ആദ്യത്തെ സമ്പാദ്യം

ഓർമ്മകളുടെ ഉത്സവപ്പറമ്പിലേക്ക് ഒരു മടക്കയാത്ര! 🎡🥜

ബാല്യകാലത്തെ ആ നിഷ്കളങ്കമായ ആഗ്രഹങ്ങൾ നിങ്ങൾ ഓർക്കുന്നുണ്ടോ? കൂട്ടുകാർക്കിടയിൽ ഒരു 'മുതലാളി' ആകാൻ കൊതിച്ച്, ഉത്സവപ്പറമ്പിൽ കപ്പലണ്ടി വിൽക്കാൻ ഇറങ്ങിയ ഒരു ആറാം ക്ലാസുകാരന്റെ കഥയാണ് "ആദ്യത്തെ സമ്പാദ്യം"

തുടർന്ന് വായിക്കൂ!

ആദ്യത്തെ സമ്പാദ്യം

                      ==============

                           (ചെറുകഥ )

ആറാം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂളിൽ നിന്നും തിരിച്ചു വരുന്ന വഴി സുരേഷ് 

ചോദിച്ചു. എടാ ഇന്ന് പോകണ്ടേ?   എവിടെ പോകുന്ന കാര്യമാ നീ പറയുന്നത്? ഞാൻ ചോദിച്ചു. എടാ നമ്മുടെ അമ്പലത്തിൽ ഉത്സവം അല്ലേ? അവിടെ കപ്പലണ്ടി വിൽക്കാൻ പോകുന്ന  കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ? മറ്റന്നാൾ ആണ് കൊടിയേറ്റ്. നാളെ നമുക്ക് കപ്പലണ്ടിയും മറ്റും വാങ്ങണം. 

 സുരേഷ് രണ്ടാഴ്ചയായി പറയുന്നു അമ്പലത്തിൽ ഉത്സവത്തിന് കപ്പലണ്ടി വിൽക്കുന്ന കാര്യം. നല്ല ലാഭം ഉണ്ടാകുമത്രേ. അവൻ സ്ഥിരമായി ഉത്സവത്തിന് കപ്പലണ്ടി വിൽക്കുന്നുണ്ട്.  അതുകഴിഞ്ഞ് സ്കൂളിൽ വന്നാൽ ഞങ്ങൾക്ക് ഐസ്ക്രീമും മറ്റും വാങ്ങിച്ച് തരും. ഒരാഴ്ച വലിയ മുതലാളിയെ പോലെ നടക്കും. അതൊക്കെ കണ്ട് ഞങ്ങൾക്ക് ലേശം അസൂയ ഒക്കെ ഉണ്ടാവും. പക്ഷേ ഇക്കാര്യം വീട്ടിൽ അവതരിപ്പിക്കാനേ പറ്റുമെന്ന് തോന്നുന്നില്ല. കാരണം വീട്ടിൽ ആരും ഇത്തരം പരിപാടികൾക്കൊന്നും  ഇതുവരെ മുതിർന്നിട്ടില്ല. 

അപ്പോളാണ് അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നത്. ഇതു തന്നെ അവസരം. ഞാൻ ഓർത്തു. അമ്മയുടെ കൈ പിടിച്ചു ഞാൻ പറഞ്ഞു. അമ്മേ, സുരേഷ് കുറച്ചു ദിവസമായി ഒരു കാര്യം എന്നോട് പറയുന്നു നമ്മുടെ അമ്പലത്തിൽ ഉത്സവം തുടങ്ങുമ്പോൾ കപ്പലണ്ടി വിൽക്കാൻ പോകാമെന്ന്. അവൻ എല്ലാ വർഷവും പോകുന്നുണ്ട്. നല്ല പൈസ കിട്ടുമെന്നാണ് പറയുന്നത്. ഞാനും കൂടി പൊക്കോട്ടെ അമ്മേ? ഞാൻ ചോദിച്ചു.

അമ്മ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു. അത്ര ആഗ്രഹമാണോ മക്കൾക്ക്? അതേ അമ്മേ. ഞാൻ പറഞ്ഞു. 

ശരി, ഞാൻ അച്ഛനോട് ഒന്ന് ചോദിക്കട്ടെ. അമ്മ പറഞ്ഞു. അമ്മയുടെ സമ്മതം കിട്ടിയില്ലെങ്കിൽ അവന്റെ മുമ്പിൽ ഞാൻ ചെറുതാകും. ഞാൻ ഓർത്തു. എനിക്കും അവനെപ്പോലെ നല്ലൊരു കച്ചവടക്കാരൻ ആകണം. എന്നിട്ട് കൂട്ടുകാർക്കൊക്കെ ഐസ്ക്രീം മേടിച്ചു കൊടുത്തു അവരുടെ മുമ്പിൽ  ഞെളിഞ്ഞു നടക്കണം. 

 അമ്മ അച്ഛന്റെ മുമ്പിൽ കാര്യം അവതരിപ്പിച്ചു. അമ്മ എന്തു പറഞ്ഞിട്ടും അച്ഛൻ അടുക്കുന്നില്ല.  നമ്മുടെ തറവാട്ടിൽ ആരും ഇതുവരെ കപ്പലണ്ടി വിൽക്കാനൊന്നും പോയിട്ടില്ല. തറവാടിന് മാനക്കേടാണ്. അച്ഛൻ പറഞ്ഞു.  അപ്പോൾ അമ്മ അവസാനത്തെ അടവെടുത്തു. ഒന്നും പത്തുമില്ല നമ്മൾക്ക്. ആകെ ഒന്നേയുള്ളൂ. അവൻ ഒരു ആഗ്രഹം പറഞ്ഞിട്ട് നമ്മൾ അത് നടത്തി കൊടുക്കണ്ടേ?. അവൻ കുഞ്ഞല്ലേ? കുഞ്ഞുങ്ങളുടെ ആഗ്രഹം അവർ നമ്മളോടല്ലാതെ  ആരോടാണ് പറയുന്നത്? അവരുടെ  ആഗ്രഹങ്ങൾ നമുക്കൊരു പക്ഷേ ചെറുതായിരിക്കാം, പക്ഷേ അവർക്ക്  അതൊക്കെ വലിയ കാര്യങ്ങളാണ്. അവസാനം അമ്മയുടെ വാദം അച്ഛൻ അംഗീകരിച്ചു.

 അങ്ങനെ അമ്മ തന്ന 20 രൂപയും കൊണ്ട് സുരേഷുമായിട്ട് കപ്പലണ്ടി വാങ്ങിക്കാൻ പോയി. അമ്മ തന്നെ മുറ്റത്തെ ചരലുവാരി  പാത്രത്തിലിട്ട് കപ്പലണ്ടി വറുത്തു തന്നു. നിനക്കിത് വിൽക്കാൻ വല്ല പാത്രവും ഉണ്ടോ? അമ്മ ചോദിച്ചു. അതൊക്കെ അവൻ കൊണ്ടുവരുമമ്മേ. അഞ്ചുമണിയായപ്പോൾ സുരേഷ് സാമാന്യം മുഴുത്ത ഒരു ടിന്നുമായി വന്നു. അവനും അതുപോലെ ഒരു ടിന്നു നിറയെ കപ്പലണ്ടി ഉണ്ടായിരുന്നു. അങ്ങനെ കപ്പലണ്ടി ഒക്കെ നിറച്ച ടിന്നുമായി ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. ഏഴുമണിക്കാണ് കൊടിയേറ്റ്. കൊടിയേറ്റ് കഴിഞ്ഞാൽ അന്ന് തന്നെ ഏതോ ട്രൂപ്പിന്റെ ബാലെയുമുണ്ട്. അമ്പലത്തിൽ ചെന്നപ്പോൾ സാമാന്യം നല്ല ജനക്കൂട്ടം ഉണ്ട്.  സുരേഷിന്റെ ശിക്ഷണത്തിൽ ഞാനും കപ്പലണ്ടി വില്പന ആരംഭിച്ചു.  നല്ല കച്ചവടമുണ്ടല്ലോ. ഇടയ്ക്ക് ഞാൻ ഓർത്തു. അന്നത്തെ പരിപാടിയൊക്കെ തീർന്നപ്പോൾ മണി 12 കഴിഞ്ഞു. തിരക്കൊഴിഞ്ഞ ഒരിടത്ത് പോയി പൈസ എണ്ണി നോക്കിയപ്പോൾ 52 രൂപ ഉണ്ട്. കൊള്ളാമല്ലോ! ഇരുപത്  രൂപ ചെലവാക്കിയപ്പോൾ 52 രൂപയോ? ഞാൻ അത്ഭുതം കൊണ്ടു. 

 പിറ്റേദിവസം ഞായറാഴ്ചയാണ്. അന്നു നാൽപതു  രൂപ കൊടുത്തു കപ്പലണ്ടി വാങ്ങി. ഞങ്ങൾ അന്ന് കുറച്ചു നേരത്തേ തന്നെ അമ്പലത്തിലേക്ക് പോയി. പകലും രാത്രിയും പരിപാടി ഉണ്ടല്ലോ. അന്നും നല്ല കച്ചവടം ഉണ്ടായിരുന്നു. ഇടയ്ക്ക് ഒരു ഒഴിവിന് ഒരു കട്ടൻ കാപ്പിയും കുടിച്ച് തിരിച്ച് വന്നു കച്ചവടം തുടങ്ങി. സമയം ഏകദേശം വെളുപ്പിന് രണ്ടു മണി. കപ്പലണ്ടി തീരാറായിട്ടുണ്ട്.  ഉറക്കം വന്നിട്ടു വയ്യ. ഇടക്ക് ഉറങ്ങിപ്പോകുന്നുമുണ്ട്. പിന്നെയും  കോട്ടുവായും വിട്ട് കച്ചവടം ചെയ്യുന്നതിനിടെ പെട്ടെന്ന് നോക്കുമ്പോൾ എന്റെ പൈസപ്പാത്രം കാണുന്നില്ല. ദൈവമേ! ഇന്നലത്തെ കുറച്ചു പൈസയും ആ പാത്രത്തിലായിരുന്നു ഉണ്ടായിരുന്നത്. അമ്മ പറഞ്ഞതാ ആ പൈസ വീട്ടിൽ വച്ചിട്ട് പോകാൻ.  കൂട്ടാക്കിയില്ല. മുതലാളി ആകേണ്ടതല്ലേ? എനിക്ക് സങ്കടം വന്നിട്ട് വയ്യ. എങ്ങലടിയായി, വാവിട്ട നിലവിളിയായി. എടാ നീ വിഷമിക്കാതെ നമുക്ക് നോക്കാം. സുരേഷ് പറഞ്ഞു. നിലവിളികേട്ട് ആളുകൾ കൂട്ടം കൂടി. കാര്യമെല്ലാം കേട്ടപ്പോൾ ആരൊക്കെയോ പറഞ്ഞു. മണി മൂന്നായില്ലേ? ആൾക്കാർ ഒക്കെയും വീട്ടിലും പോയി. ഇനി എങ്ങനെ കണ്ടുപിടിക്കാനാണ്? മോൻ വീട്ടിലോട്ട് പോ. 

നിക്കറിന്റെ പോക്കറ്റിൽ ഒരു അഞ്ചിന്റെയും രണ്ടിന്റെയും നാണയം ഉണ്ടായിരുന്നു. അതെടുത്ത് ദേവിക്ക് ഇട്ട് പ്രാർത്ഥിക്കാം. ദേവി എന്റെ പൈസ കണ്ടെടുത്ത് തരും.  ഞാൻ ഓർത്തു. എന്റെ പോക്കറ്റിൽ നിന്ന് നാണയങ്ങൾ എടുത്ത് ദേവിയുടെ കാണിക്കവഞ്ചിയിൽ ഇട്ട് തൊഴുകൈയ്യോടെ   പ്രാർത്ഥിച്ചു. ദേവി, എന്റെ പൈസ കട്ട കള്ളനെ എന്റെ മുമ്പിൽ കൊണ്ട് എത്തിക്കണേ! എന്റെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. ഏങ്ങൽ അടിച്ചുകൊണ്ട് അമ്പലത്തിന്റെ ഒരു മൂലയിൽ  പോയി ഞങ്ങൾ ഇരുന്നു.  മണി നാലായി. അപ്പോഴേക്കും എന്നെയും തിരക്കി അച്ഛനും അമ്മയും അമ്പലം മുഴുവൻ ചുറ്റി നടക്കുകയായിരുന്നു. അവർ ഇതിനകം കാര്യങ്ങൾ മുഴുവൻ അറിഞ്ഞിരുന്നു. സാരമില്ല മോനെ, അമ്മ പറഞ്ഞു..

വാ, നമുക്ക് വീട്ടിലോട്ട് പോകാം. അങ്ങനെ അമ്മയുടെ കയ്യിൽ പിടിച്ച് മനസ്സില്ലാ മനസ്സോടെ  വീട്ടിലോട്ട് നടക്കുന്ന നേരം ഞാൻ ഓർത്തു. ഒന്നൂടെ നോക്കാം. ഞാൻ ഒരു കയറ്റത്തിലാണ് ഇരുന്നിരുന്നത്. അതിന്റെ താഴത്ത് പരതി നോക്കിയപ്പോൾ അതാ എന്റെ പൈസപ്പാത്രം ഒരു ചെടിയുടെ ഇടയിൽ കിടക്കുന്നു.  കിട്ടിയപാടേ തുറന്നു നോക്കി. മുഴുവൻ പൈസയുമുണ്ട്.  ദേവി കാത്തു. അമ്മയ്ക്കും അച്ഛനും സന്തോഷമായി. എന്റെ മോന്റെ പ്രാർത്ഥന ദേവി കേട്ടുവല്ലോ. അമ്മ പറഞ്ഞു. ഒരു പത്തു രൂപ നോട്ട് ആ പാത്രത്തിൽ നിന്നും എടുത്ത് അമ്മ എന്റെ നേരെ നീട്ടി. ഇതുകൊണ്ട് ദേവിക്ക് കാണിക്ക ഇടൂ.  അമ്മ പറഞ്ഞു. അമ്മയുടെ കൈയും പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ അമ്മ ചോദിച്ചു. മോന് കളിക്കോപ്പ് എന്തെങ്കിലും വാങ്ങിക്കണോ? വേണ്ടെമ്മേ, എനിക്ക് വീട്ടിൽ പോയാൽ മതി. 

 നാട്ടിൽ ഉത്സവത്തിന് പോകുമ്പോൾ ആ പഴയ കാര്യങ്ങളൊക്കെ ഇപ്പോഴും ഞാൻ ഓർക്കും.  എന്നെ ഒരു പക്ഷേ ഒരു വലിയ ബിസിനസുകാരൻ ആക്കിയത്  ഈ ചെറിയ കച്ചവടം ആയിരിക്കാം. 

V C Ajayakumar 

26/02/2026

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ