സ്വപ്നത്തിലെ മരണം

സ്വപ്നത്തിലെ മരണം

തൃശ്ശൂരിനടുത്ത് അന്തിക്കാട് എന്ന ഗ്രാമം – പച്ചപ്പും പാടങ്ങളും ചേർന്ന ഒരു ചെറുഗ്രാമം. അവിടുത്തെ മനോഹരമായ ഇരുനില വീട്ടിൽ വിരമിച്ച ബാങ്ക് മാനേജർ സതീശനും ഭാര്യ സൗമ്യയും കഴിയുന്നു.

മകൾ ഐശ്വര്യ നഗരത്തിലെ ഒരു ഐടി കമ്പനിയിൽ  എൻജിനീയർ. ഭർത്താവ് അനീഷും ഹൈദരാബാദിലെ ഐ.ടി. കമ്പനിയിൽ. രണ്ടു കൊച്ചു മക്കളുമായി ഐശ്വര്യ മാതാപിതാക്കളുടെ കൂടെ തന്നെയാണ് താമസം. സാമ്പത്തികമായി കരുത്തുറ്റ കുടുംബം. വീട്ടിൽ എല്ലായ്പ്പോഴും  തിരക്കേറിയ അന്തരീക്ഷം.


സ്വപ്നത്തിന്റെ പിടിയിൽ

 ഒരു വെള്ളിയാഴ്ച  വീട്ടിൽ ആങ്ങളയും ഭാര്യയും രണ്ടു കുട്ടികളുമുണ്ട് വിരുന്നുകാരായിട്ട്. വീട്ടിലെ കുട്ടികളും കൂടിയായപ്പോൾ ആകപ്പാടെ കലപില. ഐശ്വര്യയാണെങ്കിൽ രാവിലെ തന്നെ ഓഫീസിൽ തിരക്കാണെന്ന് പറഞ്ഞു ഇറങ്ങി.  

എല്ലാവരും ഊണ് കഴിഞ്ഞു പൂമുഖത്ത് വിശ്രമിക്കുമ്പോൾ സൗമ്യ സതീഷിനോട് പറഞ്ഞു. "എനിക്ക് എന്താണെന്ന് അറിയില്ല, വല്ലാത്ത ശ്വാസംമുട്ടൽ. ഞാൻ മരിക്കാൻ പോവുകയാണോ എന്നൊരു തോന്നൽ!". 

 നീ രാവിലെ തൊട്ടേ  ഓടി നടന്നു പണിയല്ലേ? പോയി അല്പം നേരം വിശ്രമിക്കൂ. സതീഷ് പറഞ്ഞു.

 അങ്ങനെ പോയി കിടന്നതേ സൗമ്യക്ക്‌ ഓർമ്മയുള്ളൂ. പെട്ടെന്നങ്ങു മയക്കത്തിലോട്ട് വഴുതിപ്പോയി.   നീണ്ട മയക്കത്തിൽ അവൾ ഒരു സ്വപ്നത്തിലേക്ക് ഊളിയിട്ടു പോയി.  

 സ്വപ്നത്തിൽ താൻ മരിച്ചുകിടക്കുന്നു.
സതീഷ് നാലുമണിയായപ്പോൾ ചായ കിട്ടാഞ്ഞതിന് പരിഭവിച്ചു റൂമിൽ വന്നു. എടോ, താൻ എഴുന്നേൽക്കുന്നില്ലേ?  മണി നാലു കഴിഞ്ഞു. ഉണരാതായപ്പോൾ സതീശൻ സൗമ്യയെ തന്നെ മുട്ടി  വിളിക്കാൻ ശ്രമിച്ചു. എന്നിട്ടും ഉണരാതായപ്പോളാണ് അയാൾ ശ്രദ്ധിക്കുന്നത്. ഇവൾ മരിച്ചു കിടക്കുകയാണ്. സതീശൻ t പരിഭ്രമിച്ച് മോളെ വിളിച്ചു.  
“മോളെ… അമ്മ മരിച്ചു പോയി!”

ഫോൺലൈനിന്റെ മറുവശത്ത് നിന്ന് ഐശ്വര്യയുടെ ശബ്ദം:
“എന്ത്🤔! ഞാൻ രാവിലെയും കൂടി അമ്മയോട് സംസാരിച്ചത് ആണല്ലോ.   ഇത് ആകപ്പാടെ ഇടങ്ങേടാക്കിയല്ലോ? എനിക്ക് ഓഫീസിൽ നിന്നും ഇറങ്ങാനേ കഴിയില്ല. അത്രയ്ക്ക് തിരക്കാണ് ഇവിടെ.  അമ്മയ്ക്ക് മരിക്കാൻ കണ്ടൊരു സമയം! 

 കുറച്ചു സമയത്തിനകം ഐശ്വര്യ കാറിൽ പാഞ്ഞു വീട്ടിലേക്ക് വന്നു.  അവൾ പിറു പിറുത്തുകൊണ്ടിരുന്നു. ഒരു കൂട്ടം പണിയുണ്ട് ഓഫീസിൽ. ഇത് എങ്ങനെയായി തീരുമോ എന്തോ🤔? 

 ഇനി എന്ത് ചെയ്യാനാണ്?  ഈ കുട്ടികളുടെയൊക്കെ കാര്യം ആരാണ് നോക്കുന്നത്? അമ്മ ഉണ്ടായിരുന്നപ്പോൾ ഇതൊന്നും ആരും അറിഞ്ഞില്ല. എന്തായാലും ഇതെല്ലാം കഴിയുമ്പോൾ ഞാനും മക്കളും ഹൈദരാബാദിന് തന്നെ പോകേണ്ടിവരും.

അമ്മ ഒരിക്കൽ പറഞ്ഞിരുന്നു – "നഗരത്തിലെ ക്രിമറ്റോറിയത്തിലായിരിക്കണം അമ്മയുടെ സംസ്കാരം എന്ന്. അമ്മക്ക് സിറ്റി എന്നെന്നും കാണണമെന്നാണ്  ആഗ്രഹം.  ആ ആഗ്രഹം നമ്മൾ പാലിക്കണം."


വേദനയും വാദങ്ങളും

വാർത്ത കേട്ട് ബന്ധുക്കൾ വീടിലെത്തി.
 സമുദായത്തിലെ പ്രമാണി ആവശ്യപ്പെട്ടു:
“സൗമ്യയെ സമുദായത്തിന്റെ  ശ്മശാനത്തിൽ തന്നെ  സംസ്കരിക്കണം.”

 അത് ശരിയാവുകയില്ല. അവളുടെ ആഗ്രഹം സിറ്റിയിലെ ക്രിമിറ്റോറിയത്തിൽ തന്നെ അടക്കണം എന്നായിരുന്നു. അത് അങ്ങനെ തന്നെ നടക്കണം. സതീശനും ഐശ്വര്യയും ഒരേ സ്വരത്തിൽ പറഞ്ഞു.

തർക്കം ഉയർന്നു. സൗമ്യയുടെ ആങ്ങള പറഞ്ഞു: അവളെ തറവാട്ടിൽ തന്നെ സംസ്കരിക്കാം. അവൾ ഞങ്ങളുടെ അമ്മയുടെയും അച്ഛന്റെയും ഒപ്പം കിടക്കട്ടെ.

അവസാനം സൗമ്യയുടെ ആഗ്രഹമനുസരിച്ച് പട്ടണത്തിലെ ശ്മശാനത്തിൽ തന്നെ അടക്കാൻ തീരുമാനമായി.  

 മൃതദേഹം അംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഡോക്ടർ രേഖപ്പെടുത്തി:
“മരണകാരണം – ഹൃദയസ്തംഭനം.”

വീട്ടിലെത്തുമ്പോൾ ആൾക്കാരുടെ തിരക്ക്. ദൈവമേ എങ്ങനെയുള്ള സ്ത്രീയായിരുന്നു!
 എല്ലാവരോടും നല്ല സ്നേഹവും കരുണയുമുള്ള ഒരു നല്ല സ്ത്രീ. ആൾക്കാർ പറഞ്ഞു.  കൊച്ചുമക്കൾക്ക്‌ ഒന്നും മനസ്സിലായില്ല – അവർ ആളുകൾക്കിടയിൽ ഓടിക്കളിച്ചു കൊണ്ടിരുന്നു.

 വൈകിട്ട് നാലു മണിയായപ്പോൾത്തന്നെ ബലികർമങ്ങൾക്കായി പുരോഹിതൻ വന്നു.  അഞ്ചുമണി ആയപ്പോൾ നഗരത്തിലെ ക്രിമറ്റോറിയത്തിലേക്ക് ബോഡി കൊണ്ടുപോകാൻ ആംബുലൻസ് എത്തി.
സമുദായ പ്രതിനിധി ചോദിച്ചു:
“ഇനി ആരെങ്കിലും എത്തേണ്ടതുണ്ടോ?"

“എല്ലാവരും എത്തിയിട്ടുണ്ട്,” – സതീഷിന്റെ ശബ്ദം വിങ്ങി.

ശവശരീരം പൊക്കാനെത്തിയവർ ഒന്നുചേർന്ന് ഉയർത്തുമ്പോൾ പെട്ടെന്ന് സ്‌ട്രെച്ചർ ചരിഞ്ഞു. ബോഡി താഴേക്ക് വീഴാൻ പോകുന്ന നിമിഷം--


ഉണർവും ചിരിയും

“അയ്യോ!”

സൗമ്യ ഞെട്ടി ഉണർന്നു.
ശരീരം മുഴുവൻ വിയർപ്പിൽ നനഞ്ഞിരുന്നു.
മുറിയിലെ നേരിയ  വെളിച്ചത്തിൽ നോക്കിയപ്പോൾ എല്ലാം സാധാരണമായിരുന്നു.
സതീശൻ അപ്പോഴും ഉറക്കത്തിൽ.

അവൾ  അവനെ കുലുക്കി വിളിച്ചു:
“സതീഷേട്ടാ, എഴുന്നേൽക്കൂ!”

“എന്താ?  എന്റെ ഉറക്കം മുഴുവൻ കളഞ്ഞല്ലോ,” – സതീശൻ അനിഷ്ടത്തോടെ ചോദിച്ചു.

സൗമ്യ അല്പം നാണത്തോടെ പറഞ്ഞു:
“ഞാൻ കുറച്ചു മുമ്പേ മരിച്ചുപോയി, ശവദാഹത്തിന് കൊണ്ടുപോകാനായി സ്‌ട്രെച്ചെറിൽ ബോഡി എടുത്ത നേരം സ്‌ട്രെച്ചർ ചരിഞ്ഞു ബോഡി താഴത്ത് വീഴാൻ പോയി.  അത് കണ്ടാണ് ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത്.  കുറച്ച്  നേരം കൂടി ഉറങ്ങിയിരുന്നെങ്കിൽ, എന്റെ സംസ്കാരം സ്വപ്നത്തിൽ തീരുമായിരുന്നു!”

സതീശന്റെ കണ്ണുകൾ തള്ളിവന്നു .
പിന്നെ  പൊട്ടിച്ചിരിച്ചു.
സൗമ്യക്കും ചിരി പിടിച്ചു.

ആ രാത്രി അന്തിക്കാട്ടിലെ വലിയ വീട്ടിൽ,
ഭയത്തിന്റെ പിടിയിൽ നിന്നുയർന്ന ചിരിയുടെ മുഴക്കത്തിൽ ഉറക്കത്തിന്റെയും     സ്വപ്നത്തിന്റെയും അതിർത്തി അലിഞ്ഞുപോയി.



V C Ajayakumar 

20/09/2025

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

​കറുത്ത സൂര്യൻ