ഓണം - പഴമയും പുതുമയും
പണ്ടത്തെ ഓണവും ഇന്നത്തെ ഓണവും – മാറുന്ന കാലത്തിന്റെ കഥ
വീണ്ടും ഒരു പൊന്നിൻ ചിങ്ങമാസം വരുന്നു. മലയാളികളുടെ എല്ലാമെല്ലാമായ, ദേശീയ ഉത്സവമായ, ഓണം. കേരളീയരുടെ മനസ്സിൽ ഓണം ഒരു സ്നേഹപൂർണ്ണമായ ഓർമ്മയാണ്. പണ്ടൊക്കെ പണത്തിന്റെയോ സമ്പത്തിന്റെയോ ഭേദം കൂടാതെ, ആഹ്ലാദത്തോടെ എല്ലാവരും ഒത്തുചേരുന്ന ഒരു ആഘോഷമായിരുന്നു ഓണം. ഇല്ലെങ്കിൽ പൈസ കൂട്ടിക്കൂട്ടി ഗംഭീരമായ ഭക്ഷണവും ഓണക്കളികൾക്കുള്ള തയ്യാറെടുപ്പുകളും ഒരുക്കിക്കൊണ്ടിരുന്ന മലയാളിയുടെ മനസ്സിലുണ്ടായിരുന്ന സന്തോഷം തന്നെയാണ് ഓണത്തിന്റെ മുഖ്യ അർത്ഥം. കാണം വിറ്റും ഓണമുണ്ണണം എന്ന പഴയ പഴഞ്ചൊല്ല് നാം ഓർക്കണം.
ഊഞ്ഞാലാട്ടം, ഓണപ്പൂക്കളം, കൈകൊട്ടിക്കളി, പുലികളി അങ്ങനെ പലവിധ കളികളോടും കൂടി എല്ലാവരും ഒന്ന് ചേർന്ന് ആഘോഷിക്കുമായിരുന്നു ഓരോ ഓണവും.
പക്ഷേ, ഇന്ന് കാലം മാറിയിരിക്കുന്നു. ഓരോ കുടുംബവും അവരവർക്കായി മാത്രം ആഘോഷിക്കുന്ന, അവരവരുടെ കുടുംബത്തിന്റെ പരിധിയിൽ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. വലിയവരാകാം, ചെറിയവരാകാം, എല്ലാവരും ഒന്നുകൂടിയിരുന്ന പഴയ ഓണത്തിന് ഇന്ന് ആ പഴയ സ്വാദില്ല. പണ്ടത്തെ പോലെ തറവാട്ടിൽ എല്ലാവരും കൂടിയുള്ള ഓണസദ്യ ഇല്ല, കൂട്ടായ്മയുള്ള ഓണക്കളി ഇല്ല, നാട്ടുവേദികളിൽ പുലിക്കളി കാണാൻ ചെറുപ്പക്കാർ പോകുന്ന കാലം മാറി, അങ്ങനെ എന്തൊക്കെ മാറ്റങ്ങൾ!
ഇപ്പോൾ എല്ലാവരുടെ കൈയ്യിലും സ്മാർട്ട്ഫോൺ, എല്ലാവരുടെ വീടുകളിലും ആസ്വാദ്യത്തിനായി അനവധി ഓൺലൈൻ പരിപാടികൾ. ഓരോരുത്തരും തന്റെ വീട്ടിൽ, അച്ഛനും അമ്മയും, മകനും മകളുമായി കൂടിയിരുന്ന് വ്യക്തിപരമായി ആഘോഷിക്കുന്നതായി ഇന്നത്തെ ഓണത്തിന്റെ മുഖ്യരൂപം. സാമൂഹിക ഘടനയിൽ നിന്നും വ്യക്തി ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടിയ ഒരു ആഘോഷമായി ഓണം മാറുകയാണ്.
ടെക്നോളജി മുന്നോട്ട് പോവേണ്ടതുണ്ട്, ജീവിത നിലവാരം ഉയരേണ്ടതുണ്ട് – പക്ഷേ പണ്ടത്തെ പോലെ ഒത്തുചേരുന്ന ഓർമ്മകൾ പകരുന്ന സന്തോഷം ഇനിയും നമുക്ക് നഷ്ടമാകരുത്. പണ്ടത്തെപ്പോലെ ഹൃദയസ്നേഹത്തോടെ, ഒരുമയോടെ, ആഘോഷിച്ച ഓണത്തിന്റെ നല്ലകാലം വീണ്ടും ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പണത്തിന്റെയോ ടെക്നോളജിയുടെയോ പ്രശ്നമല്ല ഇന്ന് മലയാളിക്ക്. പ്രശ്നം അവനവനിലേക്ക് ഒതുങ്ങിയ മനസ്സാണ്.
നമുക്ക് ഒരിക്കൽ കൂടി ഓർക്കാം. ഓണത്തിന്റെ സൗന്ദര്യം ഭക്ഷണത്തിലും പുത്തനുടുപ്പുകളിലും മാത്രമല്ല, ഒത്തൊരുമയിലും കൂടിയാണ്.
ഒത്തൊരുമയുടെ ഓണം നമ്മളെ വീണ്ടും ആ പഴയ ഹൃദയനൈർമ്മല്യമുള്ള മലയാളി ആക്കട്ടെ 🙏🙏
V C Ajayakumar
23/08/2025
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ