ഉപവാസം കൊണ്ട് തൂക്കം വർദ്ധിപ്പിക്കാം
ഉപവാസം കൊണ്ട് തൂക്കം കുറയ്ക്കാം എന്നല്ലാതെ തൂക്കം വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്ന് ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കും നിങ്ങൾ കേൾക്കുന്നത്. അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. തീർച്ചയായും സാധിക്കുന്ന കാര്യം തന്നെയാണ്.
ഒരാളുടെ തൂക്കവും ആരോഗ്യവും നിലനിൽക്കുന്നത് അയാൾ എത്രമാത്രം ഭക്ഷണം കഴിച്ചു? അത് എത്രമാത്രം പോഷകമൂല്യമുള്ളതാണ്? എത്ര തവണ കഴിച്ചു? എന്നതിന് മാത്രം ആശ്രയിച്ചല്ല. മറിച്ച് കഴിച്ച ഭക്ഷണം എത്രമാത്രം ദഹിപ്പിച്ചു? എത്രമാത്രം ആഗിരണം ചെയ്തു? അതിന്റെ അവശിഷ്ടങ്ങൾ എത്രമാത്രം പുറത്തേക്ക് പോയി? എന്നതിനെ കൂടി ആശ്രയിച്ചാണ്. ഈ മൂന്ന് പ്രക്രിയയും ശരിയായ തോതിൽ തടസ്സം കൂടാതെ നടന്നെങ്കിലേ കഴിക്കുന്ന ഭക്ഷണം കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുകയുള്ളൂ.
പോഷക സമൃദ്ധമായ ഭക്ഷണം നല്ല അളവിൽ ദിവസവും കഴിച്ചിട്ടും പലരും മെലിഞ്ഞ് ക്ഷീണിച്ചു വരുന്നതായി കണ്ടിട്ടുണ്ട്. തൂക്കം കൂടുന്നതിന് പകരം കുറഞ്ഞുവരുന്നു. ഇവിടെ ഭക്ഷണത്തിന്റെ കുറവല്ല, മറിച്ച് കൂടുതലാണ് വണ്ണം കുറയുന്നതിന് കാരണമായി തീരുന്നത്. അമിതാഹാരം മൂലം ശരീരത്തിന് ഭക്ഷണം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരുന്നു. സാധാരണ നടക്കുന്ന ദഹനം കൂടി ഇത് തടസ്സപ്പെടുത്തുന്നു. ഇത് ശരീരത്തിന് ക്ഷീണം ഉണ്ടാക്കുന്നു. ഉപവാസ സമയത്ത് ശരീരം പൂർണ്ണമായും ശുദ്ധീകരിക്കപ്പെടുന്നു. മാലിന്യങ്ങളെയും വിസർജ്യ പദാർത്ഥങ്ങളെയും അധികമായി അടിഞ്ഞു കിടന്നിരുന്ന മറ്റ് അവശിഷ്ടങ്ങളെയും പുറന്തള്ളുന്ന പ്രക്രിയ ത്വരിതഗതിയിലാവുന്നു. ഇതുമൂലം ശരീര കലകൾക്ക് കൂടുതൽ ഭക്ഷണം ലഭിക്കുകയും അതിനെ തുടർന്ന് തൂക്കം വർദ്ധിക്കുകയും ചെയ്യുന്നു.
ഉപവാസം വിശപ്പ് വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതു വഴി കഴിക്കുന്ന ആഹാരം മുഴുവനും ദഹിപ്പിക്കുവാൻ സാധിക്കുന്നു. ദഹനരസങ്ങളുടെ ഉൽപാദനം വർദ്ധിക്കുന്നു. വിസർജനവും മെച്ചപ്പെടുന്നു. ഭക്ഷണ ലാഭവും അതോടൊപ്പം ആരോഗ്യവും വർധിക്കുന്നതായി കാണാം.
ഒരിക്കലും അമിത ഭക്ഷണം കൊണ്ട് ആരോഗ്യകരമായ രീതിയിൽ തൂക്കം നിലനിർത്തുവാൻ സാധ്യമല്ല. ചിലപ്പോൾ പൊണ്ണത്തടി ഉണ്ടാവാം. അത് രോഗത്തിലേക്ക് വഴിയൊരുക്കുന്നതായിരിക്കും. മിതമായ ആഹാരക്രമത്തിലൂടെ മാത്രമേ തൂക്കവും ആരോഗ്യവും ലഭിക്കുകയുള്ളൂ.
ഉപവാസത്തിന്റെ സമയത്ത് ഒരിക്കലും തൂക്കം വർദ്ധിക്കുക സാധ്യമല്ല. മിക്കവാറും ആദ്യ ദിവസങ്ങളിൽ തൂക്കം കുറയുന്നതായി നമുക്ക് കാണാൻ കഴിയും. എന്നാൽ ഉപവാസത്തിനുശേഷം ശരിയായ ആഹാരക്രമം അനുഷ്ഠിച്ചു തുടങ്ങുമ്പോൾ സാവധാനം തൂക്കം വർദ്ധിക്കുവാൻ തുടങ്ങുന്നു. ചിട്ടയായ ജീവിതചര്യ ആവശ്യമാണ്. വ്യായാമവും വിശ്രമവും ഉറക്കവും മാനസിക സന്തോഷവും സമീകൃത ആഹാരവും എല്ലാം ശരിയായ അളവിൽ കിട്ടിയിരിക്കണം.
ഉപവാസത്തെ തുടർന്ന് ചിലർക്ക് വലിയ ക്ഷീണം അനുഭവപ്പെടാവുന്നതാണ്. ഇങ്ങനെയുള്ളവർ ആഹാരക്രമീകരണം വളരെ സൂക്ഷ്മതയോട് കൂടി നടത്തിയാൽ വളരെ വേഗം ക്ഷീണം അകറ്റുവാൻ സാധിക്കുന്നതാണ്. സാവധാനം സാധാരണ രീതിയിൽ ആഹാരം കഴിച്ച് തുടങ്ങുമ്പോൾ തൂക്കം വർദ്ധിക്കുന്നതായിരിക്കും. നേരത്തെ തൂക്കം കുറവുള്ളവർക്ക് ഈ രീതിയിലൂടെ ആ കുറവ് പരിഹരിക്കാൻ കഴിയുന്നു.
V C Ajayakumar
26/08/2025
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ