ഹരിതയുടെ ആശങ്ക

               ഹരിതയുടെ ആശങ്ക

എറണാകുളം ജില്ലയിലെ കിഴക്കമ്പലമെന്ന ഗ്രാമീണതയും പച്ചപ്പും  നിറഞ്ഞ ഒരു ഗ്രാമം.
രാവിലെതന്നെ റോഡിലൂടെ പോകുന്ന വണ്ടികളുടെ  ശബ്ദം കേട്ടാണ് ഹരിതയുടെ ഒരു ദിവസം തുടങ്ങുന്നത്.

മൈക്രോബയോളജിയിൽ ബിരുദം നേടി  ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്വാളിറ്റി കൺട്രോൾ ഓഫീസറാണ് ഹരിത ഇപ്പോൾ.
അച്ഛനും അമ്മയും അവളുടെ കൂടെയാണ് താമസം. ഭർത്താവ് വിനോദ് ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ. രണ്ട് കുഞ്ഞുങ്ങൾ — ദേവി, ദേവൻ.
വിനോദ് മാസത്തിൽ ഒരിക്കൽ വീട്ടിൽ വരാറുണ്ട്. ദൂരം സ്നേഹത്തിന് ഒരു പരിധിയല്ലെങ്കിലും, ചിലപ്പോൾ അവൾക്ക് ഒരു ഒറ്റപ്പെടൽ തോന്നും — അത് ഹരിതയുടെ മനസ്സിൽ ഒളിഞ്ഞിരുന്ന ഒരു വേദനയായി അവശേഷിക്കാറുണ്ട്.

 അന്ന് ഒരു ബുധനാഴ്ചയായിരുന്നു.   ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ഡാറ്റാ എൻട്രി ചെയ്യുമ്പോഴാണ് ഹരിതയ്ക്ക് കഴുത്തിൽ ചെറിയ വേദന തോന്നിയത്. 

“എന്താ, ഇന്ന് ഒരു ക്ഷീണം പോലെ? "  സഹപ്രവർത്തക രമ ചോദിച്ചു.
“അതേ, കഴുത്തിനു ഒന്നു പിടിച്ചുപോലെ വേദന". 

"ഉറങ്ങിയത് പൊസിഷൻ തെറ്റിയാണോ?” രമ ചിരിച്ചകൊണ്ട് ചോദിച്ചു. 

ഉറങ്ങിയത് നേരെ തന്നെയാണ്. അവൾ പറഞ്ഞു. 

പക്ഷേ  ഉച്ചയോടെ വേദന കഠിനമായി. തല ചലിപ്പിക്കാൻ പോലും ബുദ്ധിമുട്ട്. കൂടാതെ തലയ്ക്കു കൈകൾക്കും വല്ലാത്ത ഒരു തരം  തരിപ്പും അനുഭവപ്പെട്ടു.

 സഹപ്രവർത്തകർ പറഞ്ഞു, “ഇങ്ങനെ ഇരിക്കേണ്ടാ ഹരിത, ആശുപത്രിയിൽ കാണിക്കാം.” അവർ പറഞ്ഞു.

 വേണ്ട വേണ്ട, എന്നാൽ ഞാൻ വീട്ടിലേക്ക് പൊക്കോളാം. എന്നിട്ട് അച്ഛനുമായിട്ട്  ആശുപത്രിയിൽ പൊക്കോളാം. അവൾ പറഞ്ഞു.

 ഹരിത നിർബന്ധിച്ചപ്പോൾ അവർ അവളെ വീട്ടിലേക്ക് കൊണ്ടുപോയി.

അന്ന്  ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു, “കഴുത്തിലെ മസിലുകൾക്ക് ചെറിയ സ്‌ട്രെയിൻ ആണ് തോന്നുന്നത്. വേദനസംഹാരി കഴിക്കാം, പിന്നെ കുറച്ചു ടെസ്റ്റുകൾ എടുക്കാം.”

ഹരിത ടെസ്റ്റുകൾ എടുത്തു. പക്ഷേ ആ രാത്രി അവൾക്ക് ഉറക്കം നഷ്ടപ്പെട്ടു.
വേദനയെക്കാൾ ശക്തമായത് — ഭയം.
മനസ്സിനുള്ളിൽ ചിന്തകൾ നിറഞ്ഞാടി:
“ ഈ തരിപ്പ് സ്ട്രോക്കോ  അല്ലെങ്കിൽ മറ്റു വലിയ അസുഖവും ആണോ? തരിപ്പ് വന്നാൽ സ്ട്രോക്ക് ലക്ഷണമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് ”

അവൾ വിനോദിനോട്‌ ഫോണിൽ പറഞ്ഞു,
“വിനോദ്, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളെ നോക്കണം...  കടങ്ങളും തീർക്കണം…”
വിനോദ് നിശബ്ദമായി കേട്ടു.

“ഹരിത, നീ ഇങ്ങനെ വിഷമിക്കേണ്ട. നാളെത്തന്നെ ഞാൻ വീട്ടിലേക്ക് വരാം,” അവൻ ഉറപ്പായി പറഞ്ഞു.

അടുത്ത ദിവസം വിനോദ് ചെന്നൈയിൽ നിന്നെത്തി.
അവളെ കൊച്ചിയിലെ ഒരു വലിയ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ മുഴുവൻ പരിശോധനകളും നടത്തി.
“എല്ലാ റിപ്പോർട്ടുകളും നല്ലതാണ്. നിങ്ങൾക്കുള്ള അനാവശ്യ ഭയമാണ് പ്രശ്നം എന്നു തോന്നുന്നു” ഡോക്ടർ പറഞ്ഞു.
“വേദന കുറയാത്ത പക്ഷം നമുക്ക് ഒരു MRI കൂടി എടുക്കാം.”

രണ്ടുദിവസം പിന്നിട്ടിട്ടും വേദന കുറയാതെ വന്നപ്പോൾ അവർ MRI എടുത്തു.
റിപ്പോർട്ട് കണ്ട ഡോക്ടർ ചിരിച്ചു പറഞ്ഞു:
“ഇത് കുഴപ്പമൊന്നുമില്ല. കഴുത്തിലെ ഡിസ്ക്കിൽ ചെറിയ alignment change മാത്രം. കൂടുതലായി ഫോൺ നോക്കുകയോ, കുനിഞ്ഞിരിക്കുകയോ ചെയ്യുന്നവർക്കു സാധാരണയാണിത്. ഇരുപ്പിന്റെ പോസിഷൻ ശരിയാക്കുക, വേദനസംഹാരി കഴിക്കുക, കുറച്ച് വിശ്രമവും മതിയാകും.”

അവളുടെ കണ്ണുകൾ നിറഞ്ഞു. ഭയത്തിന്റെ പാളികൾ പൊളിഞ്ഞു വീണു.
വിനോദ് അവളുടെ കൈ പിടിച്ചു.
“ഞാൻ പറഞ്ഞതല്ലേ, നിനക്ക് ഒന്നുമില്ല. ഇനി ഈ ഭയം എല്ലാം ദൂരെക്കളഞ്ഞോളൂ .”
ഹരിത തലയാട്ടി, ചെറിയൊരു പുഞ്ചിരി അവളിൽ മടങ്ങി വന്നു.

അഅന്നുതന്നെ  അവൾ ഓഫീസിൽ തിരിച്ചെത്തി.
സഹപ്രവർത്തകർ ചോദിച്ചു, “എങ്ങനെയുണ്ട് ഇപ്പോൾ?”
“എല്ലാം ശരിയായി. ചിലപ്പോൾ മനസ്സാണ് ശരീരത്തെക്കാൾ വലിയ ഡോക്ടർ” അവൾ പറഞ്ഞു.

അന്ന് വൈകുന്നേരം അവൾ അമ്മയോട് പറഞ്ഞു,
“അമ്മേ, എനിക്ക് ഇപ്പോൾ മനസ്സിലായി — ശരീരത്തിന് വേദന തോന്നുമ്പോൾ ആദ്യം മനസ്സിനാണ് മരുന്ന് വേണ്ടത്.”
അമ്മ മകളുടെ തലയിൽ തൊട്ടുകൊണ്ട്  പറഞ്ഞു,
“അതെ മോളെ, മനസ്സു ശക്തമെങ്കിൽ ശരീരം അതിനൊത്ത് മാറും.”

ഹരിത ഇപ്പോൾ പഴയതുപോലെ സന്തോഷത്തോടെ ജീവിക്കുന്നു.
ഭർത്താവും കുട്ടികളും അടുത്തുണ്ടെങ്കിൽ അവളുടെ ലോകം നിറയും. കുട്ടികളുടെ ചിരിയിൽ, അമ്മയുടെ പാചകത്തിന്റെ സുഗന്ധത്തിൽ -  അവൾ തിരിച്ചു കിട്ടിയ ജീവിതം ആസ്വദിക്കുന്നു.

ഓരോ വട്ടവും കിഴക്കമ്പലത്തിന്റെ മഞ്ഞുപടർന്ന പ്രഭാതത്തിൽ അവൾ ചായകപ്പ് കൈയിൽ പിടിച്ച് ഇരിക്കുമ്പോൾ, അവളുടെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം —
“ജീവിതം എത്ര സാധാരണമാണെന്ന് തിരിച്ചറിയാൻ ചിലപ്പോൾ ചെറിയൊരു വേദന മാത്രം മതി.” 

ശാരീരിക വേദനയെക്കാൾ വലിയ വേദന പലപ്പോഴും മനസ്സിനുള്ളിലാണ്.
ആ ആശങ്കയെ മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്താൽ അതാണ് ഏറ്റവും വലിയ ചികിത്സ.



V C Ajayakumar 

08/11/2025.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ