിഷ ടീച്ചർ ഒടുവിൽ എല്ലാവരോടുമായി പറഞ്ഞു:
"നമുക്ക് സമരം നടത്തേണ്ട. നമുക്ക് നമ്മുടെ മനസ്സിന്റെ ശക്തി അവരെ അറിയിക്കാം. നമ്മൾ വിജയിക്കും വരെ പരിശ്രമം തുടരണം."
മാർച്ച് മുപ്പത്തിഒന്നാം തീയതി. ഔദ്യോഗികമായി സ്കൂൾ അടയ്ക്കാനുള്ള അവസാന ദിനം വന്നെത്തി.
അന്തരീക്ഷത്തിൽ വല്ലാത്ത പിരിമുറുക്കം. വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ – എല്ലാവരും അന്ന് രാവിലെ സ്കൂളിൽ എത്തിയിരുന്നു. ഇത്രയും നാൾ കണ്ടിരുന്ന സ്കൂൾ എന്നന്നേക്കുമായി അടച്ചുപൂട്ടുമോ എന്ന ആശങ്കയിൽ എല്ലാവരും വിഷമിച്ചു നിന്നു.
ആയിഷ ടീച്ചർ, സ്കൂളിന്റെ മുൻവശത്തു നിന്ന് ഓരോ കുട്ടികളുടെയും കണ്ണുകളിലേക്ക് നോക്കി.
അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. അവർക്ക് തീർച്ചയുണ്ടായിരുന്നില്ലെങ്കിലും ഒരു വിശ്വാസം ഉണ്ടായിരുന്നു – ഈ ബെൽ ഞാൻ അടിക്കും, പക്ഷേ അത് അവസാന ബെല്ലായിരിക്കില്ല.
"അവസാന ബെല്ലല്ലേ, ടീച്ചർ?" – മുകുന്ദ് ചോദിച്ചു.
ആയിഷ ടീച്ചർ മന്ദഹസിച്ചു:
"അറിയില്ല മോനേ. ഞാൻ എന്റെ കർമ്മം ചെയ്യുന്നു. എനിക്കിതു ചെയ്യാതിരിക്കാൻ നിവൃത്തിയില്ല. ഈശ്വരനാണ് എല്ലാം തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനം അതാണെങ്കിൽ അത് നടക്കട്ടെ! ".
ആയിഷ ടീച്ചർ അവസാന ബെൽ അസാധാരണമായി ആഞ്ഞടിച്ചു.
മണിയുടെ ശബ്ദം സ്കൂളിന്റെ അന്തരീക്ഷത്തിൽ പ്രകമ്പനം കൊണ്ടു.
എല്ലാവരും വിറങ്ങലിച്ചു നിന്നു. അതേസമയം, ഉച്ചത്തിൽ ഹോണടിച്ചുകൊണ്ട് ഒരു ജീപ്പ് സ്കൂളിന്റെ ഗേറ്റിലൂടെ വേഗത്തിൽ കയറിവന്നു. ജില്ല വിദ്യാഭ്യാസ ഓഫീസർ തന്നെയായിരുന്നു അത്. കൂടെ പഞ്ചായത്ത് പ്രസിഡന്റ് ജാനകിയമ്മയും വാർത്താ ചാനലുകളും.
വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. "ഈ സ്കൂൾ സാമൂഹികബോധത്തിൻ്റെ മാതൃകയായി മാറിയിരിക്കുന്നു."
"സ്കൂൾ അടയ്ക്കാനുള്ള തീരുമാനം പുന:പരിശോധിച്ചിട്ടുണ്ട്. ഇനി മുതൽ ഇത് ഒരു 'സമൂഹ അധ്യയന കേന്ദ്രം' ആവുകയും, കുട്ടികൾക്കും മുതിർന്നവർക്കുമായി കാമ്പസിൽ വിവിധ പഠന പദ്ധതികൾ നടപ്പാക്കുകയും ചെയ്യും. അതേസമയം പഴയ കുട്ടികൾക്ക് അവരുടെ പഠിത്തം തുടരുകയും ചെയ്യാം. സ്കൂൾ പൂട്ടുന്നില്ല"
നിശബ്ദരായിരുന്ന കുരുന്നുകൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ആഹ്ലാദസൂചകമായി അവർ ബലൂണുകൾ ആകാശത്തേക്ക് പറത്തി. നാട്ടുകാർ കുട്ടികൾക്ക് മധുരം വിളമ്പി.
ആയിഷ ടീച്ചർ അക്ഷരാർത്ഥത്തിൽ കണ്ണുനിറഞ്ഞു നില്ക്കുമ്പോൾ, സുധാകരൻ പറഞ്ഞു.
"ഇത് അവസാന ബെൽ അല്ല ടീച്ചർ. ഇനി മുതൽ ഓരോ ബെല്ലും പുതുജീവിതത്തിന്റെ തുടക്കം ആകട്ടെ".
[ഒരു സ്കൂളിന്റെ മൂല്യം അതിന്റെ കെട്ടിടത്തിലല്ല. അതിലെ കുട്ടികളിലാണ് – അവിടെ പഠിച്ച പാഠങ്ങൾ, പാടിയ പാട്ടുകൾ, ചിരിച്ച മുഖങ്ങൾ. അറിവിന് അന്ത്യമില്ല. അവസാനം മുഴങ്ങുന്ന ബെൽ പോലും പുതിയൊരു തുടക്കം ആവാം... നമുക്ക് അത്രതന്നെ വിശ്വാസമുണ്ടായാൽ]
V C Ajayakumar
05/03/2026
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ