പാർക്കിങ് ലോട്ടിലെ കാവൽക്കാരൻ


 പാർക്കിങ് ലോട്ടിലെ കാവൽക്കാരൻ

​എന്റെ പേര് ഡാനിയേൽ. വയസ്സ് എഴുപത്തിമൂന്ന്. കൂട്ടുകാർ എന്നെ 'ദയാവാൻ ഡാനിയേൽ' എന്ന് സ്നേഹത്തോടെ വിളിക്കും. സെന്റ് ജോസഫ്സ് ആശുപത്രിയിലെ പാർക്കിങ് ലോട്ടിൽ വണ്ടികൾക്ക് വഴികാണിക്കുന്നതാണ് എന്റെ ജോലി.

​മങ്ങിയ ഓറഞ്ച് നിറമുള്ള യൂണിഫോം, കയ്യിലൊരു വിസിൽ, പിന്നെ കടുപ്പത്തിലൊരു ചായ — ഇത്രയുമാണ് എന്റെ ദിവസത്തിന്റെ തുടക്കം. ഭൂരിഭാഗം പേർക്കും ഞാൻ വെറുമൊരു വഴികാട്ടി മാത്രമാണ്; അല്ലെങ്കിൽ ഒരു തടസ്സം. അവർ എന്റെ മുഖത്തുപോലും നോക്കാറില്ല. പക്ഷേ, ഞാൻ എല്ലാവരെയും കാണുന്നുണ്ടായിരുന്നു; അവരുടെ മുഖങ്ങളെയും അതിലെ സങ്കടങ്ങളെയും.

​കഴിഞ്ഞ മൂന്നാഴ്ചയായി രാവിലെ കൃത്യം ആറുമണിക്ക് വരുന്ന ഒരു കറുത്ത സെഡാൻ കാർ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡ്രൈവിംഗ് സീറ്റിൽ ഒരു ചെറുപ്പക്കാരൻ. പിൻസീറ്റിൽ തളർന്നിരിക്കുന്ന അവന്റെ മുത്തശ്ശി. തലയിലെ സ്കാർഫ് കണ്ടാൽ അറിയാം, കീമോതെറാപ്പിക്കായി വരുന്നതാണ്.

​ആ ചെറുപ്പക്കാരന്റെ മുഖത്തെ വെപ്രാളം എനിക്ക് പരിചിതമായിരുന്നു. എങ്ങനെയെങ്കിലും ഒഴിഞ്ഞ ഒരു സ്ഥലം കണ്ടുപിടിക്കണം, മുത്തശ്ശിയെയും കൊണ്ട് വേഗം ഡോക്ടറുടെ അടുത്തെത്തണം. എന്നാൽ തിരക്കേറിയ പാർക്കിങ് ലോട്ടിൽ സ്ഥലം കിട്ടാതെ, ഇരുപത് മിനിറ്റോളം അവൻ വട്ടം കറങ്ങും. പലപ്പോഴും അപ്പോയിന്റ്മെന്റ് സമയം കഴിഞ്ഞ് നിരാശയോടെ മടങ്ങുന്നതും ഞാൻ കണ്ടിട്ടുണ്ട്.

​ഒരു ദിവസം അവൻ മടങ്ങാൻ തുനിയുമ്പോൾ ഞാൻ കൈകാട്ടി തടഞ്ഞു.

"നാളെ ഏത് സമയത്താ മോൻ വരുന്നത്?"

​വിഷമത്തോടെ അവൻ പറഞ്ഞു: "ആറരയ്ക്ക്…. എന്താ അപ്പൂപ്പാ ചോദിച്ചത്?"

​"നാളെ വരുമ്പോൾ നേരെ  A-7 സ്ലോട്ടിലേക്ക് പോന്നോളൂ. ഞാനത് ഒഴിച്ചിട്ടിരിക്കും."

​അവൻ അവിശ്വസനീയതയോടെ എന്നെ നോക്കി.

"അതിനൊക്കെ... അപ്പൂപ്പന് അധികാരമുണ്ടോ?"

​ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "ഇന്നുമുതൽ എനിക്കുണ്ട്."

​പിറ്റേന്ന് രാവിലെ, മറ്റ് ഡ്രൈവർമാരുടെ ഹോൺ അടികൾക്കും ശകാരങ്ങൾക്കും നടുവിൽ ഞാൻ എ-7 സ്ലോട്ടിന് കുറുകെ നിന്നു. ആ സെഡാൻ കാർ വന്നതും ഞാൻ മാറി, അവർക്ക് വഴിയൊരുക്കി.

​കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ അവൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

"എന്തിനാ അപ്പൂപ്പാ ഇത്രയും റിസ്ക് എടുക്കുന്നത്?"

​"കഴിഞ്ഞ കുറെ ദിവസങ്ങളായി വയ്യാത്ത മുത്തശ്ശിയെയും കൊണ്ട് നീ  അലയുന്നത് ഞാൻ കാണുന്നുണ്ട് മോനേ... ഈ പാർക്കിങ് ലോട്ടിൽ വട്ടം കറങ്ങാനല്ലല്ലോ നീ വരുന്നത്."

​ആ മറുപടി അവനെ വല്ലാതെ സ്പർശിച്ചു.

​അന്നുമുതൽ ഞാൻ എന്റെ ജോലിയിൽ ചെറിയൊരു മാറ്റം വരുത്തി. ദൈന്യതയുള്ള മുഖങ്ങളെ ഞാൻ തിരഞ്ഞുപിടിക്കാൻ തുടങ്ങി. പാർക്കിൻസൺസ് രോഗം ബാധിച്ച അച്ഛനെ താങ്ങിപ്പിടിച്ചു കൊണ്ടുവരുന്ന മകൻ, അത്യാസന്ന നിലയിലായ ഭർത്താവിനെ കാണാൻ ഓടിയെത്തുന്ന ഭാര്യ... അവർക്കെല്ലാം ഞാൻ ഇടം മാറ്റി വെച്ചു.

​രാവിലെ അഞ്ചുമണിക്ക് തന്നെ ഞാൻ ഡ്യൂട്ടിക്ക് എത്തിത്തുടങ്ങി. ഒരു ചെറിയ നോട്ട്ബുക്കിൽ അത്യാവശ്യക്കാരുടെ പേരുകൾ കുറിച്ചുവെക്കും. ഹോൺ മുഴക്കി ദേഷ്യപ്പെട്ടിരുന്നവർ സാവധാനം ക്ഷമിക്കാൻ പഠിച്ചു. ഓരോ കാറിനുള്ളിലും ഒരു നോവുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങി.

​ഒരിക്കൽ ഒരു വലിയ ബെൻസ് കാറിൽ വന്ന ബിസിനസ്സുകാരൻ ഞാൻ തടഞ്ഞു വെച്ച എ-7 സ്ലോട്ട് കണ്ട് ദേഷ്യപ്പെട്ടു.

"എനിക്ക് അസുഖമൊന്നുമില്ല! പക്ഷേ വലിയൊരു മീറ്റിംഗ് ഉണ്ട്. എനിക്കിവിടെ പാർക്ക്‌ ചെയ്തേ തീരൂ!"

​ഞാൻ ശാന്തമായി അദ്ദേഹത്തോട് പറഞ്ഞു:

"സർ, ഈ സ്ഥലം മാറ്റിവെച്ചിരിക്കുന്നത് കൈ വിറക്കുന്നതുമൂലം സ്റ്റിയറിങ് പിടിക്കാൻ പോലും ത്രാണിയില്ലാത്ത, വേദന തിന്നുന്ന ഒരാൾക്ക് വേണ്ടിയാണ്. നിങ്ങളുടെ മീറ്റിംഗിനേക്കാൾ അത്യാവശ്യം അയാളുടെ ജീവനാണ്."

​അയാൾ ദേഷ്യത്തോടെ കാർ തിരിച്ചുപോയി. പക്ഷേ അന്ന് വൈകുന്നേരം മറ്റൊരു സ്ത്രീ കാറിൽ നിന്നിറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. "എന്റെ ഭർത്താവിന്റെ അവസാന സമയത്ത് അദ്ദേഹത്തിന് കൂട്ടിരിക്കാൻ പറ്റി. ഈ സ്ഥലം എനിക്ക് തന്നതിന് നന്ദി."

​ആശുപത്രി അധികൃതർക്ക് എന്നെക്കുറിച്ച് പരാതികൾ ലഭിച്ചുതുടങ്ങി. നിയമം ലംഘിക്കുന്നു, ഇഷ്ടക്കാർക്ക് പാർക്കിങ് കൊടുക്കുന്നു എന്നൊക്കെയായിരുന്നു ആരോപണം. എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ അവർ തീരുമാനിച്ചു.

​എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. രോഗികളുടെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കത്തുകൾ അയക്കാൻ തുടങ്ങി. ഡസൻ കണക്കിന് കത്തുകൾ!

"ഏറ്റവും വിഷമമേറിയ ദിവസങ്ങളിൽ ഡാനിയേൽ ഞങ്ങൾക്ക് ആശ്വാസമായിരുന്നു."

"മരുന്നിനേക്കാൾ ഫലം ചെയ്തത് ആ പാർക്കിങ് ലോട്ടിലെ കരുതൽ ആയിരുന്നു."

​ഒടുവിൽ, ആശുപത്രി അധികൃതർക്ക് വഴങ്ങേണ്ടി വന്നു. അവർ പാർക്കിങ് ലോട്ടിൽ പത്തിടത്ത് പുതിയ ബോർഡുകൾ സ്ഥാപിച്ചു:

'Reserved for Families in Crisis' (അത്യാഹിത വിഭാഗത്തിലെത്തുന്നവരുടെ കുടുംബങ്ങൾക്ക് മാത്രം)

​രണ്ടുവർഷങ്ങൾക്ക് ശേഷം, ആ പഴയ ചെറുപ്പക്കാരൻ വീണ്ടും വന്നു. അവന്റെ അമ്മുമ്മയുടെ അസുഖം ഭേദമായിരിക്കുന്നു. ഒരു മരപ്പണിക്കാരനായ അവൻ മനോഹരമായ ഒരു മരപ്പെട്ടി പാർക്കിങ് ലോട്ടിൽ സ്ഥാപിച്ചു.

​അതിനുള്ളിൽ പ്രാർത്ഥന കാർഡുകൾ, ടിഷ്യൂ പേപ്പറുകൾ, മിഠായികൾ, സ്നാക്ക്സുകൾ എന്നിവയുണ്ടായിരുന്നു. അതിന് മുകളിൽ ഇങ്ങനെ എഴുതിയിരുന്നു:

"നിങ്ങൾക്ക് ആവശ്യമുള്ളത് എടുക്കാം. ഓർക്കുക, നിങ്ങൾ ഒറ്റക്കല്ല."

​ഇന്നതൊരു അത്ഭുതപെട്ടിയാണ്. അപരിചിതരായ മനുഷ്യർ അതിൽ സാധനങ്ങൾ നിറയ്ക്കുന്നു. പ്രോട്ടീൻ ബാറുകൾ, സ്നാക്സുകൾ, കൈകൊണ്ട് നെയ്ത പുതപ്പുകൾ... അങ്ങനെ പലതും.

​ഇപ്പോൾ എനിക്ക് 73 വയസ്സായി. ഇപ്പോഴും വെയിലുകൊണ്ട് വണ്ടികൾ നിയന്ത്രിക്കുന്ന ഒരു സാധാരണ വൃദ്ധൻ. പക്ഷേ, ഞാൻ പഠിച്ച വലിയൊരു പാഠമുണ്ട്.

​രോഗശാന്തി നടക്കുന്നത് ഓപ്പറേഷൻ തിയേറ്ററിലോ ഐ.സി.യുവിലോ  മാത്രമല്ല. ഹോസ്പിറ്റൽ ഗേറ്റിൽ, പാർക്കിംഗ് ലോട്ടിൽ  അല്ലെങ്കിൽ ഒരു ചെറുപുഞ്ചിരിയിൽ... അവിടെയൊക്കെ സൗഖ്യം തുടങ്ങുന്നു.

​നമുക്ക് ചുറ്റുമുള്ളവരുടെ ഭാരം അല്പമെങ്കിലും കുറയ്ക്കാൻ ശ്രമിക്കുക. അവർക്ക് വേണ്ടി ഒരു വാതിൽ തുറന്നിടുക.

കാരണം, ജീവിതം എന്നത് നമ്മൾ ആർക്കൊക്കെ തണലായി എന്നതുകൂടിയാണ്. 



V C Ajayakumar

12/12/2025

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ