ഭൂമിയുടെ തരം മാറ്റം
ഭൂമിയുടെ തരം മാറ്റത്തിലെ കാലതാമസം എത്രയോ മനുഷ്യരുടെ ജീവൻ തന്നെ ഇല്ലാതാക്കിയതാണ്. മനുഷ്യർക്ക് വീട് വെക്കുവാൻ സ്ഥലം ഇല്ലായ്മ എന്നൊരു വിഷയം ഇനി അങ്ങോട്ട് ജനങ്ങൾക്ക് ഉണ്ടാകും. ഉള്ള ഭൂമി പങ്കിട്ട് പങ്കിട്ട് അവിടെയൊക്കെ വീടു വരുന്ന ഒരു കാലമാണ് ഇപ്പോഴും, ഇനി അങ്ങോട്ടും. നാം ഒരു വീട് വെക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോഴാണ് ഈ വക നൂലാമാലകൾ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. നമ്മുടെ ഭൂമി നിലമായാണ് റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് എങ്കിൽ അവിടെ കെട്ടിട നിർമ്മാണം അസാധ്യമായ കാര്യമാണ്. അത് റവന്യൂ അധികാരികളുടെ അടുക്കൽ പോയി പുരയിടമാക്കി മാറ്റിയാൽ മാത്രമേ അവിടെ കെട്ടിട നിർമ്മിക്കാൻ സാധിക്കൂ.
2017ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ചാണ് നിലം തരം മാറ്റുന്ന കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിനായി ആര്‍ ഡി ഓക്ക് നാം പെറ്റീഷൻ കൊടുത്താൽ, ആ പെറ്റീഷൻ വില്ലേജ് ഓഫീസർക്ക് കൈമാറും. വില്ലേജ് ഓഫീസർ/ കൃഷി ഓഫീസർ നേരിട്ട് ഭൂമി സന്ദർശിച്ച് റിപ്പോർട്ട് ആർ ഡി ഓക്ക് കൈമാറണം. തുടർന്ന് ആർ ഡി ഓ നേരിട്ട് ഭൂമി സന്ദർശിച്ച് തീരുമാനം എടുക്കണമെന്നാണ് ചട്ടം. 2017 നു മുമ്പ് ഭൂമി നിലമായിരുന്നോ അതോ പുരയിടം ആയിരുന്നോ എന്നതിലാണ് തീരുമാനമെടുക്കേണ്ടത്.
രണ്ടേമുക്കാൽ ലക്ഷം അപേക്ഷകൾ ഇനിയും തീർപ്പാകാൻ ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഭൂമി തരം മാറ്റാൻ നടന്നു നടന്നു 2022 ഫെബ്രുവരി 4ന് സജീവൻ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തത് നാം ഓർക്കുന്നുണ്ടായിരിക്കും. ഉടൻതന്നെ സർക്കാർ ഉണർന്ന് പ്രവർത്തിച്ച് ആർഡിഒ ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരെ എല്ലാം മാറ്റി പുതിയ ആൾക്കാരെ നിയമിച്ചു. അദാലത്തും നടത്തി അവിടുത്തെ കുടിശ്ശിക ഒരുവിധം തീർത്തു. ജില്ലാ കളക്ടർ ജാഫർ മാലിക്ക് ഭൂമി കൺവേർട്ട് ചെയ്ത ഡോക്യുമെന്റ് സജീവന്റെ അനന്തരാവകാശികൾക്ക് കൊടുത്ത കാര്യം നമുക്കൊക്കെ അറിവുള്ളതാണ്.
ഭൂമി കൺവർഷൻ അനുമതി കിട്ടി, കൺവർഷൻ ഫീസും അടച്ചാലേ നമുക്ക് ബിൽഡിംഗ് പെർമിറ്റിന് അപേക്ഷിക്കാൻ പറ്റുകയുള്ളൂ. 2017 നു മുമ്പ് കൃഷി ചെയ്യാത്ത സ്ഥലങ്ങൾക്കോ ചെറിയ വിസ്തൃതിയുള്ള സ്ഥലങ്ങൾക്കോ ചെറിയ ഇളവുകൾ ഉണ്ടായേക്കാം.
ഇത്രയും നൂലാമാലകൾ ഉണ്ടെങ്കിലും നമ്മളുടെ വഴിയോരങ്ങളിൽ ഭൂമി കൺവേർട്ട് ചെയ്തു കൊടുക്കുവാൻ അനേകം ഏജന്റ് മാരുടെ ഫ്ലക്സുകൾ നമ്മൾ കാണാറുണ്ട്. സാധാരണക്കാരൻ അവരെ സമീപിച്ചാൽ എടുത്താൽ പൊങ്ങാത്ത തുകയാണ് അവർ പറയുന്നത്. ഈ തുക കൊടുത്താലോ, ഭൂമി കൺവേർട്ട് ചെയ്ത് കിട്ടുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ലാതാനും.
പറയാൻ ഉദ്ദേശിക്കുന്നത് എന്താണ് വെച്ചാൽ ഭൂമി തരം മാറ്റ നിയമങ്ങൾ ഇത്രമാത്രം നൂലാമാലകൾ നിറഞ്ഞതാണെങ്കിൽ അതിന്റെ കർക്കശ്യം നീക്കാൻ സർക്കാരിന് അടിയന്തരമായി എന്തെങ്കിലും ചെയ്യാവുന്നതാണ്. ജനോപകാരപ്രദം ആയിരിക്കണം നിയമങ്ങൾ. അതല്ലാതെ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ആയിരിക്കരുത് നിയമങ്ങൾ.
(ഈ റിപ്പോർട്ട് എഴുതിക്കഴിഞ്ഞതിനു ശേഷം ഭൂമി തരം മാറ്റത്തിൽ സർക്കാർ ഏതാണ്ടൊക്കെ ഇളവ് അനുവദിച്ചിട്ടുണ്ട്. ആ ഇളവ് പ്രകാരം 2017 ഡിസംബർ 30ന് ശേഷം ഉടമസ്ഥാവകാശം കൈമാറി കിട്ടുന്ന 25 സെന്റ് വരെയുള്ള, ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത, ഭൂമിക്കാണ് സൗജന്യ തരം മാറ്റം അനുവദിക്കുന്നത്. ഇതിനായി അപേക്ഷക്കൊപ്പം ഒരു സത്യവാങ്മൂലം കൂടി സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. ഇതിനുള്ള നടപടിക്രമം ഉടൻ പുറത്തിറക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ