ബാക്കിയായ തേങ്ങലുകൾ

കുമ്പളങ്ങിയിലെ കായൽക്കരയിൽ കണ്ടൽക്കാടുകൾക്കിടയിലൂടെ വീശുന്ന കാറ്റിന് ഇപ്പോൾ കണ്ണീരിന്റെ ഉപ്പാണ്. കേശവൻ നമ്പൂതിരിയുടെ തറവാട്ടു മുറ്റത്ത് ചന്ദനക്കുറിയും പൂമാലയുമായി ഞാൻ ആദ്യമെത്തിയ ആ സുദിനം ഇന്നും എന്റെ ഉള്ളിൽ ഒരു നീറ്റലായി അവശേഷിക്കുന്നു. ഷോറൂമിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്റെ തിളങ്ങുന്ന കണ്ണാടികളിൽ പ്രതിഫലിച്ചത് ശ്രീജിത്തിന്റെ അടങ്ങാത്ത ആവേശമായിരുന്നു. അച്ഛന്റെ മെഡിക്കൽ ഷോപ്പിലെ ലാഭത്തേക്കാൾ വലിയൊരു തുക കടം വാങ്ങിയും പണയം വെച്ചും എന്നെ ആ വീട്ടിലെത്തിക്കുമ്പോൾ, ആ മാതാപിതാക്കൾ കരുതിയത് തങ്ങളുടെ ഏക മകന്റെ സന്തോഷമാണ് ലോകത്തെന്തിനേക്കാളും വലുതെന്നാണ്.

​കുമ്പളങ്ങിയിലെ ഇടവഴികളിലൂടെ ശ്രീജിത്ത് എന്നെ പറപ്പിക്കുമ്പോൾ, എൻജിന്റെ ഇരമ്പലിനേക്കാൾ ഉച്ചത്തിൽ അവന്റെ അഹങ്കാരം മുഴങ്ങിക്കേട്ടു. കോളേജിലെ കൂട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യാൻ എന്നെ ഒരു ആയുധമാക്കുകയായിരുന്നു അവൻ. വഴിയിൽ നിൽക്കുന്നവർ പേടിയോടെ മാറിനിൽക്കുമ്പോൾ അവൻ അത് ആസ്വദിച്ചു. പക്ഷേ, എന്നെ ചലിപ്പിക്കുന്ന യന്ത്രഭാഗങ്ങൾക്കപ്പുറം, അവന്റെ അമിതവേഗതയിൽ എനിക്ക് ഭയം തോന്നിയിരുന്നു. ഓരോ വളവിലും ഞാൻ പതറുമ്പോഴും അവൻ എക്സിലറേറ്ററിൽ അമർത്തി ചവിട്ടി.

​ആ ശപിക്കപ്പെട്ട രാത്രി... സിനിമ കഴിഞ്ഞ് മടങ്ങുമ്പോൾ ഹൈവേയിലെ നിയോൺ വെളിച്ചത്തിൽ ശ്രീജിത്തും കൂട്ടുകാരും പാട്ടുപാടി ആർപ്പുവിളിക്കുകയായിരുന്നു. റോഡിലെ ട്രാഫിക് നിയമങ്ങളോ, ദൂരെ നിന്ന് പാഞ്ഞുവരുന്ന ടോറസ് ലോറിയുടെ ഹെഡ്ലൈറ്റോ അവന്റെ ശ്രദ്ധയിൽപ്പെട്ടില്ല.  വേഗതയുടെ ലഹരിയിൽ  നിയന്ത്രണം അവന് എന്നേ നഷ്ടപ്പെട്ടിരുന്നു. ഒരു വലിയ ശബ്ദത്തോടെ ലോറി എന്നെ തകർത്തെറിഞ്ഞപ്പോൾ, എന്റെ ബോണറ്റിലൂടെ ഒലിച്ചിറങ്ങിയത് ലൂബ്രിക്കന്റ് ഓയിൽ മാത്രമല്ലായിരുന്നു, എന്നെ പൊന്നുപോലെ നോക്കിയ ആ ചെറുപ്പക്കാരന്റെ ചോര കൂടിയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാർ ആശുപത്രിയിലെ ICU വിൽ ഇപ്പോളും മരണത്തോട് മല്ലടിക്കുന്നു. 

​ഇന്ന് ഞാൻ ഈ വർക്ക്ഷോപ്പിന്റെ ഇരുണ്ട മൂലയിൽ, ചതഞ്ഞരഞ്ഞ ഇരുമ്പു കൂമ്പാരമായി കിടക്കുന്നു.  തന്റെ മകന് വാരിക്കോരി കൊടുത്ത സ്നേഹം അവന്റെ ചിതയ്ക്കുള്ള വിറകായി മാറിയല്ലോ എന്നോർത്ത് കേശവൻ നമ്പൂതിരി നെഞ്ചു പൊട്ടി കരയുന്നുണ്ടാകാം. ശ്രീലത വർമ്മയുടെ ചിത്തഭ്രമം പോലുള്ള  ആ മാനസികാവസ്ഥയ്ക്ക് ആര് സമാധാനം പറയും ?

​എന്റെ ഈ തകർച്ചയ്ക്ക് പിന്നിൽ ഒരു വലിയ സത്യമുണ്ട്. മക്കളുടെ വാശികൾക്ക് മുന്നിൽ തോറ്റുകൊടുക്കുന്ന മാതാപിതാക്കൾ യഥാർത്ഥത്തിൽ തോൽപ്പിക്കുന്നത് അവരുടെ ജീവിതത്തെത്തന്നെയാണ്. റോഡിലെ വേഗതയോ കാറിന്റെ വിലയോ അല്ല ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് അണഞ്ഞുപോകുന്ന ജീവനുകൾക്ക് പിന്നിൽ ഒരു ആയുഷ്കാലം മുഴുവൻ നീറാൻ വിധിക്കപ്പെട്ട കുടുംബങ്ങളുണ്ട്. എന്റെ സീറ്റിൽ ഇരിക്കേണ്ടിയിരുന്ന ആ പൊന്നുമോൻ ഇന്ന് ഒരുപിടി ചാരമായി മാറിയപ്പോൾ, എന്നെപ്പോലുള്ള വാഹനങ്ങൾ ലോകത്തോട് വിളിച്ചു പറയുന്നത് ഒന്നുമാത്രം:

"വേഗതയുടെ ലഹരിയിൽ നിങ്ങൾ കീഴടക്കുന്നത് ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരത്തെയല്ല, മറിച്ച് നിങ്ങളെ കാത്തിരിക്കുന്ന സ്വന്തം മരണത്തെയാണ്; ഓരോ അമിതവേഗതയും നിങ്ങളെ എത്തിക്കുന്നത് സുരക്ഷിതമായ വീട്ടിലേക്കല്ല, മറിച്ച് നിങ്ങളെ സ്നേഹിക്കുന്നവരുടെ മാറാത്ത കണ്ണീരിലേക്കാണ്."


V C Ajayakumar 

18/03/2026

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ