അതിരുകളില്ലാത്ത സ്നേഹം
എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം എന്ന ഗ്രാമം. 1977-78 കാലഘട്ടം. ഇന്നത്തെ പോലെ പരിഷ്കാരം ഒന്നും എത്തി നോക്കിയിട്ടില്ല. ഭൂരിഭാഗം ആൾക്കാരും കൃഷിക്കാർ. നാട്ടിലെ പണിയില്ലാത്തവരും വിജ്ഞാന കുതുകികളായ ആൾക്കാരും രാവിലെ തന്നെ ചായ കുടിക്കാനും പത്രം വായിക്കാനും ജംഗ്ഷനിലെ മനോഹരൻ ചേട്ടന്റെ കടയെയാണ് ആശ്രയിക്കുന്നത്.
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ചായക്കടയ്ക്ക് പിന്നിലെ മൈതാനി വേദിയാക്കി സൈക്കിൾയജ്ഞം നടത്താനു ള്ള ഒരുക്കങ്ങളായി. ഉദ്ഘാടനദിവസം സന്ധ്യ മുതൽ നാട്ടുകാർ ഒഴുകിയെത്തി.
മനോഹരൻ ചേട്ടന്റെ കടയിൽ നല്ല കച്ചവടം. ചേട്ടൻ പറഞ്ഞു:
“ഇങ്ങോട്ട് കലാകാരമാർ വന്നിട്ട് കുറേ കാലങ്ങളായി. മുമ്പൊക്കെ ഈ ഗ്രൗണ്ടിൽ ഡാൻസും മറ്റു പരിപാടികളും നടന്നിരുന്നതാണ്.”
പരിപാടി തുടങ്ങുന്നതിന് മുമ്പ് വേദിയിൽ കയറിവന്ന വെളുത്ത കൊലുന്നനെയുള്ള ചെറുപ്പക്കാരനെ കണ്ടപ്പോൾ ജനക്കൂട്ടം ഒന്നടങ്കം വിസ്മയിച്ചു. ഇവനാണ് ഭീം സിംഗ്. ഇവൻ പഞ്ചാബുകാരനാണ്. മുമ്പ് ഇവരുടെ സൈക്കിൾ യജ്ഞം കണ്ടിട്ടുള്ള കുട്ടപ്പൻ ചേട്ടൻ പറഞ്ഞു.
ഭീം സിംഗിന് നല്ല പൊക്കവും അതിനൊത്ത വണ്ണവും. തലയിൽ തലപ്പാവ്. ആത്മവിശ്വാസമുള്ള കണ്ണുകൾ. കൈയിൽ പഴക്കം തോന്നിക്കുന്നൊരു സൈക്കിൾ. ഇവൻ ആളു കൊള്ളാമല്ലോ!. ആൾക്കാർ പറഞ്ഞു.
വേദിയിൽ തുടങ്ങിയത് സാധാരണ സൈക്കിൾ ചുറ്റലല്ല; കലാപ്രകടനം തന്നെ. സൈക്കിൾ മുന്നോട്ടോടി, തിരിഞ്ഞു, മറിഞ്ഞു, ഇടക്ക് പെൺകുട്ടിയോടൊത്തുള്ള ഭംഗിയുള്ള ഡാൻസ് ചുവടുകൾ ചേർന്നു. ജനക്കൂട്ടം കൈയ്യടി മുഴക്കി.
കാണികളുടെ ഇടയിൽ അമ്മയോടൊപ്പം ഇരുന്നിരുന്ന റോസ്മി എല്ലാം കണ്ട് വിസ്മയിച്ചുപോയി. എന്തൊരു തേജസാ ഇവന്! എന്തൊരു ആകർഷണീയത! അവൾ മനസ്സിൽ ഓർത്തു.
സൗഹൃദത്തിന്റെ വിത്ത്
പ്രകടനം കഴിഞ്ഞപ്പോൾ നാട്ടുകാർ ഭീമിനെ വളഞ്ഞു. കുട്ടികൾ പറഞ്ഞു:
“എന്നെയും ഈ വിദ്യകൾ പഠിപ്പിക്കണേ അണ്ണാ!”
“സൈക്കിൾകൊണ്ട് എന്തൊക്കെ മായാജാലങ്ങളാണ് കാണിക്കുന്നത്!"
റോസ്മി അല്പം പിന്നിൽ നിന്നെങ്കിലും ഒടുവിൽ മുന്നോട്ട് വന്നു.
റോസ്മി : നിങ്ങൾ വളരെ ഭംഗിയായി കളിച്ചു. സൈക്കിൾകൊണ്ട് എന്തൊക്കെ അഭ്യാസങ്ങളാണ് കാണിക്കുന്നത്?"
ഭീം (ചിരിച്ചു): “നന്ദി, എന്താണ് നിന്റെ പേര്?” അവൻ ചോദിച്ചു.
“റോസ്മി" അവൾ നാണിച്ചുകൊണ്ട് പറഞ്ഞു.
ഭീം: “റോസ്മി" .... നല്ല പേര്.
ഇത് കേട്ടിരുന്ന മനോഹരൻ ചേട്ടൻ ചോദിച്ചു. നീ ഇത്ര ഭംഗിയായി മലയാളം പറയുന്നത് എങ്ങനെ?
ഭീം: ചേട്ടാ എന്റെ അച്ഛൻ പഞ്ചാബി ആണെങ്കിലും അമ്മ മൂവാറ്റുപുഴക്കാരിയാണ്. അമ്മ മലയാളം തന്നെയാണ് വീട്ടിൽ പറയുന്നത്.
അന്നു തുടങ്ങിയത് ഒരു സൗഹൃദത്തിന്റെ വിത്ത് പാകലായിരുന്നു എന്ന് അവളറിഞ്ഞില്ല.
അടുത്ത ദിവസങ്ങളിൽ ഭീം നാട്ടിലൂടെ പരിശീലനം നടത്തുമ്പോൾ, റോസ്മി വീട്ടിൽനിന്ന് അത് കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അവൾ ഓടി വഴിയിലേക്ക് വന്നു.
“നീ ദിവസം എത്ര നേരം സൈക്കിൾ ഓടിക്കും?” അവൾ ചോദിച്ചു.
“ഞാൻ ദിവസം മുഴുവനും ഇങ്ങനെ ഓടിക്കും. പക്ഷേ നിന്നെപ്പോലുള്ള സുന്ദരികളെ കണ്ടാൽ, എന്റെ സൈക്കിളിന് സ്പീഡ് കൂടും.”
അവൾ നാണിച്ചുകൊണ്ട് വീട്ടിലേക്ക് ഓടിപ്പോയി.
ഒരു ദിവസം റോസ്മി കോളേജിലെ കൂട്ടുകാരുമൊത്ത് സൈക്കിൾയജ്ഞം കാണാൻ പോയി. അവന്റെ അഭ്യാസപ്രകടനങ്ങൾ കണ്ട് കൂട്ടുകാർ അന്തം വിട്ടുപോയി. ഇടയ്ക്കിടെ അവന്റെ റോസ്മിയുടെ നേർക്കുള്ള നോട്ടം കണ്ടപ്പോൾ കൂട്ടുകാർക്ക് ഒരു വശപ്പിശക് തോന്നി.
" എന്താടീ അവൻ ഇടക്കിടക്ക് നിന്നെത്തന്നെ നോക്കുന്നത്? എന്താ ചുറ്റിക്കളി വല്ലതും ഉണ്ടോ? " അവർ ചോദിച്ചു.
പോടി അവിടുന്ന്, അവൾ കൂട്ടുകാരിയുടെ കൈക്ക് ഒരു നുള്ള് കൊടുത്തു.
പോകെപ്പോകെ അവരുടെ സൗഹൃദം വളർന്നുകൊണ്ടിരുന്നു. വീട്ടിലുള്ളപ്പോൾ ഏതു നേരവും വഴിയിലേക്ക് നോക്കിയിരിക്കുന്ന സ്വഭാവമായി റോസ്മിയ്ക്ക്. സന്ധ്യയായാൽ സൈക്കിൾ യജ്ഞത്തിന് പോകുന്ന കാര്യം മാത്രമേ അവൾക്ക് പറയാനുള്ളു.
ഭീം സിംഗ് ദിവസവും സൈക്കിളിൽ അഭ്യാസം തുടർന്നുകൊണ്ടിരുന്നു. റോസ്മി തന്റെ പുസ്തകം തുറന്നിട്ടും വാക്കുകൾ ഒന്നും തലയിൽ കയറാതെ, ഒരു വാക്ക് പോലും പഠിക്കാൻ പറ്റാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. കണ്ണുകൾ ഇടയ്ക്കിടെ വഴിയിലേക്കാണ്. ഭീം കടന്നു പോകുന്നുണ്ടോ എന്ന് നോക്കാനായിരുന്നു അവളുടെ വെപ്രാളം.
ഒരു ദിവസം ഭീം അഭ്യാസം കഴിഞ്ഞ് വഴിയിലൂടെ പോകവേ, റോസ്മിയെ കണ്ടു ഒരു നിമിഷം നിന്നു. അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു:
“എനിക്ക് പല ഗ്രാമങ്ങളിലും പോകേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഇവിടെ വന്നശേഷം എന്റെ മനസ്സ് നിന്നിൽ കുടുങ്ങിപ്പോയപോലെ. നിന്നെ കാണാതിരുന്നാൽ എനിക്ക് ശ്വാസം മുട്ടുന്നതുപോലെയാണ് തോന്നുന്നത്.”
റോസ്മിയുടെ മുഖം ചുവന്നു തുടുത്തു. അവൾ മറുപടി നൽകി:
“എനിക്കും അങ്ങനെ തന്നെ. എത്ര ശ്രമിച്ചാലും നിന്നെ മറക്കാൻ കഴിയുന്നില്ല. പുസ്തകം തുറന്നാൽ, നിന്റെ ചിരിയും, കണ്ണുകളും, ശബ്ദവും മാത്രം. നിന്റെ പേരാണ് എന്റെ മനസ്സിൽ ഇടയ്ക്കിടെ മുഴങ്ങുന്നത്. പക്ഷേ എനിക്ക് നിന്നെക്കുറിച്ച് ഒന്നും അറിയില്ല. നിനക്ക് ആരൊക്കെയുണ്ട് വീട്ടിൽ?".
ഭീം: എനിക്ക് ഒരു അനുജൻ കൂടിയുണ്ട്. അവനു നാട്ടിൽ ഒരു കമ്പനിയിൽ ജോലിയുണ്ട്. ഞാൻ ഡിഗ്രി ഒക്കെ കഴിഞ്ഞതാണ്. പക്ഷേ സർക്കസിനോടുള്ള എന്റെ അടങ്ങാത്ത ഇഷ്ടം കൊണ്ട് ഇവരുടെ കൂടെ കൂടി. ഞാൻ ഈ സർക്കസിന്റെ മെയിൻ കാരക്ടർ ആയതുകൊണ്ട് എനിക്ക് നല്ല പെയ്മെന്റ് ഇവർ തരുന്നുണ്ട്. എന്റെ അച്ഛൻ പഞ്ചാബിൽ സ്പോർട്സ് ഗുഡ്സിന്റെ ഒരു ഷോപ്പ് നടത്തുന്നു. അമ്മ മൂവാറ്റുപുഴക്കാരിയാണ്. അമ്മ പഞ്ചാബിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇതും പറഞ്ഞു അവൻ അതിവേഗത്തിൽ സൈക്കിൾ ഓടിച്ചു പോയി.
ഒരിക്കൽ മഴ കഴിഞ്ഞൊരു വൈകുന്നേരം. മൈതാനി മുഴുവൻ മഴവില്ലിന്റെ നിറങ്ങൾ തെളിഞ്ഞിരുന്നു. ആളുകൾ എല്ലാം പിരിഞ്ഞശേഷം, ഭീമും റോസ്മിയും മാത്രം.
ഭീം പറഞ്ഞു:
“ നീ എന്റെ മനസ്സിൽ വന്നശേഷം എന്റെ കലയ്ക്കും പുതുജീവൻ ലഭിച്ചു.”
റോസ്മി:
“എനിക്കും അതുപോലെ തന്നെയാണ്. അച്ഛൻ എതിർത്താലും, അമ്മ കരഞ്ഞാലും, എന്റെ ഹൃദയം നിന്നെ വിട്ടുകൊടുക്കാൻ സമ്മതിക്കുന്നില്ല. എനിക്ക് നിന്നെ വേണം, ഭീം.”
ഒരു തീരുമാനത്തിന്റെ മുൻസൂചന
ഒരു രാത്രി, ഗ്രാമം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഭീം പതുക്കെ റോസ്മിയുടെ വീട്ടുമുൻപിൽ എത്തി.
ആളനക്കം കേട്ട് അവൾ ജനലിലൂടെ നോക്കി.
അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു “റോസ്മി..... ഒരുനാൾ നീ എന്റെ ഭാര്യയായിരിക്കും. ഇത് എന്റെ പ്രതിജ്ഞയാണ്.”
റോസ്മി (കണ്ണീരോടെ):
“ഞാനും നിന്നെ ഒരിക്കലും വിട്ടുകൊടുക്കില്ല. മരിക്കുംവരെ ഞാൻ നിനക്കൊപ്പമാകും."
സ്നേഹത്തിന്റെ വിജയഗാഥ
ഒരുമാസം നീണ്ട സൈക്കിൾ യജ്ഞം വലിയോരു ഓർമ്മയായി നാട്ടുകാർക്കുള്ളിൽ പതിഞ്ഞു.
സൈക്കിൾ യജ്ഞത്തിന്റെ അവസാനദിവസം,
ജനക്കൂട്ടം വിഷമത്തോടെ ഭീമിനെയും സംഘത്തെയും യാത്ര അയച്ചു.
റോസ്മിയുടെ കണ്ണീർ കണ്ടപ്പോൾ ഭീം അവളോട് പറഞ്ഞു:
“ഞാൻ തിരിച്ചു വരും, റോസ്മി.
എത്ര ദൂരം പോയാലും, എന്റെ ഹൃദയം നിന്നോടൊപ്പമാണ്. നീ എനിക്ക് വേണ്ടി കാത്തിരിക്കുമോ?”. അവൻ ചോദിച്ചു.
തീർച്ചയായും......എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം. അവൾ ഉറപ്പിച്ചു പറഞ്ഞു.
അകന്നിരുന്നാലും അടുത്ത ബന്ധം
കാലം നീങ്ങി.
റോസ്മി പഠനം പൂർത്തിയാക്കി. നാട്ടിലെ ഒരു ബാങ്കിൽ അവൾക്കു ജോലി കിട്ടി.
ഗ്രാമത്തിലെ പലരും വർക്കിച്ചനോട് പറഞ്ഞു:
“മകൾ നല്ലൊരു ബാങ്ക് ഉദ്യോഗസ്ഥയായി. നിങ്ങൾക്ക് അഭിമാനിക്കാം.”
ഒരുനാൾ ഭീം സിംഗിന്റെ അമ്മ അവനോട് പറഞ്ഞു. "ഇനി നിനക്ക് ഒരു സ്ഥിരം ജോലി വേണം. നല്ല ഡിഗ്രി ഒക്കെ ഉള്ള ആളല്ലേ നീ? പഠിപ്പിനൊത്ത ജോലി വേണം. എങ്കിലേ റോസ്മിയുമായുള്ള ആലോചന മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ."
അവനും കുറച്ചുനാളായി ആഗ്രഹിക്കുന്ന കാര്യമായിരുന്നു അത്. അവന്റെ സൈക്കിൾ യജ്ഞത്തോടുള്ള കമ്പവും കുറഞ്ഞിരുന്നു.
ഒരു സുഹൃത്ത് മുഖേന അവൻ ഡൽഹിയിൽ ഒരു കമ്പനിയിൽ ജോലിക്ക് ചേർന്നു. അവിടെയിരുന്നും അവൻ നിത്യേന റോസ്മിയെ. ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം അവൻ പറഞ്ഞു:
"അധികം താമസിയാതെ ഞാൻ നേരിട്ട് വന്നു നിന്റെ അപ്പനോട് പെണ്ണ് ചോദിക്കും".
വീണ്ടും ഗ്രാമത്തിൽ
ഒരു അവധി കിട്ടിയപ്പോൾ ഭീം അമ്മയെയും കൂട്ടി നാട്ടിലെത്തി. മനോഹരൻ ചേട്ടന്റെ കടയിൽ ഭീം സിങ്ങിനെ കണ്ടപ്പോൾ നാട്ടുകാർക്ക് ആശ്ചര്യം.
“ഓ, ഭീം സിംഗ്, നീ വന്നോ,? നിന്റെ ആ ചിരിക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല". ഭീം ചിരിച്ചു തലയാട്ടി.
എന്താ വിശേഷിച്ച്? അമ്മയുമുണ്ടല്ലോ? മനോഹരൻ ചേട്ടൻ ചോദിച്ചു.
ഞങ്ങൾ വർക്കിച്ചനെ കാണാനായിട്ട് വന്നതാണ്. റോസ്മിയുടെ കാര്യം ചോദിക്കണം. അതിന് നിങ്ങളുടെയും സഹായം വേണം. അവൻ പറഞ്ഞു.
അതിനെന്താ, ഞങ്ങളെല്ലാം നിന്റെ കൂടെ തന്നെ ഉണ്ട്. നീ ധൈര്യമായിട്ട് ചോദിക്ക്. മനോഹരൻ ചേട്ടൻ പറഞ്ഞു.
ഭീം റോസ്മിയെ ഫോണിൽ വിളിച്ചു. അവൻ പറഞ്ഞു.
റോസ്മി, ഞാൻ അമ്മയുമൊത്ത് അങ്ങോട്ട് വരുന്നുണ്ട്. നിന്റെ അപ്പനെ കണ്ട് ചോദിക്കുവാനാണ് വരുന്നത്.
അവൾ സന്തോഷംകൊണ്ട് വീർപ്പുമുട്ടി. "ഭീം, നിങ്ങൾ ഇപ്പോൾ തന്നെ വാ, അപ്പൻ ഇവിടെയുണ്ട്". അവൾ പറഞ്ഞു.
വർക്കിച്ചനെ കാണാനായി ഭീം അമ്മയുമൊപ്പം അയാളുടെ വീട്ടിലെത്തി.
അവരെ കണ്ടപ്പോൾ വർക്കിച്ചൻ പുഞ്ചിരിച്ചു അകത്തേക്ക് ക്ഷണിച്ചു.
ഭീമിന്റെ അമ്മ പറഞ്ഞു:
“ചേട്ടാ, ഞങ്ങൾ നിങ്ങളുടെ മോളെ പെണ്ണുകാണാൻ വന്നതാണ്. ഞങ്ങളുടെ കാര്യമൊക്കെ നിങ്ങൾക്ക് അറിയാവുന്നതാണല്ലോ! ഇവന്റെ അച്ഛൻ പഞ്ചാബിയാണ്. ഞാൻ മൂവാറ്റുപുഴക്കാരിയും. ചേട്ടന്റെ മോളും എന്റെ മോനും ആയിട്ട് സ്നേഹത്തിലാണെന്ന് അറിയാമല്ലോ. അവൻ ഇപ്പോൾ സൈക്കിൾയജ്ഞമൊക്കെ വിട്ട് ഡൽഹിയിൽ നല്ലൊരു ജോലിയിൽ കയറി. ഇനി അവരുടെ ഇഷ്ടത്തിന് നമുക്ക് നിന്നുകൂടെ?"
റോസമ്മയുടെ കണ്ണുകളിൽ സന്തോഷക്കണ്ണീർ നിറഞ്ഞു. അവർ മുന്നോട്ടുവന്ന് ഭീമിന്റെ അമ്മയുടെ കൈകളിൽ പിടിച്ചു.
വിൻസെന്റ് പറഞ്ഞു:
“ഭീം, നിന്നെ ഞാൻ മുമ്പ് തെറ്റിദ്ധരിച്ചിരുന്നു.
ഇന്ന് ഞാൻ അഭിമാനത്തോടെ നിന്റെ കൈകൾ പിടിക്കുന്നു”.
വർക്കിച്ചൻ ഒരു നിമിഷം ശാന്തമായി നിന്നു.
അയാളുടെ മുഖത്ത് സംഘർഷത്തിന്റെ നിഴൽ.
പക്ഷേ, റോസ്മിയുടെ മുഖത്തെ പ്രകാശം കണ്ടപ്പോൾ അയാൾ പറഞ്ഞു:
“എന്റെ മകൾക്ക് സന്തോഷമാകുമെന്ന് ഉറപ്പുണ്ടെങ്കിൽ, എനിക്ക് ഒന്നും പറയാനില്ല. ഇവരെ ഒന്നിപ്പിക്കാൻ സന്തോഷമേയുള്ളു ".
വിവാഹദിനം
കാഞ്ഞിരമറ്റം ഗ്രാമം മുഴുവൻ ഉത്സവാഘോഷത്തിലായിരുന്നു.
ചായക്കടയ്ക്കു പിന്നിലെ അതേ മൈതാനം, ഒരിക്കൽ സൈക്കിൾ യജ്ഞം നടന്ന സ്ഥലം, ഇന്നിതാ പന്തലും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭീമിന്റെ അമ്മയും അനുജനും പഞ്ചാബിൽ നിന്ന് വന്നു.
മനോഹരൻ ചേട്ടൻ കൈകളിൽ വലിയൊരു തളികയിൽ വെൽക്കം ഡ്രിങ്കുമായി നടന്നു.
“ഇവരെ കണ്ടപ്പോൾ എനിക്ക് പഴയ ഓർമ്മകൾ തികട്ടിവരുന്നു . ഒരിക്കൽ ഈ മൈതാനിയിൽ ഭീം സൈക്കിൾ ഓടിച്ചപ്പോളാണ് നാട്ടുകാർ കൈയ്യടി കൊടുത്തത്. ഇന്നിതാ, ജീവിതയജ്ഞം തുടങ്ങുമ്പോൾ നാം എല്ലാവരും വീണ്ടും അവർക്ക് കൈയ്യടി കൊടുക്കുന്നു,” അദ്ദേഹം പറഞ്ഞു.
സുകുമാരൻ ഇടയിൽ വിളിച്ചു ചോദിച്ചു:
“ഭീമേ… ഓർമ്മയുണ്ടോ? ആദ്യമായി ഇവിടെ വന്നപ്പോൾ ഞാൻ തന്നെയാണ് ഈ പ്ലോട്ടിന്റെ കാര്യം പറഞ്ഞത്. ഇന്ന് അതേ പ്ലോട്ടിൽ നിന്നെ വിവാഹവേദിയിൽ കാണുമ്പോൾ എന്റെ ഹൃദയം നിറയുന്നു!”
ഗ്രാമത്തിലെ മുതിർന്നവരും ചെറുപ്പക്കാരും, സ്ത്രീകളും കുട്ടികളും—എല്ലാവരും ആ വിവാഹത്തിന്റെ ഭാഗമായിരുന്നു.
അവരെല്ലാവരും ഒരുമിച്ച് പറഞ്ഞു.
“ഇത് ഭീമിന്റെയും റോസ്മിയുടെയും വിവാഹമല്ല, നമ്മുടെ ഗ്രാമത്തിന്റെ സന്തോഷമാണ്.”
ഇടവക അച്ചന്റെ പ്രാർത്ഥനകളുടെ ഇടയിൽ, റോസ്മി വെളുത്ത വസ്ത്രത്തിൽ വധുവായി.
ഭീമിന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം. അച്ചന്റെ ആശിർവാദത്തോടെ വിവാഹം മംഗളമായി നടന്നു.
നാട്ടുകാർ കൈയ്യടിച്ചു:
“ഇതാണ് സ്നേഹത്തിന്റെ യഥാർത്ഥ ജയം!”
വിവാഹത്തിന് ശേഷം ഭീം റോസ്മിയെയും കൊണ്ട് സൈക്കിളിൽ വീണ്ടും ഒരു ചുറ്റ് മൈതാനിയിൽ നടത്തി.
കുട്ടികൾ വിളിച്ചുപറഞ്ഞു:
“അണ്ണാ, വീണ്ടും സൈക്കിൾ മായാജാലമാണോ?"
പക്ഷേ ഈ പ്രാവശ്യം, മായാജാലം സൈക്കിളിലല്ല—
അത് അവരുടെ സ്നേഹത്തിലാണ്.
റോസ്മിയും ഭീമും ഗ്രാമീണരുടെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും പുതിയ ജീവിതത്തിലേക്ക് നടന്നു.
കാലം കടന്നുപോകുമ്പൊഴും,
മനോഹരൻ ചേട്ടന്റെ കടയ്ക്കു മുന്നിൽ ആരോ എഴുതിവെച്ച ഒരു ബോർഡ് കാണാൻ പറ്റും.
"സ്നേഹത്തിന് അതിരുകളില്ല”
V C Ajayakumar
26/09/2025.
Super
മറുപടിഇല്ലാതാക്കൂ👌👌👌👍ഇഷ്ടമായി
ഇല്ലാതാക്കൂ