പ്രതീക്ഷയുടെ ഒരു യാത്ര
പ്രതീക്ഷയുടെ ഒരു യാത്ര
കൊച്ചി മെട്രോയിൽ കലൂർ സ്റ്റേഷനിൽ നിന്ന് കയറിയതാണ് സുന്ദറും ഭാര്യ രമണിയും. അറുപത്തിയഞ്ചുകാരനായ സുന്ദറിനും അറുപതുകാരിയായ രമണിക്കും ചെറിയ യാത്രകളിൽ സന്തോഷം കണ്ടെത്തുന്നത് ഒരു ശീലമായിരുന്നു. നഗരത്തിന്റെ താളത്തിനൊത്ത് മെട്രോ ട്രെയിൻ മുന്നോട്ട് കുതിച്ചു. സ്റ്റേഷനുകൾ തോറും ആളുകൾ കയറിക്കൊണ്ടിരുന്നു. തിരക്കിനിടയിൽ സംസാരങ്ങളും ചിരികളും ഉയർന്നു. സുന്ദറും രമണിയും ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
മൂന്നോ നാലോ സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ, കയ്യിൽ ഊന്നുവടിയുമായി ഒരു വൃദ്ധൻ കഷ്ടപ്പെട്ട് ട്രെയിനിലേക്ക് കയറി. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടയുടൻ അടുത്ത സീറ്റിലിരുന്ന ഒരു യുവാവ് മൊബൈലിൽ നിന്ന് കണ്ണെടുത്ത് വേഗത്തിൽ എഴുന്നേറ്റ്, "അപ്പൂപ്പാ, ഇവിടെ ഇരുന്നോളൂ" എന്ന് പറഞ്ഞ് സീറ്റ് ഒഴിഞ്ഞുകൊടുത്തു.
എന്നാൽ വൃദ്ധൻ ആ സീറ്റിലേക്ക് നീങ്ങുന്നതിന് മുൻപ്, പത്തു വയസ്സോളം പ്രായം തോന്നിക്കുന്ന, വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച ഒരു പെൺകുട്ടി ഓടിച്ചെന്ന് ആ സീറ്റിൽ ഇരിപ്പുറപ്പിച്ചു. ഇത് കണ്ട പെൺകുട്ടിയുടെ അമ്മയുടെ മുഖത്ത് 'എന്റെ കുഞ്ഞ് എത്ര ബുദ്ധിമതി, സീറ്റ് വേഗം സ്വന്തമാക്കി' എന്ന ഭാവത്തിൽ ഒരു നേർത്ത ചിരി വിരിഞ്ഞു. അവർ ഫോണിൽ ശ്രദ്ധ തുടരുകയും ചെയ്തു. ഊന്നുവടിയുമായി നിസ്സഹായനായി നിൽക്കുന്ന വൃദ്ധനെ യുവാവ് സങ്കടത്തോടെ നോക്കി.
ഈ രംഗം കണ്ട സുന്ദർ ശാന്തമായി പെൺകുട്ടിയോട് പറഞ്ഞു: "മോളേ, ആ അപ്പൂപ്പന് സീറ്റ് കൊടുക്കണം. ഈ അങ്കിൾ അപ്പൂപ്പന് വേണ്ടിയാണ് സീറ്റ് ഒഴിഞ്ഞുകൊടുത്തത്. മുതിർന്നവരെ ബഹുമാനിക്കണം, പ്രത്യേകിച്ച് വയ്യാത്തവരെ."
എന്നാൽ കുട്ടി ഒട്ടും വഴങ്ങാതെ സുന്ദറിനോട് തിരിച്ചു ചോദിച്ചു: "ആ അങ്കിൾ (സീറ്റ് ഒഴിഞ്ഞുകൊടുത്ത യുവാവ്) നിൽക്കുന്നുണ്ടല്ലോ? പിന്നെന്താ അപ്പൂപ്പന് നിന്നാൽ? എനിക്ക് ഈ സീറ്റ് വേണം. അമ്മേ, ഈ അങ്കിൾ എന്നോട് വഴക്കുണ്ടാക്കുന്നു!" കുട്ടി വാശിയോടെ പറഞ്ഞു.
അമ്മ അപ്പോഴും ഫോണിൽ എന്തോ നോക്കിക്കൊണ്ട് മൗനം പാലിച്ചു. സ്വന്തം കുട്ടി കാണിക്കുന്ന സ്വാർത്ഥത അവരെ അലട്ടുന്നതേയില്ലെന്ന് തോന്നി.
കുഞ്ഞുങ്ങളുടെ മനസ്സിൽ മുതിർന്നവർ സ്വാർത്ഥതയുടെ വിത്തുകൾ കുത്തിവെക്കരുത്. മറ്റുള്ളവന് കിട്ടാത്തത് തനിക്ക് കിട്ടണം എന്ന ചിന്തയല്ല, മറിച്ച് മറ്റൊരാൾക്ക് ബുദ്ധിമുട്ടുള്ളപ്പോൾ അവരെ സഹായിക്കണം എന്ന വലിയ പാഠമാണ് നൽകേണ്ടത്. സുന്ദറിന്റെ മനസ്സിൽ ആ ചിന്തകൾ അലയടിച്ചു.
സുന്ദർ സൗമ്യമായി വീണ്ടും പുഞ്ചിരിച്ചു: "ആ അങ്കിളിന് നടക്കാനും നിൽക്കാനും പറ്റും മോളെ. അപ്പൂപ്പന് വയ്യാത്തതുകൊണ്ടാണ് അങ്കിൾ സീറ്റ് കൊടുത്തത്. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമാകണം, മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നതിലാണ് ഏറ്റവും വലിയ സന്തോഷം. മോളൊരു നല്ല കുട്ടിയല്ലേ, എഴുന്നേറ്റേ?"
അതൊന്നും ചെവിക്കൊള്ളാതെ കുട്ടി ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.
ഇതൊക്കെ ശ്രദ്ധിച്ചുകൊണ്ട് അടുത്ത സീറ്റിലിരുന്ന ഒരു മധ്യവയസ്കയായ സ്ത്രീ അല്പം പരുഷമായ സ്വരത്തിൽ കുട്ടിയുടെ അമ്മയെ നോക്കി പറഞ്ഞു: "ഈ അമ്മയെ കണ്ടല്ലേ ആ കുട്ടി വളരുന്നത്? പഠനത്തിൽ ഒന്നാം സ്ഥാനത്ത് വരുന്നതിനേക്കാൾ വലുതാണ് നല്ല മനുഷ്യരായി വളരുന്നത്. കുട്ടികൾ എത്ര പഠിക്കുന്നു എന്നതിലല്ല കാര്യം, അവർ എത്ര നല്ല മനുഷ്യരായി വളരുന്നു എന്നതാണ് കാര്യം. അവർ നല്ല നല്ല ഗുണപാഠ കഥകൾ കേട്ട് വളരണം, മറ്റുള്ളവരോട് സ്നേഹവും അനുകമ്പയും കാണിക്കണം. നിങ്ങളുടെ മൗനം മകൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണ് മോളുടെ സ്വാർത്ഥത."
ആ വാക്കുകൾ ആ അമ്മയുടെ മനസ്സിൽ തറച്ചു. ചുറ്റുമുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് തിരിഞ്ഞപ്പോൾ അവർ ലജ്ജയോടെ ഫോൺ മാറ്റി, തല താഴ്ത്തി. സ്വന്തം പെരുമാറ്റം എത്ര മോശമായിരുന്നു എന്ന് ആ അമ്മ തിരിച്ചറിഞ്ഞു. "മോളേ, എഴുന്നേറ്റു നിൽക്ക്. അപ്പൂപ്പനെ അവിടെ ഇരുത്ത്." അമ്മയുടെ സ്വരം നേർത്തുപോയിരുന്നു.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞ്, കുട്ടി സീറ്റിൽ നിന്ന് എഴുന്നേറ്റ് അപ്പൂപ്പനെ നോക്കി പറഞ്ഞു: "സോറി അപ്പൂപ്പാ, ഇവിടെ ഇരിക്കൂ. എനിക്ക് തെറ്റിപ്പോയി."
അപ്പൂപ്പൻ വാത്സല്യത്തോടെ പുഞ്ചിരിച്ച്, കുട്ടിയുടെ തലയിൽ കൈവെച്ചു. "നന്ദി മോളെ. സാരമില്ല, നീ നല്ല കുഞ്ഞാണ്. നീ വലുതാകുമ്പോൾ ഒരുപാട് പേരെ സഹായിക്കണം, കേട്ടോ?"
ആശ്വാസത്തോടെ സീറ്റിലിരുന്ന അപ്പൂപ്പനെ നോക്കി സുന്ദർ നിശ്ശബ്ദമായി പുഞ്ചിരിച്ചു. യുവാവും, അഭിപ്രായം പറഞ്ഞ സ്ത്രീയും സന്തോഷത്തോടെ തലയാട്ടി.
രമണി തലചരിച്ചു സുന്ദറിന്റെ ചെവിയിൽ പറഞ്ഞു: "പുതിയ തലമുറ ഇനിയും ഒരുപാട് പഠിക്കാനുണ്ട്, പക്ഷേ ആ അമ്മയ്ക്ക് നമ്മുടെ ഒരു വാക്ക് മതിയായിരുന്നു സ്വയം തിരുത്താൻ".
"അതേ! പുതിയ തലമുറയിൽ ഒരു പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്". സുന്ദർ പറഞ്ഞു.
ട്രെയിൻ അടുത്ത സ്റ്റേഷനിലേക്ക് പാഞ്ഞു. നഗരത്തിന്റെ വേഗതയിൽ ആ ചെറിയ സംഭവം മനസ്സിൽ നിന്നും മാഞ്ഞുപോയെങ്കിലും, ഈ തോന്നൽ സുന്ദറിന്റെ മനസ്സിൽ തെളിഞ്ഞു നിന്നു:
"ഒരു മാറ്റം തുടങ്ങുന്നത് ചിലപ്പോൾ ഒരൊറ്റ വാക്കിൽനിന്നോ, സത്യസന്ധമായ ഒരു പ്രവർത്തിയിൽ നിന്നോ ആകാം. അത് കേൾക്കുന്നവന്റെ മനസ്സിലാണ് പുതിയൊരു മനുഷ്യൻ പിറവിയെടുക്കുന്നത്."
V C Ajayakumar
25/01/2026
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ