​ചോളപ്പാടത്തെ പ്രണയകാലം


​ചോളപ്പാടത്തെ പ്രണയകാലം

​ബേഗുസരായിയിലെ കഠിനമായ വെയിലിനും മക്കച്ചോളപ്പാടങ്ങളിലെ കാറ്റിനും സന്ദീപിന്റെയും സ്വാതിയുടെയും പ്രണയത്തിന്റെ മണമായിരുന്നു. ജി.ഡി. കോളേജ് റോഡിലൂടെയുള്ള സൈക്കിൾ യാത്രകളിലും, ഗംഗാതീരത്തെ സിമരിയ ഘട്ടിലെ സന്ധ്യകളിലും അവർ നെയ്ത സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരമുണ്ടായിരുന്നു.

​സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് കമലേശ്വർ കൊടുത്തുവിടുന്ന മക്കച്ചോളത്തിന്റെ റൊട്ടിയും ആലു-ചോഖയും സന്ദീപിന് പങ്കുവെക്കുമ്പോൾ സ്വാതിയുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു.

"നമുക്ക് ബറൗണിയിലെ കോളേജിൽ ഒന്നിച്ച് പഠിക്കണം സന്ദീപ്, നീ എഞ്ചിനീയറാകുമ്പോൾ എനിക്ക് നിന്റെ കൂടെ നഗരത്തിൽ വരാമല്ലോ," സ്വാതി പറയുമായിരുന്നു.

സന്ദീപ് ചിരിച്ചുകൊണ്ട് മറുപടി നൽകും, "നമ്മുടെ ഈ മണ്ണും പാടവും വിട്ട് എങ്ങോട്ടും പോകണ്ട സ്വാതി. നമ്മൾ ഒന്നിച്ച് ഇവിടെയുണ്ടാകും."

​പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ വേളയിൽ സന്ദീപിന്റെ അച്ഛനും അമ്മയും ഒരു വൈകുന്നേരം കമലേശ്വറുടെ വീട്ടിലെത്തി. ഗ്രാമത്തിലെ പതിവ് രീതിയിൽ അവർ ചായ കുടിച്ചു കൊണ്ടിരിക്കെ സന്ദീപിന്റെ അച്ഛൻ പതുക്കെ വിഷയം അവതരിപ്പിച്ചു.

"കമലേശ്വർ ജി, നമ്മുടെ കുട്ടികൾ ചെറുപ്പം മുതലേ ഒന്നിച്ചു വളർന്നവരാണ്. അവർക്ക് പരസ്പരം ഇഷ്ടവുമാണ്. നമുക്ക് ഈ ബന്ധം ഒന്ന് ഉറപ്പിച്ചാലോ?"

കമലേശ്വർ ശാന്തി ദേവിയെ നോക്കി. അവർക്കും സമ്മതം. കമലേശ്വർ സന്ദീപിന്റെ കൈ പിടിച്ചു പറഞ്ഞു, "നിന്നെക്കാൾ നല്ലൊരു മരുമകനെ എന്റെ മകൾക്ക് കിട്ടാനില്ല." ആ ചായക്കപ്പുകൾക്കൊപ്പം അവരുടെ വിവാഹ നിശ്ചയവും ലളിതമായി നടന്നു.

മുഖ്യയുടെ മകന്റെ നിഴൽ

​എന്നാൽ ആ സന്തോഷത്തിന് ഇടയിലേക്കാണ് സൗരഭ് കടന്നുവന്നത്. ഗ്രാമത്തിലെ മുഖ്യയുടെ മകനായ സൗരഭിന് ഗ്രാമത്തിലെ നിയമങ്ങൾ തന്റേതാണെന്ന അഹങ്കാരമായിരുന്നു. ഒരു ദിവസം സ്വാതി ഫോട്ടോകോപ്പി എടുക്കാൻ പോകുമ്പോൾ അവൻ വഴി തടഞ്ഞു.

"സ്വാതി, നീ എന്തിനാണ് ആ  ചോളക്കച്ചവടക്കാരന്റെ മകന്റെ കൂടെ നടക്കുന്നത്? മുഖ്യയുടെ മരുമകളായാൽ നിനക്ക് ഈ ഗ്രാമം ഭരിക്കാം," അവൻ അഹങ്കാരത്തോടെ  ചിരിച്ചു.

"സൗരഭ്, വഴി മാറൂ. എനിക്ക് ആരോടും സംസാരിക്കാനില്ല," സ്വാതി ഭയത്തോടെയാണെങ്കിലും ഉറപ്പിച്ചു പറഞ്ഞു.

"നീ സന്ദീപിനെ കെട്ടുന്നത് ഈ സൗരഭ് ജീവിച്ചിരിക്കുമ്പോൾ നടക്കില്ല," അവൻ ആക്രോശിച്ചു കൊണ്ട് കടയിലേക്ക് കയറിപ്പോയി.

ആ വിധിനിശ്ചയിച്ച വൈകുന്നേരം

​സ്വാതിക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും കമലേശ്വറുടെ കയ്യിൽ പണമില്ലായിരുന്നു. "മോളെ, ഈ വർഷം നമുക്ക് ബുദ്ധിമുട്ടാണ്," എന്ന് അദ്ദേഹം പറഞ്ഞപ്പോൾ സ്വാതിക്ക് സങ്കടം വന്നില്ല. കാരണം സന്ദീപും കൂടെയുണ്ടല്ലോ.

​വിവാഹത്തിന് മുൻപായി തുണി തയ്പ്പിക്കാൻ സന്ദീപും സ്വാതിയും കൂടി ടൗണിലേക്ക് പുറപ്പെട്ട ദിവസമായിരുന്നു അത്. റെയിൽവേ ക്രോസ്സ് കഴിഞ്ഞപ്പോൾ പെട്ടെന്ന് സൗരഭ് തന്റെ ബൈക്ക് അവർക്ക് കുറുകെ വെച്ചു. 

"ഞാൻ പറഞ്ഞത് നീ കേട്ടില്ലേ സ്വാതി?". അവൻ ആക്രോശിച്ചു. അവൾ കേൾക്കാൻ കൂട്ടാക്കാതെ നിന്നപ്പോൾ  അവൻ  സന്ദീപിന്റെ നേരെ തിരിഞ്ഞു. "നീ ഇവളെ വിട്ടു പോകുന്നതാണ് നിനക്ക് നല്ലത്. അല്ലെങ്കിൽ നിന്റെ അച്ഛന്റെ മക്കച്ചോളപ്പാടം അച്ഛനോടൊപ്പം നാളെ കത്തിയമരും."

​വാക്കേറ്റം മുറുകി. സൗരഭ് സന്ദീപിനെ തള്ളിയിട്ടു. നിലത്തു വീണ സന്ദീപിന്റെ കയ്യിൽ റെയിൽവേ പാളത്തിനടുത്ത് പണികൾക്കായി ഇട്ടിരുന്ന പിക്കാസ് തടഞ്ഞു. അപമാനവും ദേഷ്യവും കൊണ്ട് അന്ധനായ സന്ദീപ് അത് എടുത്ത് സൗരഭിന്റെ മുതുകിൽ ആഞ്ഞടിച്ചു. ഒരു നിലവിളി പോലും ഉയരുന്നതിന് മുൻപേ സൗരഭ് നിലംപതിച്ചു.

​ആ സമയം തന്നെ ചോളം വിറ്റ് തളർന്നു വരികയായിരുന്ന കമലേശ്വർ ആ കാഴ്ച കണ്ട് സ്തംഭിച്ചു പോയി. ചോരയിൽ കുളിച്ചു കിടക്കുന്ന മുഖ്യയുടെ മകൻ!

"സന്ദീപ്... നീ എന്താണ് ഈ ചെയ്തത്?" കമലേശ്വർ അലറി.

ഗ്രാമത്തിലെ മുഖ്യയുടെ പകയിൽ നിന്ന് തന്റെ മകളെയും മരുമകനെയും രക്ഷിക്കാൻ ഒരേയൊരു വഴിയേ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നുള്ളൂ. അദ്ദേഹം സന്ദീപിനെ പിടിച്ചു മാറ്റി. "നീ ഓടിക്കോ... സാരമില്ല. ഞാൻ നോക്കിക്കോളാം."

തന്റെ ഏക മകൻ ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ മുഖ്യ ലാൽ സിംഗ് ഒരു ഭ്രാന്തനെപ്പോലെയായി. ബേഗുസരായ് പോലീസ് സ്റ്റേഷന് മുന്നിൽ അയാൾ അലറി. "ആരാണെങ്കിലും അവനെ ജീവനോടെ വിടില്ല. കമലേശ്വറെയും കുടുംബത്തെയും ഈ ഗ്രാമത്തിൽ നിന്ന് തുടച്ചുനീക്കും!"

​മുഖ്യയുടെ ആൾക്കാർ കമലേശ്വറുടെ വീട് വളഞ്ഞു. പക്ഷേ, അതിനകം കമലേശ്വർ പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. "എന്റെ മകളെ ശല്യം ചെയ്തപ്പോൾ തടയാൻ നോക്കിയതാണ്, അബദ്ധത്തിൽ സംഭവിച്ചുപോയി," എന്ന കമലേശ്വറുടെ മൊഴിയിൽ കേസ് ഒതുങ്ങി. ലാൽ സിംഗിന്റെ സ്വാധീനത്താൽ കമലേശ്വറിന് ജീവപര്യന്തം ശിക്ഷതന്നെ ലഭിച്ചു. ജയിലിലേക്ക് പോകുമ്പോൾ കമലേശ്വർ സന്ദീപിന്റെ കാതിൽ മന്ത്രിച്ചു: "സ്വാതിയെ പൊന്നുപോലെ നോക്കണം. നീ തെറ്റ് ചെയ്തവനല്ല, മറിച്ച് ജീവിക്കാൻ ശ്രമിച്ചവനാണ്."

ത്യാഗത്തിന്റെ നീണ്ട നാളുകൾ

​മാസങ്ങൾക്ക് ശേഷം ശാന്തി ദേവിയുടെ നിർബന്ധത്തിൽ സന്ദീപ് സ്വാതിയുടെ കഴുത്തിൽ താലി ചാർത്തി. പക്ഷേ ആ കല്യാണവീട്ടിൽ സന്തോഷമുണ്ടായിരുന്നില്ല. സന്ദീപ് ഓരോ നിമിഷവും നീറി. അവൻ തന്റെ ജീവിതം കമലേശ്വറുടെ ആഗ്രഹപ്രകാരം പാവപ്പെട്ടവർക്കായി  മാറ്റിവെച്ചു. അവൻ ഗ്രാമത്തിലെ കുട്ടികൾക്ക് ഒരു വഴികാട്ടിയായി. തന്റെ കൈകൊണ്ടുണ്ടായ പാപത്തിന് പ്രായശ്ചിത്തമെന്നോണം അവൻ ഗ്രാമത്തിലെ പാവപ്പെട്ടവരെ സഹായിച്ചു.

എങ്കിലും ഓരോ തവണ ലാൽ സിംഗിനെ കാണുമ്പോഴും സന്ദീപിന്റെ ഉള്ളം നീറി. മകന്റെ മരണശേഷം ലാൽ സിംഗും തളർന്നിരുന്നു. പണ്ടത്തെ ആ അഹങ്കാരമെല്ലാം ആ വൃദ്ധനിൽ നിന്ന് ചോർന്നുപോയിരുന്നു.

​ഇന്ന്, നീണ്ട വർഷങ്ങൾക്ക് ശേഷം കമലേശ്വർ മടങ്ങിവരികയാണ്. ജയിലിന്റെ കവാടം കടന്ന് പുറത്തു വരുമ്പോൾ അദ്ദേഹം കാണുന്നത് പക്വതയുള്ള സന്ദീപിനെയും കണ്ണീരോടെ നിൽക്കുന്ന സ്വാതിയെയും അവരുടെ രണ്ട് മക്കളെയും ആണ്.

​കമലേശ്വർ സന്ദീപിന്റെ തോളിൽ കൈവെച്ചു. "എന്റെ മക്കൾക്ക് സമാധാനമായി ജീവിക്കാൻ കഴിഞ്ഞല്ലോ, അത് മതി എനിക്ക്."

​ആ ഗ്രാമത്തിലെ മക്കച്ചോളപ്പാടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ കമലേശ്വർ തിരിച്ചറിഞ്ഞു, നീതി പീഠത്തിന് മുന്നിൽ താൻ കുറ്റവാളിയായിരിക്കാം, പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ താൻ വിജയിച്ചിരിക്കുന്നു.

പക്ഷേ, കമലേശ്വറുടെ മനസ്സിൽ ഒരു ഭാരമുണ്ടായിരുന്നു. നേരെ സന്ദീപിനെ കൂട്ടി അദ്ദേഹം ലാൽ സിംഗിന്റെ വലിയ ബംഗ്ലാവിലേക്ക് നടന്നു.

​വരാന്തയിൽ ഏകനായി ഇരിക്കുകയായിരുന്നു ലാൽ സിംഗ്. തന്റെ ശത്രുവിനെ കണ്ടപ്പോൾ അയാളുടെ കണ്ണുകളിൽ പഴയ കനലുകൾ ഒന്നുകാളി. "എന്തിനാ കമലേശ്വർ നീ വന്നത്? നിന്റെ ശിക്ഷ കഴിഞ്ഞു എന്ന് കരുതി എന്റെ മകൻ തിരിച്ചുവരില്ലല്ലോ," ലാൽ സിംഗ് ഗദ്ഗദത്തോടെ പറഞ്ഞു.

കമലേശ്വർ ലാൽ സിംഗിന്റെ കാൽക്കൽ വീണു. കൂടെ സന്ദീപും.

"മുഖ്യാ ജി, കുറച്ചു നാളുകളായി ഞാൻ  ചുമക്കുന്ന ഒരു കള്ളമുണ്ട്. അത് പറയാതെ എനിക്ക് മരിക്കാൻ പറ്റില്ല. അന്ന് നിങ്ങളുടെ മകനെ അടിച്ചത് ഞാനല്ല... ഈ സന്ദീപ് ആണ്. എന്റെ മകളുടെ ജീവിതം നശിപ്പിക്കാൻ നോക്കിയ സൗരഭിനെ പിക്കാസുകൊണ്ട് തല്ലിയത് ഇവനാണ്. സന്ദീപിനെ രക്ഷിക്കാൻ ഒരു അച്ഛൻ ചെയ്ത ചതിയായിരുന്നു അത്. എന്നോട് ക്ഷമിക്കണം." കമലേശ്വർ വിതുമ്പിക്കൊണ്ട് പറഞ്ഞു.

സന്ദീപ് തലതാഴ്ത്തി നിന്നു. "മുഖ്യാ ജി, എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. ഈ സത്യം എന്നെ ഉറക്കിയിട്ടില്ല."

തിരിച്ചറിവിന്റെ വാക്കുകൾ

വാർത്തകേട്ട് ഗ്രാമം മുഴുവൻ ആ ബംഗ്ലാവിലേക്ക് ഒഴുകിയെത്തി. ലാൽ സിംഗ് എഴുന്നേറ്റു. എല്ലാവരും കരുതിയത് അയാൾ തന്റെ തോക്കെടുക്കുമെന്നാണ്. പക്ഷേ, ലാൽ സിംഗ് കമലേശ്വറെ പിടിച്ചെഴുന്നേൽപ്പിച്ചു.

കമലേശ്വർ, ഞാൻ ഇത് എപ്പോഴേ മനസ്സിലാക്കിയതാണ്.   നിനക്ക് നിന്റെ മകനെ രക്ഷിക്കാൻ കഴിഞ്ഞു. പക്ഷേ എനിക്ക് എന്റെ മകനെ നേർവഴിക്ക് നടത്താൻ കഴിഞ്ഞില്ല. ഈ ഗ്രാമം മുഴുവൻ അറിയാമായിരുന്നു സൗരഭ് എത്രത്തോളം അഹങ്കാരിയായിരുന്നു എന്ന്. പെണ്ണുങ്ങളെ ബഹുമാനിക്കാത്ത, അധികാരത്തിന്റെ ഹുങ്കിൽ ജീവിച്ച അവൻ ആ ശിക്ഷ അർഹിച്ചിരുന്നു. നിന്റെ സന്ദീപിനെപ്പോലെയുള്ള ഒരു പാവം പയ്യൻ ആയുധം എടുത്തു എന്നുണ്ടെങ്കിൽ എന്റെ മകൻ അത്രത്തോളം ക്രൂരത അവനോട് കാട്ടിയിട്ടുണ്ടാകും."

ലാൽ സിംഗ് സന്ദീപിനെ നോക്കി പറഞ്ഞു: "നീ ചെയ്തത് ഒരു തെറ്റായിരിക്കാം. പക്ഷേ കമലേശ്വർ ചെയ്തത് അതിനേക്കാൾ വലിയൊരു നന്മയാണ്. ഒരു അച്ഛൻ എങ്ങനെയായിരിക്കണം എന്ന് അയാൾ ലോകത്തിന് കാണിച്ചുകൊടുത്തു. എനിക്ക് പരാതിയില്ല കമലേശ്വർ. എന്റെ മകൻ പോയത് അവന്റെ സ്വന്തം വിന കൊണ്ടാണ്."

​ലാൽ സിംഗിന്റെ ആ വാക്കുകൾ ഗ്രാമവാസികളിൽ വലിയൊരു ചലനമുണ്ടാക്കി. കമലേശ്വറുടെ ത്യാഗവും മുഖ്യയുടെ തിരിച്ചറിവും ആ ഗ്രാമത്തിലെ മനുഷ്യർക്കിടയിൽ പുതിയൊരു സ്നേഹത്തിന്റെ പാഠമായി മാറി.

അന്ന് രാത്രി, ആദ്യമായി കമലേശ്വറും സന്ദീപും സമാധാനത്തോടെ ഉറങ്ങി. ബേഗുസരായിയിലെ മക്കച്ചോളപ്പാടങ്ങൾക്കിടയിലൂടെ വീശിയ കാറ്റിന് പശ്ചാത്താപത്തിന്റെ കുളിർമ്മയുണ്ടായിരുന്നു.



 V C Ajayakumar 

12/03/2026

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ