സായന്തനം

                    സായന്തനം

മാലിപ്പുറം —കടലിന്റെ കാറ്റും തിരകളുടെ ഗർജ്ജനവും നിറഞ്ഞു നില്ക്കുന്ന തീരദേശ ഗ്രാമം. പുലർച്ചെ നാലിന് തന്നെ മുക്കുവർ മീൻ പിടിക്കുവാനായി  ഇറങ്ങും.
വഞ്ചികൾ  ഇരുട്ട് മുറിച്ചു കടലിൽ ഇറങ്ങുമ്പോൾ, അവരുടെ ഈണത്തിലുള്ള പാട്ട്  ഗ്രാമത്തിന്റെ ഹൃദയമിടിപ്പുപോലെ മുഴങ്ങും.

“എടാ ജോപ്പാ, ഇന്ന്  നല്ല കോള് കിട്ടുമെന്നു തോന്നുന്നു,” കൂട്ടുകാരൻ ഫ്രാൻസിസ് ദൂരത്തോട്ട് നോക്കി പറഞ്ഞു.
“അതെ, മിശിഹാ തമ്പുരാൻ സഹായിച്ചാൽ,” ജോപ്പൻ ചിരിച്ചു മറുപടി നൽകി.

കടലിൽ  വഞ്ചികൾ നീങ്ങുമ്പോൾ, കരയിൽ  നിർമലയുടെ പ്രാർത്ഥന.  ഭർത്താവിനെ ഒരു അപകടവും കൂടാതെ തിരിച്ചു തരണമേയെന്ന്.

 ജോപ്പൻ ലത്തീൻ കത്തോലിക്ക സമുദായത്തിൽ നിന്നുള്ള ആളാണെങ്കിലും നിർമ്മല ഹിന്ദുവാണ്. ചെറുപ്പത്തിലേയുള്ള ഇഷ്ടമാണ് അവരുടേത്. സമുദായത്തിൽ ചില പ്രശ്നങ്ങളൊക്കെ പൊങ്ങി വന്നെങ്കിലും നാട്ടുകാർ  ഇടപെട്ട് അവരുടെ കല്യാണം മംഗളമായി നടത്തി. 

 അവരുടെ വീട് ചെറുതായിരുന്നെങ്കിലും, അതിൽ നിറഞ്ഞിരുന്നത് കുട്ടികളുടെ ചിരികളായിരുന്നു. ആറാം ക്ലാസുകാരൻ ജോസഫിന്റെയും നാലാം ക്ലാസുകാരൻ ജോമിയുടെയും. 

“അമ്മേ, ഇന്നലെ സാർ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയോ? ഞാൻ നല്ല പഠിക്കുന്ന കുട്ടിയാണെന്ന്".    ജോസഫ് അഭിമാനത്തോടെ പറഞ്ഞു.

“ഹേയ്! ഞാൻ വലുതാകുമ്പോൾ വലിയൊരു  കമ്പ്യൂട്ടർ ഉണ്ടാക്കും. എന്നിട്ട് ഞാൻ ഇഷ്ടം പോലെ കാശുണ്ടാക്കും ". 

ജോമി ഉത്സാഹത്തോടെ പറഞ്ഞു.

 നിർമ്മല ഇരുവരെയും ചേർത്തു പിടിച്ചു പറഞ്ഞു.
“നിങ്ങളുടെ അച്ഛൻ കടലിൽ പോയി കഠിനമായി അധ്വാനിക്കുന്നത് നിങ്ങളെ വളർത്താനാണ്.  അത് ഒരിക്കലും നിങ്ങൾ മറക്കരുത്.”

വൈകുന്നേരങ്ങളിൽ കുട്ടികൾ കടൽത്തീരത്തേക്ക് ഓടി പോകും. ഒരിക്കൽ മണൽക്കൂമ്പാരത്തിൽ അവർ കോട്ടകൾ കെട്ടി. തിരകൾ വന്നപ്പോൾ  പൊളിഞ്ഞു പോകുന്നത് നോക്കിക്കൊണ്ട് ജോസഫ് പറഞ്ഞു. 
“ജോമീ, കാണുന്നില്ലേ, നമ്മുടെ കോട്ട കടൽ പൊളിച്ചു കളഞ്ഞു,” 
“സാരമില്ല, നമുക്ക് മറ്റൊരു കോട്ട കെട്ടാം. അത് ഇതിലും വലിയതാക്കാം,” ജോമി ഉറപ്പോടെ പറഞ്ഞു.

അവരുടെ കളി കണ്ടു ചിരിച്ച നിർമ്മലയുടെ കണ്ണുകൾ പലപ്പോഴും നനഞ്ഞിരുന്നു. അവൾക്കറിയാം—കടലിന്റെ തിരകൾ പോലെ തന്നെയാണ് ജീവിതവും. ഓരോ സ്വപ്നവും പൊളിയാം, പക്ഷേ വീണ്ടും പുതിയത് കെട്ടേണ്ടി വരും.

രാത്രിയിൽ, ജോപ്പൻ കടലിൽ നിന്നു മടങ്ങിയെത്തും. കാലുകൾ കടലിലെ ഉപ്പുവെള്ളത്തിൽ മുങ്ങി ശോഷിച്ചു.  വല വലിച്ചു വലിച്ചു അവൻ തളർന്നു.
നിർമ്മല  പറഞ്ഞു:

“ജോപ്പാ,  എത്ര കാലം കൂടി  നമ്മൾ ഇങ്ങനെ ജീവിക്കും?”

“ജീവൻ ഉള്ള കാലത്തോളം കടലും കടലമ്മയും നമുക്ക് കൂട്ടായിരിക്കും. നമ്മൾക്കൊക്കെ ജീവിതം തന്നത് ഈ കടലാണ്.” ജോപ്പൻ പറഞ്ഞു.

 രാത്രികളിൽ വീട്ടിൽ ചെറു വിളക്കിന്റെ വെളിച്ചത്തിൽ കുട്ടികളുടെ പഠന ശബ്ദം മുഴങ്ങും.
“അമ്മേ, നാളെ പരീക്ഷയാണ്. അമ്മ  പ്രാർഥിക്കണം” ജോസഫ് പറഞ്ഞു.

“അമ്മേ, കമ്പ്യൂട്ടർ എൻജിനീയർ ആകാൻ എത്ര വർഷം പഠിക്കണം?” ജോമി ചോദിച്ചു.

നിർമ്മല അവരോടൊപ്പം ഇരുന്നു, അവരുടെ മനസ്സിൽ ഒരു വലിയ പ്രതീക്ഷ നിറഞ്ഞു:
“ഒരു ദിവസം, എന്റെ മക്കൾ ഉയരങ്ങളിൽ എത്തും. അതോടെ ഞങ്ങളുടെ കഷ്ടപ്പാടുകൾ തീരും.” 

 സ്വപ്നങ്ങളുടെ ചിറകുകൾ

കാലം മുന്നോട്ട് നീങ്ങി. ജോസഫ്  കോളേജ് പ്രവേശനത്തിനായുള്ള ഒരുക്കങ്ങളിലേക്ക് മാറി.

 നിർമ്മലക്ക് അവനെ കാണുമ്പോൾ മനസ്സിൽ അഭിമാനം നിറയും.
“അമ്മേ, എനിക്ക് വിദേശത്ത് ജോലിക്ക് പോകണം.” ഒരിക്കൽ ജോസഫ് പറഞ്ഞു.

നിർമ്മല അതു കേട്ട് ഒരു നിമിഷം മിണ്ടാതിരുന്നു. കടലിന്റെ ശബ്ദം അവരുടെ ചെവിയിൽ നിറഞ്ഞു. അവർ ചോദിച്ചു,
“വിദേശത്തൊക്കെ  പോയാൽ ഞങ്ങൾക്ക് ആരാണുള്ളത്? "   അവൾ ചോദിച്ചു.
“അമ്മേ, നിങ്ങളെ വിട്ടുപോകാനല്ല, നിങ്ങളെ നല്ലവണ്ണം നോക്കാനാണ്  ഞാൻ പോകുന്നത്,” ജോസഫ് ഉറപ്പോടെ മറുപടി നൽകി.

 കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ആഗ്രഹിച്ചപോലെ ജോസഫിനു ന്യൂസിലൻഡിൽ ജോലി ലഭിച്ചു. വിമാനത്താവളത്തിൽ യാത്രയാക്കുമ്പോൾ, നിർമ്മലയുടെ ഹൃദയം വേദനിച്ചു.
“എടാ, ശ്രദ്ധിക്കണം. നീ കുടുംബം നോക്കി  അപ്പന്  തുണയാകണം".  അവൾ കണ്ണുകൾ തുടച്ചു പറഞ്ഞു.

“അമ്മേ, എനിക്കറിയാം. നമ്മുടെ സ്വപ്നം തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്." ജോസഫ് അമ്മയുടെ കൈ പിടിച്ചു.

വിമാനം ഉയർന്നപ്പോൾ, നിർമ്മലയുടെ ഉള്ളിൽനിന്ന് ഒരു നെടുനിശ്വാസം ഉയർന്നു.

 ജോമിയുടെ യാത്ര

ജോമിയും കമ്പ്യൂട്ടറിനോടുള്ള അതിയായ താൽപര്യം കാരണം, എഞ്ചിനീയറിംഗ് പഠനം തെരഞ്ഞെടുത്തു. രാത്രികൾ മുഴുവൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് പ്രോഗ്രാമുകൾ എഴുതുകയും, പിഴച്ചാൽ വീണ്ടും തുടങ്ങുകയും ചെയ്യും.

“എടാ, ഇങ്ങനെ ഉറങ്ങാതെ ഇരിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല,” നിർമ്മല പറഞ്ഞു.
“അമ്മേ, ഇനി കുറച്ച് നാൾ കൂടി മാത്രം. എനിക്ക് നല്ലൊരു എൻജിനീയർ ആകണം. അപ്പോൾ നമ്മുടെ  ജീവിതം മാറും,” ജോമി ഉറപ്പു പറഞ്ഞു.

അവന്റെ കണ്ണുകളിൽ ഒരു നിശ്ചയദാർഢ്യം.
അവന്റെ ബിരുദദിനത്തിൽ, നിർമ്മലയും ജോപ്പനും കോളേജിലേക്ക് പോയി. സ്റ്റേജിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന മകനെ കണ്ടപ്പോൾ, അവരുടെ കണ്ണുകളിൽ അഭിമാനവും കണ്ണുനീരും ഒരുമിച്ചു നിറഞ്ഞു.

ജോമിക്ക്  പഠിത്തം കഴിഞ്ഞു നാട്ടിൽ ഇൻഫോസിസ് എന്ന IT കമ്പനിയിൽ ജോലികിട്ടി. ഏകദേശം മൂന്ന് വർഷം ആയപ്പോൾ ഓൺ സൈറ്റ് ആയി അമേരിക്കയിലേക്ക് അവന് പോസ്റ്റിങ്ങ്‌ കിട്ടി.  
“അമ്മേ, അപ്പാ, നിങ്ങളെ ഒരിക്കൽ ഞാൻ അവിടെ കൊണ്ടുപോകും".  അവൻ ഉറപ്പ് പറഞ്ഞു.  

മാതാപിതാക്കളുടെ മനസ്സ്

ഗ്രാമത്തിലെ ആളുകൾ ജോപ്പനോടും നിർമ്മലയോടും പറഞ്ഞു:
“നിങ്ങൾ ഭാഗ്യവാന്മാരാണ്. രണ്ടു മക്കളും വിദേശത്ത്. വലിയ പദവിയിൽ.”

ജോപ്പൻ ചിരിച്ചു തലകുനിക്കും.
നിർമ്മലയും ചിരിക്കും. പക്ഷേ മനസ്സിന്റെ അടിത്തട്ടിൽ ഒരു ശൂന്യത.  

കടലിന്റെ തിരകൾ  അവർക്കൊരു സാന്ത്വനമായി നിന്നു.  

ന്യൂസിലൻഡിലെ ജീവിതം

ജോസഫ് ന്യൂസിലൻഡിലെത്തിയപ്പോൾ,  ജീവിതം മാറിമറിഞ്ഞു.  ഉയർന്ന കെട്ടിടങ്ങളും പച്ചപ്പു നിറഞ്ഞ വഴികളും, നാട്ടിലെ കടൽത്തീരത്തിലെ ചൊരിമണലിൽ നിന്നെല്ലാം വ്യത്യസ്തം.

അവൻ്റെ ജീവിതത്തിൽ നീന വന്നതോടെ ജീവിതം പിന്നെയും പച്ചപ്പ് നിറഞ്ഞതായി. 
 ശ്രീലങ്കക്കാരിയാണ് നീന. ഓഫീസിൽ പരിചയപ്പെട്ട അവൾ, പിന്നീട് ജീവിത പങ്കാളിയായി മാറി. വിവാഹവാർത്ത വീട്ടിലറിഞ്ഞപ്പോൾ, നിർമ്മലയുടെ കണ്ണുകളിൽ സന്തോഷത്തോടൊപ്പം  അല്പം പേടിയും നിറഞ്ഞു.

“അമ്മേ, നീന നല്ല പെൺകുട്ടിയാണ്. അമ്മയെ പോലെ തന്നെ കരുതലുള്ളവൾ. അവളെയും കൂട്ടി ഞാൻ നാട്ടിൽ വരുന്നുണ്ട് ” ജോസഫ് ഫോണിൽ പറഞ്ഞു.

“എടാ, ജീവിതമെന്നത് എളുപ്പമല്ല. നിങ്ങള് രണ്ടാളും  ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം,” നിർമ്മല കണ്ണുനീരോടെ ആശംസിച്ചു.

കുറച്ച് വർഷങ്ങൾക്കുള്ളിൽ, അവരുടെ ജീവിതത്തിൽ നിയ എന്ന കുഞ്ഞു രാജകുമാരി വന്നു.
നിർമ്മലക്കും ജോപ്പനും ഫോട്ടോകൾ മാത്രം കാണാനായി.
“അമ്മേ, നിയയുടെ ചിരി കാണാൻ എന്തുരസമാണെന്നോ!” ജോസഫ് ആവേശത്തോടെ പറയും.
നിർമ്മലയുടെ മനസ്സിൽ ഒരു ശൂന്യത അനുഭവപ്പെട്ടു.  കുഞ്ഞിന്റെ കൈ പിടിച്ചു നടക്കാൻ എനിക്കു യോഗമില്ലേ? 

 അമേരിക്കയിലെ ജീവിതം

ജോമിയുടെ ജീവിതം മറ്റൊരു ഭൂഖണ്ഡത്തിൽ. അമേരിക്കയിലെ  തിരക്കിനിടെ, അവനും തന്റെ ഭാവി കൂട്ടുകാരിയെ കണ്ടെത്തി—സോഫി.
അവൾ ഇന്ത്യൻ വംശജയായിരുന്നെങ്കിലും, അമേരിക്കയിൽ ജനിച്ച് വളർന്നവൾ.

“അമ്മേ, സോഫിയെ എനിക്ക് വളരെ ഇഷ്ടമാണ്.   അവൾ എന്റെ സ്വഭാവവുമായിട്ട് ചേർന്നുപോകുന്ന കുട്ടിയാണ്.” ജോമി ഒരു വൈകുന്നേരം ഫോണിൽ പറഞ്ഞു.
നിർമ്മലയുടെ ഹൃദയം സന്തോഷത്തിൽ നിറഞ്ഞു.
“എടാ, വിവാഹം എപ്പോൾ നടത്താനാണ് ഉദ്ദേശിക്കുന്നത്? ഞങ്ങൾക്ക് വരാൻ സാധിക്കുമോ?”
“വിമാന ടിക്കറ്റും വിസയും ഒക്കെ ഞാൻ അയക്കാം. നിങ്ങളില്ലാതെ എന്റെ വിവാഹം പൂർണ്ണമാകില്ല.”

പക്ഷേ, ജോപ്പന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം, അവർക്ക് യാത്ര സാധ്യമായില്ല.
അവസാനം, വീഡിയോ കോളിലൂടെ മാത്രമാണ് വിവാഹം കണ്ടത്.
വീട്ടിലെ ചെറിയ സ്ക്രീനിൽ, ജോമി മാല ചാർത്തുന്ന ദൃശ്യം കണ്ടപ്പോൾ, നിർമ്മലയുടെ കണ്ണുകൾ വീണ്ടും നനഞ്ഞു.
“ഞങ്ങളുടെ മകൻ... അവൻ ജീവിതം തുടങ്ങി.” 

ഗ്രാമത്തിലെ പ്രതികരണങ്ങൾ

ഗ്രാമത്തിലെ ആളുകൾ പലരും വന്നു ചോദിക്കും:
“നിർമ്മലചേച്ചി, വിദേശത്താണോ രണ്ടു മക്കളും? നിങ്ങളുടെ ഒരു ഭാഗ്യം! നമുക്കെല്ലാം സ്വപ്നങ്ങളിൽ മാത്രമാണ് ഈ സൗഭാഗ്യം"

 നിർമ്മല ചിരിക്കും. “അതെ, ദൈവം വലിയ അനുഗ്രഹമാണ് ഞങ്ങൾക്ക് തന്നിരിക്കുന്നത്.”

പക്ഷേ, രാത്രിയിൽ കടലിലെ തിരകളുടെ ശബ്ദം  കേൾക്കുമ്പോൾ, അവൾ മിണ്ടാതെ കണ്ണുനീർ തുടച്ചു കളയും.
ജോപ്പൻ എപ്പോഴും പറയും:
“നിർമ്മലേ, നമ്മൾ ജീവിച്ചിരിക്കുന്നത് കുട്ടികൾക്കുവേണ്ടിയല്ലേ? അവർ ഉയരങ്ങളിൽ എത്തുമ്പോൾ നമ്മൾക്കുള്ളത് അഭിമാനമല്ലേ?”
നിർമ്മല തലകുനിച്ച് സമ്മതിക്കും. എന്നാൽ ഹൃദയത്തിന്റെ ആഴത്തിൽ, ഒരു ചോദ്യം മുറിവായി തുടരും:
“അവരുടെ ഉയരങ്ങളിൽ, ഞങ്ങൾക്കിടം എവിടെയാണ്?” 

 അമേരിക്കയിലേക്കുള്ള ക്ഷണം 

സോഫിക്ക് ഗർഭകാലത്തിന്റെ ആരംഭം. മുഴുവൻ സമയവും ക്ഷീണം.

അവൾ ജോമിയോട്  ചോദിച്ചു, നിങ്ങൾക്ക് നിങ്ങളുടെ അമ്മയെ ഇങ്ങോട്ട് വിളിച്ചു കൂടെ?  എന്നെ പരിചരിക്കാൻ ഇവിടെ ആരുണ്ട്? ആരെയെങ്കിലും നിർത്താമെന്ന് വെച്ചാൽ തന്നെ എത്ര  ചെലവാകുമെന്നുവച്ചാ?

നിനക്ക് നിന്റെ മമ്മിയെ വിളിച്ചു കൂടെ?  എന്റെ വീട്ടിലാണെങ്കിൽ വയസ്സായ അച്ഛനെ നോക്കാൻ ആരുണ്ട്?  അച്ഛനെ വിട്ടിട്ട് അമ്മയെ എങ്ങനെ കൊണ്ട് നിർത്തും? ജോമിക്ക്  ദേഷ്യം വന്നു തിരിച്ചു ചോദിച്ചു. 

മമ്മി ഇവിടെ വന്നിട്ട് വലിയ കാര്യമൊന്നുമില്ല. എന്റെ കാര്യം നോക്കാനൊന്നും മമ്മിക്ക് അറിയില്ല. അതുതന്നെയല്ല, മമ്മിയെ ഇവിടെ കൊണ്ടുവരാമെന്ന് വച്ചാൽ നമ്മുടെ ജീവിതരീതിയുമായി മമ്മി ചേർന്നു പോകില്ല. ജോമിയുടെ അമ്മയാണെങ്കിൽ ആ പ്രശ്നമില്ല.  സോഫി പറഞ്ഞു.

ജോമി നാട്ടിലേക്ക് വിളിച്ചു. അമ്മയോട് പറഞ്ഞു. " അമ്മേ സോഫിക്ക് ഗർഭാരംഭം മുതൽ വല്ലാത്ത ക്ഷീണമാണ്. അമ്മക്ക് ഇവിടെ വന്നു നിന്നുകൂടെ? അവൾക്ക് അമ്മ ഇവിടെ വന്ന് നിൽക്കുന്നത് വലിയ ആശ്വാസമായിരിക്കും.  ഞാൻ വിസയെടുത്ത് അയച്ചുതരാം. അമ്മ ഇങ്ങോട്ട് വരൂ. അവൻ പറഞ്ഞു.

നിർമ്മല പറഞ്ഞു, എടാ ഇവിടെ വയസ്സായ അച്ഛൻ തനിച്ചാണെന്ന് നിനക്ക് അറിഞ്ഞുകൂടെ? അച്ഛന് വയസ്സുകാലത്ത് ആരാണ് കൂട്ടുള്ളത്? അച്ഛനെ  ഇവിടെ വിട്ടിട്ട്  ഞാൻ എങ്ങനെയാണ് വരുന്നത്? നിർമ്മല ഫോൺ വച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ജോമി വീണ്ടും വിളിച്ചു. ജോമി പറഞ്ഞു: " അമ്മേ, അമ്മയ്ക്ക് വിസ ഞാൻ എടുത്തയക്കാം. ഇങ്ങോട്ട് വാ. അച്ഛന്റെ കാര്യമൊക്കെ ഞാൻ ശരിയാക്കാം. അച്ഛൻ നമ്മുടെ നാട്ടിൽത്തന്നെയല്ലേ ? ഞാൻ ആരോടെങ്കിലും പറയാം. അമ്മ ഒരു ആറുമാസം ഇവിടെ നിന്നാൽ മതി. അതുകഴിഞ്ഞ് അമ്മയ്ക്ക് തിരിച്ചു പോകാം".

അച്ഛനെയിവിടെ  തള്ളിയിട്ട് വരാനൊന്നും എന്നെ കിട്ടില്ല. വയസ്സുകാലത്ത് മക്കളോ അടുത്തില്ല. തമ്മിൽ തമ്മിൽ ഒരു കൂട്ടാകട്ടെയെന്നുവച്ചാൽ അതിനും സമ്മതിക്കത്തില്ല. ഇതെന്തൊരു മക്കളാ!" അവർ ചോദിച്ചു.

ഫോണിന്റെ മറുവശത്ത് ഒരു നിശ്ശബ്ദത.
“അമ്മേ, ഞാൻ കരുതിയത്… അമ്മ സന്തോഷത്തോടെ വരുമെന്നാണ്. പക്ഷേ എനിക്ക് മനസ്സിലായി.” ജോമി അല്പം തളർന്ന ശബ്ദത്തിൽ പറഞ്ഞു.

“നിന്റെ സന്തോഷം തന്നെയാണ് എന്റേയും സന്തോഷം, മകനെ. പക്ഷേ വയസ്സുകാലത്തു അദ്ദേഹത്തെ തനിച്ചാക്കാൻ എന്റെ മനസ്സനുവദിക്കില്ല. അത് നീ മനസ്സിലാക്കണം.”

ഫോൺ വെച്ചശേഷം, നിർമല നടപ്പുരയിൽ ഇരുന്നു. കടലിലെ തിരമാലകൾ ഒന്നിന് പിറകേ ഒന്നായി അടിക്കുന്നത് അവൾ  കേൾക്കുന്നുണ്ടായിരുന്നു.
“നമ്മൾ അവരെ വളർത്തിയത്, വയസ്സുകാലത്ത് നമ്മെ വിട്ടുപോകാനായിരുന്നോ? അവർക്ക് സന്തോഷമുണ്ടാവട്ടെ… പക്ഷേ, നമ്മുടെ കണ്ണുനീർ ആരാണ് കാണുന്നത്?” 

ജോപ്പന്റെ കണ്ണുനീർ

സോഫയിൽ കിടന്നിരുന്ന ജോപ്പൻ, നിർമല പറഞ്ഞ വാക്കുകൾ കേട്ടിരുന്നു. അയാൾ പതുക്കെ പറഞ്ഞു:
“നിർമലേ, നീ എന്തിനാണ് ഇങ്ങനെ പറയുന്നത്? എനിക്ക് പാചകം അറിയില്ല, തുണി കഴുകാനും അറിയില്ല. പ്രസവശൂഷകൾ ഒന്നും എന്നെക്കൊണ്ട് പറ്റുകയില്ല.   എന്നെ കൊണ്ടുപോയാൽ അവർക്കെന്താ പ്രയോജനം? നിന്നെ കൊണ്ടുപോകുന്നത് സ്നേഹത്താലല്ല, അവരുടെ ചെലവ് ലാഭിക്കാനാണ്. അത് നീ മനസ്സിലാക്കണം.  അവിടെയൊക്കെ മണിക്കൂറിനാണ് ഡോളർ കൊടുക്കേണ്ടത്”

 ജോപ്പന്റെ കണ്ണുകൾ നിറഞ്ഞു.
അവന്റെ കരുത്തുറ്റ മുഖത്ത് നിന്നൊഴുകിയ ആ കണ്ണുനീർ, നിർമലയുടെ ഹൃദയം കീറിമുറിച്ചു.

അവൾ വേഗം അവന്റെ കൈ പിടിച്ചു.
“ജോപ്പാ, നമ്മൾ ഒപ്പമുണ്ടല്ലോ ? ഈ കടലും കാറ്റും നമ്മോടൊപ്പമുണ്ട്. ഇനി വരാനിരിക്കുന്ന ദിവസങ്ങൾ, നമ്മൾ രണ്ടുപേരും കൈകോർത്താണ് നടക്കുന്നത്.”

ജോപ്പൻ ഒരു നീണ്ട ശ്വാസം വിട്ടു.
“അതെ…. കടലമ്മ നമ്മോടൊപ്പമുണ്ടെങ്കിൽ, നമുക്ക് പേടിക്കാനൊന്നുമില്ല.” 

കടലിന്റെ സാക്ഷ്യം

വൈകുന്നേരം കടലിൽ  നിന്നു  വീശിയെത്തിയ കാറ്റ്, ആ പ്രദേശം  മുഴുവൻ അലോസരപ്പെടുത്തി. കടൽത്തീരത്ത് മീൻ പിടിച്ചുവരുന്ന ആളുകൾ മടങ്ങി. ചന്തയിലെ കോലാഹലങ്ങൾ പതിയെ ശമിച്ചു.

നിർമല വരാന്തയിൽ  വിളക്ക് തെളിച്ചു.
കടലിന്റെ തിരകൾ തീരത്തടിയുന്ന  ശബ്ദം, അവളുടെ ജീവിതത്തിന്റെ പശ്ചാത്തല സംഗീതംപോലെ.  സാവധാനം കടൽ രൗദ്രഭാവം വെടിഞ്ഞു.

ജോപ്പൻ പതുക്കെ നടന്നു വന്ന്, അവളുടെ അരികിൽ ഇരുന്നു.
“നിർമലേ, ഇന്നത്തെ കടൽ പതിവിന് വിപരീതമായി ശാന്തമാണ്.”
“അതെ ജോപ്പാ, ഇന്നത്തെ കടലിന്റെ തിരകൾ നമ്മോട് പറയുന്നതുപോലെ തോന്നുന്നു—‘ജീവിതം മുന്നോട്ട് തന്നെ.”

ദൂരെയൊരു കപ്പൽ ലൈറ്റുകൾ തെളിച്ചു കടന്നുപോകുന്നത് അവർ നോക്കി നിന്നു.
ആ വെളിച്ചത്തിൽ, അവരുടെ മനസ്സുകൾക്ക് ഒരു തിരിച്ചറിവ് കിട്ടി. 

“ജോപ്പാ,” നിർമല പതുക്കെ പറഞ്ഞു.

“നമ്മുടെ ജീവിതത്തിന്റെ അവസാനകാലം മക്കളുടെ കൈകളിലല്ല, നമ്മളിൽ ഓരോരുത്തരുടെയും കൈകളിൽ തന്നെയാണ്. നാം തമ്മിൽ കൈകോർത്താണ് അത് പൂർത്തിയാക്കേണ്ടത്.”

ജോപ്പൻ അവളുടെ കൈ തന്റെ കൈയിൽ ചേർത്തു.
“നിർമലേ, നീ പറയുന്നത് ശരിയാണ്. നമ്മളെ വളർത്തിയ കടലും, നമ്മോടൊപ്പമുള്ള കാറ്റും, നമ്മുടെ യാത്രയുടെ കൂട്ടുകാരാണ്.”

ആ രാത്രിയിൽ കടലിന്റെ കാറ്റ് അവരുടെ കണ്ണുനീർ തുടച്ചു കളഞ്ഞു.
തിരമാലകളുടെ സംഗീതത്തിൽ അവർ കേട്ടു.

“ ജീവിത സായാഹ്നം നിങ്ങൾ ഒരുമിച്ചു പങ്കിടുന്നു. അതാണ് ഏറ്റവും വലിയ ഭാഗ്യം.”


V C Ajayakumar 

02/10/2025

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ