കാലത്തിന്റെ കാവ്യനീതി


കാലത്തിന്റെ കാവ്യനീതി 

​ആലുവ-എറണാകുളം ദേശീയപാതയുടെ അരികിലായുള്ള ശാന്തമായ ഒരു കൊച്ചു ഗ്രാമമാണ് ചൂർണിക്കര. അവിടെയാണ് പോസ്റ്റ്മാൻ ഗോവിന്ദൻകുട്ടിയും കുടുംബവും താമസിക്കുന്നത്. വിരമിക്കാൻ ഇനി കഷ്ടിച്ച് ഒന്നര വർഷം കൂടി മാത്രം ബാക്കി.  ആ ഗ്രാമത്തിലെ എല്ലാവർക്കും അയാൾ വെറുമൊരു പോസ്റ്റ്മാൻ മാത്രമായിരുന്നില്ല, മറിച്ച് കൂടെപ്പിറപ്പിനെപ്പോലെ പ്രിയപ്പെട്ടവനായിരുന്നു.

​കാലം മാറി. പോസ്റ്റ് ഓഫീസുകളിൽ പണ്ടത്തെപ്പോലെ കത്തുകളുടെ പ്രവാഹമില്ല. വാട്സ്ആപ്പും ഇമെയിലും ലോകത്തെ കീഴടക്കിയതോടെ ഇൻലാൻഡും കവറുകളും അപൂർവ്വമായി. പക്ഷേ, ഗോവിന്ദൻകുട്ടിയുടെ ജോലി കുറഞ്ഞില്ലെന്നു മാത്രം. പോസ്റ്റ് ഓഫീസ് വഴി നടപ്പിലാക്കുന്ന പുതിയ പുതിയ പദ്ധതികൾ അയാളെ  പഴയതിലും വലിയ തിരക്കിലാക്കിയിരുന്നു. 32 വർഷത്തെ സർവീസിനിടയിൽ ജോലിയിൽ ഒരു വീഴ്ച പോലും വരുത്താത്ത, കൃത്യനിഷ്ഠയുള്ള പച്ചയായ മനുഷ്യൻ.

​ഒരു ഉച്ചനേരം. ജോലിത്തിരക്കിനിടയിലാണ് ഭാര്യ ശാരദയുടെ വിളിയെത്തുന്നത്. മകൾ ഗോപികയ്ക്ക് കഠിനമായ ശർദ്ദിയും തളർച്ചയും.  

"നിങ്ങൾ ഒന്ന് വേഗം വരുമോ? മോളെ ഡോക്ടറുടെ അടുത്തു എത്തിക്കണം. എനിക്ക് അറിയുന്ന മരുന്നൊക്കെ ഞാൻ കൊടുത്തു. പക്ഷേ ശർദ്ദി കുറയുന്നില്ല." ശാരദയുടെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു.

​അന്നത്തെ തപാലുകളിൽ 95 ശതമാനവും അയാൾ വിതരണം ചെയ്തു കഴിഞ്ഞിരുന്നു. ബാസ്കറ്റിൽ ഇനി വെറും അഞ്ചാറ് കത്തുകൾ മാത്രം. പക്ഷേ, മകളുടെ അവസ്ഥയോർത്തപ്പോൾ അയാളുടെ കൈകൾ വിറച്ചു. "ഇനി ബാക്കി നാളെയാവാം".   അയാൾ ഓർത്തു.  മകളുടെ ജീവനോടുള്ള സ്നേഹമായിരുന്നു ആ ധൃതിയുടെ കാരണം.

​ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ ശാരദയോട് കയർത്തു. "രാവിലെ തുടങ്ങിയ ശർദ്ദിയായിട്ടും വൈകുന്നേരമാണോ കൊണ്ടു വരുന്നത്? അപ്പന്റിസൈറ്റിസ് ആണെന്ന് സംശയമുണ്ട്. വയറ്റിൽ കിടന്ന് ഇൻഫെക്ഷൻ ആയാൽ ജീവൻ അപകടത്തിലാകും. വേഗം എക്സ്-റേ എടുക്കൂ!"

 എക്സ്-റേ എടുത്തു ഡോക്ടറുടെയടുത്ത് എത്തിയപ്പോൾ ഡോക്ടർ പറഞ്ഞു. "ഞാൻ സംശയിച്ചത് തന്നെ, മോൾക്ക് അപ്പന്റിസൈറ്റിസ് ആണ്. ഇത് ഇന്നുതന്നെ ഓപ്പറേറ്റ് ചെയ്യണം".

​ഭയന്നുവിറച്ച ഗോവിന്ദൻകുട്ടി ഓടിനടന്ന് പണം സംഘടിപ്പിച്ചു. അന്നുതന്നെ ശസ്ത്രക്രിയ നടത്തി മകളെ അപകടനിലയിൽ നിന്നും രക്ഷപ്പെടുത്തി. 

പിറ്റേദിവസം പതിവുപോലെ അയാൾ ഓഫീസിലെത്തി. സഹപ്രവർത്തകർ ചോദിച്ചു, "മോളെ അവിടെ തനിച്ചാക്കി എന്തിനാ ഗോവിന്ദൻകുട്ടി ഇങ്ങോട്ട് വന്നത്?"

​"അവളുടെ കൂടെ അമ്മയുണ്ടല്ലോ, ബാക്കിയായ ആ അഞ്ചാറ് കത്തുകൾ ഒന്ന് കൊടുത്തു തീർക്കണമല്ലോ എന്ന് കരുതി." അയാൾ ശാന്തനായി പറഞ്ഞു.

​സംസാരിച്ചിരിക്കെയാണ് സ്യൂട്ടും കോട്ടും ധരിച്ച ഒരു മധ്യവയസ്കൻ ക്രോധത്തോടെ ഓഫീസിലേക്ക് കയറിവന്നത്. അയാൾക്ക് പോസ്റ്റ് മാസ്റ്ററെ കാണണം.

" ഇന്നലെ  കിട്ടേണ്ടിയിരുന്ന ഒരു പാർസൽ ഇതുവരേക്കും എനിക്ക് കിട്ടിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം". അയാൾ പറഞ്ഞു.

പോസ്റ്റുമാസ്റ്റർ ഗോവിന്ദൻകുട്ടിയെ  നോക്കി.  അയാൾ ബാഗിൽ തപ്പി മൂന്ന് നാല് കവറുകൾ വെളിയിലെടുത്തു. അതിലൊന്ന് അയാളുടേതാണെന്ന് കണ്ട ബിസിനസുകാരന്റെ ക്രോധം ഇരട്ടിച്ചു. 

"എന്ത് മനുഷ്യനാണ് നിങ്ങൾ? നിങ്ങൾ മൂലം എനിക്ക് എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് അറിയാമോ?. അത് മാത്രമല്ല എന്റെ ബിസിനസ്സിന്റെ ക്രെഡിബിലിറ്റി പോയി. നിങ്ങളെ ഞാൻ വെറുതെ വിടുകയില്ല. ഇതിന് നിങ്ങൾക്കെതിരെ ഞാൻ നടപടി എടുപ്പിച്ചിരിക്കും ".  

​പോസ്റ്റ് മാസ്റ്റർ സൂസൻ തോമസ് അയാളെ ശാന്തനാക്കാൻ ശ്രമിച്ചു. "സാർ, ഗോവിന്ദൻകുട്ടിയുടെ ഇത്രയും കാലത്തെ സർവീസിനിടയിൽ ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ അയാളുടെ മകളുടെ അടിയന്തര ശസ്ത്രക്രിയയായിരുന്നു. ആ ഒരു സാഹചര്യം കൊണ്ടാണ്..."

​പക്ഷേ, അയാൾ വിട്ടുകൊടുത്തില്ല. "നിങ്ങളുടെ വ്യക്തിപരമായ കാരണങ്ങൾ എനിക്ക് ബാധകമല്ല. എനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. അതുകൊണ്ട് ഇയാൾക്കെതിരെ നടപടി എടുത്തേ തീരൂ."

​ അയാൾ പറഞ്ഞതുപോലെ തന്നെ പ്രവർത്തിച്ചു.  രണ്ടാഴ്ചയ്ക്കകം  മേലധികാരികളുടെ ഉത്തരവ് വന്നു: ഗോവിന്ദൻകുട്ടിയെ ഇടുക്കിയിലെ 'ചിലന്തിയാർ' എന്ന ഉൾനാടൻ ഗ്രാമത്തിലേക്ക് സ്ഥലം മാറ്റി. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ.

 സങ്കടത്തോടെയാണെങ്കിലും അയാൾ അത് സ്വീകരിച്ചു. ശാരദയെയും മകളെയും ചൂർണിക്കരയിൽ നിർത്തി അയാൾ മൂന്നാറിലെ മലയോരങ്ങളിലേക്ക് തിരിച്ചു.

​ടെലിഫോൺ നെറ്റ്‌വർക്ക് പോലും മര്യാദക്കില്ലാത്ത ഒരു കുഗ്രാമമായിരുന്നു ചിലന്തിയാർ. അവിടെ ഒരു ചെറിയ മുറി വാടകയ്ക്കെടുത്ത്, കഠിനമായ തണുപ്പിലും മലകയറി അയാൾ കത്തുകൾ വിതരണം ചെയ്തു.

​ഒരു ദിവസം കൊച്ചിയിൽ നിന്നുള്ള ഒരു രജിസ്റ്റേർഡ് കത്തുമായി അയാൾ ആ ഗ്രാമത്തിലെ ഏറ്റവും ഉൾപ്രദേശത്തുള്ള 'ഫിലിപ്പോസ് ' എന്ന വൃദ്ധന്റെ വീട്ടിലെത്തി. വിളിച്ചിട്ടും വിളി കേൾക്കാത്തതുകൊണ്ട് വാതിൽ തുറന്നു നോക്കിയ അയാൾ കണ്ടത് ബോധരഹിതനായി തറയിൽ കിടക്കുന്ന ഫിലിപ്പോസിനെയാണ്. മറ്റാരും അവിടെ സഹായത്തിനില്ല.

​തന്റെ മകളുടെ അനുഭവം അയാളുടെ ഉള്ളിൽ മിന്നിമറഞ്ഞു. വൈകിയാൽ ഒരു ജീവൻ നഷ്ടപ്പെടുമെന്ന് അയാൾക്കറിയാമായിരുന്നു. 60 വയസ്സിനോട് അടുത്ത ഗോവിന്ദൻകുട്ടി ആ വൃദ്ധനെ ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന് പ്രധാന റോഡിലെത്തി. അവിടെനിന്ന് തന്റെ കയ്യിലുള്ള പണമെടുത്ത് ടാക്സി വിളിച്ച് ടൗണിലെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പറഞ്ഞു: "കൃത്യസമയത്ത് നിങ്ങൾ അയാളെ എത്തിച്ചു. മിനിറ്റുകൾ വൈകിയിരുന്നെങ്കിൽ അയാളെ രക്ഷിക്കാൻ കഴിയില്ലായിരുന്നു."

​രണ്ടു ദിവസത്തിന് ശേഷം ബോധം തെളിഞ്ഞ ഫിലിപ്പോസ് തന്നെ രക്ഷിച്ച ആളെ കാണണമെന്ന് പറഞ്ഞു. ഫിലിപ്പോസിന്റെ അരികിലെത്തിയ ഗോവിന്ദൻകുട്ടി അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയി. അവിടെ കൂട്ടിരിക്കുന്നത്  മറ്റാരുമല്ല, തനിക്കെതിരെ പരാതി നൽകിയ ആ പഴയ ബിസിനസുകാരനായിരുന്നു! ഫിലിപ്പോസിന്റെ ഏക മകൻ.

​തന്റെ അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് താൻ ക്രൂരമായി ശിക്ഷിച്ച അതേ പോസ്റ്റ്മാൻ ആണെന്നറിഞ്ഞപ്പോൾ ആ മനുഷ്യന്റെ ഉള്ളുലഞ്ഞു. അയാൾ ഗോവിന്ദൻകുട്ടിയുടെ കൈകൾ ചേർത്തുപിടിച്ചു വിതുമ്പി.

"എന്നോട് ക്ഷമിക്കണം ചേട്ടാ... അന്നെന്റെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച്  മാത്രമാണ് ഞാൻ ചിന്തിച്ചത്. പക്ഷേ ഇന്ന് നിങ്ങൾ എനിക്ക് തിരിച്ചു നൽകിയത് എന്റെ അച്ഛന്റെ വിലയേറിയ ജീവനാണ്.  അന്ന് നിങ്ങൾ വൈകിയത് നിങ്ങളുടെ മകളുടെ ജീവൻ രക്ഷിക്കാനായിരുന്നു എന്ന് തിരിച്ചറിയാൻ എനിക്ക് ഇത്രയും വലിയൊരു പാഠം വേണ്ടി വന്നു." 

പശ്ചാത്താപം നിറഞ്ഞ മനസ്സോടെ അയാൾ  കൊച്ചിയിലേക്ക് തിരിച്ചു. കേവലം ഒരു പരാതിക്കാരൻ എന്നതിലുപരി, ഉന്നത സ്വാധീനമുള്ള ആ ബിസിനസുകാരൻ താൻ നൽകിയ പരാതി രേഖാമൂലം പിൻവലിക്കുകയും വകുപ്പുതല മേധാവികളെ നേരിൽക്കണ്ട് സത്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. ഗോവിന്ദൻകുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ആ ഒരു ദിവസത്തെ വീഴ്ചയേക്കാൾ വലുതായിരുന്നു കഴിഞ്ഞ 32 വർഷത്തെ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനമെന്ന് അയാൾ അധികാരികളെ ബോധ്യപ്പെടുത്തി. ബിസിനസുകാരന്റെ പ്രത്യേക അഭ്യർത്ഥനയും വസ്തുതകളുടെ പുനഃപരിശോധനയും പരിഗണിച്ച്, മാനുഷിക പരിഗണനയോടെ ഗോവിന്ദൻകുട്ടിയുടെ ട്രാൻസ്ഫർ പിൻവലിക്കാൻ വകുപ്പ് തീരുമാനിച്ചു. ആഴ്ചകൾക്കുള്ളിൽ തന്നെ ചിലന്തിയാറിലെ ഏകാന്തതയിൽ നിന്നും ചൂർണിക്കരയിലെ തന്റെ പ്രിയപ്പെട്ട മനുഷ്യർക്കിടയിലേക്ക് ഗോവിന്ദൻകുട്ടിക്ക് തിരികെ ട്രാൻസ്ഫർ ലഭിച്ചു.

​ലോകം ഒരു വട്ടമാണെന്ന് നാം പറയാറില്ലേ? ഒരാളുടെ സാഹചര്യം മനസ്സിലാക്കാതെ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ഒരുനാൾ നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തും. അന്ന് മകൾക്ക് വേണ്ടി ജോലിയിൽ അല്പം വൈകിയ അതേ പോസ്റ്റ്മാൻ, ഇന്ന് അന്യന്റെ അച്ഛന് വേണ്ടി കൃത്യസമയത്ത് ഓടിയെത്തിയത് കാലത്തിന്റെ കാവ്യനീതിയായിരുന്നു. നന്മ ചെയ്യുന്നവർക്ക് നന്മ തന്നെ ലഭിക്കും എന്ന വലിയ സത്യത്തിന് ഒരിക്കൽ കൂടി ആ ഗ്രാമം സാക്ഷ്യം വഹിച്ചു.


V C Ajayakumar 

07/02/2026


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ