കളിമണ്ണും സ്വപ്നങ്ങളും

             കളിമണ്ണും സ്വപ്നങ്ങളും

​ഗ്രാമത്തിന്റെ ഊടുവഴികളിൽ, ഒരറ്റത്തെ മൺപാതയിൽ വണ്ടി തെന്നിനീങ്ങുമ്പോൾ ഷാജിയുടെ ശബ്ദം മുഴങ്ങി: "പച്ചക്കറി... പച്ചക്കറിയേ!" രാവിലെ തുടങ്ങിയ ഓട്ടമാണ്. കൈവശം ഇനി അഞ്ചാറുപേർക്കുള്ള പച്ചക്കറികളേ ബാക്കിയുള്ളൂ. അവസാനമായി കണ്ണപ്പൻ മുതലാളിയുടെ വീട്ടിൽ കയറി പച്ചക്കറി കൊടുത്തശേഷം സ്വന്തം വാടകവീട്ടിലേക്ക് മടങ്ങണം. മുതലാളിയുടെ വീടിനടുത്താണ് ഷാജിയും കുടുംബവും താമസിക്കുന്നത്.

​കണ്ണപ്പൻ മുതലാളിയും ലക്ഷ്മിയമ്മയും തനിച്ചാണ് താമസം. രണ്ടു വർഷം മുൻപ് ന്യൂമോണിയ വന്ന് അവരുടെ മകൻ മരിച്ചുപോയി.  അവർക്ക് പച്ചക്കറി നൽകിയ ശേഷം ഷാജി നേരെ മടങ്ങും. എത്ര നിർബന്ധിച്ചാലും ഷാജി അവരിൽ നിന്ന് പണം വാങ്ങാറില്ല. കൂടാതെ, ഞായറാഴ്ചകളിൽ അവരുടെ പറമ്പിലെ കാര്യങ്ങൾ നോക്കാനും സഹായിക്കും. ആ മനസ്സറിഞ്ഞ സ്നേഹം വാക്കുകൾക്കപ്പുറമായിരുന്നു.

​വൈകുന്നേരം ഇതേ വണ്ടിയിൽ തന്നെ അദ്ദേഹം നിലക്കടല കച്ചവടത്തിനായി പുറപ്പെടും. രാത്രി എട്ടോടെ കച്ചവടം മതിയാക്കി വീട്ടിലെത്തും. ഒരു കുളിയൊക്കെ കഴിഞ്ഞ് മക്കളെ കാണാൻ ചെല്ലുമ്പോൾ അനന്ദുവും ലക്ഷ്മിയും പഠനത്തിന്റെ തിരക്കിലായിരിക്കും.

​"എടീ, കുട്ടികളെവിടെ?" ഷാജിയുടെ വിളി കേട്ട് ഭാര്യ സുജ ഉമ്മറത്തേക്ക് വന്നു.

"അവരൊക്കെ പഠിക്കുന്നത് കണ്ടില്ലേ ചേട്ടാ. മോൻ പത്താം ക്ലാസിലാ. അതോർമ്മ വേണം." സുജ പറഞ്ഞു. ഷാജിക്ക് അനന്ദു (പത്തിൽ), ലക്ഷ്മി (ആറിൽ) എന്നിങ്ങനെ രണ്ടു മക്കളാണ്. സുജ അടുത്തുള്ള ടൈലറിംഗ് ഷോപ്പിൽ തയ്യൽ ജോലിക്ക് പോകുന്നുണ്ട്.

​സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഷാജിയെ അലട്ടിയിരുന്നു. വാടകവീട്ടിലെ ജീവിതം മടുത്തു. ഒരു വീട് 'തല്ലിക്കൂട്ടാൻ' സഹകരണ ബാങ്കിൽ ലോണിന് ശ്രമിച്ചാലോ? "സ്വന്തമായി ഭൂമിയുള്ളവർക്കേ ലോൺ കിട്ടൂ." തറവാട്ടിൽ നിന്നാണെങ്കിൽ ഒരവകാശവും കിട്ടാനില്ല.

​ഷാജി ജനിച്ചുവളർന്നത് ഒരു കുശവകുടിലിലാണ്. അച്ഛൻ മണ്ണുചക്രത്തിൽ കളിമണ്ണു കറക്കി ചട്ടികൾ മെനയും. പാതി ഉണങ്ങുമ്പോൾ അമ്മയെടുത്ത് അതിന്റെ അടിഭാഗം 'തല്ലിക്കൂട്ടും'. ചൂളയിൽ ചുട്ടെടുത്ത പാത്രങ്ങൾ ആഴ്ചച്ചന്തയിൽ വിറ്റാണ് അവർ അന്നന്നത്തെ ഉപജീവനം കണ്ടെത്തിയിരുന്നത്. മഞ്ജു എന്നൊരു പെങ്ങളുമുണ്ട് ഷാജിക്ക്.

​സ്കൂൾ വിട്ടു വന്നാൽ കാപ്പിയും പലഹാരങ്ങളും കിട്ടാത്ത ദിവസങ്ങളിൽ ഷാജിക്ക് ദേഷ്യം വരും. അപ്പോൾ അമ്മയുടെ കഷ്ടപ്പാടായ, ഉണങ്ങാൻ വെച്ചിരിക്കുന്ന മൺപാത്രങ്ങളിൽ ഒരു ചവിട്ടാണ്! എല്ലാം തകർന്നടിഞ്ഞ് മണ്ണോട് ചേരും. തലയിൽ കൈവെച്ച് മുത്തശ്ശി പ്രാകും: "നീ ഒരിക്കലും ഗതി പിടിക്കില്ലെടാ! ഇത് ഞാനാ പറയുന്നേ."

"അമ്മേ, അവനെ പ്രാകരുത്. അറിവില്ലായ്മ കൊണ്ടാണ്. പ്രായമാകുമ്പോൾ എന്റെ മോൻ നന്നാകും," അമ്മ അവനെ ചേർത്തുപിടിച്ചു പറയും.

​വൈകുന്നേരം അച്ഛൻ കള്ളുഷാപ്പിൽ പോകും. കുടിച്ചു ലക്കുകെട്ട് വീട്ടിൽ വന്നാൽ അമ്മയുടെ മേൽ കയ്യേറ്റം. എല്ലാം സഹിച്ച് ആ പാവം അമ്മ ജീവിച്ചു.

​ഇരുപത്തിയെട്ടാം വയസ്സിൽ ഷാജിയുടെ വിവാഹം കഴിഞ്ഞു. പേരിനുപോലും ഒരു ജോലിയുമില്ല. രാവിലെ ജംഗ്ഷനിലെ ചായക്കടയിൽ പോയി അമ്മ തരുന്ന പൈസയ്ക്ക് ചായ കുടിച്ച് സമയം കളയും. ഒടുവിൽ ആ ചായക്കടയിൽ വെച്ച് പൊറോട്ടയുണ്ടാക്കാൻ പഠിച്ചു. നല്ല അധ്വാനമുള്ള പണിയായിരുന്നു അതെങ്കിലും വിശപ്പടക്കാനും അത്യാവശ്യം പൈസ കിട്ടാനും തുടങ്ങി.

​വിവാഹശേഷം ഭാര്യയുടെ സഹോദരന്റെ ശുപാർശയിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ 'പൊറോട്ട മേക്കർ' ആയി ജോലി കിട്ടി. നല്ല ശമ്പളമുണ്ടായിരുന്നെങ്കിലും ചീത്ത കൂട്ടുകെട്ടിൽപ്പെട്ട് മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി. മാനേജർ വിവരമറിഞ്ഞതോടെ ഷാജിക്ക് ജോലി നഷ്ടമായി.

​ആ ദുരിതകാലത്താണ് അമ്മയുടെ മരണം. അതോടെ അച്ഛന്റെ സ്വഭാവം കൂടുതൽ വഷളായി. ഷാജിയുമായി വഴക്കും ബഹളവും പതിവായി. ഒടുവിൽ നാട്ടുകാരുടെ ഉപദേശം സ്വീകരിച്ച് കുടുംബത്തെയും കൂട്ടി അവർ എരൂരിലേക്ക് താമസം മാറി. അവിടുന്ന് ഒരു വാശിയായിരുന്നു: എങ്ങനെയെങ്കിലും കുടുംബത്തെ പോറ്റണം, നല്ല നിലയിൽ ആകണം. മണൽവാരൽ തൊഴിലാളിയായി, പിന്നെ കള്ള് ചെത്തുന്ന  പണി, അതിനുശേഷം ഇഷ്ടികക്കളത്തിൽ... അങ്ങനെ കുറേശ്ശെ സാമ്പത്തികഭദ്രത വന്നു. അച്ഛന് മുടങ്ങാതെ മണിയോർഡറും അയച്ചുതുടങ്ങി.

​ഷാജി സമ്പാദിക്കുന്ന പണം സുജ സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. അവൾ ജോലിക്ക് പോകുന്ന പണം കൊണ്ടാണ് വീട്ടുചെലവുകൾ നടന്നത്. "മക്കളെ നന്നായി പഠിപ്പിക്കണം. ഒരു വീട് വെക്കണം. മോളെ കെട്ടിക്കണം. ഇതിനൊക്കെ പൈസ വേണ്ടേ?" അവൾ ചോദിക്കും.

​ഒരു ദിവസം പച്ചക്കറി കൊടുക്കാൻ ചെന്നപ്പോൾ കണ്ണപ്പൻ മുതലാളി ചോദിച്ചു: "എടാ, നിന്റെ വീടുപണി പ്ലാനൊക്കെ എന്തായി?"

"അതൊന്നും നടപടിയാകുന്ന ലക്ഷണമില്ല മുതലാളി. സ്വന്തം പേരിൽ സ്ഥലമില്ലാതെ ബാങ്കിൽ നിന്ന് ലോൺ കിട്ടില്ല," ഷാജി വിഷമത്തോടെ പറഞ്ഞു.

​മുതലാളി ലക്ഷ്മിയമ്മയുമായി സ്വകാര്യം പറഞ്ഞ ശേഷം ഷാജിയോട് ചോദിച്ചു: "എടാ, ഞങ്ങളുടെ ഒരു പത്ത് സെന്റ് സ്ഥലം നിനക്ക് എഴുതിത്തന്നാലോ? ഞങ്ങൾക്ക് എന്തിനാ ഇത്രയും സ്ഥലം? ഇനി നീയാണ് ഞങ്ങൾക്ക് മകനായിട്ടുള്ളത്. ഞങ്ങളുടെ വയസ്സുകാലത്ത് നീയാണ് തുണ."

​അങ്ങനെ, സ്നേഹത്തിന്റെ ആധാരമായി ആ 10 സെന്റ് സ്ഥലം കണ്ണപ്പൻ മുതലാളി ഷാജിക്ക് എഴുതി നൽകി. ലോൺ നടപടികൾ വേഗത്തിലാക്കി, ഷാജിയുടെ സ്വപ്നം പോലെ വീടിന്റെ പണി തുടങ്ങി. സുജ ഒരു കുറി ചിട്ടി കൂടി തുടങ്ങി, അത് വീടുപണിക്ക് വലിയ സഹായമായി.

​വീടിന്റെ തേപ്പ് കഴിഞ്ഞപ്പോൾ കൈയിലെ പണം തീർന്നു. ഇഷ്ടികക്കളത്തിൽ പോയി അഡ്വാൻസ് വാങ്ങാമെന്ന് വെച്ചപ്പോഴാണ് മുതലാളി ഇടപെട്ടത്.

​"നീ ഇവിടം വിട്ട് പോകേണ്ട. ഞങ്ങൾക്ക് ഒരു ആവശ്യം വന്നാൽ ആരുണ്ട്? നിനക്ക് എത്ര രൂപയുടെ കുറവുണ്ട്?" മുതലാളി ചോദിച്ചു.

"ഒരു ലക്ഷം കൂടി ഉണ്ടെങ്കിൽ പണി തീർക്കാം മുതലാളി."

"ശരി, നാളെ രാവിലെ നീ ഇങ്ങോട്ട് വാ."

​പിറ്റേന്ന് രാവിലെ ഷാജിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നീട്ടി നൽകി അദ്ദേഹം. "ഇതുകൊണ്ട് പണി വേഗം തീരട്ടെ."

​ഷാജിയുടെ വീടുപണി തീർന്നു. പാലുകാച്ചൽ ചടങ്ങ് ലക്ഷ്മിയമ്മ തന്നെ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. അച്ഛനും മഞ്ജുവും ചടങ്ങിനെത്തി.

​മാസങ്ങൾ കഴിഞ്ഞപ്പോൾ സുജയ്ക്ക് ഒരു ആഗ്രഹം: "നമുക്ക് അച്ഛനെയും മഞ്ജുവിനെയും ഇങ്ങോട്ട് വിളിക്കാം. അച്ഛന് വയസ്സായതല്ലേ? മഞ്ജുവിന് ഇവിടെനിന്ന് ജോലിക്കും പോകാം, കല്യാണാലോചനകൾക്കും എളുപ്പമാണ്." ഷാജിക്ക് അത് നല്ല ആശയമായി തോന്നി.

​നാട്ടിലെത്തിയപ്പോൾ അച്ഛൻ കള്ള് ഉപേക്ഷിച്ചെന്ന നല്ല വാർത്തയറിഞ്ഞു. ഷാജി അവരെ എരൂരിലെ പുതിയ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

​ആ രാത്രി, അത്താഴത്തിനു ശേഷം സംസാരത്തിനിടെ സുജ ഒരു നിർദ്ദേശം വെച്ചു: "നമുക്ക് നമ്മുടെ ആ കുലത്തൊഴിൽ തന്നെ തുടങ്ങിയാലോ? ഒരു പുതിയ ചക്രം വാങ്ങിക്കണം. നമ്മുടെ പുതിയ തലമുറയ്ക്ക് വിശ്വകർമ്മാവിന്റെ മഹത്വം കാട്ടിക്കൊടുക്കണം."

​"അത് നല്ല ഐഡിയയാണ്," അച്ഛൻ ആവേശത്തോടെ പറഞ്ഞു. "സൃഷ്ടിയാണ് നമ്മുടെ കർമ്മം! അതിൽനിന്ന് കിട്ടുന്ന ആനന്ദം ഒന്ന് വേറെ തന്നെയാണ്. ഇവിടെയിപ്പോൾ ഞാനും ഉണ്ടല്ലോ നിന്നെ സഹായിക്കാൻ."

​താമസിയാതെ ഒരു ചക്രം സംഘടിപ്പിച്ചു. അച്ഛന്റെ മേൽനോട്ടത്തിൽ കളിമൺ ചട്ടികൾ ഉണ്ടാക്കിത്തുടങ്ങി. ഷാജി ചെറുപ്പത്തിലേ കുറച്ചൊക്കെ പഠിച്ചിരുന്നതിനാൽ പെട്ടെന്ന് തന്നെ കൈവഴങ്ങി. സുജ പാതി ഉണങ്ങിയ ചട്ടികളുടെ മൂട് തല്ലിക്കൂട്ടാൻ പഠിച്ചു.

​ഷാജിയുടെയും അച്ഛന്റെയും കരവിരുത് ചന്തയിൽ ശ്രദ്ധിക്കപ്പെട്ടു. കച്ചവടം കൂടാൻ തുടങ്ങിയതോടെ മൂന്നു നാല് പണിക്കാരെക്കൂടി എടുത്തു. താമസിയാതെ സർക്കാരിന്റെ ഹാൻഡിക്രാഫ്റ്റ് സെക്ഷനായ 'കൈരളി'യിൽ നിന്ന് സ്ഥിരം സപ്ലൈക്കുള്ള അന്വേഷണം വന്നു. ഷാജി സമ്മതിച്ചു. പത്തോളം പുതിയ ജോലിക്കാരെക്കൂടി ഉൾപ്പെടുത്തി ഉൽപ്പാദനം കൂട്ടി.

​പിന്നീട് എക്സ്പോർട്ട് ഓർഡറുകളും വന്നുതുടങ്ങി. സുഹൃത്തുക്കളുടെ ഉപദേശപ്രകാരം മാനുഫാക്ചറിംഗ് യൂണിറ്റായി രജിസ്റ്റർ ചെയ്തു. അങ്ങനെ 'ലക്ഷ്മി പോട്ടറീസ്' പിറവിയെടുത്തു.

​മൂന്നു വർഷം കഴിഞ്ഞപ്പോൾ ഷാജിക്ക് സ്വന്തമായി ഓഫീസായി. ഇരുപതോളം ജോലിക്കാർ. കണ്ണപ്പൻ മുതലാളിയാണ് ഇപ്പോൾ ഓഫീസ് ഇൻ ചാർജ്. ലക്ഷ്മിയമ്മയും ഇടയ്ക്ക് വരും. സുജയാണ് മാനുഫാക്ചറിംഗ് യൂണിറ്റിന്റെ ചീഫ്.

​അനന്ദു ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ MBBS വിദ്യാർത്ഥിയാണ്. ലക്ഷ്മി  പ്ലസ് ടുവിലും. മഞ്ജുവിന് സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസറായ നല്ലൊരു ചെറുപ്പക്കാരനുമായി കല്യാണം കെങ്കേമമായി നടത്തി.

​വയസ്സായെങ്കിലും അച്ഛൻ ദിവസവും അമ്പലങ്ങളിൽ പോകും. ഷാജി വീട് പുതുക്കിപ്പണിതു. ഏറ്റവും വലിയ സന്തോഷം, കണ്ണപ്പൻ മുതലാളിയും ലക്ഷ്മിയമ്മയും ഇപ്പോൾ ഷാജിയുടെ കൂടെയാണ് താമസം എന്നതാണ്.

​സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള കുട്ടികൾ ഷാജിയുടെ ഫാക്ടറി കാണാനെത്തുന്നു. ആർക്കും വേണ്ടാതെ കിടന്ന കുലത്തൊഴിൽ പുനരുജ്ജീവിപ്പിച്ച്, ഷാജിയുടെ കുടുംബം നാടിനും സമുദായത്തിനും ഒരു വലിയ മാതൃകയായി വളർന്നു. പച്ചക്കറി വിറ്റു നടന്ന ഷാജി, ഇന്ന് ഒരു വ്യവസായത്തിന്റെ ഉടമയായി, വിശ്വകർമ്മാവിന്റെ സൃഷ്ടികർമ്മത്തിന്റെ ആനന്ദം അനുഭവിച്ചുകൊണ്ട് ജീവിക്കുന്നു.


V C Ajayakumar 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ