​മത്തായിച്ചൻ ദൈവമാണ്


​മത്തായിച്ചൻ ദൈവമാണ്

​നേരം പുലരാറായി. കിഴക്കൻ ചക്രവാളത്തിൽ നേരിയ ചുവപ്പ് പടർന്നു തുടങ്ങിയിട്ടേയുള്ളൂ. ഇരുമ്പിന്റെ ഗന്ധം തങ്ങിനിൽക്കുന്ന സെല്ലിലെ തറയിൽ വിരിച്ച, നനഞ്ഞതുപോലെ തോന്നിക്കുന്ന ഷീറ്റിൽനിന്ന് കേശവൻ കുട്ടി എഴുന്നേറ്റു. ആ ഇരുട്ടിനും തണുപ്പിനും ഇന്നൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നു, കാരണം ഇന്നാണ് എന്റെ ശിക്ഷ തീരുന്നത്.

​സെല്ലിലെ മറ്റു ചുവരുകൾക്ക് ജീവൻ വെച്ചതുപോലെ, ഞാൻ ഓരോരുത്തരെയായി വിളിച്ചുണർത്തി.

​"എന്താണ് കേശവാ, നേരം വെളുക്കുന്നല്ലേ ഉള്ളൂ? മനുഷ്യനൊന്ന് ഉറങ്ങാനും സമ്മതിക്കില്ലേ?" സുദർശനൻ നീരസത്തോടെ ചോദിച്ചു. പൊതുവെ നല്ല ഉറക്കകാരനാണ് അവൻ.

​"എടാ, ഇന്ന് എന്റെ റിലീസാണെന്ന് നീ മറന്നുപോയോ?" ഞാൻ ചോദിച്ചു, എന്റെ ശബ്ദത്തിൽ വർഷങ്ങൾ കാത്തുവെച്ച സന്തോഷത്തിന്റെ നേരിയൊരു വിറയൽ ഉണ്ടായിരുന്നു.

​സുദർശനൻ ഉൾപ്പെടെ ഞങ്ങളഞ്ചുപേരുണ്ട് ഈ സെല്ലിൽ – മോഹനൻ, കണ്ണൻ, ഉസ്മാൻ... എല്ലാവരും ഓരോരോ ജീവിത സാഹചര്യങ്ങളിൽപ്പെട്ട് ഇവിടെയെത്തിയവർ. നാട്ടിൽ ചെല്ലുമ്പോൾ ഓരോരുത്തരുടെയും വീടുകളിൽ പറഞ്ഞേൽപ്പിക്കേണ്ട കാര്യങ്ങൾ അവർ ആവേശത്തോടെ പറഞ്ഞു. കൂട്ടത്തിൽ ഉസ്മാൻ, പെങ്ങളെ കെട്ടിച്ചയക്കാൻ കഴിയാത്ത സങ്കടം പറഞ്ഞ് കുറേ കരഞ്ഞപ്പോൾ, എല്ലാവരുടെയും നെഞ്ച് ഒന്ന് പിടഞ്ഞു.

​പതിനൊന്ന് മണിയോടെ തയ്യാറായി നിൽക്കാൻ വാർഡൻ അറിയിച്ചു.

​മനസ്സിൽ നിറയെ സീതമോളാണ്. ദൈവമേ, എത്ര മോഹിച്ചതാണ് എന്റെ കുട്ടിയുടെ ഒരു നല്ല ജീവിതം! കഴിഞ്ഞ ആറു മാസമായി അവളെ ഓർത്തിട്ട് ഉറങ്ങിയിട്ടില്ല. എത്ര കഷ്ടപ്പെട്ടിട്ടാണ് അവളെ പഠിപ്പിച്ചത്. സ്കൂൾ ഫൈനൽ പരീക്ഷയിൽ അവൾക്ക് ഒന്നാം റാങ്കായിരുന്നു. അവളുടെ മിടുക്ക് കണ്ടപ്പോൾ കോളേജിൽ വിട്ട് ഉയർന്ന നിലയിൽ പഠിപ്പിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.

​പക്ഷേ, ആ സമയത്താണ് ജീവിതം തകിടം മറിച്ചുകൊണ്ട് അവളുടെ അമ്മ, സൗദാമിനിക്ക് (അതായിരുന്നു ഭാര്യയുടെ പേര്), കാൻസർ രോഗം പിടിപെടുന്നത്. മെഡിക്കൽ കോളേജിലെ നീണ്ട ദിനരാത്രങ്ങൾ. കാൻസറിനോട് ധീരമായി പടപൊരുതി അവൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

​"മോളെ കോളേജിൽ ചേർക്കണ്ടേ? പഠിക്കാൻ അവൾക്ക് നല്ല മിടുക്കുണ്ട്," സൗദാമിനി ചോദിച്ചു.

​"എത്രത്തോളം പഠിക്കണമോ അത്രത്തോളം പഠിപ്പിക്കണമെന്നുണ്ട് സൗദാമിനി. പക്ഷേ, ഇപ്പോൾ നമ്മുടെ സാമ്പത്തിക നില വളരെ മോശമാണ്," ഞാൻ നിസ്സഹായതയോടെ പറഞ്ഞു.

​"മത്തായിച്ചനോട് കുറച്ചു പണം ചോദിച്ചാലോ? അവൾ ആഗ്രഹിച്ചതല്ലേ," അവൾ നിർബന്ധിച്ചു.

​മത്തായിച്ചൻ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന പലിശക്കാരനാണ്. 'വട്ടിക്കാരൻ' എന്ന വിളിപ്പേര് വെറുതെ കിട്ടിയതല്ല. വട്ടിപ്പലിശയാണ്, താന്തോന്നിയുമാണ്. എന്നാലും, വേറെ വഴിയില്ല. ചോദിക്കുകതന്നെ.

​മോളെയും കൂട്ടി കയറിചെന്നപ്പോൾ മത്തായിച്ചൻ സ്വീകരണമുറിയിൽത്തന്നെ ഉണ്ടായിരുന്നു. "കേശവൻ കുട്ടിയോ? കയറി വാ," അയാൾ അകത്തേക്ക് ക്ഷണിച്ചു. "ഇതാരാ, മോളാണോ?" അയാൾ സ്നേഹത്തോടെ വിശേഷങ്ങൾ ചോദിച്ചു.

​ഞാൻ മോളുടെ പഠിത്തകാര്യമൊക്കെ പറഞ്ഞു. മത്തായിച്ചൻ ഒന്ന് സഹായിച്ചാൽ പട്ടണത്തിലെ നല്ല കോളേജിൽ ചേർക്കാമായിരുന്നു. സ്കൂളിൽ അവൾ ഫസ്റ്റ് ആയിരുന്നു.

​"അതിനെന്താ, നന്നായി പഠിക്കുന്ന കുട്ടിയല്ലേ. അവൾ ആവുന്നത്ര പഠിക്കട്ടെ. അവളുടെ അഡ്മിഷന്റെ കാര്യങ്ങൾ ഒക്കെ കേശവൻ തിരക്കൂ. പണത്തിന്റെ കാര്യമോർത്ത് വിഷമിക്കേണ്ട," മത്തായിച്ചൻ ഉറപ്പിച്ചു പറഞ്ഞു.

​മത്തായിച്ചൻ ദൈവമാണ്! ഞാൻ മനസ്സിൽ ഓർത്തു. തിരിച്ചുപോരുമ്പോൾ മോളും പറഞ്ഞു: "എത്ര നല്ല മനുഷ്യനാണ് മത്തായിച്ചൻ."

​പിറ്റേന്ന് പട്ടണത്തിലെ കോളേജിൽ മോളുമായി പോയി. അവളുടെ മാർക്ക് ലിസ്റ്റ് കണ്ടപ്പോൾത്തന്നെ പ്രിൻസിപ്പൽ അഡ്മിഷൻ തരാമെന്നായി. ഫീസും പുസ്തകവും യൂണിഫോമും എല്ലാം കൂടിയാകുമ്പോൾ നല്ലൊരു തുകയാകും. പ്രിൻസിപ്പലിനോട് എന്റെ നിസ്സഹായത സൂചിപ്പിച്ചപ്പോൾ, അദ്ദേഹം ഏതാണ്ട് തുകയൊക്കെ കുറച്ചു തന്നു. എങ്കിലും അത് താങ്ങാൻ കഴിയുന്നതിലും അധികമായിരുന്നു. അപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു: "പഠിത്തം തുടങ്ങിയാൽ മോൾക്ക് സ്കോളർഷിപ്പ് കിട്ടും. പിന്നെ പുസ്തകത്തിന്റെയും യൂണിഫോമിന്റെയും പൈസയെ ആവൂ."

​ആശ്വാസമായി! പ്രിൻസിപ്പലിനോട് നന്ദി പറഞ്ഞ് ഇറങ്ങി. ഏകദേശം 30,000 രൂപയോളം വേണ്ടിവരും.

​നേരം വൈകി. എന്നാലും മത്തായിച്ചനെ കണ്ടു കാര്യം പറയാമെന്നു വിചാരിച്ചു.

 നീ നാളെ കഴിഞ്ഞു വാ. പൈസ റെഡിയാക്കി വെക്കാം," മത്തായിച്ചൻ പറഞ്ഞു.

​"പലിശയുടെ കാര്യം മത്തായിച്ചൻ ഒന്ന് പരിഗണിക്കണം," ഞാൻ വിനയത്തോടെ ആവശ്യപ്പെട്ടു.

​"ഓ, നീ പലിശയൊന്നും തരേണ്ട. മുതൽ മാത്രം തന്നാൽ മതി. അതും, അവളുടെ പഠിത്തം കഴിഞ്ഞു തിരിച്ചു തന്നാൽ മതി. നമ്മുടെ നാട്ടിലെ നന്നായി പഠിക്കുന്ന കുട്ടിയല്ലേ? അവൾക്ക് നല്ലൊരു ജോലിയൊക്കെ കിട്ടും. അന്ന് നിന്റെ ഈ കഷ്ടപ്പാടൊക്കെ തീരും," മത്തായിച്ചൻ ചിരിച്ചു.

​വീട്ടിലെത്തിയപ്പോൾ സൗദാമിനി പടിക്കൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മത്തായിച്ചൻ പൈസ തരാമെന്ന് സമ്മതിച്ച കാര്യമെല്ലാം വിശദമായി പറഞ്ഞു. "മത്തായിച്ചൻ ദൈവമാണ്," അവൾ പറഞ്ഞു. 

​രണ്ടു ദിവസം കഴിഞ്ഞ് മത്തായിച്ചന്റെ വീട്ടിൽ ചെന്നു. പറഞ്ഞതുപോലെ അയാൾ ഒരു പൊതി വെച്ചു നീട്ടി. "കൃത്യം 30,000 രൂപയുണ്ട്. നീ മോളുടെ അഡ്മിഷൻ എടുക്ക്."

​"മത്തായിച്ചാ, ഈ പൈസ ഞാൻ കുറേശ്ശേ തന്നു തീർത്തോളാം," ഞാൻ പറഞ്ഞു.

​"എടാ, നീ മുതല് മാത്രം തന്നാൽ മതി എന്ന് പറഞ്ഞില്ലേ. പലിശ ഒന്നും തരണ്ട. അതും നിനക്ക് ഒക്കുംപോലെ തന്നാൽ മതി. നീ പോയി മോളെ പഠിപ്പിക്ക്," മത്തായിച്ചൻ വാത്സല്യത്തോടെ പറഞ്ഞു.

​പിറ്റേന്നുതന്നെ കോളേജിൽ പോയി അഡ്മിഷൻ എടുത്തു. മോളെ കോളേജ് ഹോസ്റ്റലിൽ ആക്കി ഞാൻ വീട്ടിലേക്ക് മടങ്ങി. വർഷങ്ങൾ കടന്നുപോയി. വിചാരിച്ചതുപോലെ ഫൈനൽ പരീക്ഷ മോൾ നല്ല മാർക്കോടെ പാസ്സായി.

​ഇടയ്ക്കിടെ മത്തായിച്ചൻ പൈസ ചോദിച്ചു വീട്ടിൽ വരാൻ തുടങ്ങി. അതിനിടയിൽ സൗദാമിനിയുടെ അസുഖം പിന്നെയും മൂർച്ഛിച്ചു. ചികിത്സക്കായി നല്ല പൈസ ചിലവായി. അതിന്റെ കൂടെ മത്തായിച്ചന്റെ പൈസ കൊടുക്കുവാനായിട്ട് ഒരു വഴിയും കാണുന്നില്ല. എന്റെ വർക്ക്‌ഷോപ്പിലാകട്ടെ പണിയും കുറവാണ്.

​ഒരു ദിവസം സൗദാമിനിയെയും കൊണ്ട് ആശുപത്രിയിൽനിന്ന് വരുമ്പോൾ മത്തായിച്ചൻ സിറ്റൗട്ടിൽ ഇരിക്കുന്നു. കുറച്ചു മാറി മോൾ പേടിച്ച് നിൽപ്പുണ്ട്.

​"മത്തായിച്ചൻ വന്നിട്ട് ഏറെ നേരമായോ?" ഞാൻ ചോദിച്ചു.

​"കുറച്ചു നേരമായി. ഞാൻ വെറുതെ മോളുമായി ഓരോന്ന് പറഞ്ഞു ഇരിക്കുവായിരുന്നു. എങ്ങനെയുണ്ട് സൗദാമിനിയുടെ അസുഖം?" മത്തായിച്ചൻ ചോദിച്ചു.

​"ഓ, വല്യ കുറവൊന്നുമില്ല."

​"ഞാൻ പൈസയുടെ കാര്യം ചോദിക്കാൻ വന്നതായിരുന്നു. പക്ഷേ നിങ്ങളുടെ ഈ അവസ്ഥയിൽ ചോദിക്കാൻ മനസ്സും വരുന്നില്ല. ഞാൻ ഇറങ്ങുവാ, പിന്നെ വരാം." അയാൾ തിരിച്ചുപോയി.

​പിന്നെയും ഇടയ്ക്കിടയ്ക്ക് അയാൾ വന്നു. എങ്ങനെയെങ്കിലും കുറച്ചു പൈസ കൊടുക്കണമെന്ന് വിചാരിച്ചിട്ട് നടക്കുന്നുമില്ല.

​അടുത്ത ദിവസം... സൗദാമിനിയുമായിട്ട് ആശുപത്രിയിൽ നിന്ന് തിരിച്ചു വരുമ്പോൾ കണ്ട കാഴ്ച എന്നെ തളർത്തിക്കളഞ്ഞു: മുന്നിൽ കറിക്കത്തിയുമായി വിറങ്ങലിച്ചു നിൽക്കുന്ന എന്റെ മോളും, താഴെ മുതുകത്ത് കുത്തേറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന മത്തായിച്ചനും! സിറ്റൗട്ടിൽ മുഴുവൻ ചോരപ്പൂരം. മത്തായിച്ഛന് ബോധമില്ല.

​ഞാൻ അമ്പരന്ന് ഓടിച്ചെന്നു. "എന്താ മോളെ? എന്താണ് സംഭവിച്ചത്?"

​"എന്താന്ന് പറയടി?!" സൗദാമിനി അലറി.

​"ഈ കാട്ടാളൻ എന്നെ ഉപദ്രവിക്കാൻ വന്നു! എന്നോട് കുടിവെള്ളം ചോദിച്ചു, ഞാൻ അടുക്കളയിൽ പോയപ്പോൾ പിറകെ വന്നു ഇയാൾ എന്നെ കയറിപ്പിടിച്ചു! ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു? കൊല്ലണമായിരുന്നു ഇവനെ!" മോൾ നിന്ന് വിറയ്ക്കുകയാണ്.

​ഞാൻ ഓടിച്ചെന്ന് കത്തി പിടിച്ചു വാങ്ങി. "മോളെ, നീ ഒന്നടങ്ങ്. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോട്ടെ. ബാക്കിയെല്ലാം അതിനുശേഷം." ഞാൻ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു. "പക്ഷേ, ഒരു കാര്യം: മത്തായിച്ചനെ കുത്തിയത് ഞാനാണ്. നിന്നെ ഉപദ്രവിക്കുന്നത് കണ്ടു ഞാൻ ഓടിവന്ന് ഇയാളെ കുത്തിയതാണ്. ആരു ചോദിച്ചാലും അങ്ങനെയേ പറയാവൂ."

​"പറ്റില്ല! ഇയാളെ ഞാനാണ് കുത്തിയത്. കുറച്ചു നാളായി ഇയാൾ എന്നെ ഉപദ്രവിക്കാൻ നോക്കുന്നു. ഇന്നത്തോടെ ഇയാൾ ചാകണം. അല്ലെങ്കിൽ ഇയാൾ ഇനിയും പെൺകുട്ടികളെ ഉപദ്രവിക്കും," അവൾ തളർന്നുപോകാതെ പറഞ്ഞു.

​ഒടുവിൽ, സൗദാമിനിയുടെ നിർബന്ധത്തിന് വഴങ്ങി മോൾ സമ്മതിച്ചു. "നീ എളുപ്പം പോയി കൈ കഴുകൂ," ഞാൻ പറഞ്ഞു. അവൾ മനസ്സില്ലാമനസ്സോടെ കൈകഴുകി തിരിച്ചു വന്നു. "ഇനി ആരു ചോദിച്ചാലും മോളൊന്നും പറയേണ്ട. എല്ലാം ഞാൻ പറഞ്ഞോളാം."

​സൗദാമിനിയുടെ അലർച്ച കേട്ട നാട്ടുകാരിൽ ചിലരൊക്കെ ഓടിക്കൂടി.

​"എന്തു പറ്റി? ഇവിടൊക്കെ ചോരയാണല്ലോ? ദൈവമേ! ഇത് നമ്മുടെ മത്തായിച്ചനാണല്ലോ!" അവർ പരിഭ്രമിച്ചു.

​"കുറേ നാളുകളായി ഇയാൾ എന്റെ മോളുടെ പുറകെ നടന്നു ശല്യം ചെയ്യുന്നു. ഇന്ന് സൗദാമിനിയെയും കൊണ്ട് ആശുപത്രിയിൽ നിന്ന് വരുമ്പോൾ ഇയാൾ എന്റെ മോളെ ഉപദ്രവിക്കുന്നത് കണ്ടു. സഹിക്കാൻ വയ്യാതെയാണ് ഞാൻ  ഇയാളെ കുത്തിയത്," ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

​അവരെല്ലാം ചേർന്ന് മത്തായിച്ചനെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറോട് ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. ഡോക്ടർ ഉടൻതന്നെ പോലീസിനെ വിളിച്ചു. ഇൻസ്പെക്ടറും പോലീസുകാരും എത്തി. ഞാൻ ആവർത്തിച്ചു: "ഒരു അച്ഛൻ എന്ന നിലയിൽ എനിക്കിത് ചെയ്യേണ്ടിവന്നു."

​രണ്ടും മൂന്നും മാസത്തെ വിചാരണ. കോടതി നടപടികൾ. ഒടുവിൽ, കേസിന്റെ സാഹചര്യങ്ങൾ പരിഗണിച്ചും മത്തായിച്ചന്റെ മുൻകാല ക്രിമിനൽ പശ്ചാത്തലങ്ങളും കണക്കിലെടുത്ത് എനിക്ക് ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചു.

​അങ്ങനെ ആ ആറു മാസത്തെ ശിക്ഷ തീരുന്ന ദിവസമാണ് ഇന്ന്.

​മത്തായിച്ചൻ ഇപ്പോഴും പൂർണ ആരോഗ്യത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് സൗദാമിനി പറഞ്ഞത്. ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്.

​ഇവിടുന്ന് ഇറങ്ങിയിട്ട് വേണം ജീവിതം ഒന്ന് സെറ്റ് ആക്കുവാൻ. മത്തായിച്ചനെ ചെന്ന് കാണണം.

മോൾക്ക് വന്ന ഒരു കൈത്തെറ്റിന്, എന്റെ ജീവിതംകൊണ്ട് ഞാൻ പരിഹാരം ചെയ്തു. ഇനി മോൾക്ക് ഒരു നല്ല ജീവിതം. അതാണ് എന്റെ ലക്ഷ്യം. ഈ ഇരുമ്പ് വാതിലുകൾ തുറക്കുമ്പോൾ, പുറത്ത് എന്നെ കാത്തിരിക്കുന്നത് ആ മോചനത്തിന്റെ വെളിച്ചമാണ്.


V C Ajayakumar 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ