രണ്ടാം ബാല്യം
രണ്ടാം ബാല്യം
രാഘവൻ നായർ തന്റെ എഴുപതാം വയസ്സിൽ ഒരു വലിയ സത്യം തിരിച്ചറിഞ്ഞു: പണ്ട് കാരണവന്മാർ പറഞ്ഞ "വിശ്രമജീവിതം" എന്നത് വെറും പരസ്യവാചകം മാത്രമാണ്.
പണ്ട്, അച്ഛൻ ഈ പ്രായത്തിൽ ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന് 'രാമ രാമ' എന്ന് ജപിക്കുമ്പോൾ, രാഘവൻ നായരുടെ ഭാര്യ അടുക്കളയിൽ ദോശ ചുടുകയായിരുന്നു. അന്ന് രാഘവൻ നായരായിരുന്നു വീടിന്റെ എഞ്ചിൻ. ഇന്നും, രാഘവൻ നായർ തന്നെയാണ് എഞ്ചിനും ബോഡിയും ഡ്രൈവറും.
"അച്ഛാ, ഗീസറിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്. കറന്റ് ബിൽ കൂടും," ലണ്ടനിൽ ഇരുന്ന് മകൻ ആദർശ് സ്ക്രീനിലൂടെ ഉപദേശിച്ചു.
രാഘവൻ നായർ ലാപ്ടോപ്പിലേക്ക് നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. "ഡാ, നിന്റെ അമ്മയ്ക്ക് നടുവേദനയാ. എനിക്കാണെങ്കിൽ മുട്ടുവേദനയും. ഒന്ന് ഹോസ്പിറ്റലിൽ പോകണം."
"അതിനെന്താ അച്ഛാ, 'ഊബർ' വിളിച്ചാൽ മതിയല്ലോ. എല്ലാം ഫോണിലില്ലേ? പിന്നെ, ആപ്പിളും പാലും തീർന്നെങ്കിൽ 'ബിഗ് ബാസ്ക്കറ്റിൽ' ഓർഡർ ചെയ്തോണം."
ഭാരമില്ലാത്ത ജീവിതം! മക്കൾക്ക് ഭാരമില്ല, രാഘവൻ നായർക്ക് വിശ്രമവുമില്ല.
അടുക്കളയിൽ നിന്ന് പാത്രം വീഴുന്ന ശബ്ദം കേട്ട് രാഘവൻ നായർ ഓടിച്ചെന്നു. ഭാര്യ സുമിത്ര തളർന്നിരിക്കുകയാണ്.
"നമുക്കൊരു ഹോം നഴ്സിനെ വെക്കാം എന്ന് കുറെ നാളായി ആദർശ് പറയുന്നു," സുമിത്ര കിതച്ചുകൊണ്ട് പറഞ്ഞു.
"വേണ്ട," രാഘവൻ നായർ കടുപ്പിച്ചു പറഞ്ഞു. "കഴിഞ്ഞ തവണ വന്നവൾ ഇൻസ്റ്റാഗ്രാം റീൽസ് എടുക്കാൻ എന്റെ കഷണ്ടി തലയിൽ ചായക്കപ്പ് വെച്ചത് ഓർമയില്ലേ?. ഇനി അത് വയ്യ."
ഇത്തവണ ആദർശ് അയച്ചു കൊടുത്തത് ഒരു 'റോബോട്ടിക് വാക്വം ക്ലീനർ' ആണ്. അത് വീടിന്റെ മൂലകളിൽ തട്ടിത്തടഞ്ഞു നടക്കുന്നത് കാണുമ്പോൾ രാഘവൻ നായർക്ക് തന്റെ തന്നെ അവസ്ഥയാണ് ഓർമ്മ വരിക. എങ്ങോട്ട് പോകണം എന്നറിയാതെ വട്ടം കറങ്ങുന്ന യന്ത്രം!
വൈകുന്നേരം മരുന്നിന്റെ മണം പിടിച്ച മുറിയിൽ ഇരിക്കുമ്പോൾ മകൻ പറഞ്ഞ കാര്യം രാഘവൻ നായർ ഓർത്തു. "അച്ഛൻ പെൻഷൻ ആയില്ലേ? ഇനി ഒന്നും പേടിക്കണ്ട, റിലാക്സ് ചെയ്തോളൂ". ഇപ്പോൾ രാഘവൻ നായർ റിലാക്സ് ചെയ്യുന്നത് ഇങ്ങനെയാണ്:
- രാവിലെ പാൽക്കാരനെ കാത്തുനിൽക്കുന്നു.
- ഉച്ചയ്ക്ക് പച്ചക്കറിവണ്ടി വരുന്നതും നോക്കി നിൽക്കുന്നു.
- രാത്രിയിൽ ബിപി അപ്പാരറ്റസ് തനിയെ കയ്യിൽ കെട്ടി റീഡിംഗ് എടുക്കുന്നു.
പെട്ടെന്നാണ് കോളിംഗ് ബെൽ അടിച്ചത്. അയൽപക്കത്തെ വാസുദേവൻ പിള്ളയാണ്. പുള്ളിയും ഇതേ 'വിശ്രമജീവിതം' നയിക്കുന്ന ആളാണ്.
"നായരേ, ഗൾഫിലുള്ള മോൻ ഒരു പുതിയ സ്മാർട്ട് വാച്ച് അയച്ചു തന്നു. ബിപി കൂടിയാൽ അത് മോന്റെ ഫോണിൽ മെസ്സേജ് അയക്കും. അപ്പൊ അവൻ അവിടുന്ന് വിളിച്ച് എന്നെ ചീത്ത പറയും. എന്റെ ബിപി പിന്നെയും കൂടും!" പിള്ള ചിരിച്ചു.
രാഘവൻ നായർ തന്റെ പഴയ ചാരുകസേരയിലേക്ക് നോക്കി. അവിടെയിപ്പോൾ പത്രങ്ങളല്ല, മറിച്ച് 'ഓൺലൈൻ മെഡിസിൻ' ഡെലിവറി ചെയ്ത കാർട്ടൺ ബോക്സുകളാണ് ഇരിക്കുന്നത്.
"സുമിത്രേ," അദ്ദേഹം വിളിച്ചു. "അടുത്ത ജന്മത്തിലെങ്കിലും എന്നെ ഒരു സ്മാർട്ട് ഫോൺ ആയി ജനിപ്പിക്കാൻ പ്രാർത്ഥിക്കണം. എങ്കിൽ അവനെപ്പോഴും എന്നെ കയ്യിൽ കൊണ്ട് നടന്നേനെ".
രാഘവൻ നായരുടെ ആത്മഗതം കേട്ട് അടുക്കളയിൽ നിന്ന് സുമിത്ര പാത്രം കഴുകുന്നതിനിടയിൽ ഒന്ന് ചിരിച്ചു. ആ ചിരിയിൽ പരിഹാസത്തേക്കാൾ കൂടുതൽ ഒരുതരം നിസ്സഹായതയായിരുന്നു.
"സ്മാർട്ട് ഫോണായാൽ ചാർജ് തീരുമ്പോൾ അവർ നമ്മളെ മൂലയ്ക്ക് എറിയും, രാഘവേട്ടാ" സുമിത്ര വിളിച്ചു പറഞ്ഞു. "അതിനേക്കാൾ നല്ലത് ആ റോബോട്ട് ക്ലീനറാവുന്നത് ആണ്. ഇടയ്ക്കൊന്ന് ചാർജ് തീർന്നാൽ എവിടെയെങ്കിലും പോയി സമാധാനമായി ഉറങ്ങാമല്ലോ!"
വാസുദേവൻ പിള്ള വാച്ചിൽ നോക്കി വേവലാതിപ്പെട്ടു. "നായരേ, ഇതിപ്പോൾ 95 കാണിക്കുന്നു. മോൻ കാണുന്നതിന് മുൻപ് എനിക്കൊന്ന് നടക്കണം. നടന്നാൽ ബിപി കുറയുമെന്നാ അവൻ പറയുന്നത്." പിള്ള തിടുക്കത്തിൽ എഴുന്നേറ്റു.
രാഘവൻ നായർ ജനാലയിലൂടെ പുറത്തേക്ക് നോക്കി. മുറ്റത്തെ മാവ് പൂത്തു നിൽക്കുന്നു. പണ്ട് ആദർശ് ചെറിയ കുട്ടിയായിരുന്നപ്പോൾ ആ മാവിൽ ഊഞ്ഞാൽ കെട്ടി ആടുമായിരുന്നു. ഇന്ന് ആ മാവിൻ ചുവട്ടിൽ ഉണങ്ങിയ ഇലകൾ അടിച്ചുവാരാൻ പോലും ആരുമില്ല. റോബോട്ടിക് ക്ലീനറിന് മുറ്റത്തിറങ്ങാൻ അറിയില്ലല്ലോ!
പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത്. വീഡിയോ കോളാണ്. ലണ്ടനിൽ നിന്ന് മരുമകൾ ശ്വേതയാണ്.
"അച്ഛാ, അവിടെ തണുപ്പുണ്ടോ? ആദർശ് പറഞ്ഞല്ലോ അച്ഛന് ചെറിയൊരു ചുമയുണ്ടെന്ന്. ഞാൻ ഒരു 'എയർ പ്യൂരിഫയർ' ഓർഡർ ചെയ്തിട്ടുണ്ട്. നാളെ എത്തും."
രാഘവൻ നായർ ദീർഘമായി ശ്വസിച്ചു. "മോളെ, ഇവിടെ നല്ല കാറ്റുണ്ട്. ആ എയർ പ്യൂരിഫയറിന്റെ ഒന്നും ആവശ്യമില്ല."
"അതല്ല അച്ഛാ, അതിൽ സെൻസറുകൾ ഉണ്ട്. വായു മോശമായാൽ അത് ആപ്പിൽ കാണിക്കും. അച്ഛൻ ജനൽ അടച്ചിട്ടാൽ മതി."
ഫോൺ വെച്ച ശേഷം രാഘവൻ നായർ സ്വയം ചോദിച്ചു, "ഇനിയിപ്പോൾ ശുദ്ധവായു ശ്വസിക്കാനും ആപ്പിന്റെ അനുവാദം വേണോ?"
അദ്ദേഹം പതുക്കെ എഴുന്നേറ്റ് തന്റെ പഴയ പെട്ടി തുറന്നു. അതിനുള്ളിൽ തുരുമ്പിച്ച ഒരു താക്കോൽക്കൂട്ടം ഉണ്ടായിരുന്നു. പണ്ട് ആദർശിനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചപ്പോൾ ഉപയോഗിച്ച ആ പഴയ സൈക്കിളിന്റെ താക്കോൽ.
"സുമിത്രേ, ഞാൻ ഒന്ന് പുറത്തു പോയി വരാം."
"ഈ സന്ധ്യയ്ക്കോ? എങ്ങോട്ട്?" സുമിത്ര അമ്പരന്നു.
"നമ്മുടെ ആ പഴയ സൈക്കിൾ ഒന്ന് ശരിയാക്കണം. ഈ സ്മാർട്ട് വാച്ചും ആപ്പും ഒന്നുമില്ലാത്ത കാലത്ത് നമ്മൾ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടിയിട്ടില്ലേ? അന്ന് ആർക്കെങ്കിലും ബിപി ഉണ്ടായിരുന്നോ?"
രാഘവൻ നായർ മുറ്റത്തിറങ്ങി. ആകാശത്ത് അപ്പോഴും ഒരു വിമാനം പറന്നു പോകുന്നുണ്ടായിരുന്നു. ഒരുപക്ഷേ അത് ലണ്ടനിലേക്കുള്ളതാവാം. അദ്ദേഹം അത് നോക്കി കൈവീശിയില്ല. പകരം, തുരുമ്പിച്ച സൈക്കിളിന്റെ ചെളി തുടച്ചു മാറ്റി.
തന്റെ 'രണ്ടാം ബാല്യം' ഡിജിറ്റൽ ലോകത്തല്ല, മറിച്ച് മണ്ണും കാറ്റും അറിഞ്ഞ പഴയ ആ വഴികളിലാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ഗീസറിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നാലും വേണ്ടില്ല, മനസ്സിന്റെ സ്വിച്ച് ഒന്ന് ഓൺ ചെയ്യണം!
V C Ajayakumar
02/01/2026
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ