അയ്യർ ദി ഗ്രേറ്റ്
അയ്യർ ദി ഗ്രേറ്റ്
1983-ലെ ആഗസ്റ്റ് മാസം. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ പ്രീ-ഡിഗ്രി ക്ലാസുകൾ ആരംഭിച്ച ആദ്യത്തെ ദിവസം. കൊമേഴ്‌സ് ബാച്ചിന്റെ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെൻ്റ് (HOD) പൗലോസ് സാറാണ് ഞങ്ങൾക്ക് അക്കൗണ്ടൻസി എടുക്കുന്നത്. പേര് കേട്ട ഗൗരവക്കാരൻ. വിഷയമാണെങ്കിൽ മലയാളം മീഡിയത്തിൽ നിന്ന് വന്ന ഞങ്ങൾക്കൊന്നും പിടികിട്ടാത്ത 'അക്കങ്ങൾ നിറഞ്ഞൊരു ലോകം'. സാറിൻ്റെ അതിവേഗ ഇംഗ്ലീഷ് പ്രഭാഷണം കേട്ട് മരവിച്ചിരിക്കുമ്പോൾ, ഡോറിൽ ഒരു മുട്ടു കേട്ടു.
"എക്സ്ക്യൂസ് മീ സർ."
ചുറുചുറുക്കുള്ള, മെലിഞ്ഞ ഒരു പയ്യൻ കയ്യിൽ പുസ്തകസഞ്ചിയുമായി വാതിൽക്കൽ.
"ഈ ക്ലാസിലാണോ? എന്താണ് ലേറ്റ് ആയത്?" സാർ ഗൗരവം വിടാതെ ചോദിച്ചു.
"അതേ സാർ. എൻ്റെ പേര് ശിവരാമകൃഷ്ണൻ. ബസ് ആക്സിഡൻ്റായിപ്പോയി, അതാണ് വൈകിയത്."
"ശരി, അകത്ത് കയറി ഇരുന്നോളൂ."
അവൻ നേരെ വന്നത് എൻ്റെ അടുത്തേക്കാണ്. ഞങ്ങൾ നാലുപേരുണ്ടായിരുന്ന ബെഞ്ചിൽ അവനുകൂടി ഇരിപ്പിടം കണ്ടെത്തി.
"എന്താണ് പേര്?" ഞാൻ മെല്ലെ ചോദിച്ചു.
"ശിവരാമകൃഷ്ണ അയ്യർ. മുളന്തുരുത്തിയാണ് വീട്."
"ഞാൻ രാകേഷ്. തലയോലപ്പറമ്പാണ് എൻ്റെ വീട്."
അവിടെത്തുടങ്ങി, ശിവരാമകൃഷ്ണ അയ്യരുമായുള്ള എൻ്റെ ബന്ധം. പെട്ടെന്നുതന്നെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ഉച്ചയ്ക്ക് ഒരുമിച്ച് നടന്നുകൊണ്ട് വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് കഴിക്കും. അയ്യരുടെ വിശേഷങ്ങൾ കേട്ട് ഞാൻ അത്ഭുതപ്പെട്ടു. ബ്രാഹ്മണ കുടുംബത്തിലെ ഇളയ മകൻ. അച്ഛൻ അടുത്തുള്ള അമ്പലത്തിലെ മേൽശാന്തി. അയ്യരാകട്ടെ, ക്ലാസിലെ ഒന്നാം സ്ഥാനക്കാരൻ.
അയ്യരെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു ചിരിമയമില്ലാത്ത നിമിഷംപോലും ക്ലാസിലുണ്ടായിരുന്നില്ല. എപ്പോഴും വെറ്റിലയും പുകയിലയുമിട്ട് ചുണ്ടുചുവപ്പിച്ച് നടക്കും. ബസിൽ വെച്ച് രഹസ്യമായി പുറത്തേക്ക് നീട്ടി തുപ്പുന്നതൊക്കെ ഒരു തമാശയായിരുന്നു. ക്ലാസ്സിൽ സ്ഥിരമായൊരിരിപ്പിടമില്ല. ചിലപ്പോൾ പെൺകുട്ടികളുടെ ബെഞ്ചിൽപ്പോലും പോയിരിക്കും.
കോളേജ് ഡേയിൽ അയ്യരായിരുന്നു താരം. കോമഡി സ്കിറ്റുകൾ, മിമിക്രി, മോണോ ആക്ട്... സ്റ്റേജിൽ കയറിയാൽ പിന്നെ സഹപാഠികളെ കൈയ്യിലെടുക്കാൻ അവനൊരു പ്രത്യേക കഴിവായിരുന്നു. യൂണിവേഴ്സിറ്റി കലോത്സവത്തിന് കോളേജിന് കിട്ടിയ ആറു സമ്മാനങ്ങളിൽ രണ്ടെണ്ണം അയ്യരുടെ പേരിൽ!
വർഷാവസാനം കൂർഗ് വഴി ഊട്ടിയിലേക്കുള്ള കോളേജ് എക്‌സ്‌കർഷൻ ഞങ്ങൾക്കാർക്കും മറക്കാനാവില്ല. പാറക്കൂട്ടങ്ങൾക്കിടയിലെ മെക്സിക്കൻ വേവ്‌സ് കളിക്കിടയിൽ അഞ്ചുപേർക്ക് പരുക്കേറ്റതും ആ പരുക്കുകളുമായി ബോട്ടിങ്ങിന് പോയതുമെല്ലാം അവിസ്മരണീയമായി.
രണ്ട് വർഷം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കടന്നുപോയി. പരീക്ഷാഫലം വന്നപ്പോൾ ഞങ്ങൾ മിക്കവരും വിജയിച്ചു. ബി.കോമിന് ദേവസ്വം ബോർഡ് കോളേജിൽത്തന്നെ അഡ്മിഷനെടുത്തു. അവിടെയുമുണ്ട് അയ്യർ.
സുഹൃത്തുക്കളുടെ ഏത് സംശയത്തിനും മറുപടി നൽകാൻ അയ്യരുണ്ടാകും. ചിലപ്പോൾ കുസൃതി നിറഞ്ഞതാകും, ചിലപ്പോൾ ബുദ്ധിപരമായത്. വിഷയത്തിലായാലും അല്ലാതെയുമായി അവൻ്റെ മറുപടി ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അവന് "അയ്യർ ദി ഗ്രേറ്റ്" എന്ന് പേരിട്ടത്.
ഒരിക്കൽ കോളേജിലേക്ക് പോകുമ്പോൾ ബസ് സ്റ്റോപ്പിൽ വെച്ച് പുറകിൽ നിന്ന് വന്ന ഒരു ബൈക്ക് എന്നെ ഇടിച്ചു. കണങ്കാലിന് ഫ്രാക്ചറായി, പ്ലാസ്റ്ററിട്ട് രണ്ടാഴ്ചയോളം വീട്ടിലിരുന്നു. ആ ദിവസങ്ങളിൽ എൻ്റെ ഏറ്റവും വലിയ ആശ്വാസം അയ്യരായിരുന്നു. ദിവസവും വീട്ടിൽ വരും, ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ടീച്ചർമാരേക്കാൾ നന്നായി പറഞ്ഞു തരും, നോട്ട്സ് എഴുതാൻ സഹായിക്കും. കാപ്പിയും കുടിച്ചു അവൻ തിരിച്ചു പോകുമ്പോൾ എൻ്റെ അമ്മ പറയും: "ദൈവമേ! ഈ കാലത്ത് ഇങ്ങനെയുമുണ്ടോ കുട്ടികൾ?"
ആ സമയത്താണ് ഞങ്ങളുടെ ക്ലാസിലെ ഷൈനിയുമായി അയ്യർ പ്രണയത്തിലാണെന്ന് ഞങ്ങൾ കണ്ടുപിടിച്ചത്. കലോത്സവത്തിനിടയിൽ തുടങ്ങിയ തീവ്രമായ പ്രണയം!
എന്നാൽ, പ്രണയം തീവ്രമായതോടെ അയ്യരുടെ പഠനത്തിലുള്ള ശ്രദ്ധ കുറഞ്ഞു. മാർക്ക് കുറഞ്ഞു വന്നപ്പോൾ ടീച്ചർമാർ ഇടപെട്ടു. ഒരു ദിവസം ഞങ്ങൾ അയ്യരെ വളഞ്ഞിട്ട് ചോദ്യം ചെയ്തു. അപ്പോഴാണ് കാര്യങ്ങൾ ഗുരുതരമാണെന്ന് മനസ്സിലായത്. ഷൈനിയുടെ വീട്ടിൽ പ്രണയവിവരം അറിഞ്ഞു. അമ്മയുടെ നിർദ്ദേശപ്രകാരം ആങ്ങളമാർ അവളെ വഴക്ക് പറഞ്ഞു. അവൾ അയ്യരുമായി ബന്ധപ്പെടുന്നത് വീട്ടുകാർ വിലക്കി.
ഫൈനൽ എക്‌സാമിൻ്റെ സമയമാണ്. "പ്രേമവും മണ്ണാങ്കട്ടയുമെല്ലാം പിന്നെയാകാം," എന്ന് പറഞ്ഞ് ഞങ്ങൾ അവനെ സമാധാനിപ്പിച്ചു. ടീച്ചർമാരും ഇടപെട്ടു. റിസൾട്ട് വന്നപ്പോൾ അവൻ കഷ്ടിച്ച് ജയിച്ചു. ഫസ്റ്റ് ക്ലാസ് കിട്ടേണ്ട വിദ്യാർത്ഥിയാണ്! ടീച്ചർമാർ അവനെ ഒരുപാട് ശകാരിച്ചു.
വർഷങ്ങൾക്കിപ്പുറം, ഒരു ദിവസം ഞാൻ എറണാകുളം ബസ് സ്റ്റാൻഡിൽ വെച്ച് അയ്യരെ കണ്ടുമുട്ടി. ഒരു പരസ്യകമ്പനിയിൽ ജോലി ചെയ്യുകയാണ്. ആകപ്പാടെ കോലം കെട്ട, ഉറക്കച്ചടവുള്ള രൂപം.
ഷൈനിയെക്കുറിച്ച് ചോദിച്ചപ്പോൾ, അവൾ വിവാഹം കഴിഞ്ഞ് ബോംബെയിലാണെന്ന് പറഞ്ഞു. അയ്യർക്ക് വിവാഹമൊന്നും ആയിട്ടില്ല.
"എടാ, ജീവിതം ആകപ്പാടെ കോഞ്ഞാട്ടയായി കിടക്കുവാ. അച്ഛൻ മരിച്ചു. അമ്മ കിടപ്പിലാണ്. സാമ്പത്തികമായി വളരെ മോശമാണ്. അതുകൊണ്ടാണ് ഈ ജോലിക്ക് പോയത്. അനിയത്തി അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോകുന്നുണ്ട്. ചേട്ടന്മാരൊക്കെ അവരവരുടെ കാര്യം നോക്കിപ്പോകുന്നു. ഒരു പിന്തുണയുമില്ല," അവൻ വിഷമത്തോടെ പറഞ്ഞു. "അതൊക്കെ പോട്ടെ, രാകേഷേ, നിൻ്റെ വിശേഷങ്ങൾ പറ."
"എടാ, എനിക്ക് സ്വന്തമായിട്ട് ഒരു ബിസിനസ് ഒക്കെ ഉണ്ട്. പള്ളിമുക്കിലാണ്. ഒരു അഡ്വർട്ടൈസിംഗ് കമ്പനി. എൻ്റെ കല്യാണം കഴിഞ്ഞു. ഭാര്യ പ്രേമ, മകൾ സിക്‌സത്തിൽ പഠിക്കുന്നു. ഞങ്ങൾ പാലാരിവട്ടത്താണ് താമസം," ഞാൻ പറഞ്ഞു.
"നീ നാളെ രാവിലെ എൻ്റെ ഓഫീസിലേക്ക് വാ," ഞാൻ അവനെ ക്ഷണിച്ചു. പള്ളിമുക്കിലെ "ഓറിയന്റൽ അഡ്വർടൈസേഴ്സ് ആണ് കമ്പനി."
പിറ്റേന്ന് രാവിലെത്തന്നെ അയ്യർ എത്തി. ഞാൻ അവനെ ഓഫീസെല്ലാം ചുറ്റിക്കാണിച്ചു. കാപ്പികുടിച്ചു പോകാൻ നേരമായപ്പോൾ ഞാൻ പറഞ്ഞു: "അടുത്തയാഴ്ച മുതൽ നീ ഈ ഓഫീസിൽ കേറിക്കോ. ഇനി നീയാണ് ഇവിടുത്തെ മാനേജർ."
അവൻ കണ്ണും തള്ളി എന്നെ നോക്കി നിന്നു.
"എടാ, ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഇപ്പോൾ. ഇതൊന്നും നോക്കി നടത്താനുള്ള ശേഷിയൊന്നും എനിക്കില്ല," അവൻ പറഞ്ഞു.
"എടാ, എനിക്ക് നിൻ്റെ ശേഷിയെക്കുറിച്ച് നന്നായി അറിയാം. നീ ബേജാറാകണ്ട. ഇവിടുത്തെ മാനേജർ പോയിട്ട് പുതിയ ആളെ എടുത്തിട്ടില്ല. കാര്യങ്ങൾ ആകപ്പാടെ കുത്തഴിഞ്ഞു കിടക്കുകയാണ്. നീ വേണം അതൊന്ന് ഓർഡറാക്കി തരാൻ. നിനക്ക് പറ്റും," ഞാൻ പറഞ്ഞു.
രണ്ടു മൂന്നു മാസങ്ങൾ കടന്നുപോയി. ഓഫീസിലെ കാര്യങ്ങൾ എല്ലാം നേരെയായി. അയ്യരുടെ മുഖത്തും ആ പഴയ പ്രസന്നത തിരിച്ചു വന്നു. അവൻ്റെ കെയറോഫിൽ പുതിയ പല പരസ്യകരാറുകളും കമ്പനിക്ക് കിട്ടിത്തുടങ്ങി.
അവൻ ഇടയ്ക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വരും. വീട്ടിൽ വന്നാൽ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കും. എൻ്റെ ഭാര്യ പ്രേമയ്ക്കും മോൾക്കും എല്ലാം അയ്യരുടെ സംസാരം ഇഷ്ടമാണ്.
ഒരു ദിവസം പ്രേമ പറഞ്ഞു: "ഇനി അയ്യർ ഒരു കല്യാണമൊക്കെ കഴിക്കണം."
"ഓ, അതൊന്നും നടക്കുന്ന കാര്യമല്ല. എനിക്ക് മൂത്തതായിട്ട് ഒരു പെങ്ങൾ കൂടിയുണ്ട് കല്യാണം കഴിക്കാൻ. അവളുടേത് കഴിഞ്ഞാലേ എനിക്ക് കെട്ടാൻ പറ്റൂ. അച്ഛൻ മരിച്ചതുകൊണ്ട് ഞാനാണ് കാര്യങ്ങൾ നോക്കി നടത്തേണ്ടത്. ഈ പ്രായത്തിൽ ഏത് പെണ്ണാണ് എന്നെ കല്യാണം കഴിക്കുന്നത്?" അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"അതൊക്കെ നടക്കും," പ്രേമ ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഏകദേശം ഒരു വർഷത്തിനുള്ളിൽത്തന്നെ പ്രേമയുടെകൂടി ഉത്സാഹത്താൽ അവൻ്റെ ചേച്ചിയുടെ കല്യാണം നടന്നു.
ഒരു വീക്കെൻഡിൽ ഞങ്ങൾ എല്ലാവരും എൻ്റെ വീട്ടിൽ ഒരുമിച്ചിരുന്ന് ഡിന്നർ കഴിക്കുമ്പോൾ അയ്യർ പറഞ്ഞു: "എടാ, ഞാൻ നിന്നോട് എത്ര കടപ്പെട്ടിരിക്കുന്നു. ഈ കടമൊക്കെ ഞാൻ എങ്ങനെ വീട്ടും?"
"എന്ത് കടം? ഇവിടെ മാനേജരുടെ ഒരു വേക്കൻസി ഉണ്ടായിരുന്നു. നിന്നെ കണ്ടപ്പോൾ ഞാൻ വേറൊന്നും ആലോചിച്ചില്ല. നീ തന്നെ മതിയെന്ന് വിചാരിച്ചു. കൂടാതെ അന്ന് ആക്‌സിഡൻ്റായ കാലത്ത് നീ എത്രമാത്രം എന്നെ സഹായിച്ചിട്ടുണ്ട്. പിന്നെ, നമ്മുടെ ബാല്യകാല സൗഹൃദങ്ങൾ എത്ര വിലപ്പെട്ടതാണെന്നോ! അത്ര നിഷ്കളങ്കമാണ് ആ സൗഹൃദങ്ങൾ. അതിനെക്കാൾ വലുതല്ല മറ്റൊന്നും."
അതൊരു നീണ്ട മൗനത്തിലേക്കാണ് അവസാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് കോളേജ് വരാന്തകളിൽ കേട്ട ആ തമാശകളും ചിരികളും ഇന്ന് പക്വതയാർന്ന ഒരു മന്ദഹാസമായി മാറിയിരിക്കുന്നു. അന്ന് കാലിന് പ്ലാസ്റ്ററിട്ട് കിടന്ന എനിക്ക് അയ്യർ നൽകിയ കൂട്ട് കേവലം നോട്ട്സുകളായിരുന്നില്ല, മറിച്ച് ജീവിതത്തിലേക്കുള്ള ഒരു കൈപിടിച്ചുയർത്തലായിരുന്നു എന്ന് കാലം തെളിയിച്ചു.
വർഷങ്ങൾക്കിപ്പുറം ഞാനെന്റെ സുഹൃത്തിന് നൽകിയത് ഒരു ജോലി മാത്രമായിരുന്നില്ല, നഷ്ടപ്പെട്ടുപോയ അവന്റെ ആ പഴയ പ്രസന്നതയും ആത്മവിശ്വാസവുമാണ്. കരിയറിലെ ഉയർച്ച താഴ്ചകൾക്കും പ്രണയ നൈരാശ്യങ്ങൾക്കും ഇടയിൽ തളർന്നുപോയ ഒരു പാവം 'അയ്യർ' വീണ്ടും ഉയിർത്തെഴുന്നേറ്റു. ഓഫീസിലെ ഫയലുകൾക്കിടയിലും ക്ലയന്റുകളുമായുള്ള സംസാരത്തിലും അവൻ പഴയതുപോലെ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ തുടങ്ങി. 'അയ്യർ ദി ഗ്രേറ്റ്' എന്ന പേര് അവൻ വീണ്ടും അന്വർത്ഥമാക്കി.
ഒടുവിൽ, പ്രേമ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു. പെങ്ങളുടെ വിവാഹം ഭംഗിയായി കഴിഞ്ഞു. അയ്യരുടെ ആത്മാർത്ഥത കണ്ട് അവനെ ഇഷ്ടപ്പെട്ട ഒരു പെൺകുട്ടി അവന്റെ ജീവിതത്തിലേക്ക് വരാൻ തയ്യാറായി. വിവാഹനിശ്ചയത്തിന്റെ തലേന്ന് പള്ളിമുക്കിലെ ഓഫീസിൽ ലൈറ്റുകളെല്ലാം അണച്ച് ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അയ്യർ എന്റെ തോൾ ചേർത്തു പിടിച്ചു.
"എടാ രാകേഷേ... അന്ന് കോളേജ് ഡേയ്ക്ക് സ്കിറ്റിൽ അഭിനയിക്കുമ്പോൾ ഞാൻ വിചാരിച്ചില്ല ജീവിതം ഇത്ര വലിയൊരു നാടകമാണെന്ന്. പരാജയപ്പെട്ടവന്റെ വേഷം കെട്ടി ഞാൻ ഒടുങ്ങുമെന്ന് കരുതിയതാ. പക്ഷേ നീ... നീ എനിക്കൊരു ഉയർച്ച തന്നു."
അവന്റെ കണ്ണുകൾ അന്ന് ആദ്യമായി നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.
"എടാ," ഞാൻ അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു. "സൗഹൃദം എന്ന് പറഞ്ഞാൽ ഒരു കാലത്ത് ഒന്നിച്ച് പഠിച്ചതിന്റെ ഓർമ്മകൾ മാത്രമല്ല. ഒരാൾ വീഴുമ്പോൾ മറ്റേയാൾ കൈ കൊടുക്കുന്നതാണ് അതിന്റെ ശരിക്കുള്ള അർത്ഥം. അന്ന് തലയോലപ്പറമ്പിലെ വീട്ടിലേക്ക് നീ കടന്നുവന്നത് എന്റെ കണക്കുപുസ്തകം ശരിയാക്കാനായിരുന്നു. ഇന്ന് നിന്റെ ജീവിതത്തിലെ കണക്കുകൾ ശരിയാക്കാൻ കൂടെ നിൽക്കേണ്ടത് എന്റെ ഉത്തരവാദിത്തമല്ലേ?"
നിലാവുള്ള ആ രാത്രിയിൽ, കൊച്ചി നഗരത്തിന്റെ തിരക്കുകൾക്കിടയിലൂടെ നടക്കുമ്പോൾ ഞങ്ങൾ പഴയ 1983-ലെ ആഗസ്റ്റ് മാസത്തെക്കുറിച്ച് വീണ്ടും സംസാരിച്ചു. അന്ന് കണ്ടുമുട്ടിയ ആ ചുറുചുറുക്കുള്ള പയ്യൻ ഇപ്പോഴും എന്റെ കൂടെയുണ്ട്. ജീവിതം ഒരുപാട് വേഷങ്ങൾ ഞങ്ങളെ അണിയിച്ചെങ്കിലും, ഞങ്ങളുടെ ഉള്ളിലെ ആ പഴയ 'അയ്യരും രാകേഷും' ഇന്നും ആ കോളേജ് വരാന്തകളിലെ പൊതിച്ചോറിന്റെ മണമുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നു.
ചിരിയുടെയും കണ്ണുനീരിന്റെയും തിരമാലകൾ താണ്ടി, ഒരു വലിയ കടൽ പോലെ പരന്നു കിടക്കുന്ന ആ നിഷ്കളങ്കമായ ബന്ധം... അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.
അതെ, അവൻ ഇപ്പോഴും ഗ്രേറ്റാണ്—അയ്യർ ദി ഗ്രേറ്റ്.
V C Ajayakumar
05/04/2026
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ