ഞാൻ നീലൻ ഞണ്ട്


​ഞാൻ നീലൻ ഞണ്ട് (മിനികഥ)

​ചമ്പക്കരയിലെ മീൻചന്ത. ഐസ് കട്ടകൾ വിരിച്ച സ്റ്റാളിന് മുകളിൽ, കൈകാലുകൾ വരിഞ്ഞുമുറുക്കപ്പെട്ട് അർദ്ധപ്രാണനായി കിടക്കുകയാണ് ഞാൻ. ശരീരം അനക്കാൻ പോലുമാകുന്നില്ല. ഐസിന്റെ മരവിപ്പിക്കുന്ന തണുപ്പ് ഉടലാകെ പടരുന്നു. വിറയ്ക്കുന്ന നഖങ്ങൾ മാത്രം ചെറിയ രീതിയിൽ ചലിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിൽ ഒരു ചോദ്യം മാത്രം ബാക്കി: "ദൈവമേ, എന്റെ ജീവൻ എന്നിൽ നിന്ന് അടർന്നുപോവുകയാണോ?"

​ചേപ്പനത്തെ ശാന്തമായ ഒരു ഫാമിലായിരുന്നു ഞങ്ങളുടെ താമസം. ഓരോരുത്തർക്കും പ്രത്യേകം കൂടുകൾ, ദിവസവും വയറുനിറയെ ആഹാരം. സുഖസൗകര്യങ്ങൾക്കിടയിൽ ഒരു മാസം കൊണ്ട് ഞങ്ങൾ കൊഴുത്തുരുണ്ടു. വിധി കാത്തിരിക്കുന്നുണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞില്ല. ഒരു പ്രഭാതത്തിൽ ഉടമസ്ഥൻ വന്ന് ഞങ്ങളെ ഓരോരുത്തരെയായി പുറത്തെടുത്തു. അയാളുടെ സഹായിയുടെ പരുക്കൻ കൈകൾ ഞങ്ങളുടെ കൈകാലുകൾ വരിഞ്ഞുകെട്ടി. ചലനശേഷി നഷ്ടപ്പെട്ട ഞങ്ങളെ ഒരു വണ്ടിയിൽ കയറ്റി ഈ ചന്തയിലെത്തിച്ചു. ഐസ് കട്ടകൾക്ക് മുകളിൽ നിരത്തിക്കിടത്തിയപ്പോൾ വയറിനടിയിലൂടെ അരിച്ചുകയറുന്ന തണുപ്പ് മരണത്തിന്റേതായിരുന്നു.

​നേരം പത്തുമണിയായി. തിരക്കേറിയ ചന്തയിലേക്ക് ആവശ്യക്കാർ എത്തിത്തുടങ്ങി. ഒരു സ്ത്രീ ഓരോ ഞണ്ടിനെയും തൂക്കിനോക്കുന്നു. "എനിക്ക് ഒരു കിലോയുള്ള ഒരെണ്ണത്തിനെ മതി," അവരുടെ വാക്കുകൾ കേട്ട് ഞാൻ നടുങ്ങി. വിധിപോലെ കശാപ്പുകാരൻ എന്നെത്തന്നെയാണ് തൂക്കിയെടുത്തത്. ശേഷിച്ച പ്രാണനുമായി ഞാൻ അവരുടെ കാറിന്റെ ഡിക്കിയിലെ ഇരുട്ടിൽ സഞ്ചിയിലായി. ചക്രങ്ങൾ ഉരുളുമ്പോൾ ഞാൻ ഓർത്തു: എന്തിനായിരുന്നു ഈ ജന്മം? ഫാമിലെ കൂട്ടിനുള്ളിൽ ആർത്തിയോടെ ഇര തേടുമ്പോൾ കരുതിയിരുന്നില്ല, കൊഴുത്ത ഈ ശരീരം തന്നെയാണ് എന്റെ അന്ത്യം കുറിക്കുന്നതെന്ന്.

​ഒരു ഇരുനില വീടിന് മുന്നിൽ കാർ നിന്നു. അടുക്കളയിലെത്തിയ ഉടൻ അവർ വേലക്കാരിയെ ചട്ടം കെട്ടി: "ശാന്തേ, ഇതിനെ വേഗം വൃത്തിയാക്ക്. മോളും മരുമകനും ഇന്ന് വരുന്നുണ്ട്. അവന് ഞണ്ടെന്നുവച്ചാൽ ജീവനാ!"

​"ശരി കൊച്ചമ്മേ," എന്ന മറുപടി എന്റെ മരണമൊഴിയായിരുന്നു. ഒരു ചട്ടിയിലേക്ക് എന്നെ വലിച്ചെറിഞ്ഞു. ശേഷിച്ച ജീവശ്വാസം നിലവിളിയായി മാറുന്നതിന് മുൻപേ, അവർ എന്റെ കൈകാലുകൾ ഓരോന്നായി നിർദ്ദയമായി വലിച്ചുപറിച്ചു. കത്തിമുന കൊണ്ട് തോട് പിളർത്തിയപ്പോൾ വേദനയുടെ പാരമ്യത്തിൽ എന്റെ പ്രാണൻ ഉടൽ വെടിഞ്ഞ് അനന്തവിഹായസ്സിലേക്ക് പറന്നുയർന്നു.

​അകന്നുപോകുമ്പോഴും മനുഷ്യകുലത്തോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ:

"നിങ്ങളുടെ ആവശ്യങ്ങൾക്കായി ജീവന്റെ ഏതൊരു രൂപത്തെ ഉപയോഗിക്കുമ്പോഴും, അവയോട് അല്പം കരുണ കാണിക്കാൻ മറക്കരുത്. പ്രകൃതിയിലെ ഓരോ സ്പന്ദനത്തെയും ആദരിക്കുക എന്നത് മനുഷ്യന്റെ കടമയാണ്. ജീവനെ സ്‌നേഹിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക."



V C Ajayakumar 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

​കറുത്ത സൂര്യൻ