നിഴലും വെളിച്ചവും

നിഴലും  വെളിച്ചവും

എറണാകുളം മുരുക്കുംപാടത്താണ്  മനോഹരന്റെ വീട്. രാവിലെ കായലിൽ  നിന്നുള്ള  തണുത്ത കാറ്റ് പടിവാതിലിലൂടെ കടന്നുവരുമ്പോൾ ചാരുകസേരയിൽ ഇരുന്നു ഓരോന്ന് ആലോചിക്കുകയായിരുന്നു മനോഹരൻ.   അഞ്ചു വർഷമായി പെൻഷനായിട്ട്.  ഭാര്യ  ഗവൺമെന്റ് ആശുപത്രിയിൽ നഴ്സിംഗ്  ജോലിയിൽ തുടരുന്നു. രണ്ടാൺമക്കൾ ഉള്ളത് വിവാഹശേഷം മക്കളും ഒക്കെയായി യൂറോപ്പിൽ താമസമാണ്. എല്ലാം നല്ലതു തന്നെ.   പക്ഷേ ഹൃദയത്തിന്റെ ഒരു കോണിൽ പഴയകാലത്തിന്റെ തേങ്ങലുകൾ ഇന്നും ഒളിഞ്ഞു കിടന്നിരുന്നു. 

കഴിഞ്ഞുപോയ നാളുകൾ ചിലപ്പോൾ തണുത്ത തിരമാലകളായി മനസ്സിനെ സ്പർശിക്കുകയും, ചിലപ്പോൾ രാക്ഷസത്തിരകളായി  അലറിയടിക്കുകയും ചെയ്യുന്നവയായിരുന്നു.

അച്ഛൻ സുകുമാരന്റെ  കൈപിടിച്ച്  അടുത്ത പട്ടണത്തിലേക്ക്  പോയതും, സിനിമ കണ്ട ശേഷം ചായക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചതുമെല്ലാം  ഇന്നലെയെന്നപോലെ മനസ്സിൽ അവശേഷിക്കുന്നു.

എന്നാൽ ഒരു വൈകുന്നേരം, കുട്ടികളുടെ കലപില ശബ്ദത്തിനെയും  മറികടന്ന് വന്ന ഒരു വിളി, അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 

“ചേച്ചീ… ചേച്ചീ… സുകുമാരൻ ചേട്ടൻ…  ജംഗ്ഷനിൽ ആക്സിഡന്റായി!”

ആ ശബ്ദം കേട്ട സുഭദ്രക്ക് ഭൂമി കീഴ്മേൽ മറിഞ്ഞപോലെ തോന്നി. ദൈവമേ! എന്തുപറ്റി? ഇത്രയും നേരം ഇവിടെ ഇരുന്ന ആളാണ്. കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ജംഗ്ഷനിലേക്ക് പോയതാണ്. കുട്ടികളെയും വാരിയെടുത്തുകൊണ്ട് ജംഗ്ഷനിൽ ചെന്നപ്പോൾ വല്ലാത്ത ആൾക്കൂട്ടം. ആംബുലൻസിനകത്ത് തുണിയിൽ പൊതിഞ്ഞ ചേട്ടൻ. എല്ലാം നിമിഷനേരത്തിൽ കഴിഞ്ഞെങ്കിലും, ഹൃദയം ഉലഞ്ഞുപോകാൻ അത് മതി.

ആശുപത്രിയിൽ സീനിയർ ഡോക്ടർ എടുത്ത തീരുമാനത്തിൽ അവരുടെ  ശ്വാസം തന്നെ നിലക്കുകയായിരുന്നു—
“ഒരു കാലിനു ഗുരുതര പരിക്കാണ്. ഞരമ്പുകൾ കൂട്ടി യോജിപ്പിക്കാൻ പറ്റാത്ത വിധം ഡാമേജ് ആയിപ്പോയി.   അത്  മുറിച്ചുമാറ്റണം. ഇല്ലെങ്കിൽ ജീവന് ഭീഷണിയാണ്.”

ജീവനും മരണവും തമ്മിലുള്ള അതിർവരമ്പിൽ നിൽക്കുമ്പോൾ “കാലല്ല, ജീവനാണ് വേണ്ടത്" എന്നായിരുന്നു എല്ലാവരുടേയും നിലപാട്.

ഓപ്പറേഷൻ നടന്നു. അച്ഛന്റെ ജീവിതം ഒരു പുതിയ വഴിത്തിരിവിലെത്തി—
ഇനി എന്നും ഒറ്റക്കാലിലെ  ജീവിതം.

പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ മുറിവിൽ അണുബാധ  വന്നു.  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന യാത്രകൾതന്നെ അച്ഛനു കടുത്ത വേദന നിറഞ്ഞതായിരുന്നു.

വീട്ടിൽ വന്ന് ഡ്രസിങ് നടത്താമോ എന്ന അപേക്ഷയും ആശുപത്രി നിരസിച്ചു.

അപ്പോഴാണ് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്—

ഒന്ന് നിൽക്കൂ…”

 തിരിഞ്ഞു നോക്കുമ്പോൾ അനുകമ്പയോടെ നോക്കിനിൽക്കുന്നു ഒരു കന്യാസ്ത്രീ നഴ്‌സ്.

“ഞാൻ ദിവസവും സുകുമാരൻ ചേട്ടനെ വീട്ടിൽ വന്ന് ഡ്രസ്സ് ചെയ്ത് തരാം.”

ഞങ്ങൾ അത്ഭുതപ്പെട്ടു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു.   നഴ്സ് അപ്പോഴേക്കും അവിടെനിന്നും നടന്നകന്നിരുന്നു.  

പിറ്റേ ദിവസം രാവിലെ എട്ടിന് മുൻപേതന്നെ നഴ്സ് വീട്ടിലെത്തി. ഓരോ ദിവസവും അവരെ കണ്ടപ്പോൾ അച്ഛന് ഒരുതരം മനഃശാന്തി.  അവർ അടുത്തുണ്ടെങ്കിൽ നമ്മുടെ ആരോപോലത്തെ ഒരു ‘സാന്നിധ്യം’  തോന്നാറുണ്ടെന്ന് അച്ഛൻ പറയുമായിരുന്നു.

ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ അച്ഛൻ അവരോട് ചോദിച്ചു:

എനിക്ക് നിങ്ങളെ കാണുമ്പോൾ ഒരു വല്ലാത്ത  ആത്മബന്ധം തോന്നുന്നു. ആരാണ് നിങ്ങൾ? എവിടെയാണ് നിങ്ങളുടെ സ്വദേശം?”

നഴ്സിന്റെ കണ്ണുകൾ നിറഞ്ഞു.

“ചേട്ടാ… ഞാൻ ചേട്ടന്റെ മരിയക്കുട്ടിയാണ്. ചേട്ടന് മനസ്സിലാകുമോ എന്നറിയാനാണ് ഞാൻ ഇത്ര ദിവസവും പറയാതിരുന്നത്. നിങ്ങളുടെ അയൽവീട്ടിലെ ജോസഫിന്റെ മകൾ. ചേട്ടൻ ചെറുപ്പത്തിൽ എന്നെ എത്ര തവണയാണ് കൈയിലേറ്റി കിടത്തി ഉറക്കിയിട്ടുള്ളത് … ചേട്ടന്റെ വീട്ടിലെ അന്നമുണ്ടാണ് ഞാൻ ജീവിച്ചത്. ചേട്ടൻ തന്നെയാണ് എന്നെ സ്‌നേഹിച്ച് വളർത്തിയത്.”

അച്ഛൻ നിശബ്ദമായി അവളുടെ കൈ പിടിച്ചു. കണ്ണുനീരോടെ  പറഞ്ഞു:

ദൈവമേ എന്റെ മരിയ മോളാണോ ഇത്! അതുകൊണ്ടാണ് നിന്നെ കണ്ടപ്പോൾ എന്റെ ആരോ അടുത്തുവന്നു നിൽക്കുന്നതുപോലെ എനിക്ക്  തോന്നിയത്…”

നഴ്സിന്റെ പരിചരണത്തിൽ അച്ഛന്റെ മുറിവുകൾ ഭേദമായി.

അച്ഛന്റെ ശേഷിച്ച ജീവിതം ക്രെച്ചസ്സിന്റെ സഹായത്തോടെയുള്ളതായിരുന്നു. 
ഒരുപക്ഷേ ആ കന്യാസ്ത്രീ വന്നില്ലായിരുന്നുവെങ്കിൽ, ആ ഒരു കരുണ നിറഞ്ഞ മനസ്സില്ലായിരുന്നുവെങ്കിൽ, അച്ഛൻ ആ വേദനയിൽ നിന്നു രക്ഷപ്പെടുമായിരുന്നോ? മനോഹരൻ ചാരുകസേരയിൽ ഇരുന്നു ഓർത്തു.

ദൂരെ നിന്ന് മക്കൾ വിളിച്ചു സംസാരിക്കുന്നത് കേൾക്കുമ്പോൾ, ജീവിതം വളരെ മുന്നോട്ട് പോയെന്ന് തോന്നുമെങ്കിലും, പഴയകാലത്തിന്റെ ആ വിഷമം പിടിച്ച ഓർമ്മകൾ  ഒരിക്കലും മനസ്സിൽ നിന്ന് വിട്ടുപോകാത്തതായിരുന്നു. 

ജീവിതത്തിൽ ചെയ്ത ചെറിയൊരു കാരുണ്യം — വർഷങ്ങൾക്കുശേഷം നമ്മളിലേക്ക് അതിലും വലിയ അനുഗ്രഹമായി തിരികെ വരാം.

മനുഷ്യർ ഇടയ്ക്കു വഴിതെറ്റിയാലും, കരുണയുടെ മനസ്സ് ഒരിക്കലും തെറ്റുകയില്ല.
ഒരു ചെറിയ സഹായം പോലും ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതത്തെ രക്ഷപ്പെടുത്തുന്ന അത്ഭുതമാകാം.


V C Ajayakumar 

16/11/2025

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

ചായക്കടയിലെ സൈനികൻ